ADVERTISEMENT

മഞ്ഞിലും മഴയിലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തര തിരസ്കാരങ്ങൾക്കിടയിലും തളരാതെ, കരുത്തു ചോരാതെ 47 ദിവസം പിന്നിട്ട കർഷകസമരത്തിനു പിന്തുണയുമായി നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് സുപ്രീം കോടതി. നിരാകരണത്തിനും അവഗണനയ്ക്കും വെല്ലുവിളിക്കും പകരം അന്നമൂട്ടുന്നവരോടുള്ള കരുതലും ആദരവും സുരക്ഷ ഉറപ്പാക്കലും തന്നെയാണു വേണ്ടതെന്ന് കേന്ദ്ര സർക്കാരിനെ പരമോന്നത നീതിപീഠം ഓർമിപ്പിക്കുന്നു. 

കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കവേ, സമരം കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത രീതിയെ കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി. നിയമങ്ങൾ സംബന്ധിച്ച് കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കുമെന്നും അവരുടെ റിപ്പോർട്ട് വരുന്നതുവരെ നിയമങ്ങൾ നടപ്പാക്കരുതെന്നും ഇല്ലെങ്കിൽ തങ്ങൾക്ക് അങ്ങനെയൊരു നിർദേശം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഭരണഘടനാ ലംഘനമില്ലെങ്കിൽ നിയമങ്ങൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതിക്കു കഴിയില്ലെന്ന വാദമാണു സർക്കാർ ഉയർത്തിയത്. കോടതിയുടെ തീരുമാനം ഇന്നു വ്യക്തമാകും. 

വിഫലമായ തുടർചർച്ചകൾ നടത്തുകയും സമരം പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്തുകയും ചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രത്തിനേൽക്കുന്ന പ്രഹരം കൂടിയായി കോടതി ഇടപെടലിനെ കാണുന്നവരുണ്ട്. അതേസമയം, മരവിപ്പിച്ചാൽ പോരാ, വിവാദ കൃഷിനിയമങ്ങൾ പിൻവലിക്കുകതന്നെ വേണമെന്ന ഉറച്ച നിലപാടിലാണു കർഷകർ. കൃഷിമേഖലയിൽ നിലവിലുള്ള അശാന്തിയും കർഷകരുടെ നിരാശയും തീക്ഷ്ണത പകരുന്ന സമരം രമ്യമായി അവസാനിക്കേണ്ടതു രാജ്യത്തിന്റെ കൂടി ആവശ്യമായിരിക്കുകയാണ്. സമരം കൂടുതൽ വ്യാപകവും തീവ്രവുമാകുകയാണെങ്കിൽ അതിന്റെ ആഘാതം വളരെ വലുതായിരിക്കും. 

കേന്ദ്ര നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് കൊടുംശൈത്യം വകവയ്ക്കാതെ ഡൽഹി അതിർത്തികളിൽ മൂന്നു ലക്ഷത്തോളം കർഷകർ തമ്പടിച്ചിരിക്കുന്നത്. പലരും ഇതിനകം തന്നെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. സമരത്തിനിടെ, അൻപതോളം കർഷകർ മരിച്ചതായാണു സമരസമിതിയുടെ കണക്ക്. പ്രായംചെന്നവരുടെ ആരോഗ്യനില ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ചിലരെങ്കിലും വിഷാദാവസ്ഥയിലാണെന്നു സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നു. കർഷകരിൽ ചിലർ ആത്മഹത്യാഭീഷണി മുഴക്കിയിട്ടുമുണ്ട്. അതിശൈത്യം പോലെതന്നെ മഴയും കർഷകരെ വലയ്ക്കുന്നു. 

അടുത്തതും ഒൻപതാമത്തേതുമായ ചർച്ചയ്ക്ക് 15 വരെ കാത്തിരിക്കണമെന്നതും അനിശ്ചിതത്വം വർധിപ്പിക്കുന്നു. എട്ടാമത്തെ ചർച്ചയും പരാജയപ്പെട്ടതിനെത്തുടർന്നു കർഷകർ സ്വരം കടുപ്പിക്കുകയുണ്ടായി. പ്രക്ഷോഭത്തിനു പിന്തുണയുമായി കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതകൾ തടസ്സപ്പെട്ടതോടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിട്ടുണ്ട്. ഇതിനകംതന്നെ 27,000 കോടി രൂപയുടെ വ്യാപാരനഷ്ടമുണ്ടായതായി ഈയിടെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചിരുന്നു. ചരക്കുനീക്കം തുടർന്നും തടസ്സപ്പെട്ടാൽ അതു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന അവസ്ഥയിലേക്കു നീങ്ങുമെന്നതിൽ സംശയമില്ല. സമരം മൂലം രാജ്യതലസ്ഥാനം സ്തംഭനാവസ്ഥയിലായതും നീളുന്ന സമരം സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചുതുടങ്ങിയതും കാണാതിരിക്കാനും വയ്യ. 

കാലങ്ങളായി രാജ്യത്തെ കർഷകർ അനുഭവിച്ചുവരുന്ന അവഗണനയുടെയും നിരാകരണത്തിന്റെയുമൊക്കെ പ്രത്യാഘാതമാണ് ഈ വലിയ പ്രക്ഷോഭം എന്നതിൽ സംശയമില്ല. കർഷകരെ വിശ്വാസത്തിലെടുത്തും അവർക്കു താങ്ങും തണലും നൽകിക്കൊണ്ടുമാണ് ഏതു ഭരണകൂടവും മുന്നോട്ടുപോകേണ്ടതെന്ന അടിസ്ഥാന സന്ദേശംതന്നെയാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിൽ തെളിയുന്നത്.

English Summary: Supreme court about farmers protest -editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com