ADVERTISEMENT

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അത്യന്തം സങ്കീർണവും പ്രയാസങ്ങൾ നിറഞ്ഞതുമാണ്. ശമ്പളം, പെൻഷൻ, പിന്നാക്കക്കാർക്കുള്ള ക്ഷേമപദ്ധതികൾ എന്നിവ കഴിഞ്ഞ് നീക്കിയിരിപ്പു വല്ലതുമുണ്ടെങ്കിൽ അതു മുൻകാല വായ്പകളുടെ പലിശയ്ക്കു പോകും. സംസ്ഥാനത്തിന്റെ പലിശച്ചെലവ് ആഭ്യന്തര വരുമാനത്തിന്റെ 15 ശതമാനത്തോളം വരും; മറ്റു പല സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇത് എതാണ്ട് 50% കൂടുതലാണ്. 2018നു മുൻപുള്ള 8 വർഷങ്ങളിൽ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് 300% വർധിച്ചു. ഇവയെല്ലാം തട്ടിക്കിഴിച്ചാൽ വികസനത്തിനായുള്ള മൂലധനച്ചെലവ് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 1% മാത്രമേ വരുന്നുള്ളൂ. മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ തുടങ്ങിയ അത്ര വികസിതമല്ലാത്ത സംസ്ഥാനങ്ങളിൽ പോലും മൂലധനച്ചെലവ് ആഭ്യന്തര വരുമാനത്തിന്റെ 2% ആണെന്ന് ഓർക്കുക. ഇതുമൂലം കേരളത്തിൽ റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം നന്നേ കുറഞ്ഞു.

ഈ വികസനമുരടിപ്പ് സംസ്ഥാനത്തിന്റെ വളർച്ചയെയും ബാധിച്ചു. 2015-16ൽ കേരളത്തിന്റെ വളർച്ചനിരക്ക് 8.59% ആയിരുന്നപ്പോൾ, ദേശീയതലത്തിൽ വളർച്ചനിരക്ക് 9.94% ആയിരുന്നു. നികുതിവരുമാനത്തിന്റെ വളർച്ച 2010-11ൽ 23.24% ആയിരുന്നത് 2015-16ൽ കുത്തനെ ഇടിഞ്ഞ് 10.68% ആയി. ശരിയായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സർക്കാർ. കടമെടുക്കുന്നതിനും പരിമിതികളുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ ധന ഉത്തരവാദിത്ത നിയമം അനുസരിച്ച്, സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ കടം സമാഹരിക്കാൻ പാടില്ല.

സാമ്പത്തിക ചക്രവ്യൂഹത്തിനുള്ളിൽനിന്നു പുറത്തു കടക്കാനുള്ള വഴിയായാണ് 1999ൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി, നിയമം മൂലം നിലവിൽ വരുന്നത്. അതിന്റെ പ്രധാന ഉദ്ദേശ്യം ബൃഹത്തും അത്യാവശ്യവുമായ അടിസ്ഥാനസൗകര്യങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും പണം കണ്ടെത്തുക എന്നതായിരുന്നു. 2016ൽ ഒരു ഭേദഗതിയിലൂടെ കിഫ്ബിയുടെ അലകും പിടിയും മാറി; അതൊരു ‘ബോഡി കോർപറേറ്റ്’ ആയി. റിസർവ് ബാങ്കിന്റെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെയും നിർദേശങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അതിന് ഏറ്റവും പുതിയ മാർഗങ്ങളിലൂടെ ധനം സമാഹരിക്കാം എന്നായി.

കിഫ്ബിക്കു മുൻപും പിൻപുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാൽ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാൻ കഴിയും. 2012-13 മുതൽ 2015 -16 വരെയുള്ള 4 വർഷങ്ങളിൽ, നിയമസഭയിൽ അവതരിപ്പിച്ച ബജറ്റുകളുടെ അടിസ്ഥാനത്തിൽ, മൂലധനച്ചെലവിനുള്ള അടങ്കൽ തുക 20,652 കോടി രൂപ ആയിരുന്നു. കിഫ്ബി നിയമഭേദഗതിക്കു ശേഷം 2016-17 മുതലുള്ള 4 വർഷങ്ങളിൽ മൂലധനച്ചെലവിന്റെ അടങ്കൽ തുക 49,184 കോടി രൂപയായി വർധിച്ചു. നിത്യനിദാനച്ചെലവുകൾക്കു ശേഷം വികസനത്തിനായി തുക കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് കിഫ്ബി ഒരു വഴികാട്ടിയാകാം.

കിഫ്ബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, 3 വർഷത്തെ മൊറട്ടോറിയവും 7 വർഷത്തെ തിരിച്ചടവ് അവധിയും ഉൾപ്പെടെ, അടുത്ത 10 വർഷത്തിൽ ഒരുലക്ഷം കോടി രൂപയുടെ കടം വീട്ടുക എന്നതാണ്. 75% കിഫ്ബി പദ്ധതികളിൽനിന്നു നേരിട്ട് ആദായം ഉണ്ടാകുന്നില്ല. അതായത് ബജറ്റിൽനിന്ന് ഈ തുക കണ്ടെത്തണം. അതിനായി നികുതിപിരിവ് ഊർജിതമാക്കണം; പാഴ്ച്ചെലവുകൾ കുറച്ച് ബജറ്റിന് അകത്തുനിന്നുതന്നെ കൂടുതൽ മൂലധനനിക്ഷേപം സാധ്യമാക്കണം. അസാധാരണ സന്ദർഭങ്ങളിൽ പ്രയോഗിക്കാവുന്ന ശസ്ത്രമായി മാത്രം കിഫ്ബിയെ കാണണം.

ഭരണഘടന ഉദ്ധരിച്ച് ഭരണഘടനാസ്ഥാപനമായ സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ), കിഫ്ബിയുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്. സംസ്ഥാന സർക്കാർ മറുവാദങ്ങളിലൂടെ പ്രതിരോധിക്കുന്നു. ഭരണഘടനയുടെ കാവൽക്കാരായ കോടതിയിൽനിന്നേ ഇതിനുള്ള അന്തിമമായ ഉത്തരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്രയും വർഷങ്ങൾക്കു ശേഷം സിഎജി മൗലികമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിൽ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. കിഫ്ബിയെ പല കാരണങ്ങൾകൊണ്ട് എതിർക്കുന്നവർ ഇംഗ്ലിഷിലെ ഈ പറച്ചിൽ ഓർക്കുന്നതു നല്ലതായിരിക്കും: കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത്!

നിലപാടുകളിൽ ‘അഭിനയിക്കാത്ത’ സൗമിത്ര

1957. ഡൽഹിയിൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനായി സത്യജിത് റേ തന്റെ ചലച്ചിത്രം ‘അപരാജിതോ’ പ്രദർശിപ്പിച്ചു. കണ്ടുകഴിഞ്ഞ് ജിജ്ഞാസയോടെ നെഹ്റു ചോദിച്ചത് ആ ചിത്രത്തിൽ കുട്ടിയായിരുന്ന അപുവിന്റെ ജീവിതയാത്രയെക്കുറിച്ചു തുടർചിത്രം പ്രതീക്ഷിക്കാമോ എന്നാണ്. അങ്ങനെയാണു റേയുടെ മനസ്സിൽ ‘അപുർ സൻസാർ’ എന്ന ചിത്രത്തിന്റെ ബീജാങ്കുരണം നടക്കുന്നത്. പിന്നീട് വെനീസ് ഫിലിം ഫെസ്റ്റിവലിൽ വച്ച് പത്രക്കാരും നെഹ്റുവിന്റെ ചോദ്യം ആവർത്തിച്ചു. അപ്പോഴേക്കും റേ ഒരു തീരുമാനത്തിൽ എത്തിയിരുന്നു; തന്റെ അടുത്ത ചിത്രവും അപുവിനെക്കുറിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൗമിത്ര ചാറ്റർജി
സൗമിത്ര ചാറ്റർജി

‘അപരാജിതോ’യിലെ കുട്ടിയായ അപുവായി അഭിനയിക്കാൻ ബാലനടനെത്തേടി റേ സ്കൂളുകൾക്കു മുന്നിൽപോയി നിൽക്കുമായിരുന്നു. അങ്ങനെയാണ് അദ്ദേഹം സൗമിത്ര ചാറ്റർജിയെ കണ്ടെത്തുന്നത്. പക്ഷേ, ചിത്രീകരണം തുടങ്ങിയപ്പോഴേക്കും സൗമിത്ര വലിയ കുട്ടിയായിരുന്നു. എന്നാൽ, മുതിർന്ന അപുവിന്റെ കഥയായ ‘അപുർ സൻസാർ’ നിർമിക്കാൻ തുടങ്ങിയപ്പോൾ അപുവായി അഭിനയിക്കാൻ റേയ്ക്ക് മറ്റൊരാളെപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല. സൗമിത്ര ചാറ്റർജിയും സത്യജിത് റേയും തമ്മിലുള്ള ബന്ധം അവിടെയാണ് ആരംഭിക്കുന്നത്. പിന്നീട് 14 റേ ചിത്രങ്ങളിൽ സൗമിത്ര അഭിനയിച്ചു.

മലയാളികളെപ്പോലെ ബംഗാളികളും ദ്വന്ദങ്ങളിൽ അഭിരമിക്കുന്നവരാണ്. ഫുട്ബോളിൽ അവർ ചേരിതിരിഞ്ഞ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി തർക്കിച്ചിരുന്നു. സിനിമയിലാകട്ടെ, അതു സത്യജിത് റേയ്ക്കും മൃണാൽ സെന്നിനും വേണ്ടിയായിരുന്നു. സിനിമാനായകരിൽ ഉത്തംകുമാറും സൗമിത്ര ചാറ്റർജിയും. ഉത്തംകുമാർ 1980ൽ, 54–ാം വയസ്സിൽ അന്തരിച്ചതിനു ശേഷം സൗമിത്ര ചാറ്റർജിക്കു പകരംവയ്ക്കാൻ ബംഗാളികളുടെ ഹൃദയത്തിൽ മറ്റൊരാളില്ലാതെയായി. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സൗമിത്ര. എല്ലാ കാലത്തും അദ്ദേഹത്തെത്തേടി നിർമാതാക്കൾ എത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 85 വയസ്സായിരുന്നു. അവസാനകാലത്തും വെള്ളിത്തിരയിൽ നിന്നു മാറിനിന്നില്ല.

സിനിമ ജനങ്ങളുടെ കലയാണ്. താരങ്ങൾക്കു പേരും ധനവും നൽകുന്നതു പ്രേക്ഷകരാണ്. പലപ്പോഴും ജനങ്ങൾക്ക് എന്തെങ്കിലും തിരിച്ചു നൽകാൻ താരങ്ങൾ മറക്കുന്നു. എന്നാൽ, സൗമിത്ര ചാറ്റർജി ജനങ്ങളുടെ പ്രശ്നങ്ങളിൽ സദാ ശ്രദ്ധാലുവായിരുന്നു. ശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിൽ അദ്ദേഹം വൈമുഖ്യം കാണിച്ചിരുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം, കഴിഞ്ഞ വർഷം പൗരത്വനിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ അദ്ദേഹത്തെ മുൻനിരയിൽ കണ്ടതാണ്. ചലച്ചിത്രരംഗത്ത് അപൂർവമായി കാണാവുന്ന ഒരു പൊതു ബുദ്ധിജീവിയായിരുന്നു സൗമിത്ര ചാറ്റർജി.

സ്കോർപ്പിയൺ കിക്ക്: തന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വളരെക്കാലമായി അറിയാമെന്നും അദ്ദേഹത്തിൽ വിശ്വാസമാണെന്നും മുഖ്യമന്ത്രി.

എന്നിട്ടും സഹപ്രവർത്തകൻ ശിവശങ്കറിനെക്കുറിച്ച് രവീന്ദ്രൻ ഒന്നും പറഞ്ഞുതന്നില്ല എന്നുണ്ടോ?

English Summary: Thalsamayam column about KIIFB and Soumitra Chatterjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com