ADVERTISEMENT

കോവിഡിൽ പഠനം വഴിമുട്ടിയപ്പോൾ പകരം വിക്ടേഴ്സ് ചാനൽ വഴി വന്ന ഓൺലൈൻ ക്ലാസുകളെ കേരളം ആവേശത്തോടെയും ആശ്വാസത്തോടെയുമാണു വരവേറ്റത്. രണ്ടാം ടേം കഴിയാറാകുമ്പോൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും എന്തു പറയുന്നു? അവർ ചൂണ്ടിക്കാട്ടുന്ന പരിമിതികൾക്കും ആശങ്കകൾക്കും അധികൃതരുടെ മറുപടിയെന്ത്?

പൊതുസമൂഹവും അധികൃതരും ഒറ്റക്കെട്ടായി നിന്നു ജയിക്കേണ്ട ഈ ‘വലിയ പരീക്ഷ’യിലെ ചില ചോദ്യങ്ങളിൽനിന്നു തുടങ്ങാം. ആദ്യം പ്ലസ്ടുവും പത്താം ക്ലാസും.

സഹ്‌ല സുലൈമാൻ, പ്ലസ് ടു, ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസ്, ‌എടവനക്കാട്, എറണാകുളം

Sahala

വിക്ടേഴ്സ് ചാനൽ വഴിയെങ്കിലും ക്ലാസ് നടക്കുന്നുണ്ടല്ലോ എന്ന ആശ്വാസമുണ്ട്. അധ്യാപകരുടെ പിന്തുണയുമുണ്ട്. പക്ഷേ, ഇപ്പോഴും സിലബസിന്റെ പകുതിപോലും ആയിട്ടില്ല. സാധാരണ ഡിസംബറിൽ ഏറെക്കുറെ പഠിപ്പിച്ചു തീരുമായിരുന്നുവെന്നു സീനിയേഴ്സ് പറയുന്നു. പിന്നെ റിവിഷനും കൂട്ടായ പഠനവുമൊക്കെ നടക്കേണ്ടതാണ്. പ്രാക്ടിക്കൽ പരീക്ഷയുണ്ടെങ്കിലും ഞങ്ങൾ ഇതുവരെ ലാബ് പോലും ‍കണ്ടിട്ടില്ല. സിലബസ് തീരാതെ വന്നാൽ പരീക്ഷ എങ്ങനെയാകും? സിബിഎസ്ഇ സിലബസ് കുറച്ചതായറിഞ്ഞു. ഇവിടെയും ഇക്കാര്യത്തിൽ വ്യക്തത വേണം.

ജസ്റ്റിൻ സണ്ണി, പ്ലസ്ടു, ഗവ.ട്രൈബൽ എച്ച്എസ്എസ്, കട്ടപ്പന, ഇടുക്കി

Justin

വിക്ടേഴ്സ് ക്ലാസിലെ സംശയങ്ങൾ പറഞ്ഞുതരേണ്ടതു സ്കൂളിലെ അധ്യാപകരല്ലേ? പക്ഷേ, ഇങ്ങനെ പറഞ്ഞുതരാൻ അധ്യാപകരില്ലെങ്കിലോ? അതാണു ഞങ്ങളുടെ സ്കൂളിലെ സ്ഥിതി. ജേണലിസം അധ്യാപിക സ്ഥലം മാറിയ ശേഷം പുതിയ ആൾ വന്നിട്ടില്ല. ഗെസ്റ്റ് അധ്യാപകരെ വച്ചുകൂടെ എന്നു ചോദിച്ചപ്പോൾ അതിനു സർക്കാരിന്റെ അനുമതിയില്ലെന്നു പറയുന്നു. ഇപ്പോൾ ‍‍ഞങ്ങൾ കൂട്ടുകാർ പരസ്പരം ആശ്രയിച്ചാണു പഠനം.

ആശ്രയ പി.പുഷ്പൻ, പത്താം ക്ലാസ്, ഗവ. എച്ച്എസ് തടിക്കടവ്, കണ്ണൂർ

Ashraya

പകുതിയലധികം പാഠങ്ങൾ കഴിഞ്ഞു. സ്കൂളുണ്ടായിരുന്നെങ്കിൽ ഇപ്പോഴേക്കും റിവിഷൻ തുടങ്ങേണ്ടതാണ്. ഇത്തവണ അതുനടക്കുമെന്നു തോന്നുന്നില്ല. ക്ലാസുകൾ മനസ്സിലാകാത്ത പ്രശ്നമില്ലെങ്കിലും ചില ക്ലാസുകൾ സ്പീഡിലായതിനാൽ നോട്സ് എഴുതിയെടുക്കാൻ പ്രയാസമുണ്ട്. മനസ്സിലാകാത്ത ക്ലാസുകൾ യുട്യൂബിൽ കണ്ടും അധ്യാപകരോടു വാട്സാപ്പിൽ ചോദിച്ചുമാണു പഠിക്കുന്നത്. എസ്എസ്എൽസി പരീക്ഷയുടെ കാര്യത്തിലാണ് ഒരു ഐഡിയയും ഇല്ലാത്തത്. സിഇ മാർക്ക് (നിരന്തര മൂല്യനിർണയം) എങ്ങനെയാകും?

അധ്യാപകർക്കു ചൂണ്ടിക്കാട്ടാൻ മറ്റു ചില സാഹചര്യങ്ങൾ കൂടിയുണ്ട്. പേരു പറയരുതെന്നു പറഞ്ഞ് 

ഒരു അധ്യാപകൻ പങ്കുവച്ച അനുഭവം:

ഒരുദിവസം ഫസ്റ്റ് ബെൽ ക്ലാസിന്റെ തുടർപ്രവർത്തനമായി വാട്സാപ്പിൽ അയയ്ക്കാൻ ഒരു അസൈൻമെന്റ് കൊടുത്തു. പറഞ്ഞ സമയത്തിനുള്ളിൽ അയച്ചത് പകുതി കുട്ടികൾ മാത്രം. 

ഫോൺ വിളിച്ചും മെസേജ് അയച്ചുമൊക്കെ ശ്രമിച്ചപ്പോൾ രണ്ടു ദിവസം കൊണ്ട് രണ്ടു കുട്ടികളൊഴികെ എല്ലാവരും അയച്ചു. ഈ രണ്ടുപേരിൽ ഒരാളെ എത്ര ശ്രമിച്ചിട്ടും ഫോണിൽ കിട്ടുന്നില്ല. ഒരാൾ ഫോൺ ബ്ലോക്ക് ചെയ്തിരിക്കുകയാണോ എന്നു സംശയം. മറ്റൊരാളുടെ മറുപടി– ‘‘അച്ഛൻ പണിക്കു പോകുമ്പോൾ ഫോൺ കൊണ്ടുപോകും. രാത്രി വൈകിയേ വരൂ. അപ്പോഴേക്കും ഞാൻ ഉറങ്ങും. അതുകൊണ്ടു ചെയ്യാൻ സമയം കിട്ടുന്നില്ല.’’

ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്ന് ഒരു ധാരണയുമില്ല. ആരെയും ഒന്നും നിർബന്ധിച്ചു ചെയ്യിക്കാനുമാകില്ലല്ലോ.

നിലവിലെ സാഹചര്യം രക്ഷിതാക്കളിലുണ്ടാക്കുന്ന ആശങ്കകൂടി അറിയാം:

ആർ.ജെ.രജിത രാജ്, തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പത്തിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ

Rajitha

മോൾ വെറുതേയിരുന്നു സമയം കളയുന്നില്ല എന്ന ആശ്വാസമുണ്ട്. കഴിഞ്ഞവർഷം പത്തിൽ പഠിച്ച കുട്ടികളെപ്പോലെയല്ല അവൾ പഠിക്കുന്നതെന്നോർത്തു വിഷമമുണ്ട്. വിദ്യാഭ്യാസമന്ത്രിയോട് ഒരു കാര്യം ചോദിക്കണമെന്നുണ്ട് – പത്താം ക്ലാസ്, പ്ലസ്ടു കുട്ടികളുടെ കാര്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്? എന്തെങ്കിലും തീരുമാനം അറിഞ്ഞിരുന്നെങ്കിൽ ആശങ്ക കുറഞ്ഞേനെ.

2 ആഴ്ച; 2.6 ലക്ഷം കുട്ടികൾ ഓൺലൈൻ

ഡിജിറ്റൽ വിദ്യാഭ്യാസത്തിനു കേരളത്തിലെ 40 ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികളെ സജ്ജമാക്കാൻ വഴിയൊരുക്കിയത് കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ്. 2 ആഴ്ച കൊണ്ട് 2.6 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ സൗകര്യങ്ങളൊരുക്കിയത്. പഠനസൗകര്യം ഇല്ലെന്ന പേരിൽ മലപ്പുറം വളാഞ്ചേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതു കേരളത്തെ ഞെട്ടിച്ചു. ഇതോടെയാണ് കുട്ടികൾക്കു പഠനസൗകര്യമൊരുക്കാൻ നാടൊന്നാകെ അണിചേർന്നത്. പൊതു പഠനകേന്ദ്രങ്ങൾ വിദ്യാഭ്യാസവകുപ്പ് സജ്ജമാക്കിയെങ്കിലും അതു കാര്യമായി ഉപയോഗിക്കേണ്ടിവന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

മന്ത്രിയോട് ചോദിക്കാം

C-Ravindranath

ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും എന്തൊക്കെ? മനോരമയെ അറിയിക്കൂ. വാട്സാപ് നമ്പർ: 9846095628 (മെസേജ് മാത്രം; കോൾ സ്വീകരിക്കില്ല. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല). സമയം ഇന്നു വൈകിട്ട് 4 വരെ. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രധാന സംശയങ്ങൾക്കു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മറുപടി നൽകും.

നല്ല തുടക്കമെങ്കിലും വെല്ലുവിളികളേറെ

ഐടി സാധ്യതകൾ പരമാവധി ഉപയോഗിക്കുന്നതിനാൽ പ്രയാസമുള്ള പല കാര്യങ്ങളും പെട്ടെന്നു മനസ്സിലാകുന്നു എന്നതു വിക്ടേഴ്സിലെ ഫസ്റ്റ് ബെൽ ക്ലാസുകളുടെ മെച്ചമാണ്. യുട്യൂബിൽ ഉള്ളതിനാൽ സംശയമുള്ള ഭാഗങ്ങൾ ആവർത്തിച്ചു കാണുകയും ചെയ്യാം. എങ്കിലും ആദ്യത്തെ ആവേശം നിലനിർത്താനാകാതെ മടുപ്പിലേക്കു നീങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്തു പരിഹാരശ്രമമുണ്ടായാലേ ഇതു മറികടക്കാനാകൂ.

ചില പൊതുപ്രശ്നങ്ങൾ

വിദ്യാർഥികൾ

∙ ഇപ്പോഴും മലയാളം മീഡിയത്തിൽ മാത്രമാണു ക്ലാസ്. പ്രധാന വാക്കുകൾ ഇംഗ്ലിഷിൽ എഴുതിക്കാണിക്കുമെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് ‘പഠിപ്പുര’യിലൂടെ പറഞ്ഞിരുന്നു. കുറെയൊക്കെ അങ്ങനെ നടക്കുന്നുണ്ടെങ്കിലും അതു പോരാ.

∙ സ്കൂളിൽ അഞ്ചോ ആറോ പീരിയഡ് കൊണ്ടെടുക്കുന്ന ക്ലാസ് വിക്ടേഴ്സിൽ അരമണിക്കൂർ കൊണ്ടു തീർക്കുന്നു.

∙ ഒരു വിഷയം ഒരാൾ പഠിപ്പിക്കുന്നതാണല്ലോ സ്കൂളിലെ രീതി. ഇവിടെ ഒരേ വിഷയത്തിനും ഒരേ യൂണിറ്റിനും തന്നെ പല അധ്യാപകർ.

∙ മൊബൈലിൽ ക്ലാസ് കാണുമ്പോൾ, എഴുതിക്കാണിക്കുന്നതു വായിക്കാൻ പ്രയാസമുണ്ട്.

∙ ഹോംവർക്കുകളുടെ അതിപ്രസരം. പലയിടത്തുനിന്നായി കിട്ടുന്ന ഒട്ടേറെ മെറ്റീരിയലുകൾ ഹോംവർക്ക് എന്ന പേരിൽ അധ്യാപകർ ഫോർവേഡ് ചെയ്യുന്നു.

രക്ഷിതാക്കൾ

∙ വിക്ടേഴ്സിലെ ക്ലാസ് കഴിഞ്ഞാൽ സ്കൂളിലെ അധ്യാപകർ അതു വിശദീകരിച്ചു കൊടുക്കുകയും പഠനപ്രവർത്തനങ്ങൾ കൃത്യമായി നൽകുകയും അവ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ചിലപ്പോഴെങ്കിലും ഇതു കൃത്യമായി നടക്കുന്നില്ല.

∙ പഠിപ്പിക്കുന്നതു മനസ്സിലാകാതെ വരുമ്പോൾ കുട്ടികൾ സമ്മർദത്തിലാകുന്നു. പറഞ്ഞുകൊടുക്കാൻ പറ്റുന്നുമില്ല.

∙ വീട്ടിൽ ചടഞ്ഞിരിക്കുന്നത് കുട്ടികളെ മാനസികമായി ബാധിക്കുന്നു.

∙ ഒന്നിലേറെ കുട്ടികളുണ്ട്; ഒരു മൊബൈലും. ക്ലാസിനെത്തുടർന്നുള്ള പഠനപ്രവർത്തനങ്ങൾക്ക് ഇതു തടസ്സമാകുന്നു.

∙ നാടു കൈകോർത്ത് വീടുകളിൽ ടിവിയും ഫോണും എത്തിച്ചു. എന്നാൽ, മാസംതോറും കേബിൾ വരിസംഖ്യയ്ക്കും മൊബൈൽ ഡേറ്റ റീചാർജിനും എന്തുചെയ്യും ?

അധ്യാപകർ

∙ ഒന്നാം ക്ലാസിലെയും പ്ലസ് വണ്ണിലെയും കുട്ടികളെ നേരിട്ടു കണ്ടിട്ടേയില്ല. 5, 8 ക്ലാസുകളിലും ഏറെക്കുറെ ഈ സാഹചര്യമുണ്ട്. കുട്ടികളുടെ കഴിവുകളും പരിമിതികളും അറിയാതെ കാര്യങ്ങൾ ഫോൺ വഴിയും മറ്റും പറഞ്ഞുകൊടുക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്.

∙ ഒട്ടേറെ സൗകര്യങ്ങളുടെ പിൻബലത്തിലാണു വിക്ടേഴ്സിലെ ക്ലാസ്. അധ്യാപകർ സ്കൂളിലെടുക്കുന്ന ക്ലാസിനെ അതുമായി താരതമ്യം ചെയ്യുന്നു.

∙ കുട്ടികൾക്കു പ്രവർത്തനങ്ങൾ നൽകാനും മൂല്യനിർണയം നടത്താനും ബുദ്ധിമുട്ട്. എഴുതി വാട്സാപ്പിൽ അയയ്ക്കാൻ പറഞ്ഞാൽ നൂറുകണക്കിനു ചിത്രങ്ങളാണു ഫോണിൽ വന്നുനിറയുന്നത്. ഇതു കൈകാര്യം ചെയ്യാനാകുന്നില്ല.

∙ പതിവു ക്ലാസ് ഇല്ലെങ്കിലും സ്കോളർഷിപ് നടപടിക്രമങ്ങൾ, ഹോംവർക്ക്, അവയുടെ മൂല്യനിർണയം തുടങ്ങി തിരക്കേറെയുണ്ട്. പക്ഷേ, അധ്യാപകർ വെറുതേയിരിക്കുന്നു എന്ന തോന്നലാണ് എവിടെയും. അങ്ങനെ മറ്റു ഡ്യൂട്ടികൾ ഏൽപിക്കുന്നു.

∙ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥിരാധ്യാപകർ ഇല്ലാത്ത ക്ലാസുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ അനുമതിയില്ലാത്തതു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതുകാരണം ചില സ്കൂളുകളിൽ സപ്പോർട്ട് ക്ലാസുകൾ നൽകാൻ ആളില്ല.

പഠനത്തിനുമപ്പുറമുള്ള വലിയ പിന്തുണയാണ് ഓരോ സ്കൂളും വിദ്യാർഥികൾക്കു നൽകിയിരുന്നത്. പ്രശ്നങ്ങൾ പങ്കുവയ്ക്കാനും  മികവുകളുടെ മാറ്റുരച്ചു നോക്കാനുമൊക്കെയുള്ള ഇടങ്ങളായിരുന്നു സ്കൂളുകൾ. ആ നഷ്ടങ്ങളെക്കുറിച്ച് നാളെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com