ADVERTISEMENT

ഇതിഹാസങ്ങൾ മായുമ്പോഴുണ്ടാവുന്ന ശൂന്യതയ്ക്കും അതേ വലുപ്പമാണ്. അർജന്റീനയിൽനിന്ന് ലോക ഫുട്ബോളിന്റെ നായകപദവിയിലേക്ക് ഉയരുകയും ആരാധകമനസ്സുകൾ കീഴടക്കുകയും ചെയ്ത ഡിയേഗോ അർമാൻഡോ മറഡോണ കളമൊഴിയുമ്പോൾ ബാക്കിയാവുന്നത് അതേ മഹാശൂന്യത തന്നെ. അപ്രതീക്ഷിതവും അവിശ്വസനീയവുമായ വിടവാങ്ങൽ. ഫുട്ബോളിന്റെ, കളിയാവേശത്തിന്റെ ഒരു മനോഹരകാലമാണ് അവസാനിച്ചത്.

കാൽപന്തുകൊണ്ട് കളിക്കളത്തിൽ മനോഹരകവിതകളെഴുതിയ മാന്ത്രികൻ യാത്രയായിരിക്കുന്നു. ഫുട്ബോൾ എന്ന ജനകീയ കായികവിനോദം കൊണ്ട് ലോകത്തെ എത്ര ആനന്ദത്തിലാഴ്ത്തിയോ അത്രത്തോളം ആനന്ദം സ്വന്തം ജീവിതത്തിലും തേടിയയാളാണ് മറഡോണ. ഫുട്ബോൾ ടെലിവിഷന്റെ നിറപ്പകിട്ടോടെ ആരാധകർക്കു കൺമുന്നിലെത്തിയ എൺപതുകളിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായികതാരമായിരുന്നു അദ്ദേഹം. കളിക്കാലം കഴിഞ്ഞതിനു ശേഷവും ഈ ആഘോഷം ജീവിതത്തിൽ കൊണ്ടുനടന്നു എന്നതാണ് മറ്റു പല കായികതാരങ്ങളിൽ നിന്നും മറഡോണയെ വ്യത്യസ്തനാക്കിയത്. പന്തുകളിയിൽ മനുഷ്യശേഷിയുടെ പരിധികളെ നിരന്തരം ചോദ്യം ചെയ്തതിനൊപ്പം തന്നെ മനുഷ്യസ്വാതന്ത്ര്യത്തിനു നിർണയിക്കപ്പെട്ട അതിരുകളെയും അദ്ദേഹം ലംഘിച്ചുകൊണ്ടേയിരുന്നു. മറഡോണയ്ക്ക് ഒരേസമയം ഒട്ടേറെ ആരാധകരെയും വിമർശകരെയും നേടിക്കൊടുത്തതും ഈ സഹജസ്വഭാവം തന്നെ.

വീരനായകനായി വാഴ്ത്തപ്പെട്ട ഉടൻതന്നെ വില്ലനായി അപഹസിക്കപ്പെട്ട എത്രയെത്ര സന്ദർഭങ്ങൾ! പക്ഷേ, ഓരോ വീഴ്ചകളിൽനിന്നും ഉയിർത്തെഴുന്നേറ്റ് മറ്റൊരു വേഷത്തിൽ മറഡോണ വീണ്ടും ലോകത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ എല്ലാവിധ സ്വഭാവസവിശേഷതകളും ഉൾക്കൊണ്ട് ലോകം മറഡോണയെ സ്നേഹിക്കുകയും ചെയ്തു. ജീവിതത്തിൽ താൻ അണിഞ്ഞ വ്യത്യസ്തങ്ങളായ ജഴ്സികളെല്ലാം ഊരിവച്ച് മറഡോണ വിടപറയുമ്പോൾ ലോകം കണ്ണുതുളുമ്പി നിൽക്കുന്നത് ഈ ആരാധനയും സ്നേഹവും കൊണ്ടുതന്നെ.

അർജന്റീന ജഴ്സിയിൽ 1982 ഫിഫ ലോകകപ്പിൽത്തന്നെ അവതരിച്ചെങ്കിലും മെക്സിക്കോയിൽ നടന്ന അടുത്ത ലോകപ്പിലാണ് മറഡോണ ഫുട്ബോൾ ഇതിഹാസമെന്ന പദവിയിലേക്കുയർന്നത്. ചിരവൈരികളായ ഇംഗ്ലണ്ടിനെ ക്വാർട്ടർ ഫൈനലിൽ 2-1നു തോൽ‌പിച്ചപ്പോൾ രണ്ടു ഗോളും നേടിയത് ക്യാപ്റ്റൻ മറഡോണ തന്നെ. ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെയും റഫറിയുടെ കണ്ണുകളെയും കബളിപ്പിച്ച് താൻ നേടിയ ആദ്യ ഗോളിൽ ഒരു കൈസ്പർശമുണ്ടായിരുന്നു എന്ന് മറഡോണ തന്നെ പിൽക്കാലത്തു സമ്മതിച്ചു. ‘ദൈവത്തിന്റെ കൈ’ എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. ആ ഗോളിന് വെറും 4 മിനിറ്റുകൾക്കു ശേഷമായിരുന്നു സ്വന്തം പകുതിയിൽനിന്നു കിട്ടിയ പന്തുമായി പാ‍ഞ്ഞുകയറി ആറ് ഇംഗ്ലിഷ് താരങ്ങളെ മറികടന്നുള്ള രണ്ടാം ഗോൾ. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ 2002ൽ നടത്തിയ ഓൺലൈൻ തിരഞ്ഞെടുപ്പിൽ അതുതന്നെയായി, നൂറ്റാണ്ടിലെ മികച്ച ഗോൾ.

ഇറ്റലിയിൽ (1990) നടന്ന ലോകകപ്പിലും മറഡോണയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന ഫൈനലിലെത്തിയെങ്കിലും പരുക്കും ഫോമില്ലായ്മയും അദ്ദേഹത്തെ വലച്ചു. ഫൈനലിൽ പശ്ചിമ ജർമനിയോടു തോൽക്കുകയും ചെയ്തു. നാലു വർഷത്തിനു ശേഷം യുഎസ് ആതിഥ്യമരുളിയ ലോകകപ്പിനും വലിയ പ്രതീക്ഷകളോടെയാണ് മറഡോണയും അർ‌ജന്റീനയും വന്നത്. എന്നാൽ, ടൂർണമെന്റിന്റെ തുടക്കത്തിൽത്തന്നെ മറഡോണ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട കാര്യം ഞെട്ടലോടെ ലോകം കേട്ടു. മറഡോണയുടെ രാജ്യാന്തര കരിയറിന്റെ അന്ത്യമായിരുന്നു അത്.

ക്ലബ് ഫുട്ബോളിലും മറഡോണ ചലനങ്ങൾ സൃഷ്ടിച്ചു. കളിക്കാലം കഴിഞ്ഞതിനുശേഷം ലഹരിയുടെ പിടിയിലകപ്പെട്ടു വാർത്തകൾ സൃഷ്ടിച്ച മറഡോണ, പിന്നീട് ഫുട്ബോളിലേക്കു തിരിച്ചുവരവു നടത്തിയതു പരിശീലകവേഷത്തിലാണ്. രാഷ്ട്രീയ നിലപാടുകളിലും മറഡോണ വേറിട്ടുനിന്നു. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളുടെ നിശിത വിമർശകനായിരുന്ന അദ്ദേഹം, ക്യൂബൻ വിപ്ലവനായകനായ ഫിദൽ കാസ്ട്രോയുമായി അടുത്ത ഹൃദയബന്ധമാണു സൂക്ഷിച്ചത്.

വ്യക്തിജീവിതത്തിലെ സാഹസങ്ങൾ മൂലം അടിതെറ്റിയപ്പോഴെല്ലാം ലോകമെങ്ങുമുള്ള ആരാധകരുടെ കരുതലിലാണ് മറഡോണ തിരിച്ചുവന്നത്. ആ കരുതൽ അവർക്കു നൽകിയ ആനന്ദത്തിനുള്ള പ്രത്യുപകാരമായിരുന്നു. ഒടുവിൽ, മറഡോണ ജീവിതത്തിൽനിന്നു വിടപറയുമ്പോൾ ബാക്കിയാക്കുന്നത് തന്റെ കാൽച്ചുവട്ടിൽ ലോകത്തെ പന്താടിയ അവിസ്മരണീയ കാലത്തിന്റെ ഓർമകളാണ്. ലോക ഫുട്ബോളിന്റെ മഹാനായകന് മലയാള മനോരമയുടെ ആദരാഞ്ജലികൾ.

English Summary: Diego Maradona - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com