വിവരത്തിനും വിവരാവകാശത്തിനുമിടയിൽ

Tharangam-18
SHARE

വാമൊഴിവഴക്കങ്ങളിൽ വിവരവും വിദ്യാഭ്യാസവും ഒന്നിച്ചുപോകുകയാണ് പതിവ്. ഉന്നതവിദ്യാഭ്യാസത്തിൽ വിവരവും ഉന്നതമായിരിക്കുമെന്നു ചിലരെങ്കിലും പ്രതീക്ഷിക്കുന്നു. ഇതിനിടയിലേക്കാണ് വിവരാവകാശം കയറിവന്നത്. വിവരം തനിയെ ഉണ്ടാകേണ്ടതാണെന്നും അതിനെ വിദ്യാഭ്യാസവുമായി ചേർത്തു പഠിക്കരുതെന്നുമുള്ള നാട്ടുനടപ്പിൽ സർവകലാശാലകളും വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു മര്യാദയ്ക്കുള്ള ഉത്തരങ്ങൾ നൽകാൻ കേരള സർവകലാശാല വിസമ്മതിച്ചത്.

വിദ്യാർഥികളുടെ പരീക്ഷയ്ക്കു മാർക്കിടുന്ന സർവകലാശാലയ്ക്കു മറ്റാരും മാർക്കിടാൻ പോകുന്നില്ലെന്ന ധാരണ പക്ഷേ, വിവരാവകാശത്തിന്റെ മുഖ്യ കമ്മിഷണർ പൊളിച്ചു. സർവകലാശാലയിൽ വിവരാവകാശ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ട ജോയിന്റ് റജിസ്ട്രാർക്കും അതിനു മുകളിലുള്ള റജിസ്ട്രാർക്കും മുഖ്യ കമ്മിഷണർ ശിക്ഷ വിധിച്ചു: വിവരാവകാശം എന്നാൽ എന്ത്, എങ്ങനെ എന്നതു സംബന്ധിച്ച് ഈ രണ്ടുപേർ മാത്രമല്ല, സർവകലാശാലയിൽ വിവരം പകർന്നു നൽകേണ്ട വിഭാഗത്തിലുള്ള മറ്റുള്ളവരും നിർബന്ധ പരിശീലനത്തിനു പോകണം. 

വിദ്യാർഥികളെപ്പോലെ വായിച്ചു പഠിച്ചു, വിവരമുണ്ടായി എന്ന് അവകാശപ്പെട്ടാൽ ശിക്ഷ പൂർത്തിയാവില്ല. സർവകലാശാല വക വിദൂരവിദ്യാഭ്യാസം പോലും പോരാ; പഠനം ഗുരുമുഖത്തുനിന്നു തന്നെ വേണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് എന്ന സർക്കാർ സ്ഥാപനത്തിൽ കടലാസും പേനയുമായി പോയിരുന്ന് വിവരാവകാശ നിയമം അക്കമിട്ടു പഠിച്ച് വിവരക്കേടു മാറിയതായി തെളിയിക്കണം. 

പരിശീലന ക്ലാസിൽ പോകുന്നവരെല്ലാം പഠിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണകൊണ്ടല്ലെങ്കിൽ ക്ലാസ് കഴിഞ്ഞു പരീക്ഷ വേണമെന്നുകൂടി മുഖ്യവിവരാവകാശി വിധിക്കാതിരുന്നതെന്താണെന്നാണ് അപ്പുക്കുട്ടനു സംശയം. 

എഴുത്തുപരീക്ഷ മാത്രം പോരാ, വൈവാവോസിയെന്ന വാചാ പരീക്ഷകൂടി വേണമെന്നാണ് രണ്ടിനും വിധേയരാകുന്ന വിദ്യാർഥികളുടെ പക്ഷം. കുട്ടികൾക്കു കൊടുക്കാറുള്ള മോഡറേഷൻ വേണമെങ്കിൽ റജിസ്ട്രാർക്കും ജോയിന്റ് റജിസ്ട്രാർക്കും എടുക്കാം. കോപ്പിയടി ഒരു സർവകലാശാലയ്ക്കും ഭൂഷണമല്ലല്ലോ. പരീക്ഷ ജയിച്ചതിനുള്ള സർട്ടിഫിക്കറ്റ് മേൽപടിയാളുകളുടെ മുറികളിൽ ഫ്രെയിമിട്ടു വയ്ക്കുക കൂടി ചെയ്താൽ വിവരവും വിവരാവകാശവും ഒന്നായിത്തീരും.

Content Highlight: Tharangangalil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA