കിറ്റും പെൻഷനും ന്യായ്‍യും: മദ്യവില കൂട്ടി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമോ?

kerala-budget-2021-thomas-isaac
SHARE

ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കി ജനങ്ങൾക്കു കൈമാറാനും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുമാണ് ഏതൊരു സർക്കാരും ശ്രമിക്കുക. എന്നാൽ, കഷ്ടപ്പെട്ടു പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം ചെയ്ത് ക്രെഡിറ്റെടുക്കേണ്ടെന്ന മനസ്സും നമ്മുടെ സർക്കാർ ചിലപ്പോൾ കാണിക്കാറുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ വാങ്ങുന്നതിനും മറുപടി നൽകുന്നതിനും ഓൺലൈൻ സൗകര്യമൊരുക്കണമെന്ന കേന്ദ്രസർക്കാരിന്റെയും വിവരാവകാശ കമ്മിഷന്റെയും നിർദേശം കണക്കിലെടുത്താണ് മനസ്സില്ലാമനസ്സോടെ സർക്കാർ ഓൺലൈൻ ആർടിഐ പദ്ധതിക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചത്.

സർക്കാരിനു താൽപര്യമില്ലാത്ത പദ്ധതിയായതിനാൽ ബജറ്റിൽ പ്രഖ്യാപിച്ചില്ല; അധികം വിളംബരം ചെയ്തുമില്ല. ഐടി മിഷൻ പദ്ധതി പൂർത്തിയാക്കി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കാൻ അറിയിപ്പു പ്രസിദ്ധീകരിച്ചിട്ട് ഒരു വർഷമായി. എന്നാൽ, മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ സമയം കിട്ടുംവരെ പദ്ധതി തൽക്കാലം മരവിപ്പിക്കാനാണ് ഐടി മിഷനു ലഭിച്ച നിർദേശം. ഓൺലൈൻ സൗകര്യം തുറന്നു കൊടുത്താൽ വിവരാവകാശ അപേക്ഷകളുടെ എണ്ണം കൂടും. സമയബന്ധിതമായി മറുപടി നൽകാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാകും. രഹസ്യമായിരിക്കാൻ സർക്കാർ ഇഷ്ടപ്പെടുന്ന രേഖകളെല്ലാം പരസ്യമാകും. അതിനാൽ ആ പദ്ധതി ചുരുട്ടിക്കെട്ടി. കടലാസ് രൂപത്തിൽ മറുപടി നൽകുന്നതു വഴി സർക്കാരിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചു ചിന്തിക്കാൻ സർക്കാർ തയാറുമല്ല.

 കിറ്റും പെൻഷനും ന്യായും

മന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതു പോലെ ക്ഷേമപെൻഷൻ വർധനയാണ്. കാരണം, പണം നേരിട്ടു ജനങ്ങളിലെത്തിക്കുന്ന പദ്ധതികൾക്കാണ് ഇപ്പോൾ ലോകമെങ്ങും സ്വീകാര്യത. മറ്റു രൂപത്തിൽ നൽകുന്ന സഹായങ്ങൾ ഇടനിലക്കാർ തട്ടിയെടുക്കുന്നുവെന്ന ആക്ഷേപം കാലങ്ങളായി ഉള്ളതിനാൽ ജനങ്ങൾക്കു പണം മതി. യുഡിഎഫ് 6000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. ക്ഷേമ പെൻഷനായാലും ന്യായ് പദ്ധതിയായാലും നടപ്പാക്കാൻ വേണ്ടതു പണം തന്നെ.

പ്രതിമാസം 915 കോടി രൂപ ചെലവിട്ടാണ് 61 ലക്ഷം പേർക്ക് 1500 രൂപ വീതം ഇപ്പോൾ സർക്കാർ ക്ഷേമപെൻഷൻ നൽകുന്നത്. ഒരു വർഷം 11,000 കോടി രൂപ വരെ ഇതിനു ചെലവാകുന്നുണ്ട്. ന്യായ് പദ്ധതി നടപ്പാക്കിയാൽ ചെലവു നാലിരട്ടിയാകും. ഉദ്ദേശിച്ചത്ര വരുമാന വളർച്ചയില്ലാത്തതിനാൽ കേന്ദ്രം ഇപ്പോൾ തരുന്ന ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിക്കാൻ പോകുകയാണ്. ഏതു മുന്നണി അധികാരത്തിൽ വന്നാലും നികുതിപിരിവ് ഉൗർജിതമാക്കിയേ വരുമാനം വർധിപ്പിക്കാൻ കഴിയൂ. കർശനമായി നികുതി പിരിക്കാൻ തീരുമാനിച്ചാൽ കടകൾ കയറിയുള്ള പരിശോധന വ്യാപകമാക്കേണ്ടി വരും. വിട്ടുവീഴ്ചയില്ലാതെ നികുതി പിരിക്കൽ തുടങ്ങണം. ഇപ്പോൾത്തന്നെ നഷ്ടക്കയത്തിലാണ്ട വ്യാപാരമേഖലയെ ഇതു കൂടുതൽ തളർത്തും. പ്രതിഷേധം വ്യാപകമാകും. ഫലത്തിൽ നാട്ടിൽ തേനും പാലും ഒഴുക്കാൻ നടത്തുന്ന പ്രഖ്യാപനങ്ങൾക്കു പണം കണ്ടെത്താൻ കഴിയാത്ത ഉൗരാക്കുടുക്കിലേക്കാണ് അടുത്ത സർക്കാർ നീങ്ങുക. മദ്യവില കൂട്ടി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന മോഹം ഇനി നടക്കുകയുമില്ല. ലഹരി വേണ്ടവർ മറ്റു മാർഗങ്ങളിലേക്കു തിരിഞ്ഞേക്കാം. അതു സമൂഹത്തിനുണ്ടാക്കുന്ന ആപത്തു പരിഹരിക്കാൻ ഒരു ബജറ്റ് പ്രഖ്യാപനത്തിനുമാകില്ല.

ബജറ്റുകൾ കയറിയിറങ്ങിയ പദ്ധതികൾ

ഇൗ സർക്കാരിന്റെ എല്ലാ ബജറ്റുകളിലും കയറിക്കൂടാൻ ഭാഗ്യം ലഭിച്ച പദ്ധതിയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് പദ്ധതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 10–ാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തതനുസരിച്ച് ഇൗ സർക്കാരാണു പദ്ധതി നടപ്പാക്കിയത്. 

എന്നാൽ, ചികിത്സയ്ക്കു നിശ്ചയിച്ച ചെലവുകൾ അപര്യാപ്തമായതിനാൽ ആശുപത്രികൾ സഹകരിച്ചില്ല. ഒടുവിൽ പദ്ധതി റദ്ദാക്കി. ഇപ്പോൾ പുതിയ ടെൻഡർ തുറക്കാൻ പോകുകയാണു സർക്കാർ. ഇന്നത്തെ ബജറ്റിലും കേൾക്കാം, മെഡിസെപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം. 

കേരളം വൃത്തിയാക്കാൻ ഉറവിട മാലിന്യസംസ്കരണം തന്നെ വേണമെന്ന് ഇൗ സർക്കാരിന്റെ ആദ്യ ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയും ചെയ്തു. തീരദേശത്തിനു 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് കഴിഞ്ഞ ബജറ്റിലും ആവർത്തിച്ചു. എന്നാൽ, ഫയൽ ഇപ്പോഴും കൺസൽറ്റൻസിയുടെ പക്കലാണ്. 

ധൂർത്തു നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് എല്ലാ ബജറ്റിലും മന്ത്രി പറയും. അതു പറച്ചിൽ മാത്രമായി ഇപ്പോഴും ശേഷിക്കുന്നു. അണക്കെട്ടുകളിൽനിന്നു മണൽ വാരുമെന്ന് 2 ബജറ്റുകളിൽ ചേർത്തു. മണൽ ഇപ്പോഴും അണക്കെട്ടുകളിലുണ്ട്.

എന്നു വരും?

വിവിധ സർക്കാരുകൾ കാലാകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിക്കുകയും പിന്നീടു തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന ഒട്ടേറെ പദ്ധതികളുണ്ട് സംസ്ഥാനത്ത്. അഞ്ചും ആറും വർഷം കഴിഞ്ഞാൽപോലും നിർമാണം തുടങ്ങാനാകാത്തതിന്റെ മുഖ്യ കാരണം സർക്കാരുകൾക്ക് ഇച്ഛാശക്തി ഇല്ലാത്തതു തന്നെ. എന്നു പൂർത്തിയാകുമെന്ന് ഇപ്പോഴും ഉറപ്പില്ലാത്ത ചില പദ്ധതികൾ ഇതാ...

തിരുവനന്തപുരം

പദ്ധതി: പള്ളിപ്പുറം മുതൽ കരമന വരെ ലൈറ്റ് മെട്രോ (4000 കോടി)

പ്രഖ്യാപിച്ചത്: 2015-16ൽ

വകുപ്പ്: പൊതുമരാമത്ത്

ഇപ്പോൾ: ഡിപിആർ 

പലവട്ടം മാറ്റി. കഴിഞ്ഞ വർഷം കേന്ദ്രാനുമതിക്കായി അയച്ചു. അനുമതിക്കു കാക്കുന്നു. 

കൊല്ലം

പദ്ധതി: പെരുങ്ങാലം - മൺറോത്തുരുത്ത് (കൊന്നയിൽക്കടവ്) പാലം (26 കോടി)

പ്രഖ്യാപിച്ചത്: 2017ൽ

വകുപ്പ്: പൊതുമരാമത്ത്

ഇപ്പോൾ: 2018ൽ മന്ത്രി ജി. സുധാകരൻ തറക്കല്ലിട്ടു. അനുബന്ധ റോഡ് നിർമാണത്തർക്കത്തിൽ മുടങ്ങിക്കിടക്കുന്നു. 

ആലപ്പുഴ

പദ്ധതി: കൃഷ്ണപുരം മാമ്പ്രക്കന്നേൽ റെയിൽവേ മേൽപാലം (60 കോടി)

പ്രഖ്യാപിച്ചത്: 2017–18ൽ

വകുപ്പ്: ആർബിഡിസികെ 

ഇപ്പോൾ: നിർമാണം തുടങ്ങിയിട്ടില്ല. 202 സെന്റ് ഏറ്റെടുക്കണം. 

പത്തനംതിട്ട

പദ്ധതി: റാന്നി ശബരിമല ഇടത്താവളം (72 കോടി)

പ്രഖ്യാപിച്ചത്: 2010ൽ

വകുപ്പ്: പൊതുമരാമത്ത്

ഇപ്പോൾ: സ്ഥലം വാങ്ങാൻ 65 ലക്ഷം ചെലവിട്ടു. 2016ൽ പൈലിങ് തുടങ്ങി. പല തടസ്സങ്ങൾ കാരണം പൈലിങ് പോലും പൂർത്തിയായിട്ടില്ല. 

കോട്ടയം

പദ്ധതി: റബർ പാർക്ക് 

പ്രഖ്യാപിച്ചത്: 2019ൽ 

വകുപ്പ്: വ്യവസായം

ഇപ്പോൾ: സ്ഥലമേറ്റെടുക്കുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ല.

ഇടുക്കി

പദ്ധതി: ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ് (400 കോടി)

പ്രഖ്യാപിച്ചത്: 2018ൽ 

വകുപ്പ്: ആരോഗ്യം 

ചെലവ്: 400 കോടി ഇപ്പോൾ: സർവേ പൂർത്തിയാക്കി. പദ്ധതിപ്രദേശത്തെ മരങ്ങളുടെ പേരിൽ വനംവകുപ്പുമായി തർക്കം. 

എറണാകുളം 

പദ്ധതി: അങ്കമാലി ബൈപാസ് (275 കോടി)

പ്രഖ്യാപിച്ചത്: 2016ൽ

വകുപ്പ്: പൊതുമരാമത്ത് 

ഇപ്പോൾ: സ്ഥലമേറ്റെടുപ്പിനുള്ള അതിർത്തിക്കല്ലിടൽ ഉടൻ തീർക്കാൻ ശ്രമം. കിഫ്ബി ഫണ്ട് അനുവദിച്ചതു കഴിഞ്ഞ വർഷം. 

തൃശൂർ

പദ്ധതി: കുന്നംകുളം നഗരവികസനം, റിങ് റോഡ് നിർമാണം (172 കോടി)

പ്രഖ്യാപിച്ചത്: 2019ൽ

വകുപ്പ്: പൊതുമരാമത്ത്

ഇപ്പോൾ: കിഫ്ബിയുടെ അംഗീകാരമായി. ഇനി ഭൂമിയേറ്റെടുക്കൽ. 

പാലക്കാട് 

പദ്ധതി:  മണ്ണാർക്കാട് – ആനക്കട്ടി – കോയമ്പത്തൂർ സംസ്ഥാനാന്തര പാതയിലെ 53 കിലോമീറ്റർ നവീകരണവും വികസനവും (93 കോടി)

പ്രഖ്യാപിച്ചത്: 2018–19ൽ

വകുപ്പ്:  പൊതുമരാമത്ത്

ഇപ്പോൾ: പ്രാഥമിക സർവേ  പോലും പൂർത്തിയായില്ല.

മലപ്പുറം 

പദ്ധതി: മലപ്പുറം മേൽപാലം (90 കോടി)

പ്രഖ്യാപിച്ചത്: 2018ൽ

വകുപ്പ്: പൊതുമരാമത്ത് 

ഇപ്പോൾ: പണം അനുവദിച്ചു. സ്ഥലമേറ്റെടുക്കൽ ആരംഭിച്ചില്ല. കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയത്തിന്റെ എൻഒസി ലഭിക്കാത്തതാണു കാരണം. 

കോഴിക്കോട് 

പദ്ധതി: കോഴിക്കോട് മൊബിലിറ്റി ഹബ്

പ്രഖ്യാപിച്ചത്: 2018–19ൽ

വകുപ്പ്: ഗതാഗതം 

ഇപ്പോൾ: സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയാറായെങ്കിലും 2018ലെ പ്രളയത്തോടെ ചർച്ചകൾ പതുക്കെയായി. 

വയനാട് 

പദ്ധതി: വയനാടൻ കാപ്പിയുടെ ബ്രാൻഡിങ് (500 കോടി)

പ്രഖ്യാപിച്ചത്: 2019ൽ

വകുപ്പ്: വ്യവസായം, ധനം, കൃഷി 

ഇപ്പോൾ: രാജ്യാന്തര സെമിനാറിൽ കോഫി വെൻഡിങ് മെഷീൻ പരിചയപ്പെടുത്തൽ മാത്രം നടന്നു. സ്ഥലമേറ്റെടുക്കൽ നിയമ-സാങ്കേതിക തടസ്സങ്ങളിൽ. 

കണ്ണൂർ

പദ്ധതി: അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം (540 കോടി)

പ്രഖ്യാപിച്ചത്: 2018ൽ

വകുപ്പ്: തുറമുഖം

ഇപ്പോൾ: ഡിപിആർ‍ വൈകുന്നതിനാൽ ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ല. 

കാസർകോട്

പദ്ധതി: മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ പാർക്ക് (100 കോടി)

പ്രഖ്യാപിച്ചത്: 2019-20

വകുപ്പ്: വ്യവസായം 

ഇപ്പോൾ: ഐടി വകുപ്പ് വ്യവസായ വകുപ്പിനു സ്ഥലം കൈമാറാത്തത് പദ്ധതി തുടങ്ങുന്നതിനു തടസ്സം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA