‘പൊലീസ് നിയമഭേദഗതി: അഭിപ്രായസ്വാതന്ത്ര്യത്തിന് ഭരണകൂട ഭീഷണി’

Nottam
SHARE

വ്യക്തികൾക്കെതിരെ, പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ സൈബർ ഇടത്തിലും സമൂഹമാധ്യമങ്ങളിലും അധിക്ഷേപങ്ങൾ വർധിക്കുന്നതിനിടെ അതിനു തടയിടാനെന്ന മട്ടിൽ സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി യഥാർഥത്തിൽ അതിനു പര്യാപ്തമാണോ? അല്ലെന്നു വേണം കരുതാൻ. പൊലീസിന് അതിരറ്റതും കർക്കശവുമായ അധികാരം നൽകുന്ന ഈ ഭേദഗതി ജനാധിപത്യവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിനു കനത്ത ഭീഷണിയുമാണ്. മാത്രമല്ല, വനിതകൾക്കെതിരെ തന്നെയും ഇതു ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ വ്യക്തികൾക്ക് അപകീർത്തികരമായ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതു ശിക്ഷാർഹമാക്കുന്നതാണു പൊലീസ് നിയമത്തിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ്. വ്യക്തികളുടെ സ്വകാര്യതയ്ക്കും സ്വകാര്യ ജീവിതത്തിനും വെല്ലുവിളിയാകുന്ന സൈബർ ആക്രമണങ്ങൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ മന്ത്രിസഭ ഈ വിഷയം പരിഗണിച്ചുവെന്നാണു വിശദീകരണം. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും അസഭ്യവർഷവും തടയാൻ നിയമനിർമാണം വേണമെന്ന ‘ശ്രീജ പ്രസാദ് കേസി’ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. അടുത്തകാലത്ത്, പ്രശസ്തരും സമാദരണീയരുമായ സ്ത്രീകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീല പ്രചാരണം നടത്തിയ വ്യക്തിയെ വനിതാ ആക്ടിവിസ്റ്റുകൾ കയ്യേറ്റം ചെയ്യേണ്ടിവന്ന സംഭവവും ഇതിനു പ്രചോദനമായി.

എന്നാൽ, 2015ലെ ‘ശ്രേയ സിംഗാൾ കേസി’ൽ, ഭരണഘടനാവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റവുമെന്നു കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമം 66 എ, കേരള പൊലീസ് നിയമം 118 ഡി വകുപ്പുകളോടു പുതിയ നിയമത്തിനുള്ള സമാനതകൾ വളരെ പ്രകടമാണ്. കുറ്റങ്ങൾ കൃത്യമായി നിർവചിക്കുന്നില്ലെന്നും നിയമത്തിൽ ഉദ്ദേശിക്കുന്ന കുറ്റകരമായ ഭീഷണി എന്താണെന്നു പോലും വ്യക്തതയില്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്നു സുപ്രീംകോടതി ഇടപെട്ടത്. പുതിയ നിയമഭേദഗതിയിലും ഈ അപാകതകൾ ഉണ്ടെന്നതാണു ഖേദകരം.

പുതിയ നിയമത്തിൽ പറയുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണ്. പൊതുഇടങ്ങളിൽ സ്ത്രീകൾക്കെതിരെ അധിക്ഷേപങ്ങളും ലൈംഗിക ചേഷ്ടകളും നടത്തുന്നതോ, സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തിൽ ഫോട്ടോയും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നതോ ഒക്കെ തടയാൻ പൊലീസ് നിയമത്തിലെ 119 (1) വകുപ്പുണ്ട്. വ്യക്തികളെ മോശമായി അവതരിപ്പിക്കുന്ന ഉള്ളടക്കം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഐടി ആക്ടിലെ 67–ാം വകുപ്പനുസരിച്ചു കുറ്റകരമാണ്. കൂടാതെ പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പത്തിലേറെ വ്യവസ്ഥകളുമുണ്ട്.

പുതിയ നിയമം സ്ത്രീകൂട്ടായ്മകളുടെ ആശങ്കകൂടി മാനിച്ചാണെങ്കിൽ, സ്ത്രീകൾക്കെതിരെ നിയമം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ മുൻകരുതൽ വേണ്ടിയിരുന്നു. സ്ത്രീയായതു കൊണ്ടു മാത്രം നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽനിന്നു സംരക്ഷണം ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. 

പുരുഷൻ സ്ത്രീയെ ഇന്റർനെറ്റിലോ സമൂഹമാധ്യമം ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റിടങ്ങളിലോ പൊതുജനമധ്യേ ബോധപൂർവം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു ശിക്ഷാർഹമാണെന്ന വ്യവസ്ഥ കൃത്യമായി ഉൾപ്പെടുത്തിയുള്ള നിയമം വേണം. സ്ത്രീകൾക്കെതിരായ വിദ്വേഷ ഭാഷണം കുറ്റകരമാക്കുന്ന വ്യവസ്ഥയാണു വേണ്ടത്. അത്തരമൊരു നിയമത്തിന്റെ അഭാവം ഇവിടെയുണ്ട്. പട്ടികജാതി, വർഗക്കാർക്കെതിരായ  അതിക്രമം തടയാനുള്ള നിയമം അതിനു മാതൃകയാക്കാവുന്നതാണ്. 

കൃത്യതയില്ലാത്തതും പരിമിതവും കാലഹരണപ്പെട്ടതുമായ നിയമസങ്കൽപങ്ങൾ ഇനിയുള്ള കാലത്ത് സ്ത്രീകളുടെ സംരക്ഷണത്തിനു പ്രയോജനപ്പെടില്ല. ലിംഗാടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന വിദ്വേഷ ഭാഷണങ്ങളും കുറ്റകൃത്യങ്ങളും തടയാനുള്ള നിയമങ്ങളും നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങളും സംബന്ധിച്ചു പഠനങ്ങളും പ്രശ്നപരിഹാരത്തിനുള്ള നടപടികളും അത്യാവശ്യമാണ്.

(നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA