ADVERTISEMENT

രാജ്യം ഇതുവരെ നേടിയ സംസ്കാരവും സാമൂഹിക പുരോഗതിയും ആധുനിക കാഴ്ചപ്പാടുമെല്ലാം ഉത്തർപ്രദേശിലെ കാൻപുരിൽ പിടഞ്ഞുമരിച്ച ആ ഏഴു വയസ്സുകാരിക്കു മുന്നിൽ ഇതാ തലതാഴ്ത്തുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ മാനുഷികത മറന്നവർ ആ കുഞ്ഞിനോടു ചെയ്തതു സമീപകാലത്തൊന്നും രാജ്യം കാണാത്തത്ര കടുത്ത ക്രൂരതയാണ്. പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ കാൻപുരിൽ ഏഴു വയസ്സുകാരിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവം, എന്നോ പിന്നിട്ട പ്രാകൃതകാലത്തിലേക്കു രാജ്യത്തെ വീണ്ടും തിരിച്ചുകൊണ്ടുപോകുന്നു.

അന്ധവിശ്വാസത്തിന്റെ പേക്കൂത്തുകൾ പലതും നാം പതിവായി കണ്ടുപോരുന്നുണ്ടെങ്കിലും മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കുന്ന ഇത്തരമൊരു കൊടുംക്രൂരത ഇതിനുമുൻപ് ഉണ്ടാകാത്തതാണ്; രാജ്യത്തെയാകെ ഞെട്ടിക്കുന്നതും. വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾക്കു പെൺകുട്ടിയുടെ കരൾ ഭക്ഷിക്കാൻ വേണ്ടി ഈ ഹീനപ്രവൃത്തി ചെയ്തുവെന്നാണു പൊലീസ് കേസ്. പീഡിപ്പിച്ച ശേഷമാണ്, കരൾ ചൂഴ്ന്നെടുത്തു പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ദീപാവലി രാത്രിയിലുണ്ടായ ഈ സംഭവത്തിൽ, ദമ്പതികളടക്കം പലരെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ‘മിഷൻ ശക്തി’ എന്ന പദ്ധതി ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം.

അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ പേരിൽ, പരിഷ്കൃതസമൂഹത്തെ വെല്ലുവിളിക്കുന്ന ക്രൂരതകൾ ഇപ്പോഴും രാജ്യത്തു നടക്കുന്നുവെന്നതു നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. വേഗം സമ്പന്നനാകാൻ മന്ത്രവാദിനിയുടെ നിർദേശപ്രകാരം 14 വയസ്സുള്ള മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് തമിഴ്നാട് പുതുക്കോട്ട ജില്ലയിൽ അറസ്റ്റിലായത് ഇക്കഴിഞ്ഞ മേയ് അവസാനമാണ്. പീഡനത്തെത്തുടർന്നു മകൾ കൊല്ലപ്പെട്ടതാണെന്നു പിതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും അതു വ്യാജമാണെന്നു തെളിയുകയായിരുന്നു.

കർണാടകയിലെ ചിക്കബാനവാര മേദറഹള്ളിയിൽ ജ്യോതിഷിയുടെ നിർദേശപ്രകാരം, 7 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കൃഷിയിടത്തിൽ തള്ളിയ സംഭവം രാജ്യം കേട്ടതു കഴിഞ്ഞ ഡിസംബറിലാണ്. ആൺകുഞ്ഞ് പിറന്നില്ലെങ്കിൽ കുടുംബത്തിൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ജ്യോതിഷിയുടെ പ്രവചനത്തെത്തുടർന്നായിരുന്നു ക്രൂരത. പുതുക്കോട്ടയിൽത്തന്നെ, ദുർമന്ത്രവാദത്തിന്റെ ഭാഗമായി നാലു വയസ്സുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയതു 2018 നവംബറിലും. ആ വർഷം ഡിസംബറിൽ, മധ്യപ്രദേശ് ഖണ്ഡ്‌വ ജില്ലയിൽ, കൈകാലുകളിൽ ആറു വിരലുകളുമായി ജനിച്ച പെൺകുഞ്ഞിന്റെ അധികവിരലുകൾ അമ്മ മുറിച്ചുകളഞ്ഞ് മരണത്തിലേക്കെത്തിച്ചതും നാം കേട്ടു. കുട്ടി വലുതാകുമ്പോൾ വിവാഹം നടക്കില്ലെന്ന അന്ധവിശ്വാസമായിരുന്നു ആ ക്രൂരതയ്ക്കു പിന്നിൽ.

സ്വന്തമായി ഒരു കു‍ഞ്ഞുണ്ടാവാൻ ഒരു പാവം പെൺകുഞ്ഞിന്റെ കരൾ വേണമെന്നു വിശ്വസിക്കാനും അതു നടപ്പിൽവരുത്താൻ പണം നൽകി പലരുടെയും സഹായം തേടാനും ഹീനഹത്യയ്ക്കു മുൻപ് ആ കുട്ടിയെ കൊലപാതകികൾക്കു പീഡിപ്പിക്കാനുമൊക്കെ തോന്നുന്നവിധം അധഃപതിച്ചുപോയ ഒരു ലോകത്തും കാലത്തുമാണു നാം ജീവിച്ചിരിക്കുന്നതെന്നതിൽ തലതാഴ്ത്താതെ വയ്യ. ഈ സംഭവത്തെത്തുടർന്നും സർക്കാർ അന്വേഷണവും നഷ്ടപരിഹാരവുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടായില്ല. മറ്റൊരാൾക്ക് ഇനി ഈ രാജ്യത്ത് ഇങ്ങനെ തോന്നാത്തവിധത്തിലുള്ള കഠിനശിക്ഷ തന്നെയാണു കുറ്റവാളികൾക്കു നൽകേണ്ടത്. ക്രൂരവഴികളിലൂടെ നീങ്ങുന്ന അന്ധവിശ്വാസത്തിനും മന്ത്രവാദത്തിനുമൊക്കെയെതിരെ വ്യാപകമായ നാടുണർത്തലും അനിവാര്യമാണ്.

ഒരുകാലത്തും മറക്കാനാവാത്തവിധം നാം നമ്മെത്തന്നെ നിരന്തരം ഓർമപ്പെടുത്തേണ്ട ദുരന്തപാഠമാണ് കാൻപുർ സംഭവം; ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതും.

English Summary: Girl abducted on diwali night - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com