വാക്സീനില്ലാത്ത വ്യാധി!

Fake
SHARE

ഒരു വർഷമായി നമ്മൾ ആവർത്തിച്ച് ഉപയോഗിച്ചു വരുന്ന വാക്കാണ് Epidemic. സാംക്രമികരോഗം, പകർച്ചവ്യാധി എന്നൊക്കെ അർഥം. Epidemic നെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രമാണ് Epidemiology അഥവാ സാംക്രമിക രോഗശാസ്ത്രം. കോവിഡ്കാലത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രത്യേക ഊന്നൽ കൊടുക്കുന്ന താരതമ്യേന പുതിയ പ്രയോഗമാണ് Infodemic എന്നത്. വിവരവ്യാധിയെന്നോ സാംക്രമിക വിവരബാധയെന്നോ മലയാളത്തിൽ വിളിക്കാം. വൈറസ് പടരുന്നതു പോലെതന്നെ പടരുന്ന വിവരങ്ങളുടെ മഹാപ്രവാഹത്തെയാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗവേഷണഫലങ്ങളും ശാസ്ത്രീയ പഠനങ്ങളും സർക്കാരുകളുടെയും ഏജൻസികളുടെയും അറിയിപ്പുകളും മുതൽ വ്യാജവിവരങ്ങളും അശാസ്ത്രീയ വ്യാഖ്യാനങ്ങളും വരെ ഇതിൽ പെടും. 

ഈ വിവരവ്യാധിയെക്കുറിച്ചുള്ള പഠനത്തെ Infodemiology എന്നു വിളിക്കാമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. വിവരവ്യാധി ശാസ്ത്രം എന്നു നമുക്കു പരിഭാഷപ്പെടുത്താം. വിവരങ്ങളുടെ മഹാപ്രവാഹത്തിൽനിന്നു തെറ്റായവയെ ഒഴിവാക്കാനും ശരിയായവയെ തിരിച്ചറിയാനും Infodemiologyയിലൂടെ കഴിയണം. വിവരവ്യാധിക്കാലത്ത് വസ്തുതകളെയും വ്യാജനെയും തിരിച്ചറിയാൻ ഈ രംഗത്തെ വിദഗ്ധർ മുന്നോട്ടു വച്ച ചില നിർദേശങ്ങൾ ലോകാരോഗ്യ സംഘടന സമാഹരിച്ചിട്ടുണ്ട്. അവയിൽ ചിലത്:

  ഇവ ശ്രദ്ധിക്കാം 

1. സ്രോതസ്സ് വിലയിരുത്തുക: വിവരം കിട്ടിയ സ്രോതസ്സു വിശ്വസനീയമാണോ? സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നാണെങ്കിൽ ആ അക്കൗണ്ട് ആരുടേതാണ്, അത് എത്രകാലമായി നിലവിലുണ്ട്, അവരെ ഫോളോ ചെയ്യുന്നവരെത്ര എന്നെല്ലാം ശ്രദ്ധിക്കുക. വിശ്വസനീയമെന്നു തോന്നുന്നതു മാത്രം സ്വീകരിക്കുക. വെബ്സൈറ്റുകളാണെങ്കിൽ അവയുടെ About Us, Contact Us, എന്നീ പേജുകൾ പരിശോധിക്കുക. വാട്സാപ് ഫോർവേഡായി വരുന്ന വിഡിയോകളും ചിത്രങ്ങളും കണ്ണടച്ചു വിശ്വസിക്കരുത്. അവയുടെ ആധികാരികത പരിശോധിക്കുക.

2. തലക്കെട്ടുകൾക്കപ്പുറം ശ്രദ്ധിക്കുക: പെട്ടെന്നു ശ്രദ്ധ പിടിച്ചു പറ്റുന്ന തരം തലക്കെട്ടുകളും അടിക്കുറിപ്പുകളുമായിരിക്കും മിക്കപ്പോഴും വ്യാജവിവരങ്ങൾക്ക്. വിശ്വസിക്കും മുൻപ് മുഴുവൻ വായിക്കുക/കാണുക/കേൾക്കുക. വിവരങ്ങൾക്കായി അച്ചടിമാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുക.

3. തയാറാക്കിയതാര്: നമ്മുടെ കയ്യിൽ കിട്ടിയ വിവരം/വാർത്ത എഴുതിയതാര് എന്നു പരിശോധിക്കുക. ആ ആളെക്കുറിച്ച് ഓൺലൈനിൽ കൂടുതൽ തിരയുക. ആധികാരികതയുള്ള   ആളാണോ എന്നു പരിശോധിക്കുക.

4. തീയതി പരിശോധിക്കുക: ഒരു വിവരശകലം കയ്യിലെത്തുമ്പോൾ അതിന്റെ പഴക്കം ശ്രദ്ധിക്കുക. പഴയ വിഡിയോ/ ചിത്രം/ വിവരം എന്നിവ ഉപയോഗിച്ചാണ് പുതിയ സംഭവങ്ങളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് എന്നതുകൊണ്ട് ഇതു വളരെ പ്രധാനമാണ്.

5. അനുബന്ധ വിവരങ്ങൾ: വസ്തുതകൾ, കണക്കുകൾ, വിദഗ്ധരുടെ അഭിപ്രായം, പഠനങ്ങളിൽനിന്നുള്ള ഉദ്ധരണികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാകും വസ്തുതാപരമായ വാർത്തകൾ/വിവരങ്ങൾ. അവ പരിശോധിക്കുക. ഇതു പങ്കുവയ്ക്കുന്നതിലൂടെ ആരുടെയെങ്കിലും ഗൂഢലക്ഷ്യങ്ങളെ നമ്മൾ പിന്തുണയ്ക്കുകയാണോ എന്നു ‌സ്വയം പരിശോധിക്കണമെന്ന‌ും ലോകാരോഗ്യ സംഘടന പറയുന്നു.

ഒരു വിവരം/ദൃശ്യം വ്യാജമാണെന്ന് അറിയാമെങ്കിൽ, അതു നമ്മളെ വിഷമിപ്പിക്കുകയോ ക്ഷുഭിതനാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ തമാശയ്ക്കു പോലും ഷെയർ ചെയ്യാതിരിക്കുക. കോവിഡിനെ തോൽപിക്കുന്നതിനൊപ്പം, വിവരവ്യാധിയെയും നിയന്ത്രിക്കേണ്ട വർഷമാണ് 2021. നമ്മുടെ ശ്രദ്ധയും കരുതലും മാത്രമാണ് വിവരവ്യാധിക്കുള്ള വാക്സീൻ.

English Summary: Vireal - reality behind the video photos and messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA