ADVERTISEMENT

മലമ്പുഴയിൽനിന്നു യക്ഷി ഇറങ്ങാൻ പോ‍കുകയാണ്. രണ്ടുമൂന്നു ദിവസം യൂത്ത് കോൺഗ്രസുകാർ അവിടെ ചിന്തൻ ‍ബൈഠക് നടത്തിയപ്പോൾത്തന്നെ അതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. കരിമ്പ‍നകളിൽ കാറ്റുപിടിക്കുകയും ഏഴിലംപാലകൾ പൂത്തുവിരിയു‍കയും ചെയ്യുന്നുണ്ടായിരുന്നു. പന‍കളിൽ നിന്നും പാല‍കളിൽ നിന്നും ഇറങ്ങിയ യക്ഷി‍കൾ തിരുവനന്തപുരത്തെ ഇന്ദിരാഭവനിലേക്ക് യാത്ര തുടങ്ങി എന്നാണു വാർത്ത. 

ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ തുടങ്ങിയ മഹാമാന്ത്രികന്മാരാണ് യക്ഷി‍കളെ ആവാഹിച്ചു തിരുവനന്തപുരത്ത് എത്തിക്കുന്നത്. പണ്ടൊക്കെ മൂർത്തി‍കളെയും ദുർദേവ‍തകളെയും ‍ആവാഹി‍ച്ചു കുട‍ത്തിലടച്ച് കെപിസിസി ആസ്ഥാനത്തു കൊണ്ടുവന്നിരുന്നത് ചരൽക്കുന്ന്, തോട്ടുമുഖം തുടങ്ങിയ ക്യാംപ് സെന്ററുകളിൽനിന്നായിരുന്നു. അതുകൊണ്ടു വലിയ പ്രയോജനമുണ്ടായില്ല. എന്നാൽ, മലമ്പുഴയിൽനിന്നു തന്നെയാകാം ഉച്ചാ‍ടനപ്രക്രിയ എന്നു ഷാഫിയും ശബരി‍യും തീരുമാനിച്ചു. വളരെക്കുറച്ചു ഡിമാൻഡേ ഇവർക്കുള്ളൂ. തിരഞ്ഞെടുപ്പിലെ സ്ഥിരം കഥാപാത്രങ്ങളായ മൂത്തോർപക്ഷത്തെ ഇക്കുറി ഷെഡ്ഡിലിരുത്തണം. പകരം ഉശിരുള്ള യൂത്തന്മാരെ നാട്ടുകാർക്കു മുന്നിലിട്ടു കൊടുക്കണം. പക്ഷേ, അവർ വിചാരിക്കുന്ന‍തു പോലെ കോൺഗ്രസിലെ സീനിയർ സിറ്റിസൺ‍സിന്റെ പല്ലും നഖവും മുടിയും ഇന്ദിരാഭവന്റെ മുറ്റത്തു ചിതറിക്കിടക്കാൻ സാധ്യതയില്ല. ഇളമുറക്കാരെ നിഷ്പ്രഭരാക്കുന്ന മഹാമാന്ത്രികരാണ് കെപിസിസി ആസ്ഥാ‍നത്തുള്ളത്.

ഹസൻജിയുടെ ഉദ്ദേശ്യശുദ്ധി 

കോൺഗ്രസുകാർക്കു മാത്രം ഉണ്ടാകുന്ന അപൂർവ സ്വഭാവവിശേഷമാണ് ഉദാരത. പ്രത്യേകിച്ചും, കെ.മുരളീധരനെപ്പോലുള്ളവർക്ക്. മുസ്‌ലിം ലീഗ് കൂടുതൽ സീറ്റു ചോദിക്കുന്നതിനു മുൻപു തന്നെ അദ്ദേഹം ഉദാരമനസ്കനായി. ലീഗിന് അൽപം സീറ്റു കൂട്ടിക്കൊടുക്കണമെന്നു പറയുകയും ചെയ്തു. സത്യം പറഞ്ഞാൽ, മുരളീധരൻ പറയുന്നതിൽ തെല്ലും തെറ്റില്ല. ലീഗില്ലെങ്കിൽ അദ്ദേഹത്തിനു വടകരയിൽ കെട്ടിവച്ച കാ‍ശും അതു കെട്ടിവയ്ക്കാനുപയോഗിച്ച സഞ്ചിയും ക‍ബൂലാക്കാൻ പറ്റില്ല. ആ യാഥാർഥ്യം മുല്ലപ്പള്ളിജിക്ക് ഇനിയും പിടികിട്ടിയിട്ടില്ല. അദ്ദേഹം ഇപ്പോഴും വെൽഫെയർ പാർട്ടിയെ തള്ളിപ്പറയുന്ന തിരക്കിലാണ്. അത് അടഞ്ഞ അധ്യായമാണത്രെ. ഇൗ അധ്യായം തുറന്നത് ആരാണെന്ന് അദ്ദേഹം കൃത്യമായി പറയുന്നുമില്ല. യുഡിഎഫ് കൺവീനർ ഹസൻ‍ജിയുടെ തലയി‍ലാണ് എല്ലാം ചാർത്തിക്കൊടുക്കുന്നത്.

ഹസൻ‍ജി ബ്രീഡ് വേറെയാണ്. ഒരിടത്തും പാതിരാനേരത്ത് തലയിൽ മുണ്ടിട്ടു പോയ ശീലമില്ല. പോകു‍ന്നിടത്തെല്ലാം കൊട്ടും കുരവയും നിർബന്ധമാണ്. അതുതന്നെയാണ് ജമാഅത്തെ ഇസ്‌ലാമി അമീറിനെ കാണാൻ പോയപ്പോഴും സംഭവിച്ചത്. കൊട്ടും പാട്ടും കേട്ട് ചില മാധ്യമപ്രവർത്തകർ ആ ചരിത്രമുഹൂർത്തത്തി‍നു സാക്ഷ്യം വഹിക്കാൻ എത്തി‍ക്കാണും. അതൊന്നും ഹസൻ‍ജിയുടെ കുറ്റമല്ല. അല്ലെങ്കിലും കോൺഗ്രസിൽ തെറ്റാ‍വരം ലഭിച്ച അപൂർവം നേതാക്കളിൽ ഒരാളാണ് ടിയാൻ. തങ്ങൾ അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പൂട്ടിക്കെട്ടുമെന്ന് എത്ര മുൻവിചാരത്തോടെയാണ് അദ്ദേഹം തട്ടിവിട്ടത്! 

കോഴിക്കോടു ജില്ലയിൽനിന്നു നിയമസഭയിലേക്ക് ഒരു കോൺഗ്രസുകാരനും ജയിക്കാതായിട്ട് രണ്ടു പതിറ്റാണ്ടു തികയാൻ അധിക കാലമില്ല. മുല്ലപ്പള്ളിജിയുടെയും മുരളീധരൻജിയുടെയും തട്ടകമാണെന്നു മറക്കരുത്. അവിടെ ഏതെങ്കിലും മുക്കിലും മൂലയിലും കൈപ്പത്തി ചിഹ്നം ഉയരണ‍മെന്നു മാത്രമേ ഹസൻ‍ജി ആഗ്രഹി‍ച്ചിട്ടുള്ളൂ. കഴക്കൂട്ട‍ത്തോ കായം‍കുളത്തോ ചടയ‍മംഗലത്തോ അൽപം വെൽഫെയർ കിട്ടിയിരുന്നെങ്കിൽ ഹസൻജി ഇപ്പോൾ ആരായേനെ?

സ്റ്റോപ് പ്രസ്: പ്രതിപക്ഷവും പി.സി.ജോർജും നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.

ജനപക്ഷവും ഒരു പക്ഷ‍മാണല്ലോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com