ക്ഷേമത്തിന്റെ മായാവിലാസം

HIGHLIGHTS
  • വരും, വരാതിരിക്കില്ല എന്നൊരു സാമ്പത്തികശാസ്ത്രം
SHARE

ക്ഷേമസമൃദ്ധിയും വലിയ വികസനപദ്ധതികളുമൊക്കെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇതിനുവേണ്ടിയുള്ള ധനസമാഹരണവഴികൾ എവിടെയെന്നോർത്ത് ആശങ്കപ്പെടുകയാണു കേരളം. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനം തിരഞ്ഞെടുപ്പുചൂടിലേക്കു കടക്കുന്നതിനാൽ ഇത് ഇൗ സർക്കാരിന്റെ ഏറ്റവും ജനപ്രിയ ബജറ്റും തിരഞ്ഞെടുപ്പു പ്രകടനപത്രികയുമായിത്തീരുന്നു. കൈവന്ന ‘പ്രഖ്യാപന സ്വാതന്ത്ര്യം’ മുഴുവൻ ധനമന്ത്രി ബജറ്റിൽ ഉപയോഗിക്കുകയും ചെയ്തു.

സാധാരണക്കാരെ ഒട്ടും നോവിക്കാതെയും എന്നാൽ, ഒട്ടേറെ ക്ഷേമപദ്ധതികളും തൊഴിലവസരങ്ങളും പ്രഖ്യാപിച്ചുമുള്ള ബജറ്റാണ് മന്ത്രി തോമസ് ഐസക് തന്റെ റെക്കോർഡ് സമയം നീണ്ട പ്രസംഗത്തിൽ അവതരിപ്പിച്ചത്. ക്ഷേമത്തിനും വികസനത്തിനും തൊഴിലിനും ഉൗന്നൽ നൽകുന്ന ബജറ്റിൽ, സർക്കാർ ജീവനക്കാർ ഏറെനാളായി കാത്തിരിക്കുന്ന ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചതിന്റെ ആശ്വാസം ചില്ലറയല്ല. പ്രവാസികൾക്കുള്ള സഹായപദ്ധതികൾ തീർച്ചയായും സ്വാഗതാർഹമാണ്. എന്നാൽ, ക്ഷേമപെൻഷനിൽ കാര്യമായ വർധന പ്രതീക്ഷിച്ചവർക്കു 100 രൂപയുടെ വർധനകൊണ്ടു തൃപ്തിപ്പെടേണ്ടി വരുന്നു. അടുത്ത സാമ്പത്തികവർഷം 8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും 5 കൊല്ലം കൊണ്ട് 20 ലക്ഷം പേർക്കു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നൽകുമെന്നുമുള്ള ബജറ്റിലെ ഏറ്റവും വലിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നത് എങ്ങനെയെന്നു വ്യക്തവുമല്ല. മഹാമാരിയിൽനിന്നു കേരളത്തെ കരകയറ്റാൻ പറ്റിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉടനീളമെന്നാണ് അവകാശവാദമെങ്കിലും സങ്കീർണമായ ഇപ്പോഴത്തെ പ്രതിസന്ധിയിൽ അടിയന്തരാശ്വാസം നൽകുന്ന അടിസ്ഥാനകാര്യങ്ങൾ ബജറ്റിൽ തിരയുന്നവർ നിരാശരായേക്കാം.

സംസ്ഥാനത്തിന്റെ കടബാധ്യത 2.60 ലക്ഷം കോടി രൂപയായി ഉയർന്നതും ആഭ്യന്തര കടം 1.65 ലക്ഷം കോടിയായതുമൊക്കെ ചേർത്തുവച്ചു വേണം ബജറ്റിലെ വാഗ്ദാനസമൃദ്ധി വിലയിരുത്താൻ. അതുകൊണ്ടുതന്നെ, കടലാസിലുള്ള ബജറ്റ് യാഥാർഥ്യമാക്കാനുള്ള ധനസമാഹരണത്തെയും പ്രായോഗിക നിർവഹണത്തെയും ചൊല്ലിയുള്ള സംശയങ്ങൾ പ്രസക്തമാണ്. കഴിഞ്ഞ 5 ബജറ്റുകളിലും കിഫ്ബിയെ ആശ്രയിച്ച സർക്കാർ ഇക്കുറി വളരെക്കുറച്ചു പദ്ധതികൾ മാത്രമേ കിഫ്ബിയുടെ ധനസഹായത്തോടെ പ്രഖ്യാപിച്ചിട്ടുള്ളൂ.

ഭരണത്തിന്റെ അവസാനഘട്ടത്തിൽ നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് എന്താണു പ്രാധാന്യം എന്ന അടിസ്ഥാന ചോദ്യം ഇതോടൊപ്പം ഉയരുകയും ചെയ്യുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കാൻ അടുത്ത സർക്കാരിന്റെ കയ്യിൽ പണമുണ്ടാകുമോ? അതിനുള്ള വഴികളൊന്നും ഈ ബജറ്റിൽ ഇല്ലാത്ത സാഹചര്യത്തിൽ പ്രഖ്യാപനങ്ങൾ നിലംതൊടാൻ വഴിയുണ്ടോ? മറ്റൊരു മുന്നണിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ മന്ത്രി ഇപ്പോൾ അവതരിപ്പിക്കുന്ന ബജറ്റ് അപ്രസക്തമാകുമെന്നതു മറ്റൊരു വസ്തുത. എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തിയാൽ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്നു മന്ത്രി പറഞ്ഞുകഴിഞ്ഞു. അപ്പോൾ ഇൗ ബജറ്റിന്റെ പ്രസക്തി തന്നെ സംശയത്തിലാവുന്നു.

തദ്ദേശസ്ഥാപനങ്ങളിൽ പുതിയ അധ്യക്ഷർ സ്ഥാനമേറ്റിരിക്കെ അധികമായി 1000 കോടി രൂപ വകയിരുത്തിയതു നല്ല തീരുമാനമായി. എല്ലാ കുടുംബങ്ങളിലും ലാപ്ടോപ് എത്തിക്കുമെന്ന പ്രഖ്യാപനം നല്ലതാണെങ്കിലും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം തന്നെ ഇതുവരെ പൂർത്തിയാക്കാൻ സർക്കാരിനായിട്ടില്ല. ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലേക്കുള്ള വരവ് ഉറപ്പായിരിക്കെ സംസ്ഥാന ലോട്ടറിത്തൊഴിലാളികൾക്ക് അധിക സഹായം ഉറപ്പാക്കിയത് ഇൗ രംഗത്തെ പോഷിപ്പിക്കാൻ ഉപകരിക്കും.

നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലയും റബറിന്റെ തറവിലയും കൂട്ടിയതും കയർമേഖലയ്ക്കു തുക വകയിരുത്തിയതും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു പ്രാധാന്യം നൽകിയതുമൊക്കെ എടുത്തുപറയാമെങ്കിലും ലോക്ഡൗൺ കാരണം ഏറ്റവുമധികം തിരിച്ചടി നേരിട്ട വ്യാപാരികൾക്കായി പ്രതീക്ഷിച്ചതു പോലുള്ള പ്രഖ്യാപനങ്ങളൊന്നുമില്ല. ടൂറിസം മേഖലയ്ക്കു വേണ്ടിയുള്ള വകയിരുത്തലും പരിമിതമാണ്.

പ്രഖ്യാപിച്ച പല പദ്ധതികളും കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ വിവിധ ബജറ്റുകളിലായി പ്രഖ്യാപിച്ചതിന്റെ ആവർത്തനമാണെന്ന വസ്തുത മറക്കാനാകില്ല. ഒരിക്കൽ കേട്ട പ്രഖ്യാപനങ്ങൾ കൺമുന്നിൽ യാഥാർഥ്യമാകാതെ നിൽക്കുമ്പോൾ അതേ പ്രഖ്യാപനങ്ങൾ വീണ്ടും കേൾക്കേണ്ടിവരുന്ന ജനങ്ങളുടെ അവസ്ഥ കൂടി സർക്കാർ കണക്കിലെടുക്കണം. പ്രഖ്യാപനങ്ങൾ ഒരു വഴിക്കും നടപ്പാക്കൽ വേറൊരു വഴിക്കും പോകുന്നതാണ് എക്കാലവും നമ്മൾ കണ്ടുപോരുന്നത്. പ്രഖ്യാപനങ്ങളോടൊപ്പം, മുൻ ബജറ്റ് പദ്ധതികൾ എത്രകണ്ടു മുന്നേറിയെന്ന അവലോകനവും കൂടി നടത്തിയിരുന്നെങ്കിൽ നന്നായേനെ. ബജറ്റിന്റെ റെക്കോർഡ് ദൈർഘ്യത്തിനും കാൽപനിക കാവ്യവിചാരങ്ങൾക്കുമൊക്കെയപ്പുറത്ത്, കോവിഡ് അനന്തര കേരളം എന്ന ബൃഹദ് സ്വപ്നംതന്നെയാണു സംസ്ഥാന ബജറ്റിൽ തിളങ്ങേണ്ടിയിരുന്നത്. 

English Summary: Kerala Budget - Editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA