ADVERTISEMENT

കൊച്ചി മരടിൽ തീരദേശനിയമങ്ങൾ പാലിക്കാതെ കെട്ടിപ്പൊക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചുനീക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. ആ ഫ്ലാറ്റുകളിൽ ജീവിതസ്വപ്നങ്ങൾ നെയ്തവർക്ക് ഇതു നഷ്ടത്തിന്റെ ഒരാണ്ടാണ്. ഏതു ചട്ടലംഘനവും അധികാര സ്വാധീനമുപയോഗിച്ചു നിയമവിധേയമാക്കാമെന്നു കരുതിയവർക്കേറ്റ തിരിച്ചടി കൂടിയായിരുന്നു അത്. ഫ്ലാറ്റുടമകളുടെ മനസ്സിനേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. അവർ വാടകവീടുകളിലും മറ്റും കഴിയുന്നു. ഒരു വർഷത്തിനു ശേഷവും അവർക്കു ലഭിക്കാനുള്ള നഷ്ടപരിഹാരം പൂർണമായും നൽകിയിട്ടില്ല. നിയമം ലംഘിച്ചു ഫ്ലാറ്റ് നിർമിച്ചതിന് ആരാണ് യഥാർഥ ഉത്തരവാദികൾ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരവുമില്ല.

മരട് നഗരസഭയിൽ തീരദേശനിയമം ലംഘിച്ചു പണിത എച്ച്2ഒ ഹോളിഫെയ്ത്, ആൽഫ സെറീൻ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ കഴിഞ്ഞവർഷം ജനുവരി 11,12 തീയതികളിലാണു നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കിയത്. 60 മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങൾ സുരക്ഷിതമായി പൊളിച്ചുനീക്കിയതിലൂടെ ആ ദൗത്യം ദേശീയശ്രദ്ധ നേടുകയും ചെയ്തു. ഫ്ലാറ്റുടമകൾക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകി. ഫ്ലാറ്റ് വാങ്ങിയ വില മാത്രം കണക്കാക്കിയാൽ ഓരോരുത്തർക്കും 12 ലക്ഷം രൂപ മുതൽ 26 ലക്ഷം രൂപ വരെ ഇനിയും ലഭിക്കാനുണ്ട്. 

ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള നഷ്ടപരിഹാര നിർണയ സമിതി സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതനുസരിച്ചു നാലു ബിൽഡർമാരും ചേർന്ന് 110.14 കോടി രൂപ കൂടി കെട്ടിവച്ചാൽ മാത്രമേ ഫ്ലാറ്റുടമകൾക്കു ബാക്കി തുക ലഭിക്കൂ. ബിൽഡർമാർ ഇതുവരെ കെട്ടിവച്ചതു 4.90 കോടി രൂപ മാത്രം. ഇടക്കാല നഷ്ടപരിഹാരം നൽകിയ വകയിൽ സംസ്ഥാന സർക്കാരിനു ചെലവായ 61.50 കോടി രൂപയും ഫ്ലാറ്റ് പൊളിക്കാൻ ചെലവായ 3.60 കോടി രൂപയും തിരികെക്കിട്ടാനും ബിൽഡർമാർ തുക നൽകണം. കോടതിയെ സഹായിക്കാനായി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസിൽ സുപ്രീം കോടതിയുടെ തുടർനടപടികൾ.

ഫ്ലാറ്റുടമകൾക്കു പൂർണമായ നഷ്ടപരിഹാരം നൽകുകയെന്നത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്. മുഴുവൻ ജീവിതസമ്പാദ്യവും ചേർത്തുവച്ചാണു പലരും ഫ്ലാറ്റ് വാങ്ങിയത്. ഫ്ലാറ്റ് വാങ്ങാൻ ചെലവഴിച്ച പണം എത്രയാണെന്നു മാത്രമാണു രേഖകൾ പരിശോധിച്ചു നഷ്ടപരിഹാര നിർണയ സമിതി കണ്ടെത്തിയിട്ടുള്ളത്. വർഷങ്ങൾക്കു മുൻപാണു ഫ്ലാറ്റ് വാങ്ങിയതെന്നതിനാൽ അതിന്റെ മൂല്യവർധന കൂടി നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ പരിഗണിക്കണമെന്ന ആവശ്യവും ഫ്ലാറ്റുടമകൾ മുന്നോട്ടുവയ്ക്കുന്നു. ഫ്ലാറ്റ് പൊളിച്ചപ്പോൾ സമീപവാസികൾക്കുണ്ടായ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇൻഷുറൻസ് പരിരക്ഷ ജനുവരി 10ന് അവസാനിച്ചു. ഇൻഷുറൻസ് തുക ലഭ്യമാക്കാനുള്ള നടപടികൾ മരട് നഗരസഭ അധികൃതർ സ്വീകരിച്ചില്ലെന്നു സമീപവാസികൾ ആരോപിക്കുന്നുണ്ട്. ഫ്ലാറ്റ് പൊളിക്കാനായി മാറിത്താമസിക്കേണ്ടി വന്നവർക്കു മുഴുവൻ വാടക നൽകാനും അധികൃതർ തയാറായില്ല. 

ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ അന്വേഷണത്തിലും പുരോഗതിയില്ല. വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. കേസുകളിൽ ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ബിൽഡർമാരും മരട് പഞ്ചായത്തിലെ അന്നത്തെ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. അന്നത്തെ ഭരണ നേതൃത്വത്തിനെതിരെയുള്ള അന്വേഷണത്തിനു സർക്കാർ അനുമതി നൽകിയിട്ടില്ല. ക്രൈംബ്രാഞ്ച് കേസിനെക്കാൾ മുൻപേ തുടങ്ങിയ വിജിലൻസ് കേസും മരവിച്ച നിലയിൽത്തന്നെ.

മരടിലെ അനധികൃത നിർമാണത്തിന്റെ യഥാർഥ ഉത്തരവാദികൾ ആരെന്നറിയാൻ ശരിയായ രീതിയിൽ അന്വേഷണം നടന്നേതീരൂ. ബിൽഡർമാർക്കെതിരെ  മാത്രമല്ല, അനധികൃത നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കും  അതിനു കൂട്ടുനിന്ന രാഷ്ട്രീയക്കാർക്കുമൊക്കെയെതിരെ മാതൃകാപരമായ നിയമനടപടികളുണ്ടാകണം. എങ്കിൽ മാത്രമേ, ‘മരട്’ ആവർത്തിക്കാതിരിക്കൂ.

English Summary: One year since marad flats demolished -editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com