ADVERTISEMENT

രാഷ്ട്രീയ വിവാദത്തിലായ പാലാരിവട്ടം മേൽപാലം നിർമാണത്തിനു നേതൃത്വം നൽകിയവർക്കെതിരെയുള്ള വിജിലൻസ് നടപടിയുടെ തുടർച്ചയായി, അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ അറസ്റ്റാണു കേരളം ഇന്നലെ കണ്ടത്. അതേസമയം, ആശുപത്രിയിലെത്തി ധൃതിവച്ചുള്ള അറസ്റ്റ് രാഷ്ട്രീയപ്രേരിതവും പകപോക്കലും അധികാര ദുർവിനിയോഗവുമാണെന്നാണു പ്രതിപക്ഷാരോപണം.

കൊച്ചിയിൽ ദേശീയപാത 66ൽ 4 പ്രധാന ജംക്‌ഷനുകളിലെ തിരക്കു കുറയ്ക്കാനായി പാലങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഭൂമിയേറ്റെടുക്കലും ടോളും ഒഴിവാക്കാനാണ് യുഡിഎഫ് സർക്കാർ പാലത്തിന്റെ നിർമാണം ഏറ്റെടുത്തത്. പൊതുമരാമത്തു വകുപ്പിന്റെ സ്പീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറിൽ ഗതാഗതത്തിനു തുറന്നു. എന്നാൽ, പാലത്തിൽ കുഴികൾ രൂപപ്പെടുകയും പരിശോധനാ റിപ്പോർട്ടുകൾ പാലത്തിന്റെ നിർമാണപ്പിഴവുകൾ സൂചിപ്പിക്കുകയും ചെയ്തതോടെ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ട്സ് അറ്റകുറ്റപ്പണിക്കു തയാറാണെന്ന് അറിയിച്ചെങ്കിലും തുടർനടപടികൾ വൈകി.

ചെന്നൈ ഐഐടിയും ഇ.ശ്രീധരൻ സമിതിയും മറ്റും നടത്തിയ പഠനങ്ങളിൽ പാലത്തിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 2019 മേയ് ഒന്നിനു പാലം അറ്റകുറ്റപ്പണിക്കായി അടച്ചു. ഐഐടി റിപ്പോർട്ടും ശ്രീധരന്റെ നിർദേശങ്ങളും പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുകയുണ്ടായി. പുതുക്കിപ്പണിതാൽ 100 കൊല്ലം നിൽക്കുമെന്ന ശ്രീധരന്റെ നിർദേശമാണു വിദഗ്ധസമിതി സ്വീകരിച്ചത്. തുടർന്ന്, സംസ്ഥാന സർക്കാർ നിർമാണച്ചുമതല ഡിഎംആർസിയെ ഏൽപിച്ചുവെങ്കിലും ഭാരപരിശോധന നടത്താതെ പാലം പൊളിക്കരുതെന്നു കാണിച്ചു ഹൈക്കോടതിയിൽ ഹർജികൾ എത്തിയതോടെ പാലം പൊളിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചതോടെയാണു പുനർനിർമാണത്തിനു വഴിതെളിഞ്ഞത്. ഇതിന്റെ ഭാഗമായി പാലത്തിന്റെ മുകൾഭാഗം പൊളിക്കുന്ന പണി ഇപ്പോൾ 75% പൂർത്തിയായി. വരുന്ന ജൂണിൽ പാലം പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2019 മേയിലാണു വിജിലൻസ് അന്വേഷണം തുടങ്ങിയത്. നിർമാണത്തിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ വിജിലൻസ്, മരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ് അടക്കം 4 പേരെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പാലത്തിന്റെ കരാർ നടപടികളിൽ മന്ത്രിതലത്തിലുള്ള നിർദേശങ്ങൾ പാലിക്കുക മാത്രമാണു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ താൻ ചെയ്തതെന്നും വിദഗ്ധസംഘം പാലത്തിന്റെ രൂപരേഖയിൽ അപാകത കണ്ടെത്തിയിട്ടും അത് അംഗീകരിക്കേണ്ടി വന്നതു മന്ത്രിയുടെ താൽപര്യപ്രകാരമാണെന്നും സൂരജ് മൊഴി നൽകുകയുണ്ടായി. കോടതിയിലും സൂരജ് ഇക്കാര്യം ബോധിപ്പിച്ചിരുന്നു. സൂരജിന്റെ മൊഴിയാണ് ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ചും പാലം നിർമാണത്തിലെ അഴിമതി സംബന്ധിച്ചുമുള്ള തുടരന്വേഷണത്തിലേക്കു നയിച്ചത്.

അതേസമയം, വിവിധ അഴിമതിയാരോപണങ്ങളിലും വിവാദങ്ങളിലും പെട്ടു വലയുന്ന ഇടതു സർക്കാരിനെതിരെ തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികളിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റെന്ന പ്രതിപക്ഷാരോപണവും പ്രസക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾക്കും പല തലത്തിലുള്ള അന്വേഷണങ്ങൾക്കും മറുപടി പറയാൻ എൽഡിഎഫ് സർക്കാർ പാടുപെടുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ് എന്നതും ശ്രദ്ധേയം.

പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി ഡെക്ക് കണ്ടിന്യുറ്റി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചതിലെ പാളിച്ചകൾ, മേൽനോട്ടക്കുറവ്, നിർമാണസാമഗ്രികളുടെ നിലവാരക്കുറവ് തുടങ്ങിയ വീഴ്ചകളാണു പാലത്തിലെ വിള്ളലുകൾക്കു കാരണമായതെന്നാണു കണ്ടെത്തിയിട്ടുള്ളത്. പാലത്തിന്റെ ദുരവസ്ഥയിൽ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ടെന്നാണു വിജിലൻസ് കണ്ടെത്തൽ. പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ അന്വേഷണവും നടപടികളും കൃത്യമായും സത്യസന്ധമായും മുന്നോട്ടുപോവുകതന്നെ വേണം. ഒപ്പം, ഒന്നര വർഷത്തോളമായി അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് അറുതിയുണ്ടാകാൻ എത്രയുംവേഗം പണിതീർത്ത് പാലം തുറക്കുകയും വേണം. പദ്ധതികളുടെ രൂപകൽപന മുതൽ കർശനമായ ഗുണനിലവാര പരിശോധനകൾ വേണമെന്നതിനുകൂടി പാലാരിവട്ടം അനുഭവസാക്ഷ്യം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com