വിളമ്പും, പഴയത് ചൂടോടെ

vireal
1. 2019 ഓഗസ്റ്റിൽ കമല തന്നെ ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു വിഡിയോയിൽനിന്ന് എടുത്ത ചിത്രം. 2. പ്രിയങ്കയുടെ ‍പ്രസംഗ വിഡിയോയിൽനിന്ന്
SHARE

നമ്മൾ തിരഞ്ഞെടുപ്പു ചൂടിലേക്കു പ്രവേശിച്ചു കഴിഞ്ഞു. ഇവിടെ അങ്കം തുടങ്ങും മുൻപ് 2 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചു സ്വന്തമെന്ന പോലെ ആകാംക്ഷയിലായിരുന്നു നമ്മളും – അമേരിക്കയിലെയും ന്യൂസീലൻഡിലെയും. അങ്ങനെ നോക്കുമ്പോൾ കുറച്ചു മാസമായി തിരഞ്ഞെടുപ്പു മൂഡിലാണ് കേരളം. 

പ്രിയങ്കയുടെ പ്രസംഗം

ന്യൂസീലൻഡിൽ ആദ്യമായി ഒരു മലയാളി മന്ത്രിസഭയിലെത്തി. പ്രിയങ്ക രാധാകൃഷ്ണൻ. അവർ, ന്യൂസീലൻഡ് പാർലമെന്റിൽ ആദ്യ ദിവസം മലയാളത്തിൽ പ്രസംഗിച്ചു തുടങ്ങുന്ന വിഡിയോ കാണാത്തവരായി ഒരുപക്ഷേ ഇനിയാരുമുണ്ടാവില്ല. ആ വിഡിയോ വ്യാജമല്ല, ഒറിജിനലാണ്. പ്രിയങ്ക അവിടത്തെ പാർലമെന്റിൽ മലയാളം പറഞ്ഞിട്ടുണ്ട്. 

പക്ഷേ, നമ്മളെല്ലാം കണ്ട വിഡിയോ, ഇപ്പോഴത്തേതല്ല എന്നു മാത്രം. 2017ൽ എംപിയെന്ന നിലയിൽ അവർ നടത്തിയ പ്രസംഗമാണ്, ഇത്തവണ ജയിച്ച ശേഷമുള്ള പ്രസംഗമെന്ന മട്ടിൽ പ്രചരിക്കുന്നത്.

പ്രിയങ്കയുടെ പ്രസംഗത്തിന്റെ പഴയ വിഡിയോ പുതിയതെന്ന നിലയിൽ പ്രചരിച്ചതിൽ അപകടമൊന്നുമില്ലെന്നു കരുതാം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്കു മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മലയാളത്തിൽ ഓണാശംസകൾ നേർന്ന വിഡിയോ എല്ലാ ഓണക്കാലത്തും പുതിയതെന്ന മട്ടിൽ പ്രചരിക്കാറുണ്ടല്ലോ. അതിലും അപകടമില്ല.

എന്നാൽ, പഴയ വിഡിയോകൾ പുതിയതെന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്നത് എപ്പോഴും ഇങ്ങനെ നിഷ്കളങ്കമാകണമെന്നില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഭീതി പടർത്താനുമൊക്കെ ഇത്തരത്തിൽ പഴയ വിഡിയോകൾ ഉപയോഗിക്കപ്പെടാറുണ്ട്, പ്രത്യേകിച്ച് ഭീകരാക്രമണങ്ങളും പ്രകൃതിദുരന്തങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ. ഇത്തരം വിഡിയോകൾ കാണുമ്പോൾ ഒരു കരുതൽ നല്ലതാണ്.

കമലയുടെ ഭക്ഷണം

പ്രിയങ്കയുടെ വിഡിയോയുടെ അതേ അവസ്ഥയാണ്, യുഎസിൽ വൈസ് പ്രസിഡന്റാകുന്ന ഇന്ത്യൻ വംശജ കമല ഹാരിസിന്റെ ചിത്രത്തിനു സംഭവിച്ചതും. ‘തിരഞ്ഞെടുപ്പു ജയം ആഘോഷിച്ചുകൊണ്ട് കമല മാംസഭക്ഷണം കഴിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഇന്ത്യയിൽ വൈറലായി. ആ ചിത്രവും വ്യാജനായിരുന്നില്ല; പക്ഷേ, പഴയതായിരുന്നുവെന്നു മാത്രം. 2019 ഓഗസ്റ്റിൽ കമല തന്നെ ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു വിഡിയോയിൽനിന്ന് എടുത്തതായിരുന്നു ആ ചിത്രം.

ട്രംപിന്റെ വ്യാജങ്ങൾ

യുഎസ് തിരഞ്ഞെടുപ്പുകാലത്ത് ട്വിറ്ററും ഫെയ്സ്ബുക്കും ഡോണൾഡ് ട്രംപിന്റെ പോസ്റ്റുകളും ട്വീറ്റുകളും നിശിതമായി പരിശോധിക്കുകയും അദ്ദേഹം പങ്കുവച്ച തെറ്റായ വിവരങ്ങൾ തെറ്റാണെന്നു വിളിച്ചുപറയുകയും ചെയ്തു. ഉദാഹരണത്തിന് ‘ഞാൻ തിരഞ്ഞെടുപ്പു ജയിച്ചു’ എന്നു ട്രംപ് ട്വീറ്റ് ചെയ്തപ്പോൾ, ട്വിറ്റർ അതിൽ ഒരു മുന്നറിയിപ്പു പ്രദർശിപ്പിച്ചു – വോട്ടെണ്ണൽ തീർന്നിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ ചില ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. 

തെറ്റായ വിവരങ്ങളെ ‘ഫ്ലാഗ്’ ചെയ്യുന്ന രീതി ഫെയ്സ്ബുക്കും ട്വിറ്ററും ഏറ്റവും കൂടുതൽ ഉപയോഗിച്ച സന്ദർഭമാണ് യുഎസ് തിരഞ്ഞെടുപ്പ്. ഇന്ത്യയിൽ അവരതു ചെയ്യാൻ തയാറാകുന്നില്ല എന്നതു സംബന്ധിച്ചാണ് ഇവിടെ വിവാദം.

നമ്മുടെ ഫോട്ടോഷോപ് 

കേരളത്തിലെ ‘വ്യാജനിർമാതാക്കളും’ മോശക്കാരല്ല! തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഒരു വനിതയുടെ പോസ്റ്ററിൽ മറ്റൊരാളുടെ പടം ചേർത്ത് വ്യാജ പോസ്റ്ററുണ്ടാക്കി വാട്സാപ്പിൽ പ്രചരിപ്പിച്ചു ചിലർ. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA