ADVERTISEMENT

ദമ്പതികൾ വീടിനു പുറത്തുള്ള ഷെഡ്ഡിൽനിന്നു രാത്രി എന്തോ ശബ്ദം കേട്ടു. നോക്കിയപ്പോൾ കള്ളന്മാർ! ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥൻ ചോദിച്ചു: നിങ്ങൾ വീടിനകത്തു സുരക്ഷിതരല്ലേ? അതെ എന്ന  മറുപടി കേട്ടപ്പോൾ പറഞ്ഞു – ‘ഇവിടെ ഇപ്പോൾ ആരും ഒഴിവില്ല. തിരക്കൊഴിയുമ്പോൾ ആളെ വിടാം’. 

അൽപനേരത്തിനു ശേഷം ദമ്പതികൾ വീണ്ടും പൊലീസിനെ വിളിച്ചു – ‘ഇനി വരണമെന്നില്ല. ഞങ്ങൾ കള്ളന്മാരെ വെടിവച്ചു കൊന്നു’. നിമിഷങ്ങൾക്കകം പൊലീസ് പാഞ്ഞെത്തി. വീടിനു പുറത്തെ ഷെഡ്ഡിൽനിന്നു കള്ളന്മാരെ പിടികൂടി. അതിനിടെ ദമ്പതികളോടു പൊലീസ് ചോദിച്ചു: നിങ്ങൾ കള്ളന്മാരെ കൊന്നുവെന്നല്ലേ പറഞ്ഞത്? അവർ തിരിച്ചു ചോദിച്ചു:  സ്റ്റേഷനിൽ ആരും ഒഴിവില്ലെന്നല്ലേ നിങ്ങൾ പറഞ്ഞത്?!

നേർവഴികളിലൂടെ നേടാൻ കഴിയാത്ത കാര്യങ്ങൾക്കു തന്ത്രവഴികൾ മാത്രമാണു പരിഹാരം; അവയ്ക്കു കുതന്ത്രങ്ങളുടെ ചേരുവകൾ ഇല്ലാതിരുന്നാൽ മതി. എല്ലാ അസത്യങ്ങളും ഹാനികരമല്ല, എല്ലാ അടവുകളും അപരാധങ്ങളുമല്ല. ചിലതെങ്കിലും മറ്റെല്ലാ വഴികളും അടഞ്ഞവരുടെ അവസാന ശ്രമമാണ്. 

കുറുക്കുവഴികളെ കുറ്റപ്പെടുത്താനാകില്ല. യാത്ര എളുപ്പമാക്കാനും ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കാനുമുള്ള ശേഷി അവയ്ക്കുണ്ടെങ്കിൽ പിന്നെന്തിന് അവയെ സ്വീകരിക്കാതിരിക്കണം? ഉദ്ദേശ്യശുദ്ധിയാണു മാർഗങ്ങളുടെ ശ്രേഷ്ഠത തീരുമാനിക്കുന്നത്. എല്ലാവർക്കും തനതു വഴികളും പ്രവർത്തനരീതികളുമുണ്ടാകും. സ്വന്തം കഠിനാധ്വാനം ലഘൂകരിക്കാനുള്ള ഉത്തോലകങ്ങൾ എല്ലാവരും കണ്ടുപിടിക്കും. അതു ജന്മസിദ്ധമായ കഴിവാണ്. ആർക്കും ദോഷകരമാകാത്ത തനിവഴികൾ സൃഷ്ടിക്കുന്നവരെ ബഹുമാനിച്ചേ മതിയാകൂ.

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com