ADVERTISEMENT

യുഎസിൽ കഴിഞ്ഞ നവംബർ മൂന്നിനു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജോ ബൈഡൻ നിലവിലുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വ്യക്തമായ മാർജിനാണു പരാജയപ്പെടുത്തിയത്.

എന്നാൽ, നേരിട്ടല്ലാത്ത തിരഞ്ഞെടുപ്പിന് അവസരം നൽകുന്നതാണ് യുഎസ് ഭരണഘടനാ വ്യവസ്ഥകൾ. അതനുസരിച്ച് ഓരോ സംസ്ഥാനവും ജയിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ കോളജ് പ്രതിനിധികളെയും ലഭിക്കും. ഇത് ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങൾക്ക് ആനുപാതിക തോതിനെക്കാൾ കൂടുതൽ പ്രതിനിധികളെ ലഭ്യമാക്കും. 1787ൽ യുഎസ് ഭരണഘടനയ്ക്കു രൂപം നൽകിയപ്പോൾ ചെറിയ സംസ്ഥാനങ്ങൾക്കു നൽകിയ പ്രത്യേക പരിരക്ഷയാണിത്. 

വംശീയവാദികൾക്കു മേൽക്കയ്യുള്ള ഈ ചെറുസംസ്ഥാനങ്ങൾ എപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തിയായിരുന്നു. ഡമോക്രാറ്റുകൾക്കു സ്വാധീനമുള്ള വലിയ സംസ്ഥാനങ്ങളായ കലിഫോർണിയയ്ക്ക് 55ഉം ന്യൂയോർക്കിന് 29ഉം പ്രതിനിധികളാണുള്ളത്. ഏതു ഭാഗത്തേക്കും തിരിയാവുന്ന ചില സംസ്ഥാനങ്ങളാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാവുന്നത്. പെൻസിൽവേനിയ(20), മിഷിഗൻ (16), വിസ്കോൻസെൻ(10) എന്നിവയാണവ.

പ്രസിഡന്റ് ലിൻഡൻ ജോൺസൻ വർഗതുല്യതാ നിയമം കൊണ്ടുവന്ന 1960കൾക്കു ശേഷം ടെക്സസ്(38), ജോർജിയ(16) എന്നീ സംസ്ഥാനങ്ങൾ ഡമോക്രാറ്റുകളെ കൈവിട്ടു. ജോലിയിൽനിന്നു വിരമിച്ചശേഷം വെള്ളക്കാരുടെ ഇഷ്ട താമസസ്ഥലമായ ഫ്ലോറിഡ (29 വോട്ട്) ആർക്കുമൊപ്പം സ്ഥിരമായി നിൽക്കാറില്ല. ക്യൂബയിൽനിന്നുള്ള അഭയാർഥികളും അവരുടെ പിൻഗാമികളും റിപ്പബ്ലിക്കൻ പാർട്ടിയുടെ കാസ്ട്രോവിരുദ്ധ നയങ്ങളോടു താൽപര്യമുള്ളവരാണു താനും. 

തൊഴിലാളികളും ഇടത്തരക്കാരുമായ വെള്ളക്കാരുടെ വികാരം ഭംഗിയായി ചൂഷണം ചെയ്താണ് ട്രംപ് അധികാരത്തിലെത്തിയത്. ആഗോളവൽക്കരണം തൊഴിൽ നഷ്ടമാക്കിയ വെള്ളക്കാർ കുടിയേറ്റക്കാരെ പ്രശ്നക്കാരായിക്കണ്ട് അവർക്കെതിരെ തിരിഞ്ഞു. ട്രംപ് ഇതു മുതലാക്കി. 2016ൽ ഹിലറി ക്ലിന്റനെക്കാൾ കുറവു ജനകീയ വോട്ടാണു ലഭിച്ചതെങ്കിലും, കൂടുതൽ ഇലക്ടറൽ കോളജ് പ്രതിനിധികളെ കിട്ടിയതിനാൽ അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തി. കഴിഞ്ഞ നാലു വർഷവും ഈ പിന്തുണ നിലനിർത്തുന്നതിനായുള്ള കളികളിലായിരുന്നു. വെള്ളക്കാരുടെ പിന്തുണ നിലനിർത്താനായി കെട്ടുകഥകൾ മെനയാനും മുൻവിധികൾ മുതലാക്കാനും അദ്ദേഹം ബോധപൂർവം ശ്രമിച്ചുപോന്നു. 

ജുഡീഷ്യറിയിൽ വലതുപക്ഷ ചിന്താഗതിക്കാരായ ജഡ്ജിമാരെ നിറച്ചു. വനിതകളുടെ അവകാശങ്ങൾ (ഗർഭഛിദ്രത്തിനുൾപ്പെടെ), സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച സുപ്രീംകോടതി വിധികൾ ഇങ്ങനെ മാറ്റിമറിക്കാനായി. സുപ്രീം കോടതിയിലെ ഒഴിവുകളിലും ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അദ്ദേഹം ഇത്തരക്കാരെ നിയമിച്ചു. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഇഷ്ടാനുസരണം മാറ്റി. സമൂഹമാധ്യമങ്ങൾ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കി. രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടത്തിലാക്കി ഇത്തരം നടപടികളിലൂടെ അദ്ദേഹം സ്വന്തം കുടുംബത്തിന്റെ ബിസിനസ് മെച്ചമാക്കാൻ വഴിതേടുകയായിരുന്നു. 

തിരഞ്ഞെടുപ്പിനുശേഷം അധികാരക്കൈമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം അദ്ദേഹം മനഃപൂർവം അവഗണിച്ചു. പരാജയപ്പെട്ടിട്ടും കഴിഞ്ഞ രണ്ടു മാസവും അദ്ദേഹം അത് അംഗീകരിക്കാതെ എതിരാളി കൃത്രിമം കാട്ടി എന്ന പ്രചാരണത്തിനാണു ശ്രദ്ധിച്ചത്. ഒട്ടേറെ കോടതികളിൽ ബൈഡന്റെ വിജയം ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. ട്രംപ് ഹാജരാക്കിയ ‘തെളിവുകൾ’ അദ്ദേഹം നിയമിച്ച ജഡ്ജിമാർ ചിരിച്ചുതള്ളി. എന്നിട്ടും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല. 

ഓരോ സ്ഥാനാർഥിക്കും ലഭിച്ച ഇലക്ടറൽ കോളജ് പ്രതിനിധികളെക്കുറിച്ചു സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകുന്ന അവസാനഘട്ടത്തിലും ട്രംപ് ഉടക്കുണ്ടാക്കി. യുഎസ് കോൺഗ്രസിലെ തന്റെ അനുയായികളെക്കൊണ്ട് അവരുടെ വിജയം ചോദ്യംചെയ്യിക്കാനായി ശ്രമം. തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കുന്നതിനുള്ള ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ബൈഡൻ – ഹാരിസ് വിജയം തള്ളിക്കളയാൻ തന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അതും ഫലിക്കുന്നില്ലെന്നു കണ്ടാണ് അനുയായികളോട് കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചു കടന്ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം അലങ്കോലമാക്കാൻ ട്രംപ് ആഹ്വാനം ചെയ്തത്. 

യുഎസ് കോൺഗ്രസ് സമ്മേളനത്തെ അക്രമാസക്തരായ ജനക്കൂട്ടം അലങ്കോലപ്പെടുത്തുന്നതിന് ലോകം ഞെട്ടലോടെ സാക്ഷിയായി. അധികാരമേറ്റാലുടൻ ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെ ഉച്ചകോടിക്ക് ആതിഥ്യമരുളാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ആലോചിച്ചിട്ടുണ്ട്. 

അധികാരമൊഴിഞ്ഞാലും ട്രംപ് വലിയ ശല്യമാകുമെന്ന സൂചന വ്യക്തമാണ്. 7.4 കോടി വോട്ടർമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടല്ലോ. വ്യാപാരരംഗത്ത് ഉടക്കിട്ട ട്രംപിനെ അവഗണിച്ച് ചൈന ആർസിഇപി എന്ന ലോകത്തെ ഏറ്റവും വലിയ വ്യാപാരസഖ്യം യാഥാർഥ്യമാക്കുകയും യൂറോപ്യൻ യൂണിയനുമായി നിക്ഷേപ കരാറുണ്ടാക്കുകയും ചെയ്തു. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അക്കൗണ്ട് മരവിപ്പിച്ചതോടെ സുഗമമായ അധികാരക്കൈമാറ്റത്തിനു ട്രംപ് തയാറായിട്ടുണ്ട്. ആദ്യമായി തോൽവി അംഗീകരിക്കുന്ന നടപടി. 

kcsingh
കെ.സി. സിങ്

ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും യുഎസിലെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കുഴപ്പമില്ലാതെ നിലനിൽക്കുന്നുണ്ട്. വിഭാഗീയതയും വിദ്വേഷവും ഒഴിവാക്കി ലോക നേതൃത്വത്തിലേക്കു യുഎസിനെ മടക്കിക്കൊണ്ടുവരാൻ ബൈഡനു കഴിയുമോ? കഴിഞ്ഞ ദിവസം കാപ്പിറ്റോളിൽ അരങ്ങേറിയ നാടകം അത്ര ശുഭപ്രതീക്ഷ നൽകുന്നതല്ല. 

 

(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com