ADVERTISEMENT

മൂന്നു വർഷം മുൻപു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് 1500 കോടി രൂപ ചെലവിട്ടുള്ള മലയോര ഹൈവേ. നിലവിലെ റോഡുകൾ വീതികൂട്ടി നിർമിക്കുന്ന ഇൗ ഹൈവേയുടെ ആദ്യ റീച്ചുകളിലൊന്നാണ് തിരുവനന്തപുരം ആര്യനാട് - കള്ളിക്കാട് റോഡ്. ആ പണിയുടെ പുരോഗതിയിൽ നിന്നറിയാം, സർക്കാർ പദ്ധതികളുടെ നടത്തിപ്പുരീതി. ടെൻഡർ ചെയ്തു 2 വർഷമായി. റോഡ് വീതികൂട്ടി ടാറിങ് പൂർത്തിയാകാറായി. എന്നാൽ, ഇതുവരെ റോഡിനു തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിച്ചിട്ടില്ല. കാരണം, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മരത്തിനു വിലയിട്ടാലേ അവ മുറിക്കാൻ ടെൻഡർ ചെയ്യാനാകൂ. ടെൻഡർ ചെയ്യുന്നതിനു മുൻപു മുറിക്കേണ്ട മരം, നിർമാണം പൂർത്തിയാകാറാകുമ്പോഴും അവിടെത്തന്നെയുണ്ട്.

ഒരു പദ്ധതി ആരംഭിക്കും മുൻപ് അതിനോടനുബന്ധിച്ചു വരാവുന്ന തടസ്സങ്ങളും അവിടെ ഒരുക്കേണ്ട മറ്റു സൗകര്യങ്ങളും ഒക്കെ പഠിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കാത്തതുകൊണ്ടാണ് സർക്കാരിന്റെ മിക്ക പദ്ധതികളും വർഷങ്ങളോളം നീണ്ടുപോകുന്നത്. അടിക്കടി വർക്ക് നടത്തുന്നതിലൂടെ കിട്ടുന്ന ‘സന്തോഷ’ത്തിലാണ് ഉദ്യോഗസ്ഥർക്കു താൽപര്യം. അതിനാൽ സ്ഥായിയായ വികസനങ്ങളെ അവർ എതിർക്കും, അല്ലെങ്കിൽ മറക്കും.

തലസ്ഥാനത്തെ പ്രധാന ജംക്‌ഷനായ വട്ടിയൂർക്കാവിലെ തിരക്ക് ഒഴിവാക്കാൻ ഒരു അടിപ്പാത 2016ലെ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ടെൻഡർ ചെയ്തപ്പോഴാണ് അടിപ്പാതയിൽ‌ വെള്ളക്കെട്ട് ഉണ്ടാകുമെന്നു സർക്കാർ തിരിച്ചറിയുന്നത്. അങ്ങനെ അടിപ്പാതയെ മേൽപാലമാക്കി മാറ്റിക്കൊണ്ട് 4 വർഷം കഴിഞ്ഞപ്പോൾ സർക്കാർ പുതിയ ഉത്തരവിറക്കി. അങ്ങനെ ഇതുവരെ ചെയ്തതെല്ലാം വെറുതേയായി. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം.

 നിർമിച്ചുതീരാത്ത നവകേരളം

സമയബന്ധിതമായ പെൻഷൻ വിതരണം, സാമ്പത്തിക പ്രതിസന്ധിക്കിടയിലും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകൽ, ലൈഫ് മിഷനിലൂടെ വീടു നൽകൽ, സ്കൂളുകളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഇൗ സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കിയത്. ദേശീയപാത വികസനം യാഥാർഥ്യത്തിലേക്കു നീങ്ങുകയും ചെയ്യുന്നു. എന്നാൽ, കിണഞ്ഞു ശ്രമിച്ചിട്ടും ഒട്ടേറെ പദ്ധതികൾ ആരംഭിക്കാനാകാതെ പോകുന്നതോ, പാതിവഴിയിലായിപ്പോകുന്നതോ കൂടി പരിഹരിക്കാൻ ശ്രമമുണ്ടാകുക തന്നെ വേണം.

60,000 കോടിയുടെ 821 വികസന പദ്ധതികളാണു സർക്കാർ ഇപ്പോൾ കിഫ്ബി വഴി നടപ്പാക്കുന്നത്. തികഞ്ഞ പ്രഫഷനലിസത്തോടെ കിഫ്ബി പ്രവർത്തിച്ചിട്ടും പദ്ധതികൾ പലതും ഇഴഞ്ഞുനീങ്ങുന്നതിനു മുഖ്യകാരണം, വിവിധ സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ്.

പ്രളയങ്ങൾക്കു പിന്നാലെ നവകേരളം നിർമിക്കാൻ 36,500 കോടി രൂപ വേണമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടിയത്. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സഹായമെത്തി. 1779 കോടി രൂപ ലോകബാങ്കിൽ‌നിന്നു വായ്പ കിട്ടി. റോഡ് പുനരുദ്ധാരണത്തിനായി 1400 കോടിയും വികസനവായ്പയായി 840 കോടിയും കെഎഫ്ഡബ്ല്യു ജർമൻ ബാങ്കിൽ നിന്നു വൈകാതെ ലഭിക്കും. എന്നാൽ, എത്ര പദ്ധതികൾ നവകേരള നിർമാണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയെന്നു ചോദിച്ചാൽ ഉത്തരം പൂജ്യം. 7192 പദ്ധതികൾക്കു സർക്കാർ ഭരണാനുമതി നൽകിയെന്നു മാത്രം.

  സഹായം കാത്ത്  വ്യാപാരികൾ

സംസ്ഥാന ബജറ്റിൽനിന്ന് ഇക്കുറി ഏറ്റവുമധികം സഹായം പ്രതീക്ഷിക്കുന്ന വിഭാഗമാണു വ്യാപാരികൾ. കോവിഡ് വ്യാപനം കാരണം എല്ലാ കച്ചവടകേന്ദ്രങ്ങളും ഗുരുതര പ്രതിസന്ധി നേരിടുന്നു. വരുമാനമില്ലാതെ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത വ്യാപാരികൾ ഒരുവശത്ത്. ജോലി നഷ്ടപ്പെട്ടു ദുരിതത്തിലായ ജീവനക്കാർ മറുവശത്ത്. 

ഇതിനിടെയാണ് നികുതി കുടിശിക അടയ്ക്കാനാവശ്യപ്പെട്ടുള്ള നോട്ടിസുകൾ കിട്ടുന്നത്. ദുരിതക്കയത്തിൽനിന്നു കരകയറ്റാൻ സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. നികുതി നോട്ടിസുകൾ നിർത്തിവയ്ക്കാമെന്ന മന്ത്രിയുടെ ഉറപ്പും ബജറ്റിൽ പ്രതീക്ഷിക്കുന്നു.

വൈകിയെങ്കിലും വന്ന വൈറ്റിലപ്പാലം

കൊച്ചിയെ ഒരു പരിധിവരെ കുരുക്കിൽനിന്ന് അഴിച്ചെടുക്കാൻ നിർമിച്ച വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ ഇൗ സർക്കാരിന്റെ അഭിമാനമാണ്. എന്നാൽ, എല്ലാ പ്രതിസന്ധികളും അതിജീവിച്ചു കൊണ്ടുതന്നെ ഒരു വർഷം മുൻപെങ്കിലും നിർമാണം പൂർത്തിയാക്കാമായിരുന്ന മേൽപാലങ്ങളായിരുന്നു രണ്ടും. 

2017 ഡിസംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടാണ് നിർമാണത്തിനു തുടക്കംകുറിച്ചത്. വൈറ്റിലയിൽ 18 മാസം കൊണ്ടും കുണ്ടന്നൂരിൽ 24 മാസം കൊണ്ടും പാലങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 2 പ്രളയങ്ങളും കോവിഡും കണക്കുകൂട്ടലുകൾ തെറ്റിച്ചു. വൈറ്റിലപ്പാലം പൂർത്തിയാക്കാൻ സർക്കാർ 6 തവണ സമയം നീട്ടിനൽകി. നിർമാണം വൈകാൻ വേറെയുമുണ്ട് കാരണങ്ങൾ.

∙ ഏതു ഗ്രേഡിലുള്ള ബിറ്റുമിൻ ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനം വൈകി. ഐഐടി നിർദേശിച്ച ഗുണനിലവാരം കൂടിയ ബിറ്റുമിൻ ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നു.

∙ ആലുവ ഭാഗത്തേക്കുളള അപ്രോച്ച് റോഡ് നിർമിക്കുന്നതിലും മധ്യഭാഗത്തെ സ്പാനുകൾ സ്ഥാപിക്കുന്നതിലും കാലതാമസം.

∙ ആലുവ ഭാഗത്തേക്കുളള അപ്രോച്ചിൽ റീട്ടെയിനിങ് വോളിനും റോഡിനുമിടയിലുളള ഗ്യാപ് നികത്തി ടാർ ചെയ്യാനും അധികസമയമെടുത്തു.

∙ കെഎസ്ഇബി ലൈൻ മാറ്റാനുണ്ടായ കാലതാമസം.

∙ പാലത്തിൽ മാസ്റ്റിക് ഗ്രേഡ് ടാറിങ്ങിനു വിദഗ്ധ തൊഴിലാളികളെ എത്തിക്കാൻ വൈകി.

∙ മഴമൂലം പണി ഇടയ്ക്കുവച്ചു മുടങ്ങി.

∙ പാലത്തിനടിയിൽ സിഗ്‌നൽ സ്ഥാപിക്കാൻ കെൽട്രോൺ കൂടുതൽ സമയമെടുത്തു. കെഎസ്ഇബി കണക്‌ഷൻ ലഭിക്കാൻ വൈകി.

നീണ്ട നടപടി

ബജറ്റിൽ പ്രഖ്യാപിക്കുന്ന ഒരു പദ്ധതി പൂർത്തിയാക്കാൻ സാധാരണ നിലയിൽ കടക്കേണ്ട കടമ്പകൾ 13 എണ്ണമാണ്. വകുപ്പുകളിൽനിന്നു വകുപ്പുകളിലേക്ക് ഫയൽ കയറിയിറങ്ങി വിവിധ അനുമതികൾ വാങ്ങി ഒടുവിൽ നിർമാണം തീരുമ്പോഴേക്കും സർക്കാരിന്റെ കാലാവധി കഴിയാറാകും. ഒരു റോഡു വീതികൂട്ടാൻ 

വേണ്ട നടപടിക്രമങ്ങൾ നോക്കൂ...

1. നാട്ടുകാരുടെ ആവശ്യവും പ്രദേശത്തിന്റെ വികസനവും സാധ്യതാ പഠനവും കണക്കിലെടുത്ത് ജനപ്രതിനിധികൾ റോഡ് വീതികൂട്ടൽ പദ്ധതി ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുന്നു.

2. റോഡ് നിർമിക്കാനായി ചെലവാകാനിടയുള്ള തുകയടക്കം, ധനമന്ത്രി ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുന്നു.

3. ഇനി ഫയൽ അനങ്ങാൻ നാട്ടുകാരുടെ സമ്മർദവും എംഎൽഎയുടെ ഇടപെടലും വേണം. പിന്നെ പൊതുമരാമത്തു വകുപ്പ് വിശദമായ എസ്റ്റിമേറ്റും ഡിസൈനും തയാറാക്കണം, സാങ്കേതിക അനുമതി നൽകണം.

4. ഇതിനു സമാന്തരമായി ഭൂമിയേറ്റെടുക്കൽ നടപടികളുമായി റവന്യു വകുപ്പു മുന്നിട്ടിറങ്ങണം. ഭൂമി സർവേ ചെയ്തു നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ തന്നെ ഒരു വർഷത്തിലേറെ സമയമെടുക്കും.

5. ഇനി ഭരണാനുമതി. അതു കഴിഞ്ഞാൽ പദ്ധതി ടെൻഡർ ക്ഷണിക്കാം.

6. എസ്റ്റിമേറ്റിനെക്കാൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ആൾക്ക് കരാർ. ആരും കുറഞ്ഞ തുക രേഖപ്പെടുത്തിയില്ലഎങ്കിൽ വീണ്ടും ടെൻഡർ. എന്നിട്ടും ആരും ടെൻഡറിൽ പങ്കെടുത്തില്ലെങ്കിൽ എസ്റ്റിമേറ്റ് തുക ഉയർത്തും.

7. എസ്റ്റിമേറ്റ് തുക ഉയർത്താൻ വീണ്ടും ധനവകുപ്പിന്റെ അനുമതി വേണം. ഫയൽ അവിടേക്ക്.

8. ടെൻഡർ അംഗീകരിച്ചാൽ കരാറുകാരനുമായി കരാറുണ്ടാക്കൽ. ഇനി നിർമാണം തുടങ്ങാം.

9. നിർമാണം ആരംഭിക്കാൻ പാകത്തിൽ റോഡ് തയാറാക്കി കരാറുകാരനു നൽകണമെന്നാണു ചട്ടമെങ്കിലും ടെലിഫോൺ കേബിൾ, ശുദ്ധജല പൈപ്, വൈദ്യുതത്തൂൺ തുടങ്ങിയവയൊക്കെ നീക്കാൻ ആ വകുപ്പുകൾക്കു പിന്നാലെ കരാറുകാരൻ നടക്കണം.

10. ഓരോ വകുപ്പിനും  പണം ലഭിച്ചാൽ മാത്രമേ, അവർ കേബിളും പൈപ്പുമൊക്കെ മാറ്റിത്തുടങ്ങൂ. പണം കൈമാറിക്കിട്ടിയാൽ അവർ ടെൻഡർ ക്ഷണിച്ച് കരാർ നൽകണം. അതുവരെ റോഡുപണി ആരംഭിക്കാതെ കരാറുകാരൻ കാത്തിരിക്കണം. 

11.  റോഡ് വീതികൂട്ടലിനായി വിട്ടുകിട്ടിയ ഭൂമിയിൽ മരങ്ങളുണ്ടെങ്കിൽ വനംവകുപ്പ് അതിന്റെ വില നിർണയിച്ചു റിപ്പോർട്ട് നൽകണം. അതിനു ശേഷമേ മരം ടെൻഡർ ചെയ്തു വിൽക്കാനാകൂ.

12. എല്ലാ തടസ്സങ്ങളും നീങ്ങുമ്പോൾ വർഷം 2 കഴിയും. ഇനി കരാറുകാരനു പണി തുടങ്ങാം. 

ഇതിനിടെ റോഡിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രക്ഷോഭം വേറെ. മഴ, വെള്ളപ്പൊക്കം തുടങ്ങിയ തടസ്സങ്ങളുണ്ടായാൽ പിന്നെയും വൈകും.

13. റോഡ് നിർമാണം പൂർത്തിയായാൽ ഗുണനിലവാര പരിശോധന. പിന്നെ ഉദ്ഘാടനം. അതിനു ചെലവു വേറെ.

നാളെ: ബജറ്റുകൾ കയറിയിറങ്ങിയ പദ്ധതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com