ADVERTISEMENT

ഒരുകാലത്ത് കേരളത്തിന്റെ അഭിമാനവും പിന്നീടു സങ്കടവുമായി മാറിയ കെഎസ്ആർടിസി അതിസങ്കീർണമായ പ്രതിസന്ധിയിലേക്കെത്തിച്ചേർന്നതു നാടിനു കണ്ടിരിക്കാനുള്ളതല്ല; പൊതുജനങ്ങൾക്ക് ഉടമാവകാശമുള്ളതാണ് ഈ പൊതുമേഖലാ സ്ഥാപനമെന്നതിനാൽ വിശേഷിച്ചും. പെരുകിവരുന്ന കടഭാരത്തോടൊപ്പം സാമ്പത്തിക ക്രമക്കേടുകൾ കൂടി സഹയാത്ര ചെയ്യുന്നത് ഈ സ്ഥാപനത്തിന്റെ ഭാവി അത്യധികം ആശങ്കാഭരിതമാക്കുന്നു. 

ദശാബ്ദങ്ങളായി കെഎസ്ആർടിസിയെ നെഞ്ചേറ്റുന്നതാണ് ഈ നാട്. അതുകൊണ്ടാണു പലപ്പോഴും വരുത്തിവച്ചതെന്നുതന്നെ പറയാവുന്ന പ്രതിസന്ധികളിൽപെട്ടു സ്ഥാപനം വലയുമ്പോഴും കെഎസ്ആർടിസിക്കൊപ്പം നിൽക്കാൻ ജനത്തിനു തോന്നുന്നത്. നഷ്ടക്കണക്കുകളിലൂടെ മാത്രം ദീർഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിനു തീർച്ചയായും സമൂല നവീകരണം ആവശ്യമാണെങ്കിലും ഇതിനകമുണ്ടായ രക്ഷാശ്രമങ്ങൾക്കു പ്രതീക്ഷിച്ച ഫലപ്രാപ്തിയുണ്ടായില്ല എന്ന ദുഃഖം ശേഷിക്കുന്നു. 

സിഎംഡി ബിജു പ്രഭാകർ ഈയിടെ നവീകരണനിർദേശങ്ങളുമായി വന്നപ്പോഴും വിവാദങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. ആരംഭിക്കാനിരിക്കുന്ന കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ തർക്കം നടക്കുന്നതിനിടെ, ഈ സ്ഥാപനം ചെളിക്കുണ്ടിൽ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റങ്ങളെ എതിർക്കുന്നതെന്നും 5% ജീവനക്കാരാണു പ്രശ്നക്കാരെന്നും മറ്റും ബിജു പ്രഭാകർ പറഞ്ഞതു വലിയ വിവാദത്തിലേക്കു വാതിൽ തുറക്കുകയും ചെയ്തു. ഉപജാപങ്ങളുടെ കേന്ദ്രമാണ് കെഎസ്ആർടിസി ചീഫ് ഓഫിസ് എന്ന് ആരോപിച്ച അദ്ദേഹം, സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ചും തുറന്നുപറയുകയുണ്ടായി. 

പരസ്യപ്രസ്താവനയ്ക്കെതിരെ സിഐടിയു ഉൾപ്പെടെ യൂണിയനുകൾ രംഗത്തുവന്നു. കാലങ്ങളായി ശമ്പളപരിഷ്കരണം പോലും നടത്താത്ത കെഎസ്ആർടിസിയിൽ എല്ലാം സഹിച്ചു ജോലി ചെയ്യുന്ന തൊഴിലാളികൾ കള്ളന്മാരാണെന്നു പറയുന്നതു സ്ഥാപനം മെച്ചപ്പെടുത്താനുള്ള നിലപാടല്ലെന്ന് പ്രബല യൂണിയനായ സിഐടിയു തന്നെ പറഞ്ഞിരുന്നു. 

ഇതിനിടെ, കെഎസ്ആർടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് ആരോപണം അന്വേഷിച്ച ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയതു ഗുരുതര പിഴവുകളാണ്. 2010–’13 കാലയളവിൽ നടത്തിയ ഒരു ഇടപാടിന്റെയും കണക്ക് കെഎസ്ആർടിസിയിൽ ഇല്ല. ഇതു ക്രമക്കേടു നടത്താനാണോയെന്നു സംശയമുണ്ടെന്നു പറഞ്ഞ പരിശോധനാ വിഭാഗം, അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു ശുപാർശ ചെയ്തു. 

കെഎസ്ആർടിസിയുടെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചു ദീർഘകാല ലക്ഷ്യത്തോടെയുള്ള ചികിത്സയല്ല പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നതു യാഥാർഥ്യമാണ്. സർക്കാർ നിയോഗിച്ച പ്രഫ. സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിൽ കെഎസ്ആർടിസിയുടെ പ്രതിസന്ധിയും പരിഹാരമാർഗങ്ങളും വ്യക്തമാക്കിയിരുന്നു. ദിശാനിർണയ ശേഷിയുണ്ടായിരുന്ന ആ റിപ്പോർട്ടിൻമേലെടുത്ത തുടർനടപടികളെക്കുറിച്ച് അധികൃതർ ആത്മപരിശോധന നടത്തേണ്ടതല്ലേ? ഇപ്പോഴത്തെ നിലയിലാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെങ്കിൽ ഓട്ടം നിലയ്ക്കാൻ അധികകാലം വേണ്ടിവരില്ലെന്ന് ആ റിപ്പോർട്ട് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. 

കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനിയുടെ രൂപീകരണം സംബന്ധിച്ച് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിൽ ഫലപ്രാപ്തി ഇല്ലാതായതോടെ സർക്കാർ തീരുമാനം നിർണായകമായിരിക്കുകയാണ്. പുതിയ കമ്പനിയുടെ രൂപീകരണം സംബന്ധിച്ചു ജീവനക്കാരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. അവരുടെ ഉചിതമായ അഭിപ്രായങ്ങൾ പരിഗണിച്ചും ആശങ്കകൾ പരിഹരിച്ചും വേണം കെഎസ്ആർടിസി മുന്നോട്ടുനീങ്ങേണ്ടത്. അതോടൊപ്പം, നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന ഈ സ്ഥാപനത്തിൽ നടന്നുവെന്നു പറയപ്പെടുന്ന ക്രമക്കേടുകളെല്ലാം കണ്ടെത്തുകയും അതിന്റെ കാരണക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുകയും വേണം. 

അടിമുടി പ്രഫഷനലിസവും മാനേജ്മെന്റ് വൈദഗ്ധ്യവും ജീവനക്കാരുടെ സമർപ്പണവും സർക്കാരിന്റെ ആത്മാർഥമായ മേൽനോട്ടവുമൊക്കെ ചേർന്നുവേണം കെഎസ്ആർടിസിയെ കരകയറ്റാൻ. ആയിരക്കണക്കിനു പേരുടെ ജീവിതമാർഗമായ ഈ സ്ഥാപനം അന്തസ്സോടെയും ലാഭത്തിലും പ്രവർത്തിക്കേണ്ടതു സംസ്ഥാനത്തിന്റെയാകെ ആവശ്യമാണെന്ന തിരിച്ചറിവോടെ, വേണ്ടത്ര ജീവവായു നൽകാൻ ഇനിയും വൈകിക്കൂടാ. ദീർഘകാലത്തേക്കു നവോർജം കൈവരിക്കാനുള്ള കർമപദ്ധതി ആവിഷ്കരിച്ച്, ബന്ധപ്പെട്ട എല്ലാവരുടെയും പാരസ്പര്യത്തിൽ മുന്നോട്ടു നീങ്ങാൻതന്നെയാണു കാലം കെഎസ്ആർടിസിയെ ഓർമിപ്പിക്കുന്നത്. 

English Summary: KSRTC debt and financial fraud - Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com