ADVERTISEMENT

സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിനെക്കുറിച്ചു കേരള ധനമന്ത്രി നടത്തിയ പ്രസ്താവന നിയമസഭയുടെ അവകാശലംഘനമോ അല്ലയോ എന്ന പ്രശ്നം സജീവ ചർച്ചയാണല്ലോ. ഭരണഘടനയുടെ 151–ാം അനുച്ഛേദത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് സംസ്ഥാനത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് സിഎജി, ഗവർണർക്കു സമർപ്പിക്കുകയും ഗവർണർ അതു സഭയിൽ വയ്പ്പിക്കുകയുമാണു ചെയ്യുന്നത്.

ഗവർണർക്കു സമർപ്പിക്കുന്നു എന്നു പറഞ്ഞാൽ ഗവൺമെന്റിനു റിപ്പോർട്ട് നൽകുന്നു എന്നു മാത്രമേ അർഥമുള്ളൂ. അപ്പോൾ സിഎജി റിപ്പോർട്ട് ഗവൺമെന്റിന്റെ കയ്യിലാണു നൽകുന്നത്. കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ ധനമന്ത്രാലയത്തിലാണ് ഇൗ റിപ്പോർട്ട് വരുന്നത്. പിന്നീട് നിയമസഭ ചേരുമ്പോൾ ധനമന്ത്രി അതു സഭയിൽ വയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം ഇൗ റിപ്പോർട്ട്, പബ്ലിക് അക്കൗണ്ട്സ് സമിതിയുടെ പരിഗണനയ്ക്കു വിടുക എന്നതാണു സഭയുടെ നടപടിക്രമം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) വിശദമായി പരിശോധിച്ചശേഷം തങ്ങളുടെ റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുകയും, അതിലെ ശുപാർശകളിന്മേൽ സർക്കാർ വേണ്ട നടപടികളെടുക്കുകയും ചെയ്യുന്നു. എന്തു നടപടികളെടുത്തുവെന്ന് സഭയെ അറിയിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.

സിഎജി റിപ്പോർട്ട് ലഭിക്കാൻ സഭയ്ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. സഭയ്ക്കല്ലാതെ മറ്റാർക്കും ആ അവകാശമില്ല. അപ്പോൾ സിഎജി റിപ്പോർട്ട് സഭയിലല്ലാതെ മറ്റെങ്ങും അവതരിപ്പിക്കാൻ സാധ്യമല്ല.

കേരളത്തിൽ ഉയർന്നു വന്നിരിക്കുന്ന പ്രശ്നം, റിപ്പോർട്ടിനെക്കുറിച്ചു ധനമന്ത്രി നടത്തിയ പ്രസ്താവന സഭയുടെ അവകാശലംഘനമാകുന്നുണ്ടോ എന്നതാണ്. അതായത്, റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിനു മുൻപ് അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മന്ത്രിക്ക് അത്തരമൊരു പ്രസ്താവന നടത്താൻ അധികാരമുണ്ടോ? ഇല്ലെങ്കിൽ, അതു സഭയുടെ അവകാശലംഘനമല്ലേ?

സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതുവരെ ഗവൺമെന്റിന്റെ കസ്റ്റഡിയിലാണ്. സഭയിൽ വയ്ക്കുന്നതുവരെ അതു രഹസ്യസ്വഭാവമുള്ളതുമാണ്. ആ രഹസ്യസ്വഭാവം നിലനിർത്തേണ്ട ചുമതല ഗവൺമെന്റിനുണ്ടുതാനും. അതുകൊണ്ടു റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചു ധനമന്ത്രി നടത്തിയ പ്രസ്താവന റിപ്പോർട്ടിന്റെ രഹസ്യസ്വഭാവത്തെ ഇല്ലാതാക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. അതു ഭരണഘടനാപരമായി ശരിയായ നടപടിയല്ല.

പക്ഷേ, പ്രശ്നം അവകാശലംഘനത്തിന്റേതാണ്.സഭയെ അവഹേളിക്കുക, സഭയുടെ ഉത്തരവുകൾ മാനിക്കാതിരിക്കുക, സഭയിൽ അഭിപ്രായങ്ങൾ പറഞ്ഞതിന് അംഗങ്ങളെ ഉപദ്രവിക്കുക, സഭാസമിതികളുടെ രഹസ്യസ്വഭാവമുള്ള പ്രൊസീഡിങ്സ് വെളിയിൽ വിടുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സഭയ്ക്കുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ്. ബ്രിട്ടിഷ് പാർലമെന്റിൽ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന പ്രത്യേകമായ ഇൗ അവകാശങ്ങൾ ഭരണഘടനയുടെ 105–ാം അനുച്ഛേദത്തിലൂടെ ഇന്ത്യൻ പാർലമെന്റും നിയമസഭകളും അനുഭവിച്ചുപോരുന്നു. സഭയുടെ സുഗമമായ നടത്തിപ്പിന് ഇൗ പ്രത്യേകാവകാശങ്ങൾ അത്യന്താപേക്ഷിതമാണ്. എല്ലാ രാജ്യങ്ങളിലെയും പാർലമെന്റുകൾക്കും നിയമസഭകൾക്കും ഇൗ അവകാശങ്ങൾ ലഭ്യമാണ്. ഇതിനു ഭംഗം വരുത്തുന്നവരെ ശിക്ഷിക്കാനുള്ള അധികാരവും ഈ സഭകളിൽ നിക്ഷിപ്തമാണ്. ജയിൽവാസം ഇൗ ശിക്ഷയിൽപെടുന്നതാണന്നു പ്രത്യേകം ഓർക്കുക.

കേരളത്തിന്റെ ധനമന്ത്രി നടത്തിയ പ്രസ്താവന ശരിക്കും സഭയുടെ അവകാശലംഘനമാണോ എന്നു പരിശോധിക്കാം. അദ്ദേഹത്തിന്റെ പ്രസ്താവന സിഎജി റിപ്പോർട്ട് ഗവൺമെന്റിന്റെ കസ്റ്റഡിയിലിരിക്കുമ്പോഴാണ്. ആ സമയത്തു സഭയുടെ പ്രത്യേകാവകാശങ്ങളുമായി ആ റിപ്പോർട്ടിന് നേരിട്ടു ബന്ധമില്ല. ബജറ്റ് ചോർച്ച എന്ന വിഷയത്തിൽ ചിലപ്പോഴൊക്കെ പാർലമെന്റിൽ അവകാശലംഘന പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട് (സിഎജി റിപ്പോർട്ട് പോലെ ബജറ്റും സഭയിൽ മാത്രം അവതരിപ്പിക്കേണ്ടതും അതീവ രഹസ്യസ്വഭാവമുള്ളതുമായ ഒന്നാണ്). അക്കാര്യത്തിൽ ലോക്സഭാ സ്പീക്കർമാർ കൊടുത്തിരിക്കുന്ന റൂളിങ് ബജറ്റ് ചോർച്ച അവകാശലംഘനമല്ലെന്നുള്ളതാണ്. കാരണം, അതു ഗവൺമെന്റിന്റെ പക്കൽ ഇരിക്കുന്നിടത്തോളം ഔദ്യോഗിക രഹസ്യം എന്നാണു കരുതപ്പെടുന്നത്. 

ഔദ്യോഗിക രഹസ്യം ലംഘിച്ചാൽ നിയമനടപടി ഉണ്ടാവാം. പക്ഷേ, സഭയുടെ അവകാശലംഘനമാകുന്നില്ല. ബ്രിട്ടനിലെ പാർലമെന്റ് അവലംബിച്ച ഇൗ നിലപാടാണു നാം പിന്തുടരുന്നത്. ബജറ്റിന്റെ കാര്യത്തിലെന്നപോലെ സിഎജി റിപ്പോർട്ടിന്റെ കാര്യത്തിലും ഇൗ തീരുമാനം ബാധകമാണ്. തന്നെയുമല്ല, സിഎജി റിപ്പോർട്ട് ലഭിക്കാനുള്ള അവകാശം ഭരണഘടനാപരമായ ഒരു അവകാശമാണ്. അതിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം അവകാശലംഘനമല്ല, ഭരണഘടനാലംഘനമാകാം.

മന്ത്രിയുടെ പ്രസ്താവന പാർലമെന്റിൽ സ്പീക്കർമാർ നൽകിയ റൂളിങ്ങുകളുടെ അടിസ്ഥാനത്തിൽ അനുചിതം എന്നു പറയാം; അവകാശലംഘനമല്ല. റിപ്പോർട്ട് സഭയിൽ വയ്ക്കുമ്പോൾത്തന്നെ മന്ത്രിക്കു പറയാനുള്ളതു പറയാൻ അവസരം ഉണ്ടാകുമായിരുന്നു. 1960ൽ അന്നത്തെ ലോക്സഭാ സ്പീക്കർ അനന്തശയനം അയ്യങ്കാർ‌ നൽകിയ റൂളിങ് അനുസരിച്ച് റിപ്പോർട്ട് പിഎസിക്കു വിടുന്നതിനു മുൻപു ഗവൺമെന്റിനു തങ്ങളുടെ ഭാഗം സഭയിൽ വിശദീകരിക്കാവുന്നതാണ്. അതാകുമായിരുന്നു ഔചിത്യപൂർണമായ നടപടി.

ലോക്സഭ മുൻ സെക്രട്ടറി ജനറലാണു ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com