ADVERTISEMENT

ദാർശനികതയുടെ പ്രായോഗിക രൂപമാണ് ശ്രീനാരായണ ഗുരു ആവിഷ്കരിച്ചത്. സാധാരണക്കാർക്കു മനസ്സിലാക്കാൻ പ്രയാസമുള്ള ദാർശനിക ആശയങ്ങൾ ഗുരു ലളിതമാക്കി അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ലോകത്തെവിടെയും പ്രായോഗികമാണെന്നു കാണാം. എവിടെ മനുഷ്യരുണ്ടോ അവിടെയെല്ലാം നടപ്പാക്കാൻ പറ്റുന്ന ചിന്താപദ്ധതികളാണ് ഗുരു വിഭാവനം ചെയ്തത്. നാടിന്റെ നവോത്ഥാനത്തിന് ഏറ്റവും കരുത്തുപകർന്ന ചിന്തയാണിത്. ആത്യന്തികമായി മനുഷ്യത്വത്തിന്റെ പുനരുദ്ധാരണമാണ് ഗുരു ആഗ്രഹിച്ചതും നടപ്പാക്കിയതും. മനുഷ്യനെയും മനുഷ്യത്വത്തെയും നിരാകരിക്കുന്ന നീക്കം ഏതു ഭാഗത്തുനിന്ന് ഉണ്ടായാലും ഗുരു അതിനെ തടയുമായിരുന്നു. ഗുരുവിന്റെ വിശാലമായ ഈ കാഴ്ചപ്പാടാണ് പിന്നീടു കേരളം ഏറ്റെടുത്തതെന്നു കാണാം.

ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ചാതുർവർണ്യം, അയിത്തം എന്നിവ താഴെത്തട്ടിൽ ശക്തിപ്രാപിച്ചപ്പോൾ മാനവികതയ്ക്കും മനുഷ്യത്വത്തിനും മുന്നോട്ടു നീങ്ങാനാവാത്ത അവസ്ഥയുണ്ടായി. താഴെത്തട്ടിലെന്നു സമൂഹം വിളിച്ച ജനസാമാന്യത്തിനു തങ്ങളെക്കൊണ്ട് ഒന്നിനുമാകില്ലെന്ന ചിന്ത വന്നു. അവർക്കു മുന്നിൽ വഴികൾ അടയ്ക്കപ്പെട്ടു. ആരാധനാസ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. വഴി നടക്കാനും ആരാധനയ്ക്കും വിദ്യാഭ്യാസത്തിനും അവസരമുണ്ടാക്കി അവരിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാനാണു ശ്രീനാരായണ ഗുരു ശ്രമിച്ചത്. മനുഷ്യർക്കെല്ലാം  അവസര സമത്വവും സാംസ്കാരിക സമത്വവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു.

അപരിഷ്കൃതമായ ദുരാചാരങ്ങൾ അവസാനിപ്പിച്ചതിലൂടെ വലിയ വിപ്ലവമാണു ഗുരു സൃഷ്ടിച്ചത്. അരുവിപ്പുറം പ്രതിഷ്ഠ, ചിന്തിക്കുന്ന മനുഷ്യരിൽ പരിവർത്തനമുണ്ടാക്കി. മനുഷ്യൻ നന്നായാൽ ലോകം നന്നായി എന്നു ഗുരു പറഞ്ഞുവച്ചു. വിദ്യാഭ്യാസം, സംസ്കാരം, സാമ്പത്തിക വളർച്ച, ജീവിതരീതി എന്നിവയിൽ സമൂല മാറ്റമുണ്ടാകണമെന്നു നിഷ്കർഷിച്ചു. പാരമ്പര്യത്തെ അപ്പാടെ തള്ളിക്കളയാതെ അവയെ പരിഷ്കരിച്ചു‌കൊണ്ടാണ് ഗുരു ഇതെല്ലാം സാധ്യമാക്കിയത്. തഴയപ്പെട്ടവരെ ഒന്നാകെ ആധുനിക മനുഷ്യരാക്കിത്തീർക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വളർച്ചയുണ്ടാകണമെന്നും അത് ഏതെങ്കിലുമൊരു കുലത്തിനു മാത്രമായി ഒതുങ്ങരുതെന്നുമാണ് ഗുരു ആഗ്രഹിച്ചത്. ഗുരു, ക്ഷേത്രങ്ങൾ സ്ഥാപിച്ചത് മനുഷ്യകുലത്തിന്റെ വളർച്ച ദൈവവിശ്വാസത്തിലും ഭക്തിയിലും അധിഷ്ഠിതമായിട്ടായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ്. ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും തുറന്നു.

വിദ്യാഭ്യാസം, ശുചിത്വബോധം, കൃഷി, കൈത്തൊഴിൽ, വ്യവസായം, ശാസ്ത്ര സാങ്കേതികവിദ്യ, ആരോഗ്യം, സാമ്പത്തികവളർച്ച എന്നിവയിൽ ഉന്നതി പ്രാപിക്കണമെന്ന ലക്ഷ്യത്തോടെയാണു ശിവഗിരി തീർഥാടനം വിഭാവനം ചെയ്യപ്പെട്ടത്. ആണ്ടിലൊരിക്കൽ രാജ്യത്തിന്റെ നാനാഭാഗത്തും നിന്ന് ആളുകൾ മഞ്ഞവസ്ത്രവും ധരിച്ച് പണവും ചെലവഴിച്ച് ശിവഗിരിയിൽ ചെന്ന് വീട്ടിലേക്കു മടങ്ങുകയല്ല ഉദ്ദേശ്യമെന്നു ഗുരു പറഞ്ഞു. അനാവശ്യമായി പണം ചെലവു ചെയ്യരുത്. എന്തു പ്രവൃത്തിക്കും കാതലായ ഒരു ലക്ഷ്യമുണ്ടാകണം. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കച്ചവടം, സാങ്കേതിക പരിശീലനങ്ങൾ, കാർഷികവൃത്തി തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവരെ കൊണ്ടുവന്ന് പ്രഭാഷണങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കാൻ ഗുരു നിർദേശിച്ചു. സമൂഹം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും മുന്നേറണം. അതുവഴി വ്യക്തിക്കും കുടുംബത്തിനും നാടിനും അഭിവൃദ്ധി കൈവരും. അങ്ങനെ ജീവിതം മാതൃകാപരമാക്കാൻ ഈ തീർഥാടനം കൊണ്ടു സാധിക്കണം.

ഈശ്വരാരാധനയ്ക്ക് ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ലെന്നും ഗുരു നിർദേശിക്കുന്നുണ്ട്. ശിവഗിരി തീർഥാടനത്തിന് നീണ്ട വ്രതവും കഠിന വ്യവസ്ഥകളുമൊന്നും ഗുരു നിർദേശിച്ചിട്ടില്ല. പത്തു ദിവസത്തെ വ്രതം മാത്രം മതിയാകും. അതു ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിക്കാം. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി എന്നിവ പാലിക്കണം. ഗൃഹസ്ഥർക്കു വെള്ളവസ്ത്രവും സന്യാസിമാർക്കു കാഷായവും തീർഥാടകർക്കു മഞ്ഞവസ്ത്രവും നിർദേശിച്ചു. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും വസ്ത്രം മഞ്ഞയാണ്. അതു തീർഥാടകർക്ക് ഉചിതമായിരിക്കുമെന്നു ഗുരു വിശ്വസിച്ചു. മനുഷ്യരെ മാത്രമല്ല, അവർ ജീവിക്കുന്ന പ്രകൃതിയെയും അവരുടെ സംസ്കാരമാവേണ്ട മാനവികതയെയും ഗുരു അതീവ ലളിതമായ കർമപദ്ധതികളിലൂടെ അവതരിപ്പിക്കുകയാണെന്നു കാണാം.

(മാർത്തോമ്മാ സഭ പരമാധ്യക്ഷനായ ലേഖകന്റെ പിഎച്ച്ഡി ശ്രീനാരായണ ഗുരു ദർശനങ്ങളിലാണ്)

Content Highlight: Sree Narayana Guru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com