ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനാൽ കെട്ടിലും മട്ടിലുംതീർത്തും ജനപ്രിയ ബജറ്റായിരിക്കും മന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിക്കുകയെന്ന് നിരീക്ഷകർ കരുതുന്നു. ഈ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ അടുത്ത സർക്കാരിന്റെ കയ്യിൽ പണമുണ്ടാകുമോ? അതിനുള്ള വഴി ഈ ബജറ്റിൽ നിർദേശിക്കുമോ ? 

ഓരോ ബജറ്റിലെയും അതിശയകരമായ പല പ്രഖ്യാപനങ്ങളും കേൾക്കുമ്പോൾ സാധാരണക്കാർ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട് – ‘‘ഇതു വല്ലതും നടക്കുമോ?’’ മാറിവരുന്ന സർക്കാരുകളുടെ ഒട്ടേറെ പ്രഖ്യാപനങ്ങൾ തറക്കല്ലിൽ ഉറങ്ങുന്നതു കാണുന്നവരിൽനിന്ന് ഇൗ ചോദ്യമുയരുക സ്വാഭാവികം. മന്ത്രി തോമസ് ഐസക് മറ്റന്നാൾ രാവിലെ 9ന് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങുമ്പോഴും ഇൗ പതിവു ചോദ്യം ഉയരാം. രണ്ടു മാസങ്ങൾക്കുള്ളിൽ സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലേക്കു കടക്കുന്നതിനാൽ ഇൗ സർക്കാരിന്റെ കാലത്തെ ഏറ്റവും ജനപ്രിയ ബജറ്റിനായിരിക്കും മന്ത്രി രൂപം നൽകിക്കൊണ്ടിരിക്കുന്നത് എന്നുറപ്പ്. രോമാഞ്ചം കൊള്ളിക്കുന്ന ഈ വാഗ്ദാനങ്ങൾ നടപ്പാകുമോ എന്ന ചോദ്യത്തിനു മറുപടി നൽകേണ്ടതു കാലമാണെങ്കിലും ചില വസ്തുതകൾ നമുക്ക് ഉത്തരത്തിലേക്കുള്ള വഴി കാട്ടിത്തരും.

 വാഗ്ദാനങ്ങൾ ആരു നടപ്പാക്കും? 

സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ ഒന്നിനു മുൻപ് രണ്ടുതവണ നിയമസഭാ സമ്മേളനം ചേർന്നാണു ബജറ്റ് പാസാക്കേണ്ടത്. ആദ്യ സമ്മേളനത്തിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുകയും ബജറ്റിൻമേൽ പൊതുചർച്ച നടത്തുകയും ചെയ്യും. അടുത്ത സമ്മേളനത്തിൽ ബജറ്റിനെക്കുറിച്ച് വകുപ്പു തിരിച്ചുള്ള ചർച്ച നടത്തിയ ശേഷം പാസാക്കും. എന്നാൽ, സാമ്പത്തിക വർഷം ആരംഭിക്കും മുൻപ് രണ്ടാം സമ്മേളനം ചേരാൻ സമയം ലഭിക്കാതിരുന്നാൽ ആദ്യ സമ്മേളനത്തിൽത്തന്നെ ആദ്യ 4 മാസത്തേക്കു പണം ചെലവിടുന്നതിനുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. സാമ്പത്തിക വർഷം ആരംഭിച്ച ശേഷമാകും രണ്ടാം സമ്മേളനം ചേർന്ന് ബജറ്റ് പൂർണമായി പാസാക്കുക. 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസമോ മാർച്ചിലോ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തവണ രണ്ടാം സമ്മേളനം വിളിക്കാൻ സർക്കാരിനു സമയമില്ല. അതിനാൽ, 4 മാസത്തെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണു 22നു സഭ പിരിയുക. തിരഞ്ഞെടുപ്പു കഴിഞ്ഞു മറ്റൊരു മുന്നണിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ മന്ത്രി ഇപ്പോൾ അവതരിപ്പിക്കുന്ന ബജറ്റ് അപ്രസക്തമാകും. പുതിയ സർക്കാരിന്റെ വികസനനയവും കാഴ്ചപ്പാടും അനുസരിച്ചുള്ള ബജറ്റായിരിക്കും അവർ അവതരിപ്പിക്കുക. 

വാങ്ങിയും മാറ്റിവച്ചും 40,000 കോടി 

എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ ഇപ്പോൾ ബജറ്റിൽ നൽകുന്ന വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, വോട്ടിൽ കണ്ണെറിഞ്ഞു നടത്തിയ പ്രഖ്യാപനങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ പണം തന്നെ വേണമല്ലോ. ഭരണം മാറിയാലും ഇല്ലെങ്കിലും പണമില്ലെന്നതു തന്നെയാകും അടുത്ത സർക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് കണക്കിലെടുത്ത് കേന്ദ്രം അനുവദിച്ച 18,000 കോടിയുടെ അധിക വായ്പയാണ് ഇൗ സർക്കാരിനെ ഇപ്പോൾ അല്ലലില്ലാതെ മുന്നോട്ടു നയിക്കുന്നത്. 

സർക്കാർ ജീവനക്കാർക്കു തിരിച്ചുനൽകേണ്ട സാലറി കട്ട് തുക, മാറ്റിവച്ച ലീവ് സറണ്ടർ, 4 ഡിഎ കുടിശിക, ശമ്പളപരിഷ്കരണം  എന്നിവയ്ക്കെല്ലാം കൂടി 22,000 കോടി രൂപ പുതിയ സർക്കാർ അധികമായി കണ്ടെത്തേണ്ടി വരും. ഫലത്തിൽ വായ്പയെടുത്തും ചെലവു മാറ്റിവച്ചും ഏതാണ്ട് 40,000 കോടിയുടെ നേട്ടം ഇൗ സർക്കാരുണ്ടാക്കി. അധിക വായ്പയെടുക്കൽ സൗകര്യം കിട്ടാതെ അധികഭാരം ചുമക്കേണ്ടിവരുന്ന അടുത്ത സർക്കാർ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ നക്ഷത്രമെണ്ണും. അതിനു പ്രതിവിധിയായി എന്തൊക്കെ നിർദേശങ്ങളാകും ഈ ബജറ്റിലുണ്ടാവുക?

പ്രതീക്ഷകൾ ഇങ്ങനെ

ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് കരുതുന്ന പദ്ധതികളും ആനുകൂല്യങ്ങളും ഏറെ. അവയിൽ ചിലത്.

ക്ഷേമപെൻഷൻ

ക്ഷേമപെൻഷനിൽ 250 രൂപയുടെ വർധന. അപ്പോൾ പെൻഷൻ 1500 രൂപയിൽനിന്ന് 1750 രൂപയാകും. 2000 രൂപ വരെയാക്കി ഉയർത്തുമെന്ന പ്രചാരണവുമുണ്ട്. 60 ലക്ഷത്തിലേറെ പേർക്കാണു ഗുണം ലഭിക്കുക. ബിപിഎൽ കുടുംബങ്ങൾക്കെങ്കിലും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമോ?

മെഡിസെപ്പും ഡിഎയും

സർക്കാർ ജീവനക്കാർക്കായി 5 വർഷം മുൻപു പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപ്’ ടെൻഡർ നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിൽ. ഡിഎ കുടിശികയുടെ പ്രഖ്യാപനത്തിലും പ്രതീക്ഷ.

റബറിന്  200 രൂപ വരെ?

റബറിന്റെ വിലസ്ഥിരതാ പദ്ധതിയനുസരിച്ച് വില 150 രൂപയിൽനിന്ന് 200 രൂപയിലേക്ക്. നെല്ല്, തേങ്ങ എന്നിവയുടെ സംഭരണവിലയിലും വർധന. കൃഷിമേഖലയ്ക്കായി പ്രത്യേക പാക്കേജ്.

പഠിക്കാൻ ഫ്രീ ഇന്റർനെറ്റ്

സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനിടയുള്ളതിനാൽ കുട്ടികൾക്കു സൗജന്യ ഇന്റർനെറ്റ്. തമിഴ്നാട് മാതൃകയിൽ ഒരുദിവസം നിശ്ചിത ജിബി ഡേറ്റ സൗജന്യമായി നൽകുന്ന പദ്ധതി. കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണത്തിനു സമയക്രമം. കുറ്റമറ്റ ഇ-ഗവേണൻസ്.

ലക്ഷങ്ങൾക്കു തൊഴിൽ

കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്.

ടൂറിസത്തിനു പാക്കേജ്

കോവിഡ് മൂലം തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പാക്കേജ്. ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ൻ.

വർധന ലാർജോ, സ്മോളോ ?

വരുമാനം കുറയുമ്പോഴൊക്കെ മദ്യവില കൂട്ടുകയാണു സർക്കാർ. അടിസ്ഥാന വിലയിൽ 7% വർധന വേണമെന്ന് ബവ്റിജസ് കോർപറേഷൻ ശുപാർശ നൽകിക്കഴിഞ്ഞു. ഇതും ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയിൽ വർധന ഒഴിവാക്കുമെന്നാണു സൂചന.

ലോട്ടറിയിൽ മാറ്റം

ഇതരസംസ്ഥാന ലോട്ടറികളുടെ വരവു കണക്കിലെടുത്ത് സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കുമോ? ലോട്ടറി സമ്മാനഘടനയിലും ടിക്കറ്റ് വിലയിലും മാറ്റം വന്നേക്കും.

സിനിമയ്ക്കു സഹായം

കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമാമേഖലയെ രക്ഷിക്കാൻ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്റെ കാലാവധി നീട്ടിയേക്കും.

സ്കൂൾ വിട്ട്  കോളജിലേക്ക്...

സ്കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനം കഴിഞ്ഞ് ഇനി ശ്രദ്ധ കോളജുകളിലേക്ക്. കേരളത്തെ എജ്യുക്കേഷൻ ഡെസ്റ്റിനേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ

വൻകിട പദ്ധതികൾ

വിഴിഞ്ഞം, കോവളം-ബേക്കൽ, ഉൾനാടൻ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടർ മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ.

കെഎസ്ആർടിസിക്കു സഹായം

കെഎസ്ആർടിസിയിൽ വിആർഎസ്, കെ-സ്വിഫ്റ്റ് പദ്ധതികൾ നടപ്പാക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ.

നാളെ: എത്ര മനോഹരമായ സ്വപ്നങ്ങൾ! 

Content Highlight:  Kerala State Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com