ADVERTISEMENT

സംസ്ഥാനത്തു പട്ടയഭൂമിയിലെ നിർമാണങ്ങൾക്കെല്ലാം റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) വേണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചതോടെ ഇതിൻമേലുള്ള തുടർനടപടികൾ സർക്കാരിന്റെ മുന്നിൽ സങ്കീർണ പ്രശ്നമായി മാറിയിരിക്കുന്നു. 

സംസ്ഥാനത്താകെയുള്ള പട്ടയഭൂമികളിൽ വീടുകളൊഴികെ ചെറുതും വലുതുമായ ലക്ഷക്കണക്കിനു നിർമാണങ്ങൾ ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ഇവയ്ക്കെതിരെ പ്രാദേശികമായി കേസുകൾ വന്നാൽ ഉടമകൾ കുരുക്കിലാകും.  ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലുള്ള അധികൃതരുടെ ആശയക്കുഴപ്പത്തോടൊപ്പം, നിർമാണങ്ങൾ നടത്തിയ ഒട്ടേറെ ജനങ്ങളുടെ ആശങ്കകൾകൂടി കേരളം അഭിമുഖീകരിക്കുന്നുണ്ട്. ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ഇടുക്കിയിൽ മാത്രമല്ല കേരളമാകെ നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണു സർക്കാർ ചിന്താക്കുഴപ്പത്തിലായത്.  

പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണു വ്യവസ്ഥ. കേരളത്തിലെവിടെയും ഭൂമി പതിച്ചു നൽകുന്നത് എന്താവശ്യത്തിനെന്നു പരിശോധിച്ച ശേഷമേ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെട്ടിട പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വേണമെന്നും നിർദേശിച്ചു. പട്ടയഭൂമി വ്യവസ്ഥ ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ മാത്രം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത ഹർജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു നടപ്പാക്കാത്തതിനാൽ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി തുടങ്ങി. സർക്കാർ അപ്പീൽ ഓഗസ്റ്റ് 26ന് ഡിവിഷൻ ബെഞ്ച് തള്ളി; തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരു ജില്ലയിൽ മാത്രമായി നിയമം നടപ്പാക്കുന്നതെങ്ങനെ എന്നും കേരളത്തിൽ മറ്റു ജില്ലകളിൽ പട്ടയഭൂമി ഇല്ലേ എന്നും സുപ്രീംകോടതി ചോദിക്കുകയും ചെയ്തു.

മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റങ്ങൾക്കെതിരെ ഒരു പരിസ്ഥിതി സംഘടന 2010ൽ ഹൈക്കോടതിയെ സമീപിച്ചതിൽനിന്നാണ് ഇതു സംബന്ധിച്ച നടപടികൾ തുടങ്ങുന്നത്. പതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ കേരളമാകെ നടപ്പാക്കിയാൽ അൽപംമാത്രം ഭൂമിയുള്ളവരെയും ബാധിക്കുമെന്ന വിലയിരുത്തലിലാണു സർക്കാർ ഇത് ഇടുക്കിയിൽ മാത്രമാക്കിയത്. മുൻപ് ഒരേക്കറിലേറെ ഭൂമി പതിച്ചുനൽകിയിരുന്നുവെങ്കിലും ഇപ്പോൾ അത്ര നൽകാറില്ല. മറ്റു ജില്ലകളിൽ പരിമിത അളവിൽ പട്ടയഭൂമി ലഭിച്ചവരെ കോടതി ഉത്തരവു ദോഷകരമായി ബാധിച്ചേക്കും.  

ലക്ഷക്കണക്കിനു പട്ടയങ്ങൾ സുപ്രീംകോടതി വിധിയോടെ അസാധുവായേക്കാമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിൽ, ഈ പ്രശ്നത്തിന്റെ വ്യാപ്തി വളരെ വലുതാണ്. കൃഷിക്കും പാർപ്പിടത്തിനുമല്ലാതെ പട്ടയഭൂമിയിൽ നടത്തിയ നിർമാണങ്ങൾ പൊളിച്ചുമാറ്റേണ്ടിവന്നാൽ അതു സർക്കാരിനെ വെട്ടിലാക്കും. ഒന്നുകിൽ സുപ്രീംകോടതി നിർദേശം അംഗീകരിച്ച് സംസ്ഥാനത്താകെ നിയമം നടപ്പാക്കുക അല്ലെങ്കിൽ 1964ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്ന് നിയമക്കുരുക്കിൽനിന്നു സംസ്ഥാനത്തെയാകെ ഒഴിവാക്കുക എന്നതു മാത്രമാണ് ഇനി സംസ്ഥാന സർക്കാരിനു മുന്നിലുള്ള വഴികൾ. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ  സർക്കാരിന് ഉചിതനടപടികൾ ഉടനെ  സാധ്യമാകുമോ എന്നും വ്യക്തമല്ല.

പട്ടയഭൂമിയിൽ നിർമാണത്തിന് എൻഒസി വേണമെന്ന നിബന്ധന സംസ്ഥാനവ്യാപകമായി നടപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചത് ജനുവരി 30നായിരുന്നു. എന്നിട്ടും കെട്ടിട നിർമാണച്ചട്ടം സർക്കാർ ഭേദഗതി ചെയ്യാത്തതു വിമർശനത്തിനു കാരണമാവുകയും ചെയ്തു. പട്ടയഭൂമിയിലെ നിർമാണങ്ങൾ തടയുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ തുടക്കത്തിൽത്തന്നെ അതു തടയാനുള്ള സംവിധാനമുണ്ടാക്കണമെന്നും സർക്കാരിന്റെ നിഷ്ക്രിയത്വത്തിനു കോടതിവ്യവഹാരത്തിലൂടെ തീർപ്പുണ്ടാകട്ടെയെന്നു ചിന്തിക്കുന്നതു ശരിയല്ലെന്നും മേയിൽ ഹൈക്കോടതി പറഞ്ഞതുകൂടി ഓർമിക്കാം. 

അതീവ സങ്കീർണമായ ഈ പ്രശ്നം ന്യായവഴികളിലൂടെ കൈകാര്യം ചെയ്യുമ്പോൾ, ലക്ഷക്കണക്കിനു പേരുടെ ആശങ്കകൾകൂടി സർക്കാരിന്റെ മുന്നിലുണ്ടാവണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com