ADVERTISEMENT

രാവിലെ എഴുന്നേറ്റാൽ വാട്സാപ്പിൽ ഗുഡ് മോണിങ് പറയാത്തവരും, അല്ലെങ്കിൽ അതു വായിച്ച് ഉണരാത്തവരും കുറയും. മാനവരാശിയുടെ വിനിമയ ജീവിതത്തിന്റെ ഭാഗമാണ് ആ ആപ്. അതുപയോഗിച്ചു നാം തമാശകളും ചിത്രങ്ങളും പങ്കുവയ്ക്കുമ്പോഴും രാഷ്ട്രീയ വീക്ഷണങ്ങൾ പ്രചരിപ്പിക്കുമ്പോഴും ഭർത്സനങ്ങളും പ്രശംസകളും ചൊരിയുമ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്: വാട്സാപ് വായു പോലെ സൗജന്യമല്ല; അതിന് ഉടമസ്ഥർ വേറെയുണ്ട്. വാട്സാപ്പിൽ ചേരുമ്പോൾ നമ്മുടെ പ്രൊഫൈലിൽ എഴുതിച്ചേർക്കാൻ ആ ആപ് തന്നെ നിർദേശിക്കുന്ന ഒരു വാക്യം ഉണ്ട്: ഹേയ്, ദെയർ! ഐ ആം യൂസിങ് വാട്സാപ് (ഹേയ്, ഞാൻ വാട്സാപ് ഉപയോഗിക്കുന്നു). സത്യത്തിൽ സംഭവിക്കുന്നതു നേരെ മറിച്ചാണ്; വാട്സാപ് നമ്മളെയാണ് ഉപയോഗിക്കുന്നത്. സംശയലേശമെന്യേ അക്കാര്യം വെളിപ്പെടുത്തുന്നതാണ്, ഫെബ്രുവരി 8 മുതൽ നടപ്പാക്കാൻ പോകുന്ന വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം.

വാട്സാപ് അതിന്റെ ഉപയോക്താക്കൾക്കു കുറച്ചു ദിവസങ്ങൾക്കു മുൻപ് അയച്ച സന്ദേശമനുസരിച്ച്, പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി 8നു ശേഷം ആ ആപ് ഉപയോഗിക്കാൻ സാധിക്കില്ല. ഇതു വലിയതോതിലുള്ള സൈബർ പ്രതിഷേധങ്ങൾക്കു കാരണമായി. ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്ക്, ‘സിഗ്നൽ’ എന്ന ആപ് ഉപയോഗിക്കാനാവശ്യപ്പെട്ടു ട്വീറ്റ് ചെയ്തതോടെ വാട്സാപ്പിൽനിന്നു കൊഴിഞ്ഞുപോക്കു തുടങ്ങി. പ്രതിരോധത്തിലായ വാട്സാപ്, പ്രസ്താവനകളിലൂടെയും പരസ്യങ്ങളിലൂടെയും ഉപയോക്താക്കളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു: നിങ്ങളുടെ ചാറ്റുകളും കോളുകളും ഞങ്ങൾ, എന്നുവച്ചാൽ വാട്സാപ്പോ അതിന്റെ ഉടമസ്ഥരായ ഫെയ്സ്ബുക്കോ, കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ ചാറ്റുകളുടെയും ഗ്രൂപ്പുകളുടെയും സ്വകാര്യതയ്ക്ക് ഒരു ഭംഗവും സംഭവിക്കുകയില്ല. പുതിയ പോളിസി അനുസരിച്ച് വാട്സാപ്പിലെ ബിസിനസ് സംബന്ധിച്ച ഡേറ്റ മാത്രമേ, ഫെയ്സ്ബുക്കിനു നൽകുകയുള്ളൂ.

ഇനി നമുക്കു സ്വസ്ഥമായി നമ്മുടെ ‘ഗുഡ് മോണിങ്ങുകളിലേക്കു’ മടങ്ങാമെന്നു കരുതുകയാണെങ്കിൽ അതു തെറ്റാണ്. വാട്സാപ്പിന്റെ ഈ നടപടി തുറന്നുവിട്ട നിയമപരവും നൈതികവുമായ പ്രശ്നങ്ങൾ ഒട്ടേറെയാണ്. ഇന്ത്യയിലെ ഐടി നിയമങ്ങളനുസരിച്ച് വാട്സാപ്, ട്വിറ്റർ, ഫെയ്സ്ബുക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ ഇടനിലക്കാർ (ഇന്റർമീഡിയറീസ്) എന്നാണു വിളിക്കുന്നത്. ഈ തട്ടകങ്ങൾ അവകാശപ്പെടുന്നത് അവയിൽ പ്രത്യക്ഷപ്പെടുന്ന ഡേറ്റയുടെ മേൽ അവർക്ക് ഉടമസ്ഥാവകാശം ഇല്ലെന്നാണ്. ഇത് അംഗീകരിച്ചുകൊണ്ട് ഈ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്റെ കാര്യത്തിൽ - അത് എത്രതന്നെ മോശവും പ്രകോപനപരവും ആകട്ടെ - ഇന്ത്യയിലെ നിയമങ്ങൾ ഇടനിലക്കാർക്കു പരിരക്ഷ നൽകുന്നു. അവരുടെ ഉത്തരവാദിത്തം, അധികൃതർ ഇത്തരം പോസ്റ്റുകൾ നീക്കാൻ പറഞ്ഞാൽ അതനുസരിക്കുക എന്നതാണ്. അതു ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ വച്ചു താമസിപ്പിക്കുകയോ ചെയ്താൽ മാത്രമേ അവർ കുറ്റക്കാരാകുകയുള്ളൂ.

വാണിജ്യസംബന്ധമായ ഡേറ്റ ഫെയ്സ്ബുക്കിനു കൈമാറുമെന്നു പറഞ്ഞതിലൂടെ, സ്വന്തം പ്ലാറ്റ്ഫോമിലുള്ള ഡേറ്റയുടെ ഉടമസ്ഥാവകാശം കുറ്റിനാട്ടി സ്വന്തമാണെന്ന് അറിയിക്കുകയാണു വാട്സാപ് ചെയ്തത്. ഡേറ്റ സ്വന്തമല്ലെന്ന പേരിലാണ് ഇടനിലക്കാർക്കു നിയമപരമായി ബാധ്യതയില്ലെന്ന ഔദാര്യം ഇപ്പോൾ ലഭിക്കുന്നത്. മാറിയ പരിതസ്ഥിതിയിൽ ഈ പരിരക്ഷ തുടരേണ്ടതുണ്ടോ എന്നു കേന്ദ്രസർക്കാർ ഇനിയുള്ള നാളുകളിൽ തീർച്ചയായും പരിശോധിക്കുമെന്നു കരുതുന്നു.

മറ്റൊരു നിയമപ്രശ്നം, ഇപ്പോൾ പരിഗണനയിലുള്ള, ഇനിയും നിയമമാകാത്ത ‘ഡേറ്റ പ്രൊട്ടക്‌ഷൻ ബിൽ’ പ്രകാരം ഇന്ത്യക്കാരുടെ വ്യക്തിപരമായ ഡേറ്റ രാജ്യത്തിനു പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കാൻ പാടില്ല എന്നതാണ്. വാണിജ്യപരമായ ഡേറ്റ ഫെയ്സ്ബുക്കിനു നൽകുമെന്ന വാട്സാപ്പിന്റെ വെളിപ്പെടുത്തൽ ഈ വകുപ്പിനു വിരുദ്ധമാകും. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്വകാര്യത സുരക്ഷിതമാണെന്നു വാട്സാപ് ഇപ്പോൾ പറയുന്നത് അവരുടെ സൗമനസ്യം മാത്രമാണ്; വാണിജ്യപരമായ ഡേറ്റ ഏറ്റെടുത്തതിൽ അവർ പ്രദർശിപ്പിച്ച തിണ്ണമിടുക്ക്, ആ ആപ്പിന്റെ വിശ്വാസ്യത കുറച്ചു. അതുകൊണ്ട് ഫെബ്രുവരി 8നു വാട്സാപ് പ്രവർത്തനരഹിതമാകുകയാണെങ്കിൽ ഞാൻ ഒരുപക്ഷേ, ഇലോൺ മസ്ക്കിന്റെ ഉപദേശപ്രകാരം, സിഗ്നൽ ആപ്പിലേക്കു മാറിയേക്കാം: ഒന്നുമില്ലെങ്കിലും അത് ഓപ്പൺ സോഴ്സാണ്; മാത്രമല്ല, അതിന്റെ ഉടമസ്ഥർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഫൗണ്ടേഷനുമാണ്.

പന്തീരാങ്കാവ് കേസ് പറയുന്നത് 

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലനും താഹയ്ക്കും എൻഐഎ കോടതി അനുവദിച്ച ജാമ്യം, കേരള ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് ഈയിടെ റദ്ദാക്കി. അസുഖമായിരുന്നതിനാൽ അലനു ജാമ്യം കിട്ടി; താഹയ്ക്കു വീണ്ടും ജയിലിലേക്കു മടങ്ങേണ്ടി വന്നു. എൻഐഎ നൽകിയ അപ്പീലിൽ ഹൈക്കോടതി പ്രസ്താവിച്ച വിധിയെ വിമർശിച്ചുകൊണ്ട് പ്രസിദ്ധ അഭിഭാഷകൻ ഗൗതം ഭാട്ടിയ രംഗത്തെത്തിയപ്പോൾ അതു നിയമവൃത്തങ്ങളിൽ ചർച്ചകൾക്കു വഴിയൊരുക്കി.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള എൻഐഎ കോടതിയുടെ വിധിയിൽ പറഞ്ഞത് വെറും മാവോയിസ്റ്റുകൾ ആകുന്നതു കുറ്റകരമല്ല; മറിച്ച് അവർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അല്ലെങ്കിൽ അതിനു പ്രേരിപ്പിക്കുകയോ ചെയ്താൽ മാത്രമേ ശിക്ഷാർഹമാകുകയുള്ളൂ എന്നാണ്. മാവോയിസ്റ്റ് സാഹിത്യത്തിനു പുറമേ, വിദ്യാർഥികളിൽനിന്നു കണ്ടെത്തിയ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് തുടങ്ങിയവ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും അവ ആക്രമണത്തിനു വഴിയൊരുക്കുന്നില്ലെന്നും എൻഐഎ കോടതി പറഞ്ഞു.

ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. ഈ വിദ്യാർഥികൾ മൊബൈൽ ഫോൺ കയ്യിൽ വച്ചതുവരെ മാവോയിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായിക്കണ്ടു. വിദ്യാർഥികളെ മാവോയിസ്റ്റ് വിധ്വംസക പ്രവർത്തനങ്ങളുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളുടെ അപര്യാപ്തതയെക്കുറിച്ച് ഹൈക്കോടതി വിധിയിലെ ഈ ഭാഗം ശ്രദ്ധേയമാണ് – ‘‘ഇത്തരം രഹസ്യ പ്രവർത്തനങ്ങളിൽ കൃത്യമായ തെളിവുകൾ ലഭ്യമായി എന്നിരിക്കില്ല. എല്ലാം മറയുടെ കീഴിൽ, യവനികയ്ക്കു പിന്നിൽ, കാൽപാടുകൾ അവശേഷിപ്പിക്കാതെ ചെയ്യുന്ന പ്രവൃത്തികളാണ്.” ചുരുക്കത്തിൽ, ഒരാൾ രഹസ്യപ്രവർത്തകനാണെങ്കിൽ തെളിവുകൾ ശേഷിപ്പിക്കുകയില്ല. അയാൾ രഹസ്യപ്രവർത്തകൻ ആണെന്നതിന്റെ തെളിവ്? അതും ലഭ്യമല്ല. കാരണം, അയാൾ രഹസ്യപ്രവർത്തകനാണല്ലോ! ഈ കേസിന്റെ വിധി അലൻ, താഹ എന്നീ വിദ്യാർഥികളെ മാത്രം സംബന്ധിക്കുന്നത് അല്ലാതാക്കിയിരിക്കുന്നു, ഇത്തരമൊരു നിഗമനം.

പൊലീസിനോ അന്വേഷണ ഏജൻസികൾക്കോ ആരെ വേണമെങ്കിലും ഭീകരപ്രവർത്തകനെന്നു മുദ്രകുത്തി, ഈ ദൃഷ്ടാന്തം പറഞ്ഞ് ശിക്ഷ വാങ്ങിക്കൊടുക്കാം. താഹ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു പറഞ്ഞിട്ടുണ്ട്. പൗരാവകാശങ്ങൾ സംബന്ധിച്ച, ദേശീയ ശ്രദ്ധയാകർഷിച്ച ഈ കേസിൽ സുപ്രീം കോടതിയുടെ തീർപ്പിനായി കാത്തിരിക്കാം.

സ്കോർപ്പിയൺ കിക്ക്: കൃഷിനിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു; നിയമങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനുള്ള സമിതിയിലെ അംഗങ്ങൾ നിയമങ്ങളെ മുൻപു പിന്തുണച്ചവർ.

മുൻവാതിൽ അടയ്ക്കുമ്പോൾ പിൻവാതിൽ തുറന്നിടുന്നു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com