ADVERTISEMENT

വിവരവും വിവേകവുമൊക്കെ സൂചിപ്പിക്കാൻ വൈസ് എന്നൊരു പദം കണ്ടുപിടിച്ച സായ്പ് അതേ ഉച്ചാരണവും വേറെ അക്ഷരങ്ങളുമുള്ള മറ്റൊരു വൈസ് കൂടി നിഘണ്ടുവിൽ ചേർത്തതിൽ വല്ലാത്തൊരു കുസൃതിയുണ്ട്. 

രണ്ടാം വൈസിന്റെ ആദ്യ ശാഖയിലുള്ളത് ദുശ്ശീലവും ദുർനടപ്പുമൊക്കെയാണ്. അത് അപ്പുക്കുട്ടൻ മാറ്റിവയ്ക്കുന്നു. 

രണ്ടാം ശാഖയിലെ വൈസ് കൃത്യമായിപ്പറഞ്ഞാൽ പകരക്കാരനാണ്. വൈസ് പ്രസിഡന്റ് എന്നു പറഞ്ഞാൽ പ്രസിഡന്റിനു പകരം നിയോഗിക്കപ്പെടുന്നയാൾ. പ്രസിഡന്റിന് അസൗകര്യമുള്ളപ്പോൾ മാത്രമേ വൈസ് പ്രസിഡന്റിന് എന്തെങ്കിലും ചെയ്യാനുള്ളൂ. 

ജ്ഞാനിയായ വൈസ് ചാൻസലർ, ചാൻസലർക്കു പകരമായി സർവകലാശാലയെ നയിക്കുന്നയാളാണെന്നാണ് സങ്കൽപം. ചാൻസലറായി സംസ്ഥാന ഗവർണറോ മറ്റോ വരുമ്പോൾ ജ്ഞാനം നിർബന്ധമല്ലതാനും. 

നമ്മുടെ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ തലപ്പത്തുള്ളതുപോലും വൈസ് ചെയർമാനാണ്. ചെയർമാനുണ്ടെങ്കിലും അതു മന്ത്രി തന്നെയായതിനാൽ അതൊരു നിയമനമായി കണക്കാക്കുന്നില്ല. 

വൈസ് അഡ്മിറൽ പോലുള്ള സേനാ സ്ഥാനങ്ങൾക്കും ഇതേ വൈസ് ബാധകമാണെങ്കിലും വൈസ് ചാൻസലർപോലെ അവയ്ക്കെല്ലാം അധികാര പദവിയുണ്ട്.

കോളജ് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും തമ്മിലുള്ളത് പ്രസിഡന്റ് – വൈസ് പ്രസിഡന്റ് ബന്ധമാണെന്നാണ് നാട്ടുനടപ്പ്. അധികാരം വല്ലതും പ്രിൻസിപ്പൽ വച്ചുനീട്ടിയാൽ വൈസിനു കൈനീട്ടി വാങ്ങാം. 

എന്നാൽ, പ്രിൻസിപ്പലിനു മുകളിലാണ് വൈസ് പ്രിൻസിപ്പൽ എന്നു കഴിഞ്ഞയാഴ്ച കേരളം കണ്ടെത്തി. അതിന് ആദ്യ ഭാഗ്യമുണ്ടായത് തൃശൂരിലെ കേരളവർമ കോളജ് വൈസ് പ്രിൻസിപ്പലിനാണ്. 

പ്രിൻസിപ്പലിന്റെ അധികാരങ്ങൾ സ്വതന്ത്ര ചുമതലയായി വൈസ് പ്രിൻസിപ്പലിനു നൽകുന്നുവെന്നാണ് ഉത്തരവ്. അങ്ങനെ വൈസ് പ്രിൻസിപ്പൽ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിത്തീർന്നു. ഇങ്ങനെയൊരു റിപ്പബ്ലിക്കിൽ ജോലി ചെയ്യാതിരിക്കുന്നതാണ് വൈസ് എന്നു പറഞ്ഞ് പ്രിൻസിപ്പൽ രാജിവച്ചു. 

ഉന്നതവിദ്യാഭ്യാസത്തിൽ നിഘണ്ടുവിലെ പദങ്ങൾക്കു വലിയ പ്രാധാന്യമുണ്ടെങ്കിലും സംസ്ഥാനം ഭരിക്കുന്ന മുഖ്യകക്ഷിയുടെ സെക്രട്ടറി ചുമതലകൂടി വഹിക്കുന്ന ഒരു കൺവീനറുടെ ഭാര്യയാണ് മേൽപടി വൈസ് പ്രിൻസിപ്പൽ എന്നതിനാൽ തൽക്കാലം നിഘണ്ടു മരവിപ്പിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com