ADVERTISEMENT

ടാക്സിയിലെ യാത്രക്കാരൻ എന്തോ ചോദിക്കുന്നതിനുവേണ്ടി പിറകിൽ നിന്നു ഡ്രൈവറുടെ തോളിൽ തട്ടി. ഡ്രൈവർ ഭയന്നു നിലവിളിച്ചു, കാറിന്റെ നിയന്ത്രണം നഷ്ടമായി. വാഹനം സമീപത്തുള്ള പോസ്റ്റിൽ ഇടിച്ച് നടപ്പാതയിൽ കയറി നിന്നു. ഒരു നിമിഷനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഡ്രൈവർ പറഞ്ഞു. ഇനി എന്നെ പിറകിൽ നിന്നു തട്ടിവിളിക്കരുത്. യാത്രികൻ ക്ഷമചോദിച്ചുകൊണ്ടു പറഞ്ഞു. ദേഹത്തു തട്ടിയാൽ താങ്കൾക്ക് ഇത്രയധികം ഭയമുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. ഡ്രൈവർ പറഞ്ഞു. അത് താങ്കളുടെ തെറ്റല്ല എന്റെ പ്രശ്നമാണ്. ഇന്നലെവരെ ഞാൻ ഓടിച്ചിരുന്നതു മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണ്. 

അനുഭവം സമ്പത്തു മാത്രമല്ല, പരിമിതി കൂടിയാണ്. സ്വന്തം അനുഭവങ്ങളുടെ ചതുരശ്രയടിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമാണ് എല്ലാവരുടെയും വ്യാഖ്യാനവും വിലയിരുത്തലും പെരുമാറ്റവും പ്രവർത്തനവും. അപരിചിതമായ കാര്യങ്ങൾക്ക് അവയർഹിക്കുന്ന രീതിയിലുള്ള പ്രതികരണം  നൽകാൻ ആർക്കും കഴിയില്ല. വൈവിധ്യാനുഭവങ്ങളുള്ളവരുടെ പെരുമാറ്റ രീതിയിൽ വിശാലതയുണ്ടാകും. കണ്ടുമുട്ടിയ ആളുകളും കടന്നുപോയ സാഹചര്യങ്ങളും അഭിമുഖീകരിച്ച അസൗകര്യങ്ങളുമെല്ലാം ചിന്തകളെയും കാഴ്ചപ്പാടുകളെയും പാകപ്പെടുത്തിയിട്ടുണ്ട്.

ഒരേ സ്ഥലത്തു ജോലി ചെയ്തവർക്കാകുമോ ഓരോ വർഷവും ഓരോ സ്ഥലത്തു ജോലി ചെയ്തവർക്കാകുമോ അനുഭവപാരമ്പര്യം കൂടുതൽ. അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടവയാണ്; പദ്ധതികളും പ്രവർത്തികളും ആസൂത്രണം ചെയ്ത് സൂക്ഷ്മതയോടെ നിർമിച്ചെടുക്കേണ്ടവ. സ്ഥിരം പരിചയിച്ചവയുടെ സുരക്ഷിത കോണുകളിൽ മാത്രം ചരിക്കുന്നവർക്ക് പുതുമയുള്ളതും പ്രതിരോധശേഷി തെളിയിക്കുന്നതുമായ ഒരനുഭവവും ഉണ്ടാകില്ല. ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവർക്ക് ഒരേ അനുഭവങ്ങൾ മാത്രമേ ഉണ്ടാകൂ. 

Content Hightlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com