ADVERTISEMENT

ഓർഡിനൻസിലൂടെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത് പൗരസ്വാതന്ത്ര്യങ്ങളെ ഹനിക്കാൻ നടത്തിയ കുത്സിതശ്രമം ഉപേക്ഷിക്കാൻ പിണറായി സർക്കാരിനെ നിർബന്ധിക്കാൻ പൊതുസമൂഹത്തിനു കഴിഞ്ഞിരിക്കുന്നു. പൊതുവികാരം മാനിച്ച് ഓർഡിനൻസ് മരവിപ്പിച്ച സർക്കാരിനു നന്ദി. ദ്രുതമരണം പ്രാപിച്ച ആ അഭിശപ്ത നിയമം സർക്കാർ എത്രയുംവേഗം മറവു ചെയ്യണം. സാങ്കേതികത്വത്തിന്റെ  പേരിൽ ഒരു ദിവസമെങ്കിലും ആ നിയമം പ്രാബല്യത്തിലിരുന്നാൽ അതു കേരളത്തിന് അപമാനമാണ്.

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഒരു കേന്ദ്രനിയമം നിലവിലുണ്ട്. അതു വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നു പരാതികൾ ഉയർന്നിരുന്നു. അവ പരിശോധിച്ച സുപ്രീം കോടതി ഏറെ ദുരുപയോഗം ചെയ്യപ്പെട്ട  വകുപ്പ് ഭരഘടനാവിരുദ്ധമാണെന്നു കണ്ടു റദ്ദു ചെയ്യുകയും ചെയ്തു. അതിനുശേഷവും ചില സംസ്ഥാനങ്ങളിൽ പോലീസ് ആ വകുപ്പ് ചുമത്തി കേസെടുക്കുകയുണ്ടായി. ഇതൊക്കെയാണ് നിർഭാഗ്യവശാൽ രാജ്യത്തെ പൊലീസിന്റെ രീതി.

സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രവണതകളുടെ പേരിലാണ് ആ രംഗത്ത് ഇടപെടാൻ പൊലീസിന് കൂടുതൽ അധികാരം നൽകാൻ പിണറായി സർക്കാർ ഓർഡിനൻസ് പാതയിലൂടെ നിയമം കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്റെ ഈ വിഷയത്തിലെ സമീപനം  സത്യസന്ധമായിരുന്നില്ല എന്നുവേണം കരുതാൻ.  

സമൂഹമാധ്യമങ്ങൾ ആശാസ്യമല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യത്തിൽ സംശയമില്ല. പ്രധാനമായി രണ്ടുതരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നത്. ഒന്ന് ലൈംഗികച്ചുവയുള്ള വിവരങ്ങളുടെ വിതരണമാണ്. മറ്റേത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള അപവാദപ്രചാരണം. ആദ്യത്തേതു പലപ്പോഴും ഒറ്റയാൻ പ്രവർത്തനമാണ്. രണ്ടാമത്തേതു സംഘടിത രാഷ്ട്രീയ പ്രവർത്തനവും.  

സ്ത്രീകൾക്കെതിരായ അപവാദ പ്രചാരണം ഓർഡിനൻസിന് ന്യായീകരണമായി സർക്കാർ എടുത്തുകാട്ടിയിരുന്നു. എന്നാൽ അതു നിയന്ത്രിക്കാനാവശ്യമായ വകുപ്പുകൾ കേന്ദ്ര നിയമത്തിലുണ്ട്. സ്ത്രീകൾ പരാതി നൽകിയാലും ആ നിയമത്തിന്റെ പിൻബലത്തിൽ   നടപടി എടുക്കാൻ പൊലീസിനു മടിയാണ്.  

പൊലീസ് നടപടി എടുക്കാഞ്ഞതിനെ തുടർന്ന് നിരന്തര ശല്യക്കാരനായ ഒരു യൂട്യൂബറെ നേരിട്ടു ചോദ്യംചെയ്യാൻ മൂന്നു സ്ത്രീ ആക്ടിവിസ്റ്റുകൾ ഈയിടെ പോവുകയുണ്ടായി. സ്ത്രീകൾ നിയമം കയ്യിലെടുത്തുവെന്ന് ആരോപിച്ച് പൊലീസ് അവർക്കെതിരെ കേസെടുത്തു; ഒപ്പം ആ യൂട്യൂബർക്കെതിരെയും. 

ഉള്ള നിയമം ശരിയായി ഉപയോഗിക്കാത്ത, വേട്ടക്കാരനെയും ഇരയെയും ഒരുപോലെ കാണുന്ന, പൊലീസിന് ഓർഡിനൻസിലൂടെ കൂടുതൽ അധികാരം നൽകേണ്ട കാര്യമുണ്ടോ? 

നവസമൂഹ മാധ്യമങ്ങളിൽ വ്യാപരിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യയിലെ  സൈബർ ലോകത്ത് ബിജെപിയും കേരളത്തിലെ സൈബർ രംഗത്ത് സിപിഎമ്മും ആണ് ഇപ്പോൾ പ്രബലശക്തികൾ എന്നാണ്. അവരുടെ  ന്യായീകരണത്തൊഴിലാളികളും ആരോപണത്തൊഴിലാളികളും അവിടെ പണിയെടുക്കുന്നു.

എതിരാളികൾക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിലും അവർ തന്നെ മുന്നിൽ. വിചിത്രമെന്നു പറയട്ടെ, എന്നിട്ടും പൊലീസിനെയും നിയമസംവിധാനത്തെയും ഉപയാഗിച്ച് എതിരാളികളെ ഒതുക്കാൻ അവർ ആഗ്രഹിക്കുന്നു. ബന്ധപ്പെട്ട കക്ഷികളുടെ സർവാധിപത്യ മോഹമാണ് ഇതിലൂടെ വെളിവാകുന്നത്. ഈ രണ്ട് കേഡർ പാർട്ടികൾക്കും അവരുടെ സൈബർ അണികളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞാൽ സൈബർലോകത്തെ  രാഷ്ട്രീയ  മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. അതിനവർ ശ്രമിക്കണം.

കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽപെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചിരുന്നവരെക്കുറിച്ചും ഒരു പാർട്ടി നേതാവിന്റെ മകനെക്കുറിച്ചുമുള്ള വാർത്തകൾ സജീവമായ ഘട്ടത്തിലാണു സർക്കാർ നിയമനിർമാണം നടത്തിയത്. ഈ വക കാര്യങ്ങളെക്കുറിച്ച് സർക്കാരും പാർട്ടിയും അവർക്കു പറയാനുള്ളതു പറയുന്നുണ്ട്. നിയമം ഉപയോഗിച്ച് ആ വിഷയങ്ങൾ ചർച്ച ചെയ്യുന്നതു തടയുന്ന നിലപാടു ശരിയല്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചാരണം നടക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കു തുടക്കമിടുകയും ചെയ്ത ഈ ഘട്ടത്തിൽ, ഇങ്ങനെ ഒരു ഓർഡിനൻസ് ഇറക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിച്ചവർ തീർച്ചയായും ജനാധിപത്യ വിശ്വാസികളല്ല, അവർ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളാണോ എന്നു തന്നെയും സംശയിക്കേണ്ടിയിരിക്കുന്നു.

English Summary: Police Act Amendment ordinance - Nottam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com