ADVERTISEMENT

വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ വലിയ നേട്ടങ്ങളായി അവർ എപ്പോഴും പറയുന്ന പദ്ധതികളാണിവ. അവയ്ക്കു തുടക്കമിട്ടത് യുഡിഎഫാണെങ്കിലും പൂർത്തിയാക്കിയതു ഞങ്ങളാണെന്ന് ഇൗ സർക്കാർ അവകാശപ്പെടുന്നു. 

എന്നാൽ, തങ്ങൾ തുടക്കമിട്ടതായി ചൂണ്ടിക്കാണിക്കാൻ ഇതുപോലെ വമ്പൻ പദ്ധതികളൊന്നും ഇല്ലെന്നു വന്നതോടെയാണ് സിൽവർ ലൈൻ പദ്ധതി എന്ന ആശയം വരുന്നത്. ആകെ 63,000 കോടി രൂപയുടേതാണു പദ്ധതി. തിരുവനന്തപുരം മുതൽ കാസർകോടു വരെയെത്താൻ 4 മണിക്കൂർ സമയം മതി. പാതയ്ക്കുള്ള സ്ഥലമേറ്റെടുക്കുന്നതിനായി കല്ലുകൾ സ്ഥാപിക്കാൻ പോകുകയാണിപ്പോൾ.

എന്നാൽ, ഏവരെയും കോരിത്തരിപ്പിക്കുന്ന ഇൗ പദ്ധതി ഇതുവരെയെത്തിക്കാൻ എടുത്ത കാലയളവു കേട്ടാൽ മൂക്കത്തു വിരൽ വയ്ക്കും. 11 വർഷം മുൻപ് കേരള ഹൈസ്പീഡ് റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ പ്രാഥമിക പഠനവും രൂപരേഖ തയാറാക്കലും പൂർത്തിയാക്കിയിരുന്നു. പിന്നീട് ഈ കോർപറേഷന്റെ പ്രവർത്തനം നിർത്തിവച്ചു. പകരം ചെലവു കുറഞ്ഞ സെമി ഹൈസ്പീഡ് റെയിൽപാത എന്ന ആശയം വന്നു. ടി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇതിനായി പുതിയ സംവിധാനം വന്നു. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ വഴി സാധ്യതാപഠനം നടത്തി.

എന്നാൽ, സ്ഥലം നഷ്ടപ്പെടുന്ന ജനങ്ങളുടെ എതിർപ്പു ശക്തമായി. വളരെ പണിപ്പെട്ട് ഒടുവിൽ ഡിഎംആർസി രൂപരേഖ തയാറാക്കിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ഇൗ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പദ്ധതിയെ തിരിഞ്ഞു നോക്കിയില്ല.

1200-indian-currency-new

2019 ജനുവരിയിൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ പൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അതുവരെ ഏകദേശം 30 കോടിയോളം രൂപയാണു പദ്ധതിക്കായി ചെലവിട്ടത്. പിന്നീടാണ് ഇപ്പോഴത്തെ സിൽവർ ലൈൻ പദ്ധതി പരിഗണിക്കുന്നത്. ഒരു പദ്ധതി നടപ്പാക്കേണ്ടെന്നു തീരുമാനിക്കാൻ നമ്മുടെ മാറിമാറി വന്ന സർക്കാരുകൾക്കു 11 വർഷം വേണ്ടിവന്നു. ഇതു നടപ്പാക്കിക്കിട്ടാൻ ഇനി എത്ര വർഷം വേണ്ടിവരുമെന്ന് കാത്തിരുന്നു കാണണം.

സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തതാണ് സർക്കാരുകളെ പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും നയിക്കുന്ന കാരണങ്ങളിലൊന്ന്.

36,786 കോടി രൂപയുടെ പദ്ധതികളാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ നടപ്പാക്കേണ്ടത്. എന്നാൽ, 14,243 കോടി മാത്രമേ ഏഴര മാസമായിട്ടും ചെലവാക്കാൻ കഴിഞ്ഞിട്ടുള്ളൂ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങൾ കാരണം ബാക്കിയുള്ള 22,543 കോടി ചെലവിടാൻ സർക്കാരിനു സമയം കിട്ടുകയുമില്ല. അങ്ങനെ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും പാഴാകും. അവ വീണ്ടും അടുത്ത വർഷം നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ ചെലവു വീണ്ടും കൂടുകയും ചെയ്യും.

Series-image-2-JPG

കടംവാങ്ങി വലഞ്ഞു; എന്നിട്ടും കരാർ നിയമനം

തോന്നുംപടി ശമ്പളവും പെൻഷനും നിർണയിച്ചതും വാരിക്കോരി നിയമനങ്ങൾ നടത്തിയതുമാണ് കെഎസ്ആർടിസിയെ ഇന്നത്തെ ദുരിതാവസ്ഥയിൽ എത്തിച്ചത്. എന്നാൽ, വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ എപ്പോഴും സർക്കാർ തിരഞ്ഞെടുക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ മുന്നിൽ കെഎസ്ആർടിസി തന്നെയാണ്. വായ്പയെടുത്തു ശമ്പളം കൊടുക്കേണ്ട ഗതികേടിലായിട്ടും കെഎസ്ആർടിസിയിൽ 20 കരാർ നിയമനങ്ങൾക്കു സർക്കാർ ഒരുങ്ങുകയാണ്. അരലക്ഷം രൂപ വീതം ശമ്പളം നൽകിയാണു നിയമനം നടത്താൻ പോകുന്നത്. മാനേജർ, ഡപ്യൂട്ടി മാനേജർ, തസ്തികകളിലേക്കാണു നിയമനം.

കെൽട്രോണിലാകട്ടെ 102 പേരെയാണു കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ പോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ റിയാബ് വഴി മാത്രമേ നിയമനം പാടുള്ളൂവെന്ന് സർക്കാർ പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. റിയാബ് വഴിയേ കെൽട്രോൺ നിയമനം നടത്താവൂ എന്ന് സർക്കാർ ഇൗ മാസം 2ന് ഉത്തരവിറക്കി. അതിന്റെ രണ്ടാം നാളാണ് 102 പേരെ നേരിട്ടു നിയമിക്കാൻ തീരുമാനിച്ച് കെൽട്രോൺ വിജ്ഞാപനം പുറപ്പെടുവിച്ചത്.

വരവു കുറഞ്ഞാലെന്താ, ചെലവു കൂടുന്നുണ്ടല്ലോ

വരവു കുറയുകയും ചെലവു കൂടുകയും ചെയ്യുമ്പോഴാണല്ലോ കടമെടുക്കേണ്ടി വരിക. കടത്തിൽനിന്നു കരകയറാൻ പിന്നെ ഒരു വഴിയേയുള്ളൂ – വരുമാനം കൂട്ടുക. സംസ്ഥാന സർക്കാർ ഏതാണ്ടു പൂർണമായി പരാജയപ്പെട്ടത് ഇവിടെയാണ്. പ്രധാന വരുമാനങ്ങളിലൊന്നായ നികുതിവരവു വർധിപ്പിക്കുക എന്നതാണ് സർക്കാരിനു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രായോഗികമായ നടപടി. 

എന്നാൽ, ജിഎസ്ടി നടപ്പാക്കുമ്പോൾ നികുതി കുതിച്ചുയരുമെന്ന പ്രതീക്ഷയിലായിരുന്നു മന്ത്രിയും ധനവകുപ്പും. നികുതി അങ്ങനെ കൂടില്ലെന്നു ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയപ്പോൾ സർക്കാർ ഗൗനിച്ചതുമില്ല. 25 മുതൽ 35% വരെ നികുതി കൂടുമെന്ന് ബജറ്റ് പ്രസംഗത്തിൽപോലും സർക്കാർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, കൂടിയതോ, 14 ശതമാനത്തോളം മാത്രം. അതാകട്ടെ, 14% വർധനയില്ലെങ്കിൽ നഷ്ടപരിഹാരം നൽകാമെന്ന വ്യവസ്ഥയിൽ കേന്ദ്രത്തിൽനിന്നു പണം കിട്ടിയതുകൊണ്ടു മാത്രം. 

പ്രളയവും ജിഎസ്ടിയും നോട്ടുനിരോധനവും കോവിഡുമൊക്കെ ജിഎസ്ടി വരുമാനത്തെ ബാധിച്ചുവെന്നതു ശരിതന്നെ. പക്ഷേ, കഴിഞ്ഞ നാലര വർഷവും ഒരു പരിധിവരെ ജിഎസ്ടി വകുപ്പ് ഉറങ്ങുകയായിരുന്നുവെന്നു തന്നെ പറയണം. ഈയിടെ മാത്രമാണ് ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധനകളെക്കുറിച്ചു നമ്മൾ കേൾക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഭൂനികുതി വരുമാനത്തിൽ മാത്രമാണു വർധന ഉണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞത്. ബാക്കിയെല്ലാം താഴേക്കു പോയി. സാലറി കട്ട് വഴി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനുള്ള പണം ലാഭിക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണു സർക്കാരിനു പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. വരുമാനം വർധിപ്പിക്കാൻ കഴിയാത്തതിനാൽ സർക്കാർ ഇപ്പോൾ ചെയ്യുന്നത് ഇതാണ് – കടം വീട്ടാൻ കടം വാങ്ങുക. ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റിസർവ് ബാങ്ക് വഴി കടമെടുക്കാമെന്നു പ്രതീക്ഷിക്കുന്നത് 27,600 കോടി രൂപയാണ്. 

കടമെടുത്ത വായ്പകളുടെ പലിശയായി ഇൗ വർഷം നൽകേണ്ടത് 19,850 കോടി രൂപയും. എന്നുവച്ചാൽ കടമെടുക്കുന്നതിന്റെ മുക്കാൽ പങ്കും പലിശ നൽകാൻ ചെലവിടുന്നു.

നാളെ: എന്നാൽ പിന്നെ, കൺസൽറ്റൻസി ആയാലോ! 

English Summary: Namesake projects and waste of money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com