വാചകമേള

umman-mamtha
ഡോ. എം.എ.ഉമ്മൻ, മംമ്ത മോഹൻദാസ്
SHARE

∙ ഡോ. എം.എ.ഉമ്മൻ: ഫുൾടൈം രാഷ്ട്രീയക്കാരായ ഒരു വൻപട കേരളത്തിലുണ്ട്. അവരെ തീറ്റിപ്പോറ്റുന്നത് അതതു പാർട്ടികൾ മാത്രമല്ല, സമൂഹം തന്നെയാണ്. പാർട്ടികൾ പിളരുംതോറും വളരുകയാണെന്നും ഓർമിക്കണം. ടിവി ചാനലുകളിൽ സമർഥരായ യുവാക്കൾ കുട്ടിക്കുരങ്ങുകളുടെ കുപ്പായമിട്ട് ഘോരഘോരം വാദിക്കുന്നവരാകുമ്പോൾ രാഷ്ട്രീയത്തിലും സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കാനാവില്ല. അവർ പരിവർത്തനത്തിന്റെ ഘാതകരാവുകയാണ്. 

∙ മംമ്ത മോഹൻദാസ്: അന്തിമമായി എല്ലാ സ്ത്രീകളുടെയും ആവശ്യം അവർക്കു പറയാനുള്ളത് മറ്റുള്ളവർ കേൾക്കണം, അവരുടെ കരുത്തിനെ ബഹുമാനിക്കണം, അവർക്കൊരു വിലാസം ഉണ്ടാകണം എന്നൊക്കെയാണ്. ഒരു തരത്തിലുമുള്ള വിവേചനവും  അടിച്ചമർത്തലുകളും അവർ ആഗ്രഹിക്കുന്നില്ല.

∙ സക്കറിയ: അടിയന്തരാവസ്ഥ വന്നപ്പോഴാണ് നാം തിരഞ്ഞെടുത്തു വിടുന്ന കുറച്ചു ചെറിയ മനുഷ്യർക്ക് ഈ രാജ്യത്തോട് എന്തെല്ലാം ചെയ്യാൻ കഴിയുമ‌െന്നു മനസ്സിലാക്കിയത്. അവർക്കു നമ്മുടെ രാജ്യത്തെ ചവിട്ടാനും മെതിക്കാനും കൊല്ലാനും വളർത്താനുമൊക്കെ കഴിയുമെന്നു മനസ്സിലാക്കി. അതോടെ ഒരു എഴുത്തുകാരൻ എഴുത്തുകാരൻ മാത്രമാകരുതെന്നും അയാൾ സമൂഹത്തോടു കടപ്പെട്ട് അതിൽ ഇടപെടണമെന്നും മനസ്സിലാക്കി.

∙ സി.രാധാകൃഷ്ണൻ: സമൂഹത്തിലെ നിർണായക ശക്തികൾ ഏറ്റെടുത്തില്ലെങ്കിൽ ഭാഷ വളരില്ല. ഇവിടെ നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരു കക്ഷിക്കും മതത്തിനും സംഘടനയ്ക്കും മലയാളഭാഷ ആവശ്യമില്ല. ഓരോരുത്തർക്കും കൂടുതൽ പ്രിയപ്പെട്ട വേറെ ഭാഷയുണ്ട്. ഈ നേരു മറച്ചുപിടിച്ചു വിലപിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല.

∙ കെ.ജയകുമാർ: ഇംഗ്ലിഷ് നമ്മുടെ മാതൃഭാഷയല്ല. കടം വാങ്ങിയ ഭാഷയിൽ ഒരു വിദ്യാർഥി ഒരിക്കലും വൈജ്ഞാനിക സാഹസബുദ്ധി പ്രകടിപ്പിക്കുകയില്ല. നല്ല മാർക്കു വാങ്ങിയെന്നിരിക്കും. പക്ഷേ, മാതൃഭാഷയിലൂടെയല്ലാതെ ഉൾക്കൊണ്ട അറിവുകൾ അനുഭവമാകുന്നില്ല. പ്രതിഭാശാലികളായ നമ്മുടെ കുഞ്ഞുങ്ങൾ ശരാശരിക്കാരും അനുയായികളുമായി മാത്രം ജീവിതവിജയം നേടുന്നു.

∙ കെ.എൽ.മോഹനവർമ: പണ്ട് എഴുത്ത് അല്ലെങ്കിൽ സാഹിത്യം മാത്രമായിരുന്നു ആശയങ്ങളെ അല്ലെങ്കിൽ അനുഭൂതികളെ പ്രകാശിപ്പിക്കാനുള്ള വഴി. ഇപ്പോൾ അങ്ങനെയല്ല. സിനിമ വന്ന കാലം ഓർക്കാം. അന്നേരം സിനിമയിൽ എഴുതാൻ പോയത് ഇവിടത്തെ പ്രധാന എഴുത്തുകാരാണ്. ടെക്നോളജി പുതിയ സാധ്യത തുറക്കുമ്പോൾ അങ്ങോട്ടുപോകണം. പരമ്പരാഗതത്വം എന്ന ഒരു വാക്ക് ക്രിയേറ്റിവിറ്റിക്കു ചേരില്ല.

∙ എതിരൻ കതിരവൻ: തിരഞ്ഞെടുപ്പിന്റെ നേരുകളെ നേരിടാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത് ട്രംപ് അല്ല, ഒരു പ്രതിഭാസമാണ്. ട്രംപ് വൈറ്റ്ഹൗസിൽ നിന്ന് ഇറങ്ങിയാലുടൻ 70 മില്യൻ ആൾക്കാർ നാളെ നേരം വെളുക്കുമ്പോൾ ശുദ്ധരായി, കുളിച്ചു കുറിയിട്ട് ജനാധിപത്യത്തെയോ ലിബറലിസത്തെയോ നമസ്കരിക്കാൻ തയാറായി നിൽക്കും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ട്രംപ് എന്നതു രോഗത്തിന്റെ ചെറിയ ലക്ഷണം മാത്രമാണെന്നു ലോകം നിരീക്ഷിച്ചുകഴിഞ്ഞു. വലതുപക്ഷ പോപ്പുലിസം ആഴത്തിലാണു ട്രംപ് കുഴിച്ചിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA