ബജറ്റിൽ മറന്നവർ

HIGHLIGHTS
  • വ്യാപാരമേഖലയുടെ അതിജീവനം സാധ്യമാക്കണം
SHARE

മൂന്നു മണിക്കൂർ 18 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിൽ ഒട്ടുമിക്ക മേഖലകളിലും പദ്ധതികളും സഹായങ്ങളും മന്ത്രി   ടി.എം.തോമസ് ഐസക് വാഗ്ദാനം ചെയ്തെങ്കിലും സംസ്ഥാനത്തെ ലക്ഷക്കണക്കിനു വ്യാപാരികളെ മറന്നതു നിർഭാഗ്യകരമായി. സങ്കീർണമായ കോവിഡ്കാലത്ത് നമ്മുടെ വ്യാപാരിസമൂഹം ഗുരുതര സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴുണ്ടായ കടുത്ത അവഗണന വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. സർക്കാരിന്റെ നയവും കാഴ്ചപ്പാടും വികസന ലക്ഷ്യവും പ്രതിഫലിക്കേണ്ട ബജറ്റിൽ വിപണിയുടെ നട്ടെല്ലായ വ്യാപാരികളെ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ല തന്നെ. പതിവ് ആംനെസ്റ്റി പദ്ധതികൾ നീട്ടിയതല്ലാതെ വ്യാപാരികൾക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളെ‍ാന്നും ബജറ്റിലില്ല.

പലചരക്കുകടകളും ബേക്കറികളും മെഡിക്കൽ സ്റ്റോറുകളും നടത്തുന്ന വ്യാപാരികൾ ഒഴികെ എല്ലാവരും ലോക്ഡൗൺ കാലത്തു കട പൂട്ടേണ്ടി വന്നവരാണ്. ചെറുതും വലുതുമായി കേരളത്തിൽ 14 ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളുള്ളതിൽ രണ്ടു ലക്ഷത്തിലേറെ കടകൾ കോവിഡ്കാലത്തു പൂട്ടിപ്പോയതായാണു കണക്ക്. ഇത്തരത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്നവരെ ബജറ്റ് കാണുന്നതുപോലുമില്ല. തൊഴിലാളികളെ കിട്ടാത്തതും കച്ചവടം കുറഞ്ഞതും കാരണം ഇപ്പോഴും ബിസിനസ് തിരികെപ്പിടിക്കാൻ കഴിയാത്ത വ്യാപാരികളാണു നല്ലൊരു പങ്കും.

കേരളത്തിലെ വ്യാപാരികളിലേറെയും വാടകയ്ക്കു കട നടത്തുന്നവരാണ്. കച്ചവട ആവശ്യങ്ങൾക്കായി എടുത്ത ബാങ്ക് വായ്പകൾ പോലും തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണു വ്യാപാരികളിൽ കൂടുതലും. എടുത്ത വായ്പകൾക്കുമേൽ ബാങ്കുകൾ നടപടി തുടങ്ങിയിരിക്കുകയാണിപ്പോൾ‌. അതിനു പുറമേയാണ് പഴയ വാറ്റ് നികുതിയുടെ കുടിശികയടക്കം ആവശ്യപ്പെട്ടുകൊണ്ടുള്ള നികുതി വകുപ്പിന്റെ നോട്ടിസുകൾ എത്തുന്നത്. ജിഎസ്ടിയിലാകട്ടെ കൂടെക്കൂടെ മാറ്റങ്ങളും അവയ്ക്കനുസരിച്ച് റിട്ടേൺ നൽകിയില്ലെങ്കിൽ പിഴയും.

പ്രളയത്തിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും ഇതുവരെ ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്. കടകൾ അടഞ്ഞുകിടന്ന കാലത്ത് വൈദ്യുതിച്ചാർജിന്റെ സ്ഥിരനിരക്ക് ഒഴിവാക്കിക്കൊടുക്കണമെന്ന് അഭ്യർഥിച്ചെങ്കിലും നാമമാത്ര ഇളവാണു ലഭിച്ചത്.

ബജറ്റ് പ്രസംഗത്തിൽ കേരളത്തിലെ വ്യാപാരിസമൂഹത്തെ പൂ ർണമായി അവഗണിച്ചെന്നും അവഗണന തുടരുന്നപക്ഷം സമരപരിപാടികളുമായി രംഗത്തുവരുമെന്നുമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതികരിച്ചത്. ബജറ്റ് അവതരണത്തിനു മുൻപ് ധനമന്ത്രിയെ കാണുകയും വ്യാപാരികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബജറ്റിൽ എല്ലാ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ നൽകാൻ ശ്രമിക്കുമ്പോഴും കോടിക്കണക്കിനു രൂപ പിരിച്ചുകൊടുക്കുന്ന വ്യാപാരികൾക്കു മാത്രം ഒന്നുമില്ലെന്ന അവരുടെ പരാതി ഗൗരവമുള്ളതാണ്.

ലോക്ഡൗൺ പിൻവലിച്ചിട്ടുപോലും ഹോട്ടൽ വ്യാപാരികൾക്ക് ഏറെക്കാലം കച്ചവടരംഗത്തേക്കു തിരിച്ചുവരാനായില്ല. ബജറ്റ് നിരാശാജനകമാണെന്നും അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറയുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന കച്ചവടക്കാർക്കാകട്ടെ, ഇൗയിടെയാണു കടകൾ തുറക്കാൻപോലും കഴിഞ്ഞത്. കാര്യമായ പദ്ധതികൾ ടൂറിസത്തിനു വേണ്ടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.

കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന ചെറുകിട മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്ന് കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പറയുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചുവരവിനായുള്ള സമഗ്ര ഉത്തേജന പാക്കേജാണ് മേഖല പ്രതീക്ഷിച്ചത്. കൂടുതൽ വായ്പകൾ ലഭ്യമാക്കുന്ന പദ്ധതികൾ, പലിശയിളവുകൾ, വ്യവസായങ്ങൾക്കുള്ള മൂലധന സബ്സിഡി ഉയർത്തൽ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയുള്ള തിരിച്ചുവരവ് പാക്കേജായിരുന്നു മേഖലയ്ക്ക് ആവശ്യം. പരമ്പരാഗത വ്യവസായത്തെ ബജറ്റ് പാടേ അവഗണിച്ചുവെന്നും പരാതിയുണ്ട്.

വ്യാപാരികളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെയും അതിജീവനത്തിന് ഇളവുകളും ആനൂകൂല്യം ഉറപ്പുനൽകുന്ന പദ്ധതികളും അടിയന്തരമായി പ്രഖ്യാപിക്കുന്നതുതന്നെയാവും ബജറ്റിലെ ഗൗരവമുള്ള മറവിക്കായി നൽകേണ്ട ഉചിത പ്രായശ്ചിത്തം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA