ADVERTISEMENT

ആരെയും മുഖസ്തുതിയിൽ വീഴ്ത്തുന്ന ഒരാളുണ്ടായിരുന്നു ആ നാട്ടിൽ. പക്ഷേ, ചക്രവർത്തിയുടെ അടുത്തു മാത്രം അതു നടന്നില്ല. ഒരുദിവസം അയാളതു ചക്രവർത്തിയോടു തന്നെ പറഞ്ഞു – ‘ഒരു മുഖസ്തുതിയിലും വീഴാത്ത ഒരേയൊരാൾ മാത്രമേ ഈ നാട്ടിലുള്ളൂ; അതു താങ്കളാണ്’. അതിൽ ചക്രവർത്തി വീണു! 

സ്തുതിപാഠകരുടെ പ്രകീർത്തനങ്ങൾ കാഴ്ച നിരോധിക്കും; കേൾവി ഇല്ലാതാക്കും; പതിവായിക്കഴിഞ്ഞാൽ പിന്നെ ഒഴിവാക്കാൻ പറ്റാത്തതാകും. പാദസേവകരുടെ പ്രശംസാപത്രങ്ങളാണ് ഒരാളുടെ ജാഗ്രതയും കർമകുശലതയും നശിപ്പിക്കുന്നത്. മുഖസ്തുതിയിൽ വീണാൽപിന്നെ സത്യമെന്തെന്നോ ശരിയേതെന്നോ അന്വേഷണമില്ല. പ്രീണിപ്പിക്കുന്നവരെ പ്രീതിപ്പെടുത്തുക എന്നതു മാത്രമാണ് അവരുടെ ശരി. 

സ്തുതിപാഠകർക്കു ചില സ്വഭാവവിശേഷങ്ങളുണ്ട്: അവരെപ്പോഴും അധികാരകേന്ദ്രത്തോടു ചേർന്നുനിൽപുണ്ടാകും. അവർ ആശയങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനെക്കാൾ ആളുകളെക്കുറിച്ചു സംസാരിക്കും. അന്യരുടെ കുറവുകളാണ് അവരുടെ ആഹാരം. പുകഴ്ത്തേണ്ടവരുടെ ദൗർബല്യങ്ങളെക്കുറിച്ച് അവർക്കു നല്ല ധാരണയുണ്ടാകും. പ്രശംസയുടെയോ പാരിതോഷികങ്ങളുടെയോ രൂപത്തിൽ കൃത്യമായ ഇടവേളകളിൽ അവ കൈമാറും. ബഹുമതി കിട്ടാൻ സാധ്യതയുള്ള എല്ലാ അവസരങ്ങളിലും അവർ മുൻപന്തിയിലുണ്ടാകും. കഠിനാധ്വാനം വേണ്ടയിടങ്ങളിൽ നിന്നെല്ലാം അവർ ആരുമറിയാതെ അപ്രത്യക്ഷരാകും. 

തങ്ങളുടെ ചുറ്റും കറങ്ങിത്തിരിയുന്നവരെയല്ല, നിയോഗിച്ചിരിക്കുന്ന കർമരംഗത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരെയാണ് അധികാരികൾ അന്വേഷിക്കേണ്ടതും അംഗീകരിക്കേണ്ടതും. മുഖസ്തുതിയുടെ മയക്കുവെടി ഏൽക്കാത്ത ബുള്ളറ്റ് പ്രൂഫ് രക്ഷാകവചങ്ങളാണ് അധികാരികൾക്കു വേണ്ടത്. പറയുന്നതിന്റെ മനോഹാരിതയെക്കാൾ പ്രവർത്തിക്കുന്നതിന്റെ ഗുണമേന്മയ്ക്ക് അനുസരിച്ച് ആളുകളെ വിലമതിക്കാൻ തുടങ്ങിയാൽ എല്ലാ പണിസ്ഥലങ്ങളും പ്രശസ്തിയിലേക്കുയരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com