ADVERTISEMENT

മൂന്നുതവണ കോഴി കൂവുന്നതിനു മുൻപ് നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ തലയിൽ ഒരു കോഴിത്തൂവലെങ്കിലും സ്ഥാനം പിടിക്കണം എന്ന നിർബന്ധബുദ്ധി സ്വാഗതാർഹമാകുന്നു. 

ആടും കോഴിയുമൊക്കെ എല്ലാ നാടുകളിലുമുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ കുറ്റിയിൽത്തന്നെ ആടിനെ കെട്ടണമെന്നും കോഴി പാഠപുസ്തകത്തിൽത്തന്നെ മുട്ടയിടണമെന്നും തീരുമാനിച്ചതിനുള്ള തൂവൽ കേരളത്തിന് അവകാശപ്പെട്ടതാണ്. 

സ്കൂൾ വിദ്യാർഥികൾക്കു വളർത്തിപ്പഠിക്കാൻ ആടിനെ നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ പാത്തുമ്മയുടെ ആടിന്റെ പിൻമുറക്കാർ ദിവസങ്ങളോളം നിർത്താതെ ചിരിച്ചുവെന്നാണ് ബഷീറിന്റെ സ്വദേശമായ തലയോലപ്പറമ്പിൽ നിന്നുള്ള വിവരം. ബഷീറിന്റെ കഥകൾ രാപകൽ വായിച്ചു കൊടുത്താണത്രേ അവയെ ആശ്വസിപ്പിച്ചത്. 

സ്കൂൾ വഴി വിതരണം ചെയ്ത ആ ആടുകൾ കിടന്നിടത്ത് ഇപ്പോൾ പൂടയെങ്കിലുമുണ്ടോ എന്നു വിദ്യാഭ്യാസ വകുപ്പോ മൃഗസംരക്ഷണ വകുപ്പോ അന്വേഷിച്ചിട്ടില്ല. 

കോഴികളെപ്പറ്റി എങ്ങനെയോ നാട്ടിൽ ചില്ലറ അപവാദങ്ങൾ പ്രചരിച്ചിട്ടുണ്ടെങ്കിലും സ്കൂൾ വിദ്യാർഥികൾക്കു കോഴിക്കുഞ്ഞുങ്ങളെ നൽകി പരീക്ഷിക്കാൻ നമുക്കതു തടസ്സമായില്ല.  

കുട്ടികൾക്കു മാർക്കായി മുട്ട നൽകുന്ന പദ്ധതി ഇല്ലാതായതിനെത്തുടർന്നാണ് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ജീവനുള്ള കോഴിയും മുട്ടയും എന്ന ആശയത്തിൽ നമ്മുടെ സർക്കാർ എത്തിയതെന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ നിരീക്ഷണം. 

2020–21ൽ ആറു മുതൽ ഒൻപതു വരെ ക്ലാസുകളിലെ 13,600 കുട്ടികൾക്കു കോഴിക്കുഞ്ഞുങ്ങളെ നൽകാനായിരുന്നു പരിപാടി. കോവിഡ് വസന്ത വന്നതിനാൽ 1102 കുട്ടികൾക്കേ നൽകാൻ കഴിഞ്ഞുള്ളൂ. 

സ്കൂളിൽ പോകണം, സ്കൂളിൽ പോകണം എന്നു ബാക്കി കോഴികൾ നിലവിളിച്ചുകൊണ്ടിരിക്കുന്നതിനാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു കൂടി കോഴിക്കുഞ്ഞുങ്ങളെ നൽകാൻ കഴിഞ്ഞയാഴ്ച തീരുമാനമായി. 

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനു പകരം അവയെ ജീവനോടെ പിടിക്കാൻ വനംവകുപ്പൊരു പദ്ധതിയൊരുക്കി വരികയാണെന്നു കേൾക്കുന്നു. അവയെ സ്കൂളിലയച്ചു പഠിപ്പിക്കാമെന്ന് ഏതെങ്കിലുമൊരു വിദ്യാഭ്യാസ വിചക്ഷണൻ തീരുമാനിച്ചുകളയുമോ എന്ന് ഇക്കഴിഞ്ഞ ദിവസം ഒരു ഹെഡ്മാസ്റ്റർ ആശങ്കപ്പെടുന്നത് അപ്പുക്കുട്ടൻ കേട്ടു. സ്കൂൾ സിലബസിൽ ഒരുവർഷം എത്ര മൃഗങ്ങൾ വരെയാകാം എന്നുകൂടി തീരുമാനിക്കുന്നതു നല്ലതാണ്. 

Content Highlight: Tharangangalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com