ADVERTISEMENT

തിരഞ്ഞെടുപ്പാകുമ്പോൾ അൽപം മസാലയൊക്കെ വേണം. അതു സ്വർണമാകാം, സോളറാകാം... എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം പുറമേ ബോണ്ടിന്റെ രൂപത്തിലും മസാല അവതരിപ്പിച്ചിരിക്കുകയാണ്.

തോമസ് ഐസക്കിന്റെ മസാല ബോണ്ടിൽ മസാല അത്രയ്ക്കു പോരെന്നാണ് സിഎജി പറയുന്നത്. അവരുടെ റിപ്പോർട്ടിൽ ശരിക്കും മസാല കയറ്റി. ഭരണഘടനാവിരുദ്ധമെന്ന ലേബലിൽ വിപണിയിൽ ഇറക്കുന്ന മസാലയാണ് സിഎജി ബോണ്ടിൽ ചേർത്തത്. റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ ആഴവും പരപ്പുമേറിയ വായനക്കാരനായ ഐസക് അതൊന്നു മറിച്ചുനോക്കിയതിൽ എന്താണു കുഴപ്പം?

വായിക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ റെയിൽവേ ടൈംടേബിളും ടെലിഫോൺ ഡയറക്ടറിയും വരെ വായിക്കുന്ന കൂട്ടത്തിലാണ് ഐസക് സഖാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് ക്യാപ്പിറ്റലും എപ്പോഴും അദ്ദേഹത്തിന്റെ സഞ്ചിയിൽ കാണും. എന്നാൽ, അതെല്ലാം പലവുരു കമ്പോടുകമ്പു വായിച്ചു മനഃപാഠമാക്കിയതിനാലാണ് ടൈംടേബിളിനെയും ഡയറക്ടറിയെയും ആശ്രയിക്കേണ്ടി വരുന്നത്. പല രാജ്യാന്തര പ്രസാധകരും അദ്ദേഹത്തിനു ഗോൾഡൻ റീഡേഴ്സ് ക്ലബ്ബിൽ ആജീവനാന്ത വിശിഷ്ടാംഗത്വം നൽകിയതു വെറുതേയല്ല.

സിഎജിയുടെ റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ മന്ത്രി അതു വായിച്ചുവെന്നതു ശരിയാണ്. വായനയോടുള്ള ആർത്തി മൂലമാണു റിപ്പോർട്ട് വായിച്ചത്. സ്വന്തം കണ്ണിൽ കോലു കിടക്കുന്നതിനാലാണു റിപ്പോർട്ട് കരടാണെന്നു തെറ്റിദ്ധരിച്ചത്. അതുകൊണ്ടു റിപ്പോർട്ടിനെക്കുറിച്ചു മാധ്യമങ്ങൾക്കു മുന്നിൽ ഒരു നിരൂപണം നടത്തി.‌ സ്ഥായീഭാവമായ ഉത്തമവിശ്വാസം അപ്പോഴും കൂടെയുണ്ടായിരുന്നു. സഖാവിന്റെ വിമർശനം മണ്ഡനമാണോ ഖണ്ഡനമാണോ എന്നൊന്നും നിരൂപക കേസരികൾക്കു പിടികിട്ടിയിട്ടില്ല.

അതിന്റെ പേരിൽ അവകാശലംഘനം ആരോപിച്ച് വി.ഡി.സതീശനെന്നല്ല ഡോ. ബി.ആർ.അംബേദ്കർ തന്നെ നോട്ടിസ് നൽകിയാലും സഖാവു കൂസാൻ പോകുന്നില്ല. 

നാട്ടുകാരെ ചെണ്ട കൊട്ടിക്കാൻ! 

ഔസേപ്പച്ചനെക്കൊണ്ടു ചെണ്ട കൊട്ടിക്കാൻ കോടതികളും തിരഞ്ഞെടുപ്പു കമ്മിഷനും മത്സരിക്കുകയാണ്. ഇക്കാര്യത്തിൽ കട്ടപ്പന സബ് കോടതി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ, ഹൈക്കോടതി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയവർ തമ്മിൽ മുന്നിലെത്താൻ കടുത്ത മത്സരമാണ്. എല്ലാം രണ്ടിലയെ ചൊല്ലിത്തന്നെ.

രണ്ടില ചിഹ്നം ഔസേപ്പച്ചന്റെ പാർട്ടിക്ക് ആദ്യം പതിച്ചു കൊടുത്തതു കട്ടപ്പന സബ് കോടതിയാണ്. അതുവച്ചു പാലായിൽ ഔസേപ്പച്ചൻ ഒരു കളി കളിച്ചു. പക്ഷേ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പിന്നീട് സബ് കോടതിയുടെ പട്ടയം അസാധുവാക്കി രണ്ടില ജോമോന്റെ പാർട്ടിക്കു നൽകി. ഔസേപ്പച്ചൻ ഹൈക്കോടതിയിൽ പോയപ്പോൾ കേന്ദ്ര കമ്മിഷന്റെ തീരുമാനം സ്റ്റേ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പു വന്നപ്പോൾ സംസ്ഥാന കമ്മിഷൻ ഇലയ്ക്കും മുള്ളിനും കേടില്ലാതെ രണ്ടിലയെ മരവിപ്പിച്ചു. പകരം ഔസേപ്പച്ചനു കിട്ടിയതു ചെണ്ട. ജോമോനു ടേബിൾ ഫാനും. ഇത്തരം കൊലച്ചതി കമ്മിഷൻ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. ചുരുങ്ങിയതു രണ്ടില പകുത്ത് രണ്ടു കൂട്ടർക്കും ഓരോന്നു വീതം നൽകാമായിരുന്നു. പതിവുപോലെ ഔസേപ്പച്ചന്റെ പ്രതികരണം സംഗീതാത്മകമായിരുന്നു. ‘കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട’ എന്ന് ഈണത്തിൽ പാടിയാണ് അദ്ദേഹം ആഹ്ലാദം പങ്കുവച്ചത്. കറന്റ് പോയാൽ ടേബിൾ ഫാൻ കറങ്ങില്ലെന്ന ശാസ്ത്രീയ നിരീക്ഷണവും നടത്തി.

കേരളത്തിലുടനീളമുള്ള ചെണ്ടക്കാരെ ബുക്ക് ചെയ്താണ് ഔസേപ്പച്ചൻ പുതിയ ചിഹ്നലബ്ധി ആഘോഷിച്ചത്. എന്നാൽ, ഹൈക്കോടതി എല്ലാ പ്രതീക്ഷകളും തകർത്തു. ഹൈക്കോടതി വീണ്ടും ഇലയ്ക്കും മുള്ളിനും കേടില്ലാതെ രണ്ടില ഭദ്രമായി ജോമോന്റെ കൈകളിൽ ഏൽപിച്ചു. ഇനിയിപ്പോൾ വഴിയിൽ കിടക്കുന്ന ചെണ്ട, ആർക്കും കയറി കൊട്ടാമെന്ന സ്ഥിതി വരുമോ എന്നാണ് ആശങ്ക. 

പക്ഷേ, രണ്ടിലയുമായി ഈ പറയുന്ന ഹൃദയബന്ധമൊന്നും കേരള കോൺഗ്രസിന് ഉണ്ടായിരുന്നില്ല എന്നതാണു ചരിത്രസത്യം. കേരള കോൺഗ്രസ് ഗ്രൂപ്പുകൾ കുതിരയിലും ആനയിലുമെല്ലാം മത്സരിക്കുകയും തരംപോലെ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്.മലയോര കർഷകരുടെ പാർട്ടിയായ കേരള കോൺഗ്രസിനു പറഞ്ഞ ചിഹ്നമല്ല ആനയും കുതിരയുമൊന്നും. ഈരെഴ ചുട്ടിത്തോർത്തുമുടുത്ത് പാളത്തൊപ്പിയുമിട്ട് ഏതെങ്കിലും മലയോര കർഷകൻ കുതിരപ്പുറത്തോ ആനപ്പുറത്തോ കയറുന്ന കാര്യം ചിന്തിക്കാൻ സ്വപ്നത്തിൽപോലും കഴിയില്ല.

പക്ഷേ, ചെണ്ട അങ്ങനെയല്ല. തീർത്തും ജനകീയവാദ്യമാണത്. ചെണ്ടപ്പുറത്തു കോ ലു വീഴുന്നിടത്തെല്ലാം ആളു കൂടുന്നതു വെറുതേയല്ല. ഏതായാലും എല്ലാ മുന്നണികളും മലയോര കർഷകരെ അതുമിതും പറഞ്ഞു കുറെക്കാലമായി ചെണ്ട കൊട്ടിക്കുന്നുണ്ട്. താൻ വിചാരിച്ചാലും അതു കഴിയുമെന്നു തെളിയിക്കാൻ ഔസേപ്പച്ചനു കിട്ടിയ അസുലഭാവസരം ആണിതെന്നു കരുതിയാൽ മതി.

വല്ലഭന് കവിതയും ആയുധം

ജലീൽ സായ്‌വ് ജന്മനാ കവിയാണ്. കബീറിന്റെയും സൂർദാസിന്റെയും ദോഹകളാണു പഥ്യം. ഉറുദുവിൽ അല്ലാമാ ഇക്ബാൽ ആണു പ്രിയകവി. പേർഷ്യനിൽ റൂമിയും. പണ്ടു സമുദ്രത്തിലെ തിര കണ്ടു ബക്കറ്റിൽ വെള്ളമെടുത്ത കുട്ടിയെക്കുറിച്ചുള്ള അല്ലാമാ ഇക്ബാലിന്റെ കവിത മുഖ്യമന്ത്രിയുടെ ശംഖുമുഖം പ്രസംഗത്തിൽ ചേർത്തതിനു പിന്നിലെ അതിബുദ്ധി ജലീൽ സായ്‌വിന്റേതായിരുന്നു എന്ന കരക്കമ്പി നാടൊട്ടുക്കും പരന്നിരുന്നു. അന്നു വിഎസ് സഖാവിനെ തല്ലാനും കുത്താനുമാണ് അല്ലാമാ ഇക്ബാലിനെ ഉദ്ധരിച്ചത്.

എന്നാൽ, മലയാള കവിതയിലും സായ്‌വ് അഗാധപണ്ഡിതനാണെന്നു തെളിയിച്ചതു കഴിഞ്ഞ ദിവസമാണ്. പാലാരിവട്ടം കേസിൽ ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ വിജിലൻസ് അറസ്റ്റ് ചെയ്തപ്പോൾ ഉള്ളൂരിന്റെ ‘പ്രേമസംഗീത’ത്തിലെ വരികൾ തലങ്ങും വിലങ്ങും വീശിയാണു ജലീൽ സായ്‌വ് കലിപ്പു തീർത്തത്. ‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’ എന്ന വരികളെപ്പോലെ, ഈ സാഹചര്യത്തിൽ ഉന്നയിക്കാൻ അന്വർഥമായ വരികൾ മലയാള കവിതയിൽ കണ്ടെത്താൻ പ്രയാസമാണ്. ജലീൽ സായ്‌വിനെ കസ്റ്റംസും ഇഡിയും നിർത്തിപ്പൊരിച്ചു ചോദ്യം ചെയ്തപ്പോൾ ലീഗുകാരുടെ കൂട്ടത്തിൽ കവിത വായനക്കാർ ഇല്ലാതെപോയതു സാ‌യ്‌വിന്റെ കുറ്റമാണോ?

സ്റ്റോപ് പ്രസ്: ചാനൽ ചർച്ചയിൽനിന്ന് എ.എൻ.ഷംസീർ എംഎൽഎ ഇറങ്ങിപ്പോയി. തൂക്കുമരങ്ങളിൽ ഊഞ്ഞാലാടുകയും  ചോരച്ചാലുകൾ നീന്തിക്കയറുകയും ചെയ്തവർ വെറും ചർച്ചയെ പേടിക്കുകയോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com