ADVERTISEMENT

ഇടതുപക്ഷത്തിന്റെ ഇന്ത്യയിലെ തന്നെ നിലനിൽപ് കോൺഗ്രസ് മുന്നണിയായ യുഡിഎഫിനെതിരെ സിപിഎം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തുന്ന പോരാട്ടത്തിന്റെ വിധിയെ ആശ്രയിച്ചിരിക്കുന്നു. അതേസമയം, ബംഗാളിൽ നിലനിൽ‍പിനായി അതേ കോൺഗ്രസിന്റെ കൈകോർത്തു പിടിച്ചിരിക്കുന്നു, സിപിഎം. രാഷ്ട്രീയം ശരിക്കും ട്രപ്പീസ് കളി തന്നെയെന്ന് രണ്ടു സംസ്ഥാനങ്ങളിലെ ഈ സഖ്യവൈരുധ്യം വിളിച്ചോതുന്നു.

കേരളത്തിൽ കോൺഗ്രസിനെതിരെ, പുറത്തു കോൺഗ്രസ് സഖ്യം; ഈ ആരോപണം ഇടതുപക്ഷത്തിനു പുതുമയല്ല. പക്ഷേ,നേർവിപരീത രാഷ്ട്രീയ പോർമുഖം തുറന്ന് ഇതാദ്യമായാണു ബംഗാളും കേരളവും നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്നത്. കേരള നിയമസഭയിൽ പിണറായി വിജയനും രമേശ് ചെന്നിത്തലയും കൊമ്പുകോർക്കുമ്പോൾ ബംഗാളിലെ 24 പർഗാനാസ് നോർത്തിലും പുരുലിയയിലും ഇരുപാർട്ടികളും ചേർന്നുള്ള വൻ റാലികൾ നടക്കുകയാണ്. 

ജനുവരി ആദ്യം സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്തു നടന്നപ്പോൾ തന്നെയാണ് കൊൽക്കത്തയിൽ ബംഗാൾ സംസ്ഥാന കമ്മിറ്റിയും ചേർന്നത്. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ കോൺഗ്രസിനും ലീഗിനുമെതിരെ പരിഹാസശരങ്ങൾ ഉതിർക്കുമ്പോൾ, ബംഗാൾ ബന്ധത്തിനു ന്യായീകരണങ്ങൾ നിരത്തുന്ന തിരക്കിലായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ‘‘ഞങ്ങൾ കോൺഗ്രസുമായി സഖ്യത്തിനു തീരുമാനിച്ചു. ബംഗാളിൽ കടന്നുകയറാൻ നോക്കുന്ന ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തിനാണു മുൻഗണന. ഭരണകക്ഷിയായ തൃണമൂലിനെ ഒറ്റപ്പെടുത്തും’’ – യോഗത്തിനു ശേഷം യച്ചൂരി വിശദീകരിച്ചു.

ബംഗാൾ സഖ്യം ഇവിടെ എൽഡിഎഫിനെതിരെ പ്രചാരണായുധമാകാനുള്ള സാധ്യത നിഷേധിക്കുകയാണ് കേരളത്തിലെ പാർട്ടി. ബിജെപിക്കെതിരെ ആരുമായും കൂട്ടുകൂടാനുള്ള സന്നദ്ധത കേരളത്തിലെ ജനങ്ങൾ അംഗീകരിക്കും എന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞത്.

ആദ്യം സിപിഎം,പിന്നാലെ കോൺഗ്രസ്

കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ ഒളിച്ചുകളികൾക്കു ശേഷം തുറന്ന ചങ്ങാത്തത്തിന് ഒക്ടോബറിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ബംഗാളിൽ വേറെ വഴിയില്ല എന്ന കൂട്ടായ വികാരത്തിനു കേരള നേതൃത്വവും വഴങ്ങിയതോടെയാണ് ഇതു സാധ്യമായത്. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുവാദം ലഭിച്ചത് ഡിസംബർ 24നു മാത്രം. പൗരത്വ നിയമത്തിലും കർഷകസമരത്തിലും തൃണമൂൽ മുഖ്യമന്ത്രി മമത ബാനർജി കാട്ടിവന്ന സൗഹൃദസൂചനകൾ തിരക്കിട്ട തീരുമാനത്തിൽനിന്നു കോൺഗ്രസിനെ പിന്നോട്ടു വലിച്ചു എന്നു കരുതുന്നവരാണ് ഏറെ. ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ ഇരുപാർട്ടികളും ഏകോപനത്തിനും സീറ്റ് വിഭജനത്തിനും വേണ്ടി സമിതി രൂപീകരിക്കുകയും ആദ്യവട്ട ചർച്ച നടത്തുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി സ്മരണാദിനങ്ങൾ ഇതാദ്യമായി ബംഗാളിൽ സിപിഎമ്മുമായി ചേർന്നു കോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ദയനീയ സ്ഥിതിയിൽനിന്നു കയറുക എന്നതു തന്നെയാണ് കൂട്ടുകെട്ടിലൂടെ ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായ സിപിഎം, ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഒന്നാം സ്ഥാനത്ത് എത്തിയില്ല. സ്വാധീനമേഖലകളിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങൾ വിജയിച്ചു എന്നതൊഴിച്ചാൽ കോൺഗ്രസും നിരാശയുടെ പടുകുഴിയിൽ. 2016ൽ ജയിച്ച 32 ഇടത് എംഎൽഎമാരിൽ വലിയ പങ്ക് ബിജെപിയിലോ തൃണമൂലിലോ ചേർന്നു. സിപിഐയുടെ ഏക എംഎൽഎ, കേന്ദ്രമന്ത്രി അമിത് ഷായെ ആശ്ലേഷിച്ചത് ആഴ്ചകൾക്കു മുൻപു മാത്രം.

 രണ്ടിടത്തും രണ്ടിടത്ത്

രണ്ട് ഇടതുകോട്ടകളിലെ ഈ വിരുദ്ധരാഷ്ട്രീയം പ്രചാരണവേളയിൽ ഉയരുമെന്നിരിക്കെ, എതിർ ക്യാംപിനെ അങ്കലാപ്പിലാക്കാൻ ആരാകും അതു ഫലപ്രദമായി ഉപയോഗിക്കുക എന്നതു കണ്ടറിയേണ്ട കാര്യം. മുന്നണികൾക്കെതിരെ ബിജെപിയും ഇതു ചർച്ചാ വിഷയമാക്കാൻ ശ്രമിക്കും. ബംഗാളിൽ ഇടതുമുന്നണിയിലും കേരളത്തിൽ യുഡിഎഫിലും മാറിത്തുടരുന്ന രണ്ടു കക്ഷികളുമുണ്ട്; ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും. വൈരുധ്യത്തിനുള്ളിൽ മറ്റൊരു വൈരുധ്യം ഒളിപ്പിച്ചു വയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണങ്ങളും രസാവഹമായി. ‘‘കോൺഗ്രസുമായി ചേർന്നാൽ പിന്നെ എന്ത് ഇടതു മുന്നണി? സിപിഎമ്മിന് ആ വഴി ആദ്യം കാട്ടിയതു കേരളത്തിലെ ആർഎസ്പിയാണ്’’ – കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ‘‘സിപിഎം ബംഗാളിലും ഞങ്ങൾ ഇവിടെയും കോ‍ൺഗ്രസ് മുന്നണിയിലാണ്. അതിൽനിന്നു മാറിനിൽക്കുന്ന കേരളത്തിലെ സിപിഎമ്മാണ് ഉത്തരം പറയേണ്ടത്.– ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.

ഈ ബംഗാൾ സഖ്യത്തെക്കുറിച്ചുള്ള തമാശ ഇങ്ങനെ: ‘ബിജെപിയെ തോൽപിക്കാൻ ആദ്യം തൃണമൂലിനെ തോൽപിക്കണം. അപ്പോൾ തൃണമൂലിനെ തോൽപിക്കാനോ? അതിന് ആദ്യം ബിജെപിയെ തോൽപിക്കണം!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com