ADVERTISEMENT

നന്നായി പഠിച്ചു പരീക്ഷ എഴുതിയിട്ടും ഫലം വന്നപ്പോൾ തോറ്റുപോയ സ്ഥിതിയാണ് ഹജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നു പുറത്തായ കോഴിക്കോട് വിമാനത്താവളത്തിന്റേത്. 2006ൽ രാജ്യാന്തര പദവി ലഭിക്കുന്നതിനു നാലു വർഷം മുൻപേ ഹജ് പുറപ്പെടൽ കേന്ദ്രമായി കഴിവു തെളിയിച്ചതാണ് മുപ്പത്തിമൂന്നാം വയസ്സിലേക്കു കടക്കുന്ന വിമാനത്താവളം. തൊട്ടടുത്ത് വിപുലമായ സൗകര്യങ്ങളുള്ള ഹജ് ഹൗസും സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസും ഉണ്ടായിട്ടുകൂടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഹജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നു കോഴിക്കോട് പുറത്തായത് മലബാറിൽ നിന്നുള്ള തീർഥാടകരെയും വിമാനത്താവളത്തെ സ്നേഹിക്കുന്നവരെയും ഏറെ നിരാശരാക്കുന്നു.

കോവിഡ് പ്രതിസന്ധിയും മറ്റു നിയന്ത്രണങ്ങളും കാരണം രാജ്യത്തെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം 21ൽനിന്നു 10 ആക്കി കുറച്ചതോടെയാണ് കോഴിക്കോട് വിമാനത്താവളത്തിനു പദവി നഷ്ടപ്പെട്ടത്. കേരളത്തിൽ ഇക്കുറി കൊച്ചി മാത്രമാണ് ഹജ് പുറപ്പെടൽ കേന്ദ്രം. അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ.

തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർക്കു കൂടി ഉപയോഗിക്കാവുന്ന കേന്ദ്രം എന്ന നിലയിലാണ് കൊച്ചി അനുവദിച്ചത് എന്നാണ് അധികൃതർ നൽകുന്ന സൂചന. 2015 മുതൽ കൊച്ചി വഴി ഹജ് തീർഥാടകർ പോകുന്നുമുണ്ട്. എന്നാൽ, രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പേർ ഹജ്ജിനു പോകുന്ന മേഖലയാണ് മലബാർ. അവിടെ ഹജ് പുറപ്പെടൽ കേന്ദ്രം നിഷേധിക്കപ്പെട്ടുവെന്നതാണു പ്രശ്നം.

2019ൽ കേരളത്തിൽനിന്നു ഹജ്ജിന് അവസരം ലഭിച്ച 11,472 തീർഥാടകരിൽ 9,329 പേർ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്തപ്പോൾ 2,143 തീർഥാടകർ മാത്രമാണു കൊച്ചി തിരഞ്ഞെടുത്തത്. 2020ൽ സൗദിക്കു പുറത്തുള്ളവർക്ക് ഹജ്ജിന് അനുമതിയുണ്ടായിരുന്നില്ല. ഇത്തവണ 6392 പേരാണു സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചത്. അതിൽ 4981 പേരും മലബാർ മേഖലയിൽനിന്നുള്ളവരാണ്. തൊട്ടടുത്ത് എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കിലോമീറ്ററുകൾ അകലെയുള്ള സംവിധാനം ഉപയോഗിക്കാൻ ഇത്രയും പേരെ നിർബന്ധിതരാക്കുന്ന അവസ്ഥയാണുള്ളത്. പലർക്കും ഒരു ദിവസം മുൻപേ പുറപ്പെടേണ്ടി വരുന്ന സ്ഥിതിയുമാണ്. ഹജ്ജുമായി ബന്ധപ്പെട്ട വ്യാപാരമേഖലയ്ക്കും ഇത് ആശങ്കയാണ്.

റൺവേ അറ്റകുറ്റപ്പണികളുടെ പേരിൽ 2015ൽ കോഴിക്കോട്ടെ ഹജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്കു മാറ്റിയിരുന്നു. വലിയ വിമാനങ്ങളിറക്കാൻ പാകത്തിന് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കാതായതോടെ സമരങ്ങൾ നടന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഹജ് കമ്മിറ്റിയുടെയും ശ്രദ്ധയിൽ പലതവണ വിഷയമെത്തി. ഒടുവിൽ 2019ൽ കേന്ദ്രം ഭാഗികമായി പുനഃസ്ഥാപിച്ചു. തീർഥാടകർക്കു കൊച്ചി വഴിയോ കോഴിക്കോടു വഴിയോ പോകാം എന്ന രീതിയിലായിരുന്നു സംവിധാനം. അപ്പോഴും 80 ശതമാനത്തോളം തീർഥാടകരും തിരഞ്ഞെടുത്തതു കോഴിക്കോടിനെയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനദുരന്തത്തിന്റെ ഞെട്ടലിൽനിന്നു മോചനം നേടുകയും വലിയ വിമാനങ്ങൾക്കു വീണ്ടും അനുമതി ലഭിക്കാനുള്ള സാഹചര്യം ഒത്തുവരികയും ചെയ്തപ്പോഴാണ് ഹജ് പുറപ്പെടലിന്റെ കാര്യത്തിൽ കോഴിക്കോടിനോട് ഈ അവഗണന. ഏറ്റവും കൂടുതൽ ഹജ് തീർഥാടകരുള്ള മേഖലയ്ക്ക് പുറപ്പെടൽ കേന്ദ്രം തിരിച്ചുകിട്ടേണ്ടത് ചരിത്രത്തോടുള്ള നീതികൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com