ADVERTISEMENT

സാമ്പത്തിക, സാങ്കേതിക, നിക്ഷേപരംഗത്തു തുടക്കമിട്ട എല്ലാ പദ്ധതികളും കോവിഡ് വെല്ലുവിളിക്കിടയിലും മുന്നോട്ടു കൊണ്ടുപോകുകയാണു യുഎഇ; പ്രത്യേകിച്ചു ദുബായ്. കഴിഞ്ഞ 10 വർഷംകൊണ്ടു ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കിയ രാജ്യം അടുത്ത 10 വർഷം നിർമിതബുദ്ധിയുടെയും ബിഗ്ഡേറ്റയുടെയും കുതിപ്പിലാണ്.

2030 മുതൽ കെട്ടിടനിർമാണങ്ങളെല്ലാം ത്രീഡി സാങ്കേതികവിദ്യയിലാകും. ഇതോടെ, നിർമാണ മേഖലയിൽ സമഗ്രമാറ്റമാണുണ്ടാകുക. കുറഞ്ഞ സമയത്ത്, കൂടുതൽ മികവോടും കൃത്യതയോടും കൂടിയുള്ള നിർമാണം, അതും തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച്. റോബട്ടുകൾ കൈകോർത്തു നീങ്ങുന്ന കാലമാണു മുന്നിൽ; അവർക്കൊപ്പം കൈകോർക്കാൻ വേണ്ടതു വിദഗ്ധരും. പതിരും കരടും ഒഴിവാക്കുന്ന ‘പാറ്റിക്കൊഴിക്കലി’ന്റെ കാലം കൂടിയാണ് യുഎഇക്ക് ഇത്. പുതിയ ചുവടുകളിലൂടെ യുഎഇ പ്രഖ്യാപിക്കുന്ന നയം വ്യക്തം: മുൻപ് അത്യാവശ്യം എഴുത്തും വായനയും കുറച്ച് അറബിക്കും അറിയാമായിരുന്നെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നു. എന്നാൽ, ഇനി അതു നടക്കില്ല എന്നുതന്നെ.

Hyper-loop
ഹൈപർലൂപ്

ഇസ്രയേലുമായുള്ള സഹകരണം മാറ്റത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്നു. വ്യാഴാഴ്ച ദുബായിൽനിന്നു ടെൽ അവീവിലേക്ക് ആദ്യ വാണിജ്യ വിമാനവും പുറപ്പെട്ടുകഴിഞ്ഞു. അമേരിക്കൻ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കൈകോർത്തപ്പോഴുണ്ടായ മാറ്റം ഇപ്പോൾത്തന്നെ സർവവ്യാപിയാണ്. സാങ്കേതികമായും സാമ്പത്തികമായും ഒട്ടേറെ പരിഷ്കാരങ്ങൾ. ആരോഗ്യ - വിദ്യാഭ്യാസ - കാർഷിക മേഖലകളിലും വരുന്നതു സമൂലമാറ്റങ്ങൾ. ഇസ്രയേലിലെ വൻ ബാങ്കുകളടക്കം യുഎഇയിലേക്കു വരികയാണ്. രാജ്യത്തു പണമെത്തി വ്യവസായം ശക്തമായി ചലിച്ചു തുടങ്ങുമെന്നാണു പ്രതീക്ഷ.

ഉടമസ്ഥാവകാശം,ഗോൾഡൻ വീസ

വിദേശികൾക്ക് 100% ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാമെന്ന നയം വലിയ മാറ്റങ്ങളുടെ തുടക്കം കൂടിയാണ്. ഇതോടെ, സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന പണമുപയോഗിച്ചു കഴിഞ്ഞിരുന്ന സ്വദേശികൾക്കാണു നഷ്ടം; നേട്ടം വിദേശികൾക്കും. വിരമിച്ചവർ ഉൾപ്പെടെയുള്ള ധാരാളം സ്വദേശികളുടെ വരുമാനമാർഗമാണ് സ്പോൺസർഷിപ്. നൂറു കണക്കിനു കമ്പനികളുടെ സ്പോൺസർമാരായിട്ടുള്ളവരുണ്ട്. ഇവർക്കു ബദൽ വരുമാനമാർഗം ആലോചനയിലാണ്.

വിദ്യാഭ്യാസവും സംരംഭകത്വ ശേഷിയുമുള്ള വിദേശികളെ 10 വർഷ ഗോൾഡൻ വീസ നൽകിയാണു വരവേൽക്കുന്നത്. കഴിഞ്ഞ വർഷം വ്യവസായികൾക്കും നിക്ഷേപകർക്കും വീസ അനുവദിച്ചിരുന്നു. എല്ലാ വിഭാഗം ഡോക്ടർമാരെയും പരിഗണിക്കുമെങ്കിലും വൈറൽ എപ്പിഡെമിയോളജി സ്പെഷലിസ്റ്റുകൾക്കു മുൻഗണനയുണ്ട്. കോവിഡ് പഠിപ്പിച്ച പാഠത്തിന്റെ പ്രതിഫലനമാണിത്.

എൻജിനീയർമാരിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, പ്രോഗ്രാമിങ്, സാങ്കേതികരംഗം, നിർമിതബുദ്ധി, ബിഗ് ഡേറ്റ മേഖലകളിൽ ഉള്ളവർക്കാണു വീസ നൽകുക. പിഎച്ച്ഡി നേടിയവർ, ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ, ഗവേഷകർ/ശാസ്ത്രജ്ഞർ, പേറ്റന്റുള്ള കണ്ടുപിടിത്തം നടത്തിയവർ, കലാകാരന്മാർ തുടങ്ങിയവരെയും സ്വാഗതം ചെയ്യുന്നു.

ഹൈപ്പർലൂപ്, ഡ്രൈവറില്ലാ കാർ

ഗതാഗതമേഖലയിൽ യുഎഇ പങ്കാളിത്തത്തോടെ അമേരിക്കയിൽ ഹൈപ്പർലൂപ് പരീക്ഷണം നടത്തിക്കഴിഞ്ഞു. ഡ്രൈവറില്ലാ കാറുകളും ദുബായിൽ പരീക്ഷിച്ചു. ഗതാഗതരംഗത്തെ നൂതന മാറ്റങ്ങളുടെ ഭാഗമായി യാത്രാപോഡുകൾക്കും എയർ ടാക്സികൾക്കും പദ്ധതിയുണ്ട്.

വ്യക്തിസ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകി മദ്യത്തിനുള്ള ലൈസൻസ് നിയന്ത്രണങ്ങൾ നീക്കിയതിനൊപ്പം സാമൂഹിക സുരക്ഷയ്ക്കുള്ള നടപടികളും യുഎഇ ശക്തമാക്കി. ടൂറിസം വികസനത്തിനു ഷാർജയും റാസൽഖൈമ ഉൾപ്പെടുന്ന വടക്കൻ എമിറേറ്റുകളും വൻ പദ്ധതികളാണു നടപ്പാക്കുന്നത്. ഒളിംപിക്സിനുള്ള പല ടീമുകളുടെയും പരിശീലനവേദിയുമാണ് ദുബായ്.

ഹവാലയിലും പിടിമുറുക്കി

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനു ധനസഹായം നൽകൽ എന്നിവ തടയിടാൻ ഉദ്ദേശിച്ച് ഒട്ടേറെ നടപടികളാണുള്ളത്. കമ്പനികളുടെ നികുതിവെട്ടിപ്പ് തടയാൻ ഇഎസ്ആർ (ഇക്കണോമിക് സബസ്റ്റൻസ് റഗുലേഷൻ) നിയമം ബാധകമാക്കി. സ്വകാര്യ കമ്പനികളുടെ യഥാർഥ ഗുണഭോക്താവായ ഉടമ (യുബിഒ) ആരാണെന്നു ഡിസംബർ 15നു മുൻപ് വെളിപ്പെടുത്താൻ കർശന നിർദേശം നൽകി. യുഎഇയിൽ നേരത്തേ തന്നെ അംഗീകാരം ഉണ്ടായിരുന്ന ഹവാല ഇടപാടുകളിലും നിയന്ത്രണമായി. സെൻട്രൽ ബാങ്കിൽ റജിസ്ട്രേഷൻ നടത്താത്ത ഹവാലക്കാർക്ക് അടുത്തമാസം മുതൽ പിടിവീഴും. പലർക്കുവേണ്ടി ഒരാൾ തന്നെ എക്സ്ചേഞ്ചുകളിൽ പോയി പണമയയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരെയും ശക്തമായ നടപടികളിലാണു യുഎഇ. 200 രാജ്യക്കാർ കൈകോർത്തു കഴിയുന്ന, സഹിഷ്ണുത ആഘോഷിക്കുന്ന രാജ്യത്ത് സ്പർധ അനുവദിക്കില്ലെന്ന് അധികൃതർ അടിവരയിടുന്നു.

സ്വർണ ഹബ്, സംശുദ്ധ ഊർജം

ലോകത്തെ ഏറ്റവും വലിയ സ്വർണ ഹബ് ആകാനുള്ള സാധ്യത ഉറ്റുനോക്കുകയാണ് ദുബായ്. കഴിഞ്ഞദിവസത്തെ ലോക സ്വർണസമ്മേളനം ഇതിന്റെ തുടക്കമാണ്. അബുദാബിയിൽ ലോകത്തെ ഏറ്റവും വലിയ സോളർ നിലയമൊരുക്കി ഊർജരംഗത്തും ശക്തമായ ബദലുകൾ ഒരുക്കുന്നു. ദുബായിൽ ലോകത്തെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളർ എനർജി പദ്ധതിയും പൂർത്തിയാകുന്നു. സംശുദ്ധ ഊർജാവശ്യത്തിനായുള്ള അറബ് ലോകത്തെ ആദ്യ ആണവനിലയം അബുദാബിയിലെ ബറാകയാണ്. ഭക്ഷ്യസുരക്ഷയ്ക്കു വൻ പദ്ധതികളാണു തയാറാകുന്നത്.

5 ലക്ഷം കോടിയുടെ പാക്കേജ്

കോവിഡിനെത്തുടർന്ന് ബാങ്കിങ് മേഖലയിൽ പ്രഖ്യാപിച്ചത് 5.156 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ്. വായ്പ മൊറട്ടോറിയം ജൂൺ വരെ നീട്ടി. ചെറുകിട വ്യവസായികളെ വായ്പ തിരികെച്ചോദിച്ചു പ്രയാസപ്പെടുത്തരുതെന്നു ബാങ്കുകളോടു നിർദേശിച്ചിട്ടുണ്ട്. അതേസമയം, ബാങ്കുകൾ വലയാതിരിക്കാൻ 5000 കോടി ദിർഹത്തിന്റെ (ഒരുലക്ഷം കോടിയിലേറെ രൂപ) സഹായവും നൽകി. കിട്ടാക്കടം എഴുതിത്തള്ളാൻ 5000 കോടി ദിർഹം വേറെയും.

എന്നാൽ, വാറ്റ് നടപ്പാക്കിയതോടെ നടുവൊടിഞ്ഞ ചെറുകിടക്കാരുടെ കാര്യം പരുങ്ങലിലാണ്. ഇൻഷുറൻസ് മേഖലയും പ്രതിസന്ധി നേരിടുന്നു, പ്രത്യേകിച്ച് ആരോഗ്യ ഇൻഷുറൻസ്. ക്ലെയിം നിരക്ക് 150 ശതമാനമാണ് എന്നതാണു വെല്ലുവിളി. 

3ഡി പ്രിന്റിങ് ടെക്നോളജിയിലൂടെ എങ്ങനെ കെട്ടിടം നിർമിക്കും?

ഇങ്ക് ജെറ്റ് പ്രിന്റർ ഉപയോഗിച്ച് പ്രിന്റ് ചെയ്യുമ്പോൾ ഒരു ചിത്രം പതിയാൻ വിവിധ തലങ്ങളിൽ മഷി വീഴും പോലെ കോൺക്രീറ്റ് വന്നു വീഴുന്നു എന്നതാണു കെട്ടിട നിർമാണത്തിൽ 3 ഡി ടെക്നോളജി ചെയ്യുന്നത്. നിർമിക്കേണ്ട കെട്ടിടത്തിന്റെയോ കെട്ടിടഭാഗത്തിന്റെയോ ഡിസൈൻ കംപ്യൂട്ടറിൽ നൽകി അതുമായി പ്രിന്റിങ് യന്ത്രത്തെ ബന്ധിപ്പിക്കുന്നു. ഏതു വസ്തു ഉപയോഗിച്ചാണോ നിർമിക്കേണ്ടത് അവയുടെ നിശ്ചിത അളവു മിശ്രിതം ‘പ്രിന്റിങ് യന്ത്ര’ത്തിലേക്ക് നൽകുന്നു. നിശ്ചിത സമയത്തിനകം  ഇവ പൂ ർണരൂപത്തിൽ തയാറായി വരും. ഇങ്ങനെയാണു കെട്ടിടനിർമാണത്തിനുള്ള ബ്ലോക്കുകളും മറ്റു ഭാഗങ്ങളും വാതിലും ജനലും ഉൾപ്പെടെയുള്ളവയും തയാറാക്കിയെടുക്കുക.

ഗാർഹിക ഉപകരണങ്ങൾ, ആശുപത്രി ഉപകരണങ്ങൾ, ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കൃത്രിമ അവയവങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, യന്ത്രഭാഗങ്ങൾ എന്നിവയെല്ലാം അതത് അസംസ്കൃത വസ്തുക്കൾ ‘പ്രിന്റിങ് യന്ത്ര’ത്തിലേക്ക് നൽകി നിർമിക്കാം.

ചൊവ്വയിൽ വീട്

ബഹിരാകാശ പദ്ധതികൾക്കും ചാന്ദ്രദൗത്യത്തിനും നൽകുന്നതു മുന്തിയ പരിഗണന. 2024ൽ ചന്ദ്രനിൽ ഇറക്കാനൊരുങ്ങുന്ന റോവർ പൂർണമായും തദ്ദേശനിർമിതമാകും. 2117ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം സ്ഥാപിക്കുകയുമാണ് യുഎഇയുടെ വലിയ ലക്ഷ്യം. ഇതിന്റെ സാധ്യത അറിയാൻ ‘അൽ അമൽ’ എന്ന ചൊവ്വാദൗത്യം ഈയിടെ വിജയകരമായി പരീക്ഷിച്ചിരുന്നു.

English Summary: Growth of UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com