പ്രതീക്ഷയോടെ തീരദേശ ജനത

SHARE

ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ (എൻസെസ്) നേതൃത്വത്തിൽ സംസ്ഥാന തീരദേശ പരിപാലന (സിആർസെഡ്) പ്ലാൻ തയാറാക്കൽ അന്തിമഘട്ടത്തിലെത്തിയെന്ന വിവരം കേരളത്തിൽ തീരപ്രദേശങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. അംഗീകാരത്തിനുള്ള തുടർനടപടികൾ വേഗത്തിലാക്കി, 2019ലെ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള ദൂരപരിധി ഇളവുകൾ അർഹരായവർക്കു ലഭ്യമാക്കാൻ ഇനിയും വൈകിക്കൂടാ. അതേസമയം, പരിസ്ഥിതിസംരക്ഷണത്തെ മുൻനിർത്തി കയ്യേറ്റങ്ങൾ കർശനമായി തടയുകയും വേണം.

സുപ്രീം കോടതിവിധിയെത്തുടർന്നാണ്, 2019ലെ ഭേദഗതിവിജ്ഞാപനത്തിന്റെ ഭാഗമായി കേരളം അടിയന്തരമായി രൂപരേഖ തയാറാക്കുന്നത്. അന്തിമാനുമതി വൈകുന്തോറും, നിയമപരമായി നടപ്പാക്കാനാകുന്ന നിർമാണപ്രവർത്തനങ്ങളും മറ്റും അനിശ്ചിതത്വത്തിൽത്തന്നെ തുടരുമെന്നതാണു യാഥാർഥ്യം. പാവപ്പെട്ട കുടുംബങ്ങൾക്കു വീടുനിർമാണത്തിനുള്ള അനുമതി പോലും നൽകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. ലൈഫ് മിഷനിലെ വീടുനിർമാണത്തിനുള്ള അപേക്ഷകൾ വരെ നിരസിക്കപ്പെടുകയാണ്.

തീരദേശ പരിപാലന പ്ലാനുമായി ബന്ധപ്പെട്ട വൈകിയോട്ടത്തിന്റെ അനുഭവങ്ങളാണു നമുക്കുള്ളതെന്നിരിക്കെ ഇക്കാര്യത്തിൽ ആശങ്ക സ്വാഭാവികമാണ്. കേന്ദ്ര വിജ്ഞാപനമിറങ്ങി 6 മാസത്തിനകം പ്ലാൻ തയാറാക്കാനായിരുന്നു നിർദേശമെങ്കിലും ഇതു നടപ്പായില്ല. കഴിഞ്ഞ മാർച്ചിൽ പ്ലാൻ തയാറാക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും പണം അനുവദിക്കുന്നതുൾപ്പെടെ തുടർനടപടികൾ വൈകി. തീരപരിപാലന വിജ്ഞാപനത്തിന്റെ (2011) അടിസ്ഥാനത്തിൽ മുൻപു തീരപരിപാലന പ്ലാൻ തയാറാക്കാൻ കേരളം 6 വർഷമാണെടുത്തത്. എൻസെസ് 2017 നവംബറിലാണ് ആ പ്ലാനിന്റെ കരടു സമർപ്പിച്ചത്. ഇതിന് അന്തിമ അംഗീകാരം ലഭിച്ചതാകട്ടെ 2019 ഫെബ്രുവരിയിലും. പുതുക്കിയ ചട്ടം നിലവിൽ വരുന്നതുവരെ 2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകേണ്ടത്.

കേരളത്തിലെ 10 ജില്ലകളിൽ തീരദേശ മേഖലാ ചട്ടം ലംഘിച്ചുള്ള നിർമാണത്തിന്റെ പേരിൽ 27,735 കേസുകളാണു കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതികൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയിൽ അറിയിച്ചതാണിത്. 2011ലെ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ചട്ടലംഘന നിർമിതികളുടെ കണക്ക്. പുതിയ വിജ്ഞാപനപ്രകാരം നിർമാണങ്ങൾക്ക് തീരത്തുനിന്നുള്ള ദൂരപരിധി കുറച്ചതിനാൽ പകുതിയിലേറെ കെട്ടിടങ്ങളെയെങ്കിലും ഈ പട്ടികയിൽനിന്ന് ഒഴിവാക്കാനാകും. പക്ഷേ, അതിന് അന്തിമ പ്ലാൻ തയാറാകണം. അതുവരെ തീരവാസികൾ ആശങ്കയിൽ കഴിയേണ്ടിവരും.

കരടു പ്ലാനിലെ പ്രധാന മാറ്റങ്ങൾക്കു കേരളത്തിന്റെ തീരദേശത്തെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമാണുള്ളത്. നമ്മുടെ കടൽത്തീരത്ത് സിആർസെഡ് 3 വിഭാഗത്തിൽപെടുന്ന ദ്വീപുകളിൽ തീരത്തുനിന്ന് 200 മീറ്റർ ദൂരപരിധിയിൽ നിർമാണം പാടില്ലെന്ന നിബന്ധന 20 മീറ്ററാക്കി ചുരുക്കുകയാണ്. തീരദേശ വില്ലേജുകളിൽ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 2161നു മുകളിലുള്ള സ്ഥലങ്ങൾ സിആർസി 3 എ വിഭാഗത്തിലേക്കു മാറുന്നതോടെ 200 മീറ്റർ ദൂരപരിധിയിൽ നിർമാണ നിയന്ത്രണം എന്നത് 50 മീറ്ററിലേക്കു ചുരുങ്ങുകയും ജനസാന്ദ്രത കുറഞ്ഞ മേഖലയിൽ 200 മീറ്റർ പരിധി തുടരുകയും ചെയ്യും. വേലിയേറ്റ പ്രഭാവമുള്ള ഉൾനാടൻ ജലാശയ തീരങ്ങളിൽ 100 മീറ്റർ നിർമാണ നിയന്ത്രണപരിധി 50 മീറ്ററാകും.

പക്ഷേ, ദൂരപരിധി ഇളവുകൾ ലഭ്യമാകാൻ ഇനിയും കടമ്പകൾ പിന്നിടാനുണ്ട്. ജില്ലകളുടെ പ്ലാൻ കിട്ടുന്ന മുറയ്ക്ക് കേരള തീരദേശ പരിപാലന അതോറിറ്റി വിശദ പരിശോധനയിലൂടെ അംഗീകരിച്ച് പരിസ്ഥിതി വകുപ്പിന് ഇപ്പോൾ കൈമാറിക്കെ‍ാണ്ടിരിക്കുകയാണ്. പ്ലാൻ പ്രസിദ്ധീകരിക്കാനുള്ള ഉത്തരവ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉടൻ ഇറങ്ങും. പ്ലാൻ പ്രസിദ്ധീകരിച്ച ശേഷം കലക്ടർമാരുടെ നേതൃത്വത്തിൽ ജനങ്ങളുടെ പരാതി കേൾക്കാൻ അടുത്ത മാസം ഹിയറിങ് നടത്താനുള്ള നിർദേശം തിരഞ്ഞെടുപ്പു ബഹളത്തിൽ മുങ്ങിക്കൂടാ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലേ, 2019ലെ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള ദൂരപരിധി ഇളവുകൾ ജനങ്ങൾക്കു ലഭ്യമാകൂ.

തീരദേശ മേഖലയിൽ താമസിക്കുന്നവരെ ബാധിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും പ്ലാൻ തയാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ, നമ്മുടെ തീരദേശ ജനതയ്ക്ക് സിആർസെഡ് പ്ലാനുമായി ബന്ധപ്പെട്ട പ്രയോജനങ്ങൾ ലഭിക്കാൻ വൈകില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധ ഉണ്ടാവുകതന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA