ADVERTISEMENT

ഇടുങ്ങിയ വഴിമധ്യേ അയാളുടെ കാർ കേടായി. സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അയാൾ ശ്രമിച്ചുകൊണ്ടേയിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു കാർ വന്നുനിന്നു. കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ ആ കാറിന്റെ ഉടമ ഹോണടിക്കാൻ തുടങ്ങി. നിർത്താത്ത ഹോണടി. കുറച്ചു കഴിഞ്ഞപ്പോൾ കേടായ കാറിന്റെ ഉടമ അടുത്തെത്തി പറഞ്ഞു: ഞാൻ നോക്കിയിട്ട് എന്റെ കാർ അനങ്ങുന്നില്ല. നിങ്ങളൊന്നു ശ്രമിക്കാമോ? ഞാൻ നിങ്ങളുടെ വാഹനത്തിലിരുന്നു ഹോണടിക്കാം! 

എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനറിയാവുന്ന ആരുമില്ല. സ്ഥിരപരിചയമുള്ളവയുടെ മുന്നിൽ പോലും ചിലപ്പോൾ നിസ്സഹായരായിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നവനു വേണ്ടതു തുണയാണ്, സമ്മർദമല്ല. തന്റേടം നഷ്ടപ്പെടുന്നവനു താങ്ങാകുന്നതിനെക്കാൾ വലിയ പരസ്നേഹ പ്രവൃത്തി വേറെയുണ്ടാകില്ല. 

വാഴുന്നവരുടെ കൂടെ ആൾക്കൂട്ടമുണ്ടാകും. വീണുകിടക്കുന്നവരുടെ കൂടെ ആരുണ്ടാകും? ഇടയ്ക്കൊന്നു വഴിയിൽ വീണുപോയാലറിയാം, വഴിയാത്രക്കാരുടെ സ്വഭാവം. അതിവേഗം പോകുന്നതിനിടയ്ക്ക് ഒന്നു വഴുതിവീഴുന്നതു നല്ലതാണ്. കണ്ടിട്ടു കാണാതെ പോകുന്നവരെയും മറ്റു മാർഗമില്ലാത്തതുകൊണ്ട് കണ്ടെന്നു നടിക്കുന്നവരെയും കണ്ടുമുട്ടാം. 

നിസ്സഹായതയെക്കാൾ ഭീകരം നിസ്സഹായതയിൽ നേരിടേണ്ടി വരുന്ന അവഹേളനമാണ്. ബലഹീനതകൾ മുതലെടുക്കുന്നവർ ഉള്ളതുകൊണ്ടാണ് അകപ്പെട്ടുപോയ അപമാന സാഹചര്യങ്ങളിൽനിന്നു കരകയറാൻ കഴിയാതെ വരുന്നത്. മാനക്കേടിൽ തുടരാൻ ആർക്കാണു താൽപര്യം? എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള അതിതീവ്രശ്രമം ഓരോ ശ്വാസത്തിലുമുണ്ടാകും. ഒന്നു കൈകൊടുത്താൽ അവരും യാത്ര തുടരും. 

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com