ADVERTISEMENT

എൽഡിഎഫ് കൺവീനർ വിജയരാഘവൻ സഖാവ് വെറുമൊരു രാഷ്ട്രീയക്കാരനാണെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതു മാറ്റാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. അദ്ദേഹം കറകളഞ്ഞ രാഷ്ട്രീയക്കാരനാണെങ്കിലും ഗുണനിലവാരം ഏതാണെന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഇതുവരെ കൃത്യമായി നിർണയിച്ചിട്ടില്ല. ഇതു സംബന്ധിച്ച പരീക്ഷണങ്ങൾ അവരുടെ ലാബുകളിൽ നടക്കുന്നതേയുള്ളൂ. സഖാവ് കാവ്യത്തിൽ ഉദ്ദണ്ഡശാസ്ത്രിയും മീമാംസയിൽ ചാണക്യനും തർക്കത്തിൽ ബിപിഎല്ലുകാരുടെ തർക്കോവ്സ്കിയുമാണ്. 

വിജയരാഘവൻ സഖാവ് പ്രാസപ്രയോഗത്തിൽ പ്രഗല്ഭനും പ്രസിദ്ധനുമാണെന്ന് എത്രപേർക്കറിയാം? മാധ്യമ മാരണ നിയമം മാറ്റിവച്ചതു മഹനീയമാതൃകയാണെന്നു സഖാവ് പറഞ്ഞതു പ്രാസത്തിന്റെ അതിപ്രസരത്തോടെയാണ്. പ്രാസവിരോധികൾക്ക് അത് അത്രയ്ക്കങ്ങു പിടിച്ചുകാണില്ല. എന്നാൽ, പ്രാസവാദികൾ സഖാവിന്റെ പ്രകടനം കണ്ടു പ്രകമ്പനം കൊള്ളുകയും പ്രഹർഷം പൂകുകയും ചെയ്തുവെന്നാണു വാർത്ത. സഖാവ് പറയേണ്ടിയിരുന്നത് ‘മാലോകരെയും മലനാടിനെയും മലയാളികളെയും മുച്ചൂടും മയക്കിയ മഹനീയ മാതൃക’ എന്നായിരുന്നു എന്നാണ് അവരുടെ പക്ഷം.

മകാരാദി പ്രാസത്തിന്റെ കാര്യത്തിൽ സഖാവിന് ഒരു ഗുരുസ്ഥാനീയനുണ്ട്. കണ്ണൂർ പേരാവൂരിനടുത്തുള്ള മകാരം മാത്യു. മകാരത്തിന്റെ മാസ്മരികതയും മനോഹാരിതയും കൊണ്ടു മലയാൺമയുടെ മനസ്സു മോഷ്ടിച്ച മഹാമാന്ത്രികനാണു മകാരം മാത്യു. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാൽ പിന്നെ മകാരാദി പ്രാസത്തെ ആരു മുന്നോട്ടു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ തീർച്ചമൂർച്ചയായി – വിജയരാഘവൻ സഖാവു തന്നെ. സത്യത്തിൽ സഖാവിന്റെ മാനസഗുരുവാണു മകാരം മാത്യുവെന്നു വേണം കരുതാൻ. ഒരിക്കലും കാണാത്ത ദ്രോണാചാര്യരെ മാനസഗുരുവായി സ്വീകരിച്ച് അസ്ത്രവിദ്യയിൽ അഗ്രഗണ്യനായ ഏകലവ്യനെപ്പോലെയാണു സഖാവും.

അദ്ദേഹം പത്രസമ്മേളനങ്ങൾക്കുള്ള കുറിപ്പുകളും പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും തയാറാക്കുന്നതു മകാരം മാത്യുവിനെ മനസ്സിൽ സ്മരിച്ചാണത്രെ. എന്നാൽ, ഈ പാതയിൽ അദ്ദേഹത്തിന് ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് എന്നതിനു തെളിവ് മാനസഗുരുവിന്റെ മകാരാദി പ്രാസപ്രയോഗങ്ങൾ തന്നെ.

സാംപിൾ വൺ: മാരകമായ മഹാമാരി മൂലം മാനവരാകെ മുച്ചൂട് മുടിയുമ്പോൾ മാറ്റുവാനുള്ള മാർഗമറിയാതെ മാറത്തടിച്ചു മുറവിളിക്കുകയാണ്.

സാംപിൾ ടു: മദ്യത്തിന്റെ മറവിൽ മടിശീല മണിപഴ്സ് മുഴുപ്പിക്കാനുള്ള മോഹംമൂലം മായാജാലത്തിൽ മുഴുകിയ മുഖ്യമേധാവികളും മന്ത്രിമാരും മനോഭയത്തിലാണ്. മദ്യമുതലാളിമാർ മഹാരഹസ്യങ്ങളുടെ മറനീക്കുമ്പോൾ മാനാഭിമാനമുള്ളവർ മിഴിനീരൊഴുക്കുകയാണ്.

ശേഷം ചിന്ത്യം! ഇനി വായനക്കാർക്കു തീരുമാനിക്കാം. ആരാണു ഗുരു, ആരാണു ശിഷ്യൻ?

അടവാണ്, അടിതെറ്റിയതല്ല

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് എന്നു പറഞ്ഞതു മഹാനായ ലെനിൻ ആണെന്നു തോന്നുന്നു. മാർക്സിസത്തിൽ നിന്നും ലെനിനിസത്തിൽ നിന്നും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ വ്യതിചലിച്ചുവെന്നു കുറ്റപ്പെടുത്തുന്നവർ ആചാര്യോവ്സ്കി ലെനിനോവ്സ്കിയുടെ വാചകത്തിൽ‌നിന്നു കേരളത്തിലെ പാർട്ടി തെല്ലും വ്യതിചലിച്ചിട്ടില്ലെന്നു തിരിച്ചറിയണം.

ഒരടി മുന്നോട്ടു വച്ചാൽ രണ്ടല്ല, നാലടി പിന്നോട്ടു വയ്ക്കാൻ തയാറാണു വിജയേട്ടന്റെ സർക്കാർ. 118 എ വകുപ്പിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. മാധ്യമങ്ങൾക്കു മൂക്കുകയറിടണമെന്നു പിണറായി സഖാവിനു തെല്ലും താൽപര്യമില്ല. പക്ഷേ, നാട്ടുകാർ സഖാവിനെ വിടണ്ടേ? എല്ലാവരും കൂടി അദ്ദേഹത്തെ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് കേരള പൊലീസ് നിയമത്തിൽ അല്ലറചില്ലറ ഭേദഗതി വരുത്താൻ അദ്ദേഹം അർധമനസ്സോടെ സമ്മതിച്ചത്. പോരാത്തതിന് പൊലീസ് ഉപദേഷ്ടാവിന്റെ വിദഗ്ധോപദേശം തേടാൻ വിജയേട്ടൻ മറന്നതുമില്ല. കെ.കരുണാകരനെ ഉപദേശിച്ച് ഉപദേശിച്ച് ഒരു കരയ്ക്കാക്കിയയാളാണ് ഇതേ ഉപദേഷ്ടാവ്.

മാധ്യമങ്ങളുടെ മൂക്കിലിടാനുള്ള കയറു പിരിക്കാനുള്ള ചുമതല തോമസ് ഐസക്കിനെ ഏൽപിച്ചിരുന്നു. അദ്ദേഹത്തിന്റെ പിഎച്ച്ഡി തന്നെ കയറുകൊണ്ടു പിരിച്ചുണ്ടാക്കിയതാണ്. പോരാത്തതിന് നിയമപടുവായ എ.കെ. ബാലന്റെ പിന്തുണകൂടി കിട്ടിയപ്പോൾ വിജയേട്ടൻ ആകെ ഉഷാറിലായി.

ഡൽഹിയിലെ എകെജി ഭവനിൽ ഇരിക്കുന്നവർക്ക് ഈ തയാറെടുപ്പുകൾ വല്ലതും അറിയണോ? അവർക്കു പ്രത്യയശാസ്ത്രത്തിന്റെ ഇഴ പിരിച്ചാൽ മതി. ബാക്കി പിരിക്കൽ കേരളത്തിൽനിന്നു വരും. മാധ്യമമാരണ നിയമം മാറ്റണമെന്ന് എകെജി ഭവനിൽനിന്നു കൽപിച്ചാൽ കുന്നുകുഴിയിലെ പാവം എകെജി സെന്ററിൽ ഇരിക്കുന്നവർക്ക് അതു ലംഘിക്കാൻ പറ്റുമോ?

അങ്ങനെ ഒരടി മുന്നോട്ടു വച്ചത് രണ്ടടി പിന്നോട്ടായി. ഈ നിയമത്തിന്റെ കാര്യത്തിൽ മാത്രമല്ല വിജയേട്ടൻ വിജയകരമായി പിന്നോട്ടടിച്ചത്. ശബരിമലയിൽ യുവതികളെ കയറ്റിയേ അടങ്ങൂ എന്ന വാശിമൂലം ഒരുപാടു പണി പൊലീസിനു കൊടുത്തത് അദ്ദേഹമാണ്. പൊലീസിന്റെ യൂണിഫോം മുതൽ ഹെൽമറ്റും ഷീൽഡും വരെ അയ്യനെക്കാണാൻ തുനിഞ്ഞിറങ്ങിയ യുവതികൾക്കു വാടകയ്ക്കു നൽകി ചരിത്രം സൃഷ്ടിച്ചതു തന്ത്രപരമായി രണ്ടടി പിന്മാറാൻ വേണ്ടിയായിരുന്നു. എന്നാൽ, സത്യത്തിൽ ആർക്കും ആ മാസ്റ്റർ സ്ട്രാറ്റജി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നതു ചരിത്രത്തിന്റെ ദുരന്തമാണ്.

സ്പ്രിൻക്ലർ കരാറിന്റെ കാര്യത്തിലും അതു തന്നെയാണു സംഭവിച്ചത്. പക്ഷേ, ഒരു ചെറിയ വ്യത്യാസമുണ്ട്. ഒരടി മുന്നോട്ടു വച്ചപ്പോൾ നാലടിയാണു പിന്നോട്ടു വച്ചത്. ഇതൊന്നും ആർക്കും മനസ്സിലാവില്ല. യുദ്ധത്തിലും പ്രണയത്തിലും എന്തും അടവാണെന്നു മനസ്സിലാക്കാൻ തണ്ടും തടിയും മാത്രം പോരാ. തലയ്ക്കകത്ത് ആൾത്താമസം കൂടി വേണം.

മാറ്റുവിൻ അർഥങ്ങളെ...

പഴഞ്ചൊല്ലുകൾക്കും പ്രയോഗങ്ങൾക്കും കാലപ്പഴക്കം മൂലം തേയ്മാനം വന്ന കാലത്താണു നമ്മൾ ജീവിക്കുന്നത്. ഇവയ്ക്കെല്ലാം ആധുനിക കാലഘട്ടത്തിന് അനുസൃതമായ അർഥങ്ങൾ ചാർത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വടക്കുംകൂറിന്റെ ശൈലിപ്രദീപികയുടെ പരിഷ്കരിച്ച പതിപ്പു പുറത്തിറക്കുകയാണെങ്കിൽ നിർബന്ധമായും ചേർക്കേണ്ട ചില വിശദീകരണങ്ങളാണു താഴെ.

ഉപ്പു തിന്നവർ വെള്ളം കുടിക്കും: ഉപ്പിനും വെള്ളത്തിനും ഭാവിയിൽ വലിയ ക്ഷാമം വരാൻ സാധ്യതയുണ്ട്.

നിയമം നിയമത്തിന്റെ വഴിക്കു പോകും: പോകണമെങ്കിൽ പുതിയ എക്സ്പ്രസ് വേ പണിയേണ്ടി വരും.

ചക്കിക്കൊത്ത ചങ്കരൻ: ഒക്കച്ചങ്ങാതി.

മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ: ഇക്കാലത്ത് മടിശീലയുള്ളവർ ആരുമുണ്ടാവില്ല. അതിനാൽ ആർക്കും വഴിയിൽ ഭയമുണ്ടാവില്ല.

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം: ഇപ്പോൾ ക്ഷീരമുള്ള അകിടുകൾ തീർത്തും കുറവാണ്.

ഉഷ്ണമുഷ്ണേന ശാന്തി: ഓർഡിനൻസിനു ശാന്തി പിൻവലിക്കൽ ഓർഡിനൻസ്.

മസാലദോശയ്ക്കൊപ്പം ഉഴുന്നവട ഫ്രീ: കോൺഗ്രസിൽ സ്ഥാനാർഥിയായാൽ റിബൽ ഫ്രീയാണ്.

മിന്നുന്നതെല്ലാം പൊന്നല്ല: സ്വപ്നത്തിൽ മിന്നുന്നതും മിന്നാത്തതുമെല്ലാം പൊന്നു തന്നെ.

ഗ്രഹണകാലത്തു ഞാഞ്ഞൂലും തലപൊക്കും: ഇപ്പോൾ തിരഞ്ഞെടുപ്പു വരുമ്പോഴാണു ഞാഞ്ഞൂലുകൾ തലപൊക്കുന്നത്.

തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ: ഇഡി വക ഇടി വരുമ്പോൾ വിജിലൻസ് വടി കൊണ്ടു തടുക്കണം.

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം: എം.ശിവശങ്കറിനു ജയിലിൽ വിഡിയോ കോളിന് അനുമതി.

തീയില്ലാതെ പുകയുണ്ടാവില്ല: പുക മാത്രമായി ഉണ്ടാക്കുന്ന സാങ്കേതികവിദ്യ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പു കണ്ടുപിടിച്ചിട്ടുണ്ട്.

ഇടിവെട്ടിയവനെ പാമ്പു കടിച്ചു: ഇഡി വെട്ടിയവനെ കസ്റ്റംസ് കടിച്ചു.

സ്റ്റോപ് പ്രസ്:  മുരളീധരൻ അച്ചടക്കമുള്ള 

കോൺഗ്രസുകാരനെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

അലുമിനിയം പൂശിയ അച്ചടക്കമല്ല 

അദ്ദേഹത്തിന്റേത്.

Content Highlight: Marxism - Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com