ADVERTISEMENT

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഓക്സ്ഫഡ് വാക്സീൻ ‘കോവിഷീൽഡ് ’4 കോടി ഡോസ് തയാറായിക്കഴിഞ്ഞു. നിർണായകമായ മൂന്നാംഘട്ട ട്രയൽ റിപ്പോർട്ടും നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാൽ  ലൈസൻസിങ്ങിലേക്കു കടക്കും. വാക്സീൻ ലഭിച്ചാലുടൻ വിതരണം തുടങ്ങാനുള്ള തയാറെടുപ്പുകൾക്കിടെ, ഇന്ത്യയുടെ കോവിഡ് വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മനോരമയോട് സംസാരിക്കുന്നു.

ഇന്ത്യയിൽ വാക്സീൻ എപ്പോൾ ലഭ്യമാകും?

ഓക്സ്ഫഡിന്റേതടക്കം പ്രതീക്ഷ നൽകുന്ന 5 വാക്സീൻ കാൻഡിഡേറ്റുകൾ ഇന്ത്യയ്ക്കുണ്ട്. അവ വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്. ഇതിൽ, ‘കോവിഷീൽഡ്’ എന്ന പേരിൽ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്സ്ഫഡ് വാക്സീന്റെ ട്രയൽ റിപ്പോർട്ട് ഡിസംബർ അവസാനം ലഭിക്കും. ഏറിവന്നാൽ ജനുവരി. നിയന്ത്രണ അതോറിറ്റിയുടെ നടപടിക്രമങ്ങൾ കഴിഞ്ഞാൽ വാക്സീൻ വിതരണത്തിലേക്കു കടക്കാമെന്നാണു കരുതുന്നത്. ഓക്സ്ഫഡ് വാക്സീന്റെ രാജ്യാന്തര ഉൽപാദകരായ അസ്ട്രാസെനക്ക, വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുകെ അധികൃതരെ സമീപിച്ചിട്ടുണ്ട്. യുകെയുടെ നിലപാട് ഇന്ത്യ പരിശോധിക്കും. ഇതും രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും പരിഗണിച്ചായിരിക്കും വാക്സീൻ നിശ്ചയിച്ചതിലും നേരത്തേ വേണമോയെന്നതിൽ തീരുമാനം. അല്ലാത്തപക്ഷം മുൻഗണനാവിഭാഗത്തിനു ഫെബ്രുവരിയോടെ വാക്സീൻ പ്രതീക്ഷിക്കാം. 

ഇത്രയധികം ആളുകൾക്കു വേണ്ടി കോവിഷീൽഡ് വാക്സീനെ മാത്രം ആശ്രയിക്കാനാകുമോ?

കോവിഷീൽഡിനു പിന്നാലെ, ഐസിഎംആറുമായി ചേർന്നു ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനും ലഭിച്ചേക്കും. സൈഡസ് കാഡിലയുടെ സൈകോവ് ഡി, റഷ്യയുടെ സ്പുട്നിക് 5 എന്നിവ അവസാനഘട്ട ട്രയൽ തുടങ്ങാൻ പോകുന്നു. ബയോളജിക്കൽ ഇ–ട്രയൽ നടത്തുന്ന ബേലോർ സർവകലാശാലയുടെ വാക്സീനും ഇന്ത്യയിൽ മനുഷ്യരിലെ പരീക്ഷണത്തിലേക്കു കടക്കുന്നു. ചുരുക്കത്തിൽ മറ്റു രാജ്യങ്ങളെക്കാൾ വാക്സീൻ ഗവേഷണം ഇന്ത്യയിൽ നടക്കുന്നു. ഉൽപാദനത്തിനുള്ള സാധ്യതയിലും മുന്നിലാണ്.

1200-oxford-vaccine-reserach
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തു വിട്ട ചിത്രം (Photo by John Cairns / University of Oxford / AFP)

ഫൈസറും മൊഡേണയും മികച്ച ഫലപ്രാപ്തിയോടെ വാക്സീനുകൾ അവതരിപ്പിച്ചിരിക്കുന്നു. ഇവ ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യതയുണ്ടോ?

ഈ 2 വാക്സീനുകളും ഇന്ത്യയുടെ പരിഗണനയിലുണ്ടായിരുന്നവയല്ല. എന്നാൽ, ഫലപ്രാപ്തി സംബന്ധിച്ച പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദ്യം ഫൈസറുമായും പിന്നീ‌ടു മൊഡോണയുമായും ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. പ്രായോഗികമായ ചില പ്രശ്നങ്ങൾ ഈ വാക്സീനുകളുടെ കാര്യത്തിലുണ്ട്. പ്രത്യേകിച്ചു ഫൈസർ വാക്സീന്റെ സംഭരണത്തിന് മൈനസ് 70 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള സ്റ്റോറേജ് സംവിധാനം വേണമെന്നതടക്കം ബുദ്ധിമുട്ടുകളുണ്ട്. പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതുകൊണ്ടു 2 വാക്സീനുകൾക്കുള്ള ചെലവും മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതലാകാം. അതേസമയം, ഇതുകൊണ്ടു മാത്രം 2 വാക്സീനുകളെയും പൂർണമായി ഒഴിവാക്കുന്നില്ല. ആവശ്യമായി വന്നാൽ അവയും പരിഗണിക്കും.

വാക്സീൻ പരീക്ഷണത്തിലെ നടപടികളെല്ലാം പൂർത്തിയാക്കി സാധാരണ വിതരണമായിരിക്കുമോ?

നിലവിലെ സാഹചര്യത്തിൽ അതൊരു സാങ്കൽപിക ചോദ്യമാണ്. നോക്കൂ, എല്ലായിടത്തും കോവിഡ് സാഹചര്യം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. നിലവിൽ ഇന്ത്യയിൽ നിയന്ത്രണ വിധേയമാകുന്നതിന്റെ ലക്ഷണങ്ങളുണ്ട്. എന്നാൽ, മറ്റിടങ്ങളിലേതു പോലെ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകില്ലെന്നുറപ്പിച്ചു പറയാനാകില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് എമർജൻസി ഓഥറൈസേഷൻ എന്ന സാധ്യത സർക്കാർ പരിഗണിക്കുക. അതായത് ട്രയൽ നടപടികളും നിയന്ത്രണ അതോറിറ്റിയുടെ പരിശോധനയും അംഗീകാരവും അടക്കം മുഴുവൻ പൂർത്തിയാകും മുൻപു ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് നിയമത്തിലെ സാധ്യത പ്രയോജനപ്പെടുത്തി അടിയന്തര ഉപയോഗത്തിനുള്ള അനുമതി. വാക്സീൻ കമ്പനികൾ നൽകുന്ന അപേക്ഷയും ട്രയൽ ഡേറ്റയും ഇക്കാര്യത്തിൽ പ്രധാനമാണ്. റെഗുലർ ഉപയോഗത്തിനാണോ അല്ലയോ അപേക്ഷയെന്നതു നോക്കണം. ഏതായാലും നടപടിക്രമങ്ങൾ പാലിച്ചാകും വിതരണം.

ഇന്ത്യയിൽ വാക്സീന് എന്തു വിലവരും ?

നിലവിൽ ഒരു വാക്സീനും ലൈസൻസിങ് നൽകിയിട്ടില്ല. അതുകഴിഞ്ഞ് എത്ര രൂപയ്ക്കു നൽകാൻ കഴിയുമെന്നു വ്യക്തമാക്കി കമ്പനികൾ നൽകുന്ന ബിഡ്ഡിങ്ങിനെ ആശ്രയിച്ചിരിക്കും വില. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതി അടക്കം വിവിധ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ആദ്യം കുറച്ചു ഡോസുകൾ 225 രൂപയ്ക്കു തരാൻ കഴിയുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. പിന്നീടുള്ള ഡോസുകൾക്ക് അതിൽ കൂടുതൽ ഈടാക്കുമോയെന്നത് ഇപ്പോൾ പറയാനാകില്ല.

ബിഹാറിൽ വാക്സീൻ സൗജന്യമായി നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ച്?

അത്തരം കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല. ഒരു കാര്യം ഉറപ്പുതരാം, ഇന്ത്യയിൽ പൊതുജനങ്ങൾക്കു വാക്സീൻ ലഭ്യമാക്കുന്ന കാര്യത്തിൽ വിലയോ ചെലവോ ഒരു ഘട്ടത്തിലും പ്രശ്നമാകില്ല.

തയാറെടുപ്പുകൾ ഏതു ഘട്ടത്തിലാണ് ?

വാക്സീൻ ലഭ്യമായാലുടൻ വിതരണത്തിന് ഇന്ത്യ സജ്ജമാണ്. വില അടക്ക‌മുള്ള പ്രശ്നത്തെക്കാൾ മുൻഗണനാവിഭാഗങ്ങൾക്കു ലഭ്യമാക്കുകയെന്നതിലാണു സർക്കാരിന്റെ ശ്രദ്ധ. ഇന്ത്യയുടെ സാർവത്രിക പ്രതിരോധ കുത്തിവയ്പു പരിപാടിയുടേതടക്കം മാതൃക മുന്നിലുണ്ട്. എന്നാൽ, കോവിഡ് വാക്സീൻ അതിനെക്കാൾ വലുതും ശ്രമകരവുമാണെന്ന കാര്യം സർക്കാരിനു ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ മുൻപില്ലാത്തവിധം ഒരുക്കം നടത്തുന്നുണ്ട്. കാര്യക്ഷമത ഉറപ്പാക്കി, കുറ്റമറ്റതും ആയാസകരവുമായ വിതരണ പരിപാടിക്കായി ഇലക്ട്രോണിക് വാക്സീൻ ഇന്റലിജൻസ് നെറ്റ്‍വർക്ക് അടക്കം ശക്തമായ ഡിജിറ്റൽ സംവിധാനവും ഉപയോഗപ്പെടുത്തും.

ഉദ്ദേശിച്ചത്രയും വാക്സീൻ ഡോസുകൾ ലഭിക്കാതെ വന്നാൽ ?

അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഫൈസർ, മൊഡേണ തുടങ്ങി ഫലപ്രാപ്തി തെളിയിച്ച വാക്സീനുകളുമായി അടക്കം ചർച്ച തുടരുന്നത്.‌ മുൻഗണനാ വിഭാഗങ്ങൾക്കു തികയാതെ വന്നാൽ ഫലപ്രാപ്തി ഉറപ്പുനൽകുന്ന കൂടുതൽ വാക്സീനുകളെ ആശ്രയിക്കും. ഇതിൽ പോസിറ്റീവായൊരു കാര്യം, ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികൾ പലതും ഇന്ത്യയിലാണ് എന്നതാണ്. അവരുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.

ആദ്യം നഗരങ്ങളിലാകും ലഭ്യമാക്കുകയെന്ന പ്രചാരണത്തെക്കുറിച്ച് ?

തെറ്റാണത്. വാക്സീൻ സ്വീകരിക്കേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കുന്നത് കോവിഡ് പിടിപെടാനുള്ള സാധ്യത മാത്രം പരിഗണിച്ചാണ്. ഇതിനു സ്ഥലകാല പരിഗണനകളില്ല. അതുപോലും ഇപ്പോഴത്തെ പദ്ധതി മാത്രമാണ്. തുടക്കത്തിൽ തന്നെ കൂടുതൽ വാക്സീൻ ഡോസുകൾ ലഭിക്കുന്ന സ്ഥിതിയെങ്കിൽ കൂടുതൽ പേർക്കു വാക്സീൻ നൽകുന്നത് ആലോചിക്കും. കുറഞ്ഞാൽ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന മുൻനിര കോവിഡ് പോരാളികൾ, മുതിർന്നവർ, കോവിഡ് പിടിപെടാൻ സാധ്യത കൂടിയ റിസ്ക് ഗ്രൂപ്പുകൾ തുടങ്ങിയവരിൽ തന്നെ മറ്റു മുൻഗണനാ വിഷയങ്ങൾ കൂടി പരിഗണിക്കേണ്ടി വരും. 

ഇന്ത്യയിൽ വൈറസ് വ്യാപനം കുറയുകയാണോ?

ചില സംസ്ഥാനങ്ങളിലൊഴികെ തീർച്ചയായും ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയുണ്ട്. അതു പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, സീറോ സർവേ ഫലങ്ങൾ അടക്കം ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിൽ വലിയൊരു വിഭാഗം ജനത ഇപ്പോഴും കോവിഡ് നിഴലിലുണ്ടെന്നാണ്. അതുകൊണ്ടുതന്നെ വ്യാപനത്തോതു പൂർണമായി കുറഞ്ഞുവെന്നോ കോവിഡിന് അവസാനമാകുന്നുവെന്നോ പറയാനാകില്ല. പകരം, സുരക്ഷാ മുൻകരുതലുകൾ ശീലമാക്കുകയാണു േവണ്ടത്.

കേരളത്തിനു തിരിച്ചടിയായത് മുൻകരുതലുകളിലെ വിട്ടുവീഴ്ച

തുടക്കത്തിൽ നല്ലരീതിയിൽ കോവിഡിനെ പ്രതിരോധിച്ച കേരളത്തിന് എന്തു പറ്റിയതാകാം ?

ഓണം സീസണിനു ശേഷമാണു കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കാര്യമായി വർധിച്ചത്. ഓണത്തിരക്കു പ്രധാന പങ്കുവഹിച്ചിരിക്കാം. എന്നുകരുതി ഉത്സവ സീസണിന്റെ മാത്രം പ്രശ്നമായി ഇതിനെ വ്യാഖ്യാനിക്കരുത്. സാമൂഹിക അകലം അടക്കം മുൻകരുതലുകളിൽ വിട്ടുവീഴ്ചയുണ്ടായി എന്നുതന്നെ മനസ്സിലാക്കണം. കേരളത്തിൽ കോവിഡ് ഒട്ടുംവൈകാതെ നിയന്ത്രണ വിധേയമാക്കാൻ സർക്കാരിനു കഴിയുമെന്നുതന്നെ കരുതുന്നു. കേരളത്തിനതു കഴിയും. മുൻപും പലവട്ടം തെളിയിച്ചതാണ്. സാധ്യമായ എല്ലാരീതിയിലും കേരളത്തെ സഹായിക്കാൻ കേന്ദ്ര സംവിധാനങ്ങൾ എപ്പോഴും ലഭ്യമാണ്.

English Summary: Covid Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com