ADVERTISEMENT

കോഴിക്കോട് കുന്നമംഗലത്തെ കുന്നിൻമുകളിൽ തുടക്കമിട്ട് ഇന്നു രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർന്ന ഐഐഎം കോഴിക്കോട് (ഐഐഎംകെ) കാൽനൂറ്റാണ്ടിലെത്തി നിൽക്കുന്നു. ഈ അവസരത്തിൽ ഐഐഎമ്മിനെക്കുറിച്ച്, രാജ്യത്തിന്റെ ചെറുപ്പത്തെകുറിച്ച്, മാറുന്ന കാലത്തിന്റെ ആവശ്യകതകളെക്കുറിച്ച് സംസാരിക്കുന്നു, ഐഐഎംകെ ഡയറക്ടർ ദേബാശിഷ് ചാറ്റർജി

ഐഐഎംകെ കാൽനൂറ്റാണ്ടിലെത്തിയിരിക്കുന്നു... 25 വർഷം മുൻപു ലഭിച്ച രണ്ടു മൊട്ടക്കുന്നുകളിൽ ലോകോത്തര നിലവാരമുള്ള സ്ഥാപനം പടുത്തുയർത്തിയ കഥയാണ് കോഴിക്കോട് ഐഐഎമ്മിനു പറയാനുള്ളത്. എൻഐആർഎഫ് റാങ്കിങ് പ്രകാരം രാജ്യത്തെ മികച്ച 5 ഐഐഎമ്മുകളിലൊന്നാണിത്. ക്യുഎസ് ലോക സർവകലാശാലാ റാങ്കിങ്ങിലും ഇത്തവണ ഇടംകണ്ടെത്തി. ഈ ചെറിയ ടൗണിൽനിന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന സ്ഥാപനമാക്കി ഐഐഎമ്മിനെ മാറ്റിയതിനു പിന്നിലെ അധ്വാനം ചെറുതല്ല. 17 അധ്യാപകർ മാത്രമുള്ളപ്പോഴാണ് ഞാനിവിടെ എത്തുന്നത്. കോഴിക്കോട്ടുള്ളവർക്കു പോലും ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ അതല്ല അവസ്ഥ. ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ഇവിടെയെത്തി ഗവേഷണം നടത്തുന്നു.

മാനേജ്മെന്റിനൊപ്പം മാനവിക വിഷയങ്ങൾ

കഴിഞ്ഞ വർഷമാണ് ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ് എന്ന പ്രോഗ്രാം ആരംഭിച്ചത്. ആദ്യമായാണ് ഒരു ഐഐഎമ്മിൽ ഹ്യുമാനിറ്റീസ് വിഷയങ്ങൾ‍ക്കൊപ്പം മാനേജ്മെന്റ് പഠനവും സംയോജിപ്പിക്കുന്നത്. ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിച്ചവർക്കാണ് കോഴ്സിൽ പ്രവേശനം.

വിപ്ലവകരമായ ചുവടുമാറ്റമാണല്ലോ

അതിൽ വിപ്ലവമൊന്നുമില്ല. പുതിയ കാലത്തിനു യോജ്യമായ മാറ്റം. സാധാരണ ഗതിയിൽ മാനേജ്മെന്റ് പഠിക്കാൻ സാധ്യതയില്ലാത്ത മിടുക്കരായ കുട്ടികളെ ആകർഷിക്കുകയാണു ലക്ഷ്യം. ഡൽഹി സെന്റ് സ്റ്റീഫൻസ്, അശോക സർവകലാശാല എന്നിവിടങ്ങളിൽ നിന്നൊക്കെ വിദ്യാർഥികൾ ഇവിടെയെത്തണം. ഇതൊരു തുടക്കമാണ്. മറ്റു ശാഖകളുമായി കൂടിച്ചേർന്നു പഠിക്കേണ്ടതാണ് മാനേജ്മെന്റ്. കോവിഡ്കാലം അതാണു തെളിയിച്ചത്. മെഡിക്കൽ സയൻസും എൻജിനീയറിങ്ങും മാനേജ്മെന്റുമൊക്കെ ചേർന്നാണ് കോവിഡ്കാലത്തെ പ്രശ്നങ്ങൾ പരിഹരിച്ചത്.

IIM-Kozhikode
ജൂബിലിത്തിളക്കം: ഐഐഎം കോഴിക്കോട് ക്യാംപസ്.

ഐഐഎമ്മിൽനിന്നു പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തെ വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്തുണ്ട്. എന്നാൽ, കോർപറേറ്റ് ലോകത്തിനാവശ്യമുള്ള ആളുകളെ പഠിപ്പിച്ചിറക്കുക മാത്രമല്ല ഐഐഎമ്മിന്റെ കടമ. ഇവിടെ നിന്നിറങ്ങുന്നവർ രാജ്യത്തെ നയിക്കണം. എന്റെയൊരു വിദ്യാർഥി ഒരിക്കൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതാണ് ഏറ്റവും വലിയ സ്വപ്നം.

തുല്യമാകണം അവസരങ്ങൾ

2012നു മുൻപു വരെ രാജ്യത്തെ ഐഐഎമ്മുകളിലെ സ്ത്രീപങ്കാളിത്തം 8% മുതൽ 10% വരെ മാത്രമായിരുന്നു. എന്നാൽ, 2012ൽ 54% പെൺകുട്ടികൾക്കു പ്രവേശനം നൽകി കോഴിക്കോട് ഐഐഎം രാജ്യത്തെ ഞെട്ടിച്ചു. മുൻനിര മാനേജ്മെന്റ് സ്കൂളുകളിൽ നിലനിന്ന ‘ലിംഗ അസമത്വം’ തകർക്കാൻ കോഴിക്കോട് ഐഐഎമ്മിനു സാധിച്ചു. ഇപ്പോൾ രാജ്യത്തെ ഐഐഎമ്മുകളിലെ വിദ്യാർഥികളിൽ 30 ശതമാനത്തിലധികം പെൺകുട്ടികളാണ്.

എങ്ങനെയാണ് സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്നത്?

അവസരങ്ങളിൽ സമത്വം നൽകുക എന്ന തത്വം മാത്രമാണു ഞങ്ങൾ പാലിക്കുന്നത്. സ്ത്രീകൾക്കായി ഇവിടെ സംവരണമൊന്നുമില്ല. എന്നാൽ, പുരുഷന്മാരുടെ കുത്തകയായ കോർപറേറ്റ് ലോകത്ത് സ്ത്രീകൾക്കും തുല്യ അവസരം നൽകുന്നതിനായി ചില നടപടികളെടുത്തിട്ടുണ്ട്. വിദ്യാർഥികൾ മാത്രമല്ല, ബോർഡ് അംഗങ്ങളിൽ 40 ശതമാനവും അധ്യാപകരിൽ 30 ശതമാനവും വനിതകളാണ്.

വിദ്യാഭ്യാസ മേഖലയിലും വിവേചനം ഉണ്ടെന്നാണോ?

ഇന്ത്യയിൽ ഇപ്പോഴും ലിംഗാടിസ്ഥാനത്തിലും മറ്റുമുള്ള വിവേചനം യാഥാർഥ്യമാണ്. കേരളം ഒരുപരിധി വരെ ഇതിന് അപവാദമാണ്. ഒരു കുടുംബത്തിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെന്നിരിക്കട്ടെ; പഠനശേഷം നല്ലൊരു കോച്ചിങ് സ്ഥാപനത്തിൽ ചേരാൻ അവസരം ലഭിക്കുന്നത് ആൺകുട്ടിക്കായിരിക്കും. ഞാൻ ഇന്ത്യയിലെ ഒരു ദലിത് കുടുംബത്തിൽ ജനിച്ച, കറുത്ത നിറമുള്ള പെൺകുട്ടിയായിരുന്നുവെങ്കിൽ ഇന്നുവരെ ലഭിച്ച അവസരങ്ങളൊന്നും എനിക്കു ലഭിക്കുമായിരുന്നില്ല. ഐഐഎം പോലൊരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ഇവിടെ തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചില്ലെങ്കിൽ അതൊരു നാണക്കേടായാണു ഞാൻ കാണുന്നത്. എല്ലാവർക്കും തുല്യ അവസരം ലഭിക്കണം. സമരം ചെയ്യുന്ന കർഷകരും അതുതന്നെയാണു പറയുന്നത്.

‘ഭാരതീയ ചിന്തകളുടെ ആഗോളവൽക്കരണം’ എന്നതാണ് താങ്കൾ ഐഐഎമ്മിനു നൽകിയ ആപ്തവാക്യം. വിശദീകരിക്കാമോ?

ഇന്ത്യയെന്നാൽ ആശയങ്ങളുടെ കൂട്ടമാണ്. ആധുനിക ഇന്ത്യയെക്കാൾ പുരാതന ഇന്ത്യയിലെ ആശയങ്ങൾ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീബുദ്ധന്റെ ദർശനങ്ങൾ ഉപഭൂഖണ്ഡം കടന്ന് വടക്കേ അമേരിക്കയിൽ വരെ സ്വാധീനം സൃഷ്ടിച്ചിരുന്നു. ഭാരതീയ കലകളും നിർമാണശൈലികളും ലോകമെമ്പാടും പ്രസിദ്ധിയാർജിച്ചിരുന്നു.

എന്നാൽ, കോളനിവൽക്കരണത്തിനു ശേഷം അതു തുടരാൻ നമുക്കായില്ല. നമ്മൾ വിദേശികളെപ്പോലെ ചിന്തിക്കാൻ ശ്രമിച്ചു. നമുക്കു നമ്മളായിത്തന്നെ ചിന്തിക്കാൻ സാധിക്കണം. പുരാതന ഭാരതത്തെ ആധുനികതയിലേക്കു പ്രതിഷ്ഠിക്കാനല്ല ഞാൻ ഉദ്ദേശിക്കുന്നത്. എക്കാലവും പ്രസക്തമായ ആശയങ്ങൾ ആധുനിക ലോകത്ത് ഉപയോഗിക്കുക എന്നതാണ്.

മുന്നോട്ടുള്ള പോക്കിൽ 2047 നമുക്കു നിർണായക വർഷമാകും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 100–ാം വർഷം. അന്നു ലോകത്തെ 20% ജനങ്ങളും ഭാരതീയരാകും. അതുകൊണ്ടുതന്നെ നമ്മുടെ ആശയങ്ങളാകണം ലോകത്തെ സ്വാധീനിക്കേണ്ടത്.

നമ്മുടെ വിദ്യാഭ്യാസരീതി എങ്ങനെ മാറണം?

ഇതുവരെയുള്ള വൈദഗ്ധ്യങ്ങളല്ല ഇനി വേണ്ടത്. ഇപ്പോൾ കണക്കിൽ മിടുക്കനായ വിദ്യാർഥി സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒന്നാമനാണ്. കൊമേഴ്സിൽ മിടുക്കു കാട്ടുന്നവൻ രണ്ടാമത്. എന്നാൽ, ഇതു മാറും. കണക്കു കൂട്ടാൻ കംപ്യൂട്ടറുകളും റോബട്ടുകളുമുണ്ടാകും. അതുകൊണ്ടുതന്നെ അത് അറിയാവുന്നവരുടെ പ്രാധാന്യം കുറയും.

കലയ്ക്ക് ഒന്നാം സ്ഥാനം വരും. കാരണം, നമ്മുടെ ആശയങ്ങളും ഭാവനകളും അതു നടപ്പിൽ വരുത്താനുള്ള കഴിവുമാണ് ലോകത്തെ മുന്നോട്ടു നയിക്കാൻ പോകുന്നത്. അതനുസരിച്ചു വേണം വിദ്യാഭ്യാസരീതി ഡിസൈൻ ചെയ്യാൻ.

മികച്ച കരിയർ സ്വപ്നം കാണുന്ന ഇന്ത്യൻ യുവത എങ്ങനെ ചിന്തിക്കണം?

പഠനശേഷം ജോലിക്കായി മാത്രം ശ്രമിക്കുന്ന രീതി മാറണം. അധ്യാപകരല്ല, വിദ്യാർഥികൾ തന്നെയാകും ഭാവിയിൽ കോഴ്സുകളുടെ ഘടന തീരുമാനിക്കുക. 4 വർഷ ബിരുദ കോഴ്സുകൾ ഒരുപക്ഷേ, 20 വർഷം കൊണ്ടാകും അവർ പൂർത്തിയാക്കുക. അതിനിടയിൽ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ലോകപരിചയം നേടാൻ സാധിക്കും. അനുഭവസമ്പത്തിനു പിന്നാലെ പോകൂ. അതിനാണ് ഇനി വിലയുണ്ടാവുക. മാർക്കറ്റിനു വേണ്ട രീതിയിൽ പരിചയസമ്പത്തു സൃഷ്ടിക്കുക. മാർക്കറ്റ് നിങ്ങൾക്കു കാശു തരും.

സർക്കാർ നയങ്ങളിലെ മാറ്റം എങ്ങനെയാകണം?

ചെറുപ്പക്കാരാണു രാജ്യത്തെ നയിക്കേണ്ടത്. നയരൂപീകരണത്തിൽ വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണം. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം വളരെ നല്ലതാണ്. എന്നാൽ, അതെങ്ങനെ നടപ്പാക്കുന്നു എന്നതിലാണു കാര്യം.

12 വർഷം മുൻപാണ് താങ്കൾ കേരളത്തിലെത്തിയത്. കേരളം മാറുന്നുണ്ടോ?

ഇന്ത്യയിലൊരു ആധുനിക സംസ്ഥാനമുണ്ടെങ്കിൽ അതു കേരളമാണ്. എല്ലുമുറിയെ പണിയെടുക്കാനും കാശു സമ്പാദിക്കാനും മലയാളികൾക്കറിയാം. കേരളത്തിനു പുറത്ത് മലയാളികളെക്കാൾ കാര്യക്ഷമതയോടെ ജോലികൾ ചെയ്യുന്നവരെ കാണാനും സാധിക്കില്ല.

എന്നാൽ, അതേ മലയാളികൾ സർക്കാർ ഓഫിസുകളിലും രാഷ്ട്രീയത്തിലും എത്തുമ്പോൾ സ്ഥിതി മാറുന്നു. ചിലപ്പോഴെങ്കിലും പുതു തലമുറ അധ്വാനത്തിൽ പിന്നാക്കം പോകുന്നുണ്ടോ എന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ പുതിയൊരു കേരളം രൂപപ്പെടേണ്ടതുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളോടും കുറച്ചുകൂടി തുറന്ന സമീപനം നമുക്കുണ്ടാകണം. ഉദാഹരണത്തിന്, നല്ല ബംഗാളി ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കേരളത്തിലൊരിടത്തും അതു ലഭിക്കാൻ സാധ്യതയില്ല. കേരളത്തിൽ ഒട്ടേറെ ബംഗാൾ സ്വദേശികളുണ്ടെന്നോർക്കണം. മികവുറ്റ തലച്ചോറുകളാണ് ഇവിടെനിന്നു കയറ്റുമതി ചെയ്യുന്നത്. എന്നാൽ, ഇറക്കുമതി ചെയ്യുന്നത് ആരെയാണ്? രാജ്യത്തെ മികച്ച തലച്ചോറുകൾ ഇവിടെയെത്തിയാൽ കേരളത്തിന്റെ തലവര മാറും.

English Summary: Interview with IIMK director Debashis Chatterjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com