‘ബിനീഷ് രാഷ്ട്രീയ വിഷയമല്ല: ഞങ്ങൾ കമ്യൂണിസ്റ്റുകാരാണ്, വളഞ്ഞ വഴിയില്ല’

A Vijayaraghavan
കേന്ദ്ര ഏജൻസികൾക്കെതിരെ തിരുവനന്തപുരത്ത് കണ്ണേറ്റുമുക്കിൽ നവംബർ 16ന് നടന്ന എൽഡിഎഫ് ജനകീയ പ്രതിരോധം ഉദ്ഘാടന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. എ. വിജയരാഘവൻ. എൽഡിഎഫ് കൺവീനർ കൂടിയായ അദ്ദേഹം ഇടതു രാഷ്ട്രീയത്തിലെ രണ്ടു സുപ്രധാന പദവികൾ ഒരുമിച്ചു വഹിക്കുന്നു. രാഷ്ട്രീയ വിവാദങ്ങൾ സംബന്ധിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും എ.വിജയരാഘവൻ മനോരമയോട്.

സിപിഎം സംസ്ഥാന സെക്രട്ടറിയോ എൽഡിഎഫ് കൺവീനറോ; എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്?

പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എൽഡിഎഫ് കൺവീനർ. 

മുഖ്യമന്ത്രിയായിട്ടുള്ള സമുന്നത നേതാക്കൾക്കുപോലും ലഭിക്കാത്ത ഇരട്ട ദൗത്യം. എങ്ങനെ വിലയിരുത്തുന്നു.

കോടിയേരി ബാലകൃഷ്ണൻ മികച്ച നിലയിൽ പാർട്ടിയെ നയിച്ചുകൊണ്ടിരുന്ന സമയത്താണു ശാരീരിക വിഷമതകൾ നേരിടുന്നത്. രണ്ടു തിരഞ്ഞെടുപ്പുകൾ പാർട്ടിക്കു മുന്നിലുണ്ട്. സ്വാഭാവികമായും സെക്രട്ടറിസ്ഥാനത്തു പൂർണ ചുമതല വഹിക്കാൻ കഴിയുന്ന ഒരാൾ വേണമെന്നു തീരുമാനിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പദവിതൊട്ട് പല ഉത്തരവാദിത്തങ്ങളും ഞാൻ നിർവഹിച്ചിട്ടുണ്ട്. പാർട്ടി താൽപര്യങ്ങൾക്ക് അനുസൃതമായി ഈ ചുമതല നിർവഹിക്കാൻ എന്നോട് ആവശ്യപ്പെട്ടു.

എൽഡിഎഫ് കൺവീനറായതിനാൽ ഇതു പ്രതീക്ഷിച്ചിരുന്നോ? അത്തരം പദവികൾ വഹിക്കാത്ത പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങളെ ഏൽപിച്ചില്ലല്ലോ.

സവിശേഷമായ ഒരു സാഹചര്യത്തിൽ പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലേ? അതിൽ അസ്വാഭാവികതയില്ല. ആ സമയത്ത് എല്ലാ കാര്യങ്ങളും സൂക്ഷ്മമായി ചർച്ച ചെയ്യണം എന്നില്ല. താൽക്കാലികമായി ഈ തീരുമാനമെടുത്തു. ഒരാൾ തന്നെ എല്ലാ ചുമതലയിലും തുടരുന്ന സ്ഥിതി ഉണ്ടാവില്ലല്ലോ. ബാക്കി കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയടക്കം വിലയിരുത്തും.

രോഗകാരണം ചൂണ്ടിക്കാട്ടിയാണു കോടിയേരി അവധിയെടുത്തത്. മകന്റെ അറസ്റ്റ് മാറിനിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നു കരുതുന്നവരുണ്ട്.

രണ്ടും രണ്ടാണ്. സംസ്ഥാന സെക്രട്ടറി രോഗംമൂലം അവധിയെടുക്കുന്നതു തികച്ചും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമാണ്. മകന്റെ വിഷയം വ്യക്തിപരമായ കാര്യമാണ്. അക്കാര്യത്തിൽ അദ്ദേഹത്തിന്റെയും പാർട്ടിയുടെയും സമീപനം കോടിയേരി തന്നെ വിശദീകരിച്ചിട്ടുണ്ട്.

അപ്പോൾ രോഗമുക്തിയാകുമ്പോൾ അദ്ദേഹത്തിനു സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിവരാം. 

നിലവിലെ സാഹചര്യം ചർച്ച ചെയ്താൽ പോരേ? ഒരു സാധ്യത വച്ചുള്ള ചോദ്യത്തിന് അഭിപ്രായം പറയാൻ കഴിയില്ല. രോഗസാഹചര്യം മാറിവരുമ്പോൾ അക്കാര്യം ചർച്ച ചെയ്യാം.

Bineesh Kodiyeri at ED office
ബിനീഷ് കോടിയേരി (ഫയൽ ചിത്രം)

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള കേസുകളുടെ കൂട്ടത്തിലാണോ ബിനീഷിന്റെ കേസും.

പാർട്ടിക്കും സർക്കാരിനുമെതിരെ ആക്രമണം എന്നതു രാഷ്ട്രീയ വിഷയമാണ്. പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ടുള്ളതു കുടുംബപരവും വ്യക്തിപരവുമാണ്. രണ്ടും കലർത്താതെയാണു കോടിയേരി തന്നെ നിലപാട് എടുത്തിട്ടുള്ളത്. അതിലൊരു വ്യാഖ്യാന സാധ്യത പോലുമില്ല. പാർട്ടിയും അവിടെയാണു നിൽക്കുന്നത്.

ഈ വിവാദങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലേ?

കേരളത്തിന്റെ ബഹുമുഖ വളർച്ചയ്ക്കും സാധാരണക്കാരുടെ ക്ഷേമത്തിനും ഇത്രയേറെ സംഭാവന ചെയ്ത ഒരു സർക്കാരില്ല. ആ അനുഭവം ജനങ്ങളുടെ മുന്നിലുണ്ട്. അവരാണു വിധികർത്താക്കൾ. നല്ല ആത്മവിശ്വാസമാണു ഞങ്ങൾക്ക്.

തുടർഭരണ സാധ്യതയ്ക്ക് ഇതെല്ലാം മങ്ങലേൽപിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു...

പ്രതിപക്ഷവും ചില മാധ്യമങ്ങളും വിരോധത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതു പോലെയല്ല അത്. സ്ഥിതി മെച്ചപ്പെടണമെന്ന ആഗ്രഹമുള്ളയാളാണു സിപിഐ സെക്രട്ടറി.

ഒരു ഉദ്യോഗസ്ഥൻ ചെറിയ പ്രശ്നം ചെയ്തുവെന്നു നിസ്സാരവൽക്കരിക്കുകയല്ലാതെ, ശിവശങ്കറിനെ തള്ളിപ്പറയാൻ ഇപ്പോഴും സിപിഎം തയാറാകാത്തത് എന്തുകൊണ്ട്.

ഉദ്യോഗസ്ഥന്റേതു ചെറിയ പ്രശ്നമല്ലല്ലോ. വലിയ പ്രശ്നം തന്നെയല്ലേ? അതുകൊണ്ടല്ലേ, അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ തുടരുന്നത്. അതു വേറെ കാര്യം. അക്കാര്യത്തിൽ ഒരു മൃദുത്വവുമില്ല.

pinarayi-vijayan-m-sivasankar
പിണറായി വിജയന്‍, എം. ശിവശങ്കർ

മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലയിൽ ഉള്ളപ്പോൾത്തന്നെ എം.ശിവശങ്കർ, സ്വപ്ന സുരേഷിന്റെ സ്വർണക്കടത്ത്, പണമിടപാടുകൾക്കു പിന്തുണ കൊടുത്തുവെന്നാണ് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. 

മുഖ്യമന്ത്രിക്കും സർക്കാരിനും ഒരു ഉത്തരവാദിത്തവുമില്ലേ.ശിവശങ്കർ ഒരു ഉദ്യോഗസ്ഥനാണ്. അയാളൊരു കുഴപ്പം കാണിച്ചാൽ നടപടിയെടുക്കുക അല്ലാതെ എന്തു ചെയ്യാനാണ്? മന്ത്രിയാണെങ്കിൽ ധാർമിക പ്രശ്നങ്ങളുണ്ട് എന്നു പറയാം. മന്ത്രി പാർട്ടി അച്ചടക്കത്തിനു വിധേയനുമാണ്. ഉദ്യോഗസ്ഥൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഭവിഷ്യത്ത് അയാൾ അനുഭവിക്കും.

കർക്കശക്കാരനായ ഭരണാധികാരി എന്ന പ്രതിഛായയാണു പിണറായിക്കുള്ളത്. ഇതെല്ലാം സംഭവിച്ചതിൽ അതിശയം തോന്നുന്നവരുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃപരമായ മുൻകൈയാണു പ്രധാനം. അതിനിടയിൽ ഒരു ഉദ്യോഗസ്ഥനു പിശകു പറ്റി. അതിനെ മുഖ്യമന്ത്രിയിലേക്കു ബന്ധിപ്പിക്കേണ്ട കാര്യമില്ല. തെറ്റായ ഒരു കാര്യത്തിനു കൂട്ടുനിൽക്കുന്നയാളല്ല പിണറായി വിജയൻ എന്ന് കേരളീയ സമൂഹത്തിനു ബോധ്യമുണ്ട്.

അന്വേഷണത്തിനായി എൻഐഎയെ കത്തെഴുതി വരുത്തേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ.

ഞങ്ങൾ കമ്യൂണിസ്റ്റുകാരാണ്. ഞങ്ങൾക്കു വളഞ്ഞ വഴിയില്ല. അകത്തൊന്നും പുറത്തൊന്നും എന്ന രീതിയില്ല. പിണറായി വിജയനും ആ നിലപാടെടുത്തതിന് എന്തിനാണു വിഷമിക്കുന്നത്? എതിരാളി പക്ഷേ, വളഞ്ഞ വഴിയേ സ്വീകരിക്കൂ. അതിനെ നേരിടുക തന്നെ ചെയ്യും.

കെ ഫോൺ അടക്കമുള്ള പദ്ധതികളെക്കുറിച്ച് ഇഡി അന്വേഷിച്ചപ്പോൾ അതിനുള്ള അധികാരം സിഎജിക്കാണെന്നു സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ സിഎജിയിലെ വിശ്വാസവും നഷ്ടപ്പെട്ടോ.

രണ്ടും രണ്ടു കാര്യമാണ്. സിഎജി അതിന്റെ ഭരണഘടനാപരമായ ബാധ്യത നിർവഹിച്ചാൽ ആരും എതിർക്കില്ല. അതിനു പുറത്തു ഭരണഘടനാതീത ശക്തിയായി പലതിനും മുതിർന്നാൽ അക്കാര്യം ചൂണ്ടിക്കാട്ടും.

thomas-isaac-1200-0
തോമസ് ഐസക്ക് (ഫയൽ ചിത്രം)

കിഫ്ബിയിലെ സിഎജി റിപ്പോർട്ട് കരടോ ഫൈനലോ എന്നു പരിശോധിക്കുന്നതിൽ ധനമന്ത്രിക്കു വീഴ്ചയുണ്ടായോ.

ഇതു ‘കുടമാണോ കുടത്വമാണോ അദ്യം’ എന്ന ഭാരതീയ തർക്കശാസ്ത്രത്തിലെ ചോദ്യം പോലെയാണ്. റിപ്പോർട്ടിലുള്ളതു ഭരണഘടനാപരമായ നിർവഹണമാണോ, അതോ രാഷ്ട്രീയ ദുർവിനിയോഗമാണോ എന്നതാണു പ്രശ്നം.

ചർച്ചകൾ കിഫ്ബിയിലേക്കു മാറിയതിനാൽ എൽഡിഎഫിന് അൽപം ആശ്വാസമുണ്ടോ.

നാട്ടിലെ വികസനം ചർച്ച ചെയ്യുന്നതു നല്ലതാണ്.

ഇബ്രാഹിം കുഞ്ഞിനെയും അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികൾ ഇവിടെ കുഴപ്പിച്ചാൽ, ഞങ്ങളുടെ പൊലീസും വെറുതേയിരിക്കില്ല എന്ന രാഷ്ട്രീയ സന്ദേശമല്ലേ ഇത്.

ഒരിക്കലുമല്ല. പാലം പണിക്കു പൊതുമരാമത്തു വകുപ്പിനെ വിട്ടു മറ്റ് ഏജൻസികളിലേക്കു നീങ്ങിയതിനു പിന്നിലെ താൽപര്യങ്ങളാണു പ്രശ്നമായത്. അദ്ദേഹത്തെ നേരത്തേ പ്രതിചേർത്തിരുന്നു. അറസ്റ്റ് സ്വാഭാവിക നടപടിക്രമമാണ്. ഒരു രാഷ്ട്രീയവും അതിലില്ല.

എൽഡിഎഫിലെ ഇപ്പോഴത്തെ രണ്ടാമത്തെ കക്ഷി സിപിഐ ആണോ കേരള കോൺഗ്രസ് (എം) ആണോ.

എൽഡിഎഫിൽ എല്ലാ കക്ഷികളും തുല്യരാണ്. ഒന്ന്, രണ്ട്, മൂന്ന് എന്നില്ല. ഒരുമിച്ചു നിൽക്കുമ്പോഴത്തെ കരുത്താണു പ്രധാനം.

ഇപ്പോഴത്തെ രണ്ടു പദവികളിൽ ഒന്നു മാത്രമായി പിന്നീടു തീരുമാനിക്കേണ്ടി വന്നാൽ ഏതു തിരഞ്ഞെടുക്കും.

പാർട്ടി തീരുമാനിക്കുന്ന ചുമതല.

English Summary: Bineesh Kodiyeri not a party leader; CPM not morally responsible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA