മുഖ്യമന്ത്രിക്ക് വൈദ്യുതിബില്‍ 1.25 ലക്ഷം, ചെന്നിത്തലയ്ക്ക് 91,000; ആര് നിയന്ത്രിക്കും

Pinarayi Vijayan | Ramesh Chennithala
പിണറായി വിജയൻ, രമേശ് ചെന്നിത്തല (ഫയൽ ചിത്രങ്ങൾ)
SHARE

ധനപ്രതിസന്ധി കാരണം ചെലവുകൾ വെട്ടിച്ചുരുക്കുന്നതിനായി ഇൗ സർക്കാർ 5 ഉത്തരവുകളാണ് ആകെ ഇറക്കിയത്. ചെലവു ചുരുക്കണമെന്ന് വകുപ്പു തലവന്മാരോട് അടിക്കടി ആവശ്യപ്പെടുന്ന മന്ത്രിമാരുടെ ചെലവ് ആരു നിയന്ത്രിക്കും?

ശ്രദ്ധിച്ചിട്ടുണ്ടോ, ലോക ഭൗമദിനത്തിൽ നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ വീട്ടിലെ വൈദ്യുതവിളക്കുകളെല്ലാം കെടുത്തും. വൈദ്യുതി ഉപയോഗം കുറയ്ക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച് കോടിക്കണക്കിന് എൽഇഡി ബൾബുകൾ വിതരണം ചെയ്യും. തെരുവു‌വിളക്കുകളെല്ലാം എൽ‌ഇഡിയാക്കി മാറ്റും. പരിസ്ഥിതി സംരക്ഷിക്കുന്നതിനു വേണ്ടി പാർട്ടിതാൽപര്യം പോലും നോക്കാതെ അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്ന മന്ത്രിമാർ വരെയുണ്ട്. ലോക്ഡൗൺ കാലത്ത് ജനങ്ങളുടെ വീട്ടിലെ വൈദ്യുതിബിൽ കൂടിയപ്പോൾ സർക്കാരിനു വേണ്ടി സൈബർ ന്യായീകരണക്കാർ ചോദിച്ചു – ‘‘വീട്ടിലിരുന്നു ചക്കക്കുരു ഷേക്ക് വരെയുണ്ടാക്കിയിട്ട് ഇപ്പോൾ ബിൽ കൂടിയെന്നു പറയുന്നോ?’’

ഇനി നമ്മുടെ മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളിലെ വൈദ്യുതിബില്ലിലേക്ക് ഒന്നു നോക്കാം. 2 മാസത്തിലൊരിക്കൽ ശരാശരി 80,000 രൂപയാണ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ വൈദ്യുതിബിൽ. എന്നാൽ, ലോക്ഡൗൺ കാലത്ത് അത് ഒറ്റയടിക്ക് ഒന്നേകാൽ ലക്ഷത്തിലേക്കു കുതിച്ചു. 

മന്ത്രിസഭയിലെ ഒന്നാമനായ മുഖ്യമന്ത്രി തന്നെയാണ് മിക്ക മാസങ്ങളിലും വൈദ്യുതി ഉപയോഗത്തിലും ഒന്നാമൻ. ചെലവു ചുരുക്കാൻ അടിക്കടി ഉത്തരവിറക്കുന്ന ധനമന്ത്രി തോമസ് ഐസക് താമസിക്കുന്ന മൻമോഹൻ ബംഗ്ലാവിലെ വൈദ്യുതിബിൽ പൊതുവേ 40,000 രൂപയാണ്; അതു ലോക്ഡൗണായപ്പോൾ 86,000 രൂപയായി.

Heavy-Users

ചെലവു ചുരുക്കാത്തതിനു സർക്കാരിനെ അടിക്കടി വിമർശിക്കുന്ന പ്രതിപക്ഷ നേതാവാകട്ടെ, ധനമന്ത്രിയെയും കടത്തിവെട്ടി. അദ്ദേഹത്തിന്റെ കന്റോൺമെന്റ് ഹൗസിൽ ജനുവരിയിൽ 56,116 രൂപയും മാർച്ചിൽ 61,569 രൂപയും ആയിരുന്ന ബിൽ മേയിൽ ഒറ്റയടിക്ക് 91,529 രൂപയായി കുതിച്ചു. എസിയും ടിവിയും ഫ്രിജും വാഷിങ് മെഷീനും ഒക്കെയുള്ള ഒരു ഇടത്തരം കുടുംബത്തിലെ ദ്വൈമാസ വൈദ്യുതിബിൽ ഏകദേശം 2000 രൂപയാണ്. എന്നാൽ, കുടുംബാംഗങ്ങൾ ഒപ്പമില്ലാത്ത മന്ത്രിമാരുടെ വസതികളിൽപോലും എന്താണിങ്ങനെ മുക്കാൽ ലക്ഷത്തോളം ബില്ലാകുന്നത്?

പൊടിപിടിച്ച്  20 കോടി

മന്ത്രിസഭയുടെ തീരുമാന പ്രകാരം കഴിഞ്ഞ 5ന് ധനവകുപ്പ് ഒരു ഉത്തരവിറക്കി. ചെലവു ചുരുക്കാനായി 22 നിർദേശങ്ങളാണ് അതിലുള്ളത്. മുൻപു പുറത്തിറക്കിയിട്ടുള്ള പല ഉത്തരവുകളിലെ അതേ വാചകങ്ങൾ തന്നെ പുതിയ ഉത്തരവിലും കുത്തിത്തിരുകി. അതായത്, കഴിഞ്ഞ 5 വർഷം ശ്രമിച്ചിട്ടും ചുരുക്കാനാകാത്തത് കാലാവധി കഴിയാറാകുമ്പോൾ ചുരുക്കാൻ സർക്കാർ ശ്രമിക്കുന്നു. അതിലെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് ആദ്യം ലംഘിച്ചത് ചീഫ് സെക്രട്ടറി തന്നെയാണ്. ആരും ഫർണിച്ചർ വാങ്ങാൻ പാടില്ലെന്ന നിർദേശം ലംഘിച്ച് അദ്ദേഹത്തിന്റെ ഓഫിസിനായി 2 ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങാൻ പൊതുഭരണ വകുപ്പ് അനുമതി നൽകി. 

സർക്കാരിനു കീഴിൽ ആകെ എത്ര വാഹനങ്ങളുണ്ടെന്നു കണ്ടെത്താൻ ധനവകുപ്പ് ശ്രമം ആരംഭിച്ചിട്ടു 2 വർഷമായി. പലവട്ടം അന്ത്യശാസനം നൽകിയിട്ടും വകുപ്പുകൾ അനങ്ങിയിട്ടില്ല. അതിനാൽ വാഹന ഉപയോഗവും ഡ്രൈവർമാരുടെ നിയമനവും ക്രമീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ചെലവു ചുരുക്കാനുള്ള വഴികൾ തേടിയപ്പോൾ ഒരു കാര്യം സർക്കാർ ബോധപൂർവം മറന്നു. മാസം 1.70 കോടി രൂപ വാടക നൽകി, ശംഖുമുഖത്ത് പൊടിപിടിച്ചു കിടക്കുന്ന ഹെലികോപ്റ്ററിന്റെ കാര്യം. ഒരു വർഷം 20 കോടിയാണ് ഹെലികോപ്റ്ററിനായി സർക്കാർ ചെലവിടുന്നത്. ആകെ ഉപയോഗിച്ചതാകട്ടെ മൂന്നോ നാലോ വട്ടം. ഇൗ പാഴ്ച്ചെലവ് ഒഴിവാക്കിയിരുന്നെങ്കിൽ 20 കോടി കൊണ്ട് 500 പേർക്ക് ലൈഫ് പദ്ധതിക്കു കീഴിൽ വീടുവച്ചു നൽകാമായിരുന്നു.

കിഫ്ബി എടുത്ത മിക്ക വായ്പകളുടെയും ഭാരം ഇനി വരുന്ന സർക്കാരിന്റെ തലയിൽ

വിവിധ ബാങ്കുകളിൽ നിന്നു കിഫ്ബി കടമെടുത്ത തുകയിൽ മുക്കാൽ പങ്കും തിരിച്ചടയ്ക്കേണ്ടി വരിക അടുത്ത സർക്കാർ. തിരിച്ചടവ് ആരംഭിക്കുന്നതിനു 2 വർഷം വരെ സാവകാശം ഉറപ്പാക്കിക്കൊണ്ടാണ് കിഫ്ബി വായ്പകൾ നേടിയെടുത്തത്. ഫലത്തിൽ തിരിച്ചടവിന് ഇൗ സർക്കാരിനുമേൽ ബാധ്യത കുറയും. 

2 വർഷം മുൻപ് 3 ബാങ്കുകളിൽ നിന്നായി വാങ്ങിയ 2000 കോടി രൂപയാണ് ഇതിൽ മുഖ്യം. 8.35% മുതൽ 9% വരെ പലിശനിരക്കിൽ വാങ്ങിയ ഇൗ വായ്പകൾ അടുത്ത മാസം തിരിച്ചടച്ചു തുടങ്ങിയാൽ മതി. 10 മുതൽ 12 വർഷം വരെയാണ് മിക്ക വായ്പകളുടെയും തിരിച്ചടവു കാലാവധി. അതേസമയം, 2150 കോടിയുടെ മസാല ബോണ്ടാകട്ടെ തിരിച്ചടയ്ക്കേണ്ട ബാധ്യത ഇൗ സർക്കാരിനും അടുത്ത സർക്കാരിനു ഏതാണ്ട് തുല്യമായിരിക്കും.

222

English Summary : Government of Kerala debt part-2

പരമ്പരയുടെ ആദ്യഭാഗം : 25 വർഷം കൊണ്ട് 3 ലക്ഷം കോടിയുടെ കടം: കേരളം ‘കട’പ്പെട്ടിരിക്കുന്നത് ഇങ്ങനെ


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA