മുഖം മറച്ചെത്തുന്ന മാധ്യമവിരുദ്ധത

SHARE

വിയോജിപ്പിന്റെ സ്വരങ്ങൾ നിശ്ശബ്ദമാക്കാനും മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങൾ ജനാധിപത്യസംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന്റെ തുടക്കമാണെന്നു കാലം തെളിയിച്ചിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ പേരുപറഞ്ഞ് പൊലീസ് നിയമത്തിൽ കേരളം കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കിയത് അപകടകരമായ നടപടിയാവുന്നത് അതുകൊണ്ടുതന്നെയാണ്.

വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊലീസ് നിയമഭേദഗതി സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ ഇതു പ്രാബല്യത്തിലായിക്കഴിഞ്ഞു. ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി എന്നീ ലക്ഷ്യങ്ങളോടെ ഏതു വിനിമയ ഉപാധിയിലൂടെയും മറ്റുള്ളവർക്കെതിരെ വ്യാജപ്രചാരണം നടത്തിയാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ നൽകാനാണു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കോഗ്നിസബിൾ വകുപ്പാണിത്. ആരും പരാതി ഉന്നയിക്കാതെതന്നെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയുന്ന തരത്തിൽ നിയമം കൊണ്ടുവരുന്നതിൽ ദുരുപയോഗ സാധ്യതകളേറെയുണ്ടെന്നും നിയമവിദഗ്ധർതന്നെ അഭിപ്രായപ്പെടുന്നുണ്ട്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും മറ്റുമുള്ള നിന്ദ്യമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ ദുഷ്ചെയ്തിക്ക് കർശന നടപടികളിലൂടെ അറുതിവരുത്തണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതല്ലെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്. അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്നാണ് ഭേദഗതിക്കെതിരെയുള്ള മുഖ്യവാദങ്ങളിലൊന്ന്. സമൂഹമാധ്യമങ്ങൾക്കു പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ബാധകമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനുതന്നെ വിലങ്ങുതടിയാകുമെന്ന ആശങ്ക പൊതുസമൂഹത്തിന്റേതുകൂടിയാണ്.

ഇപ്പോഴത്തെ ഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ചെങ്കിലും മുന്നനുഭവങ്ങൾ നൽകുന്ന പാഠം അതല്ല. വ്യാജവാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി സെപ്റ്റംബറിൽ വെളിപ്പെടുത്തിയപ്പോഴും ആ നീക്കത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് ആശങ്കയുണർന്നിരുന്നു.

ജനാധിപത്യവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാനിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പു റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎം ആണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാൾ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നതെന്നതാണു വൈരുധ്യം. സ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങൾക്കെതിരെ പ്രതിഷേധങ്ങളുയർത്തിയ സ്വന്തം ചരിത്രം ആ പാർട്ടി സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി മറന്നുപോകുകയാണ്. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമസ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചു വാചാലരാവുന്നവർതന്നെ വളഞ്ഞ വഴിയിലൂടെ മാധ്യമങ്ങളെ ഒതുക്കാമെന്നും വരുതിയിലാക്കാമെന്നും മോഹിക്കുന്നതിൽ വല്ലാത്ത വൈരുധ്യമുണ്ട്.

കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, സർക്കാരിനെതിരെ നിലപാടെടുക്കുന്നവരെ കുടുക്കാനാണെന്ന ആശങ്ക ചെറുതല്ല. അപ്രിയസത്യങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നതിലെ വിഡ്ഢിത്തം ഇനിയെന്നാണു സർക്കാർ മനസ്സിലാക്കുക?

ഇപ്പോഴത്തെ ഭേദഗതി ജനാധിപത്യവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ് പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടുമുള്ള പ്രതിബദ്ധത സർക്കാർ തെളിയിച്ചേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA