ADVERTISEMENT

പൊലീസ് നിയമത്തിലെ ഇപ്പോഴത്തെ ഭേദഗതി ജനാധിപത്യവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ് പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടുമുള്ള പ്രതിബദ്ധത സർക്കാർ തെളിയിച്ചേതീരൂ എന്നു പറഞ്ഞാണ് മലയാള മനോരമയുടെ ഇന്നലത്തെ മുഖപ്രസംഗം അവസാനിക്കുന്നത്. പൊലീസ് നിയമ ഭേദഗതിക്കെതിരെ ദേശീയതലത്തിൽതന്നെ ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. മാധ്യമ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്, വിജ്ഞാപനം ചെയ്ത് ഒറ്റ ദിവസത്തിനുള്ളിൽതന്നെ മുഖ്യമന്ത്രി പിണറായി വിജയനു പറയേണ്ടിവരികയും ചെയ്തു. അതേസമയം, നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വാക്കിൽ മാത്രമാണെന്നും നിയമഭേദഗതി നിലവിലുണ്ടെന്നുമുള്ള കാര്യം മറക്കരുത്. നിയമപരമായിത്തന്നെ ഭേദഗതി പിൻവലിക്കാൻ ഒട്ടും വൈകിക്കൂടാ.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകൾ തടയാനെന്ന പേരിൽ നിയമഭേദഗതി കൊണ്ടുവന്ന്, പത്രങ്ങളും ടിവി ചാനലുകളും ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളെയും അതിന്റെ കുരുക്കിലാക്കുകയാണു സർക്കാർ ചെയ്തത്. ഇതു മാധ്യമസ്വാതന്ത്ര്യത്തിനു പൂട്ടിടാനുള്ള ശ്രമംതന്നെയായിരുന്നു എന്നതിൽ സംശയമില്ല. ആരും പരാതി ഉന്നയിക്കാതെതന്നെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയുന്ന തരത്തിൽ നിയമം കൊണ്ടുവരുന്നതിൽ ദുരുപയോഗ സാധ്യതകളേറെയുണ്ട് . പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതല്ലെന്ന ആരോപണം വിവിധതലങ്ങളിൽ എതിർപ്പിനു കാരണമായി.

നിയമ ഭേദഗതിയോടു സിപിഎം കേന്ദ്ര നേതൃത്വംതന്നെ വിയോജിപ്പ് അറിയിച്ചതും നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയതും സർക്കാരിന്റെ നിവൃത്തികേടിനു കനംകൂട്ടി. ഒറ്റ ദിവസംകൊണ്ടു വിജ്ഞാപനം മരവിപ്പിക്കാനുള്ള മുഖ്യ കാരണങ്ങളിലൊന്നായി ഇത്. ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കത്തോടു പൊളിറ്റ്ബ്യൂറോ കുറച്ചു ദിവസം മുൻപു കടുത്ത എതിർപ്പ് അറിയിച്ചിരിക്കെയാണ് സംസ്ഥാനത്ത് എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കുന്ന ഭേദഗതി ഉണ്ടാവുന്നത്. സിപിഐയുടെ കടുത്ത എതിർപ്പ് നിലനിൽക്കുമ്പോഴാണ് ഓർഡിനൻസ് ഇറക്കിയതും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ചാലകശക്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ടു നിശ്ശബ്ദമാക്കാനുള്ള നീക്കം ഒറ്റ ദിവസം കൊണ്ടു ചാപിള്ളയായതു കാവ്യനീതിയാണെന്നുതന്നെ പറയണം. വ്യക്തികൾക്കെതിരെ, പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ സൈബർ ഇടത്തിലും സമൂഹമാധ്യമങ്ങളിലും അധിക്ഷേപങ്ങൾ വർധിക്കുന്നതിനിടെ അതിനു തടയിടാനെന്ന മട്ടിൽ സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിയിൽ മറഞ്ഞിരിക്കുന്ന ലക്ഷ്യം പൊതുസമൂഹത്തിനു വ്യക്തമാവുകയും ചെയ്തു. സ്ത്രീകൾക്കെതിരെയും മറ്റും നടക്കുന്ന അധിക്ഷേപങ്ങൾ കർശനമായി തടയുകയും അങ്ങനെ ചെയ്യുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണമെന്നതിൽ സംശയമില്ല. പക്ഷേ, അതിന്റെ പേരിൽ, ഗൂഢലക്ഷ്യങ്ങളോടെ എല്ലാ മാധ്യമങ്ങളേയും നിയന്ത്രിക്കാൻ സർക്കാർ ഇറങ്ങിത്തിരിച്ചതാണു നിന്ദ്യമായ കാര്യം.

ഇടതുമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി, എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുമാണു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. ഇടതുപക്ഷത്തുള്ളവർ കൂടി നിയമഭേദഗതിയെ എതിർക്കുമ്പോൾ ആരുടെ ഉപദേശം കേട്ടാണ് സർക്കാർ ഈ നടപടിക്കു മുതിർന്നതെന്ന ചോദ്യം ന്യായമായും ഉയരുന്നു.

ഈ നിയമത്തിന്റെ ജനവിരുദ്ധതയും മാധ്യമവിരുദ്ധതയും വ്യക്തമായി തിരിച്ചറിയപ്പെട്ട സാഹചര്യത്തിൽ എത്രയും വേഗം ഇതു പിൻവലിക്കുകതന്നെയാണു വേണ്ടത്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഇത്തരം നിയമനിർമാണങ്ങൾ സ്വന്തം താൽപര്യത്തെമാത്രം മുൻനിർത്തി ഒരു സർക്കാരും നടപ്പാക്കരുതെന്ന പാഠംകൂടി ഗത്യന്തരമില്ലാതെ വേണ്ടിവന്ന ഈ പിൻവാങ്ങലിലുണ്ട്. 

English Summary: Police act amendment - Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com