വിൽക്കാനല്ല, വളർത്താൻ- ഇതു വെറും നാടകം

ksrtc
ബിജു പ്രഭാകർ, തമ്പാനൂർ രവി
SHARE

കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനി രൂപീകരണം സംബന്ധിച്ച് യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള തർക്കം പുതിയ തലത്തിലെത്തിയിരിക്കുന്നു. യൂണിയനുകൾക്കെതിരെയും ഒരു വിഭാഗം ജീവനക്കാർക്കെതിരെയും തുറന്നടിച്ച് സിഎംഡി തന്നെ രംഗത്തെത്തി. കെഎസ്ആർടിസിയിൽ നടക്കുന്നതെന്ത് ? 5 ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും 

? സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന ഉത്തേജന പാക്കേജ് പോലും പരാജയപ്പെട്ടു. ആ സാഹചര്യത്തിൽ ഒരു വിദഗ്ധ റിപ്പോർട്ടും ഇല്ലാതെ ഇങ്ങനെ കമ്പനിയുണ്ടാക്കിയാൽ നന്നാകും എന്നു പറയുമ്പോൾ സംശയവും വിമർശനവും സ്വാഭാവികമല്ലേ? സ്വകാര്യവൽക്കരണ ദുഷ്ടലാക്കുണ്ടെന്ന ആരോപണവും ഉയരുന്നു. 

ബിജു പ്രഭാകർ സിഎംഡി, കെഎസ്ആർടിസി–

സ്വിഫ്റ്റ് കമ്പനിക്കായി പുതിയ ബസ് വാങ്ങാൻ കിഫ്ബിയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ ദീർഘദൂര സർവീസുകൾ കൃത്യതയോടെ നടത്തി അതിൽനിന്നുള്ള വരുമാനം ഉപയോഗിക്കുമെന്നും ലാഭം കെഎസ്ആർടിസിക്കു നൽകുമെന്നും വളരെ വ്യക്തമായി കമ്പനിരേഖകളുടെ ആമുഖത്തിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ സിഎംഡി തന്നെയാകും സ്വിഫ്റ്റിന്റെയും ചെയർമാൻ. ഓപ്പറേഷൻ, ട്രാഫിക്, ഇൻഫർമേഷൻ ടെക്നോളജി, അക്കൗണ്ട്സ് വിദഗ്ധരായ 4 അംഗങ്ങളും ട്രാൻസ്പോർട്ട് വകുപ്പുകളിൽനിന്ന് ഓരോ എക്സ് ഒഫീഷ്യോ അംഗങ്ങളും നാറ്റ്പാക് ഡയറക്ടറും അടങ്ങുന്നതാണ് ഭരണസമിതി. സ്വകാര്യവൽക്കരണമെന്ന സംശയത്തിന് ഒരു അടിസ്ഥാനവുമില്ല.

തമ്പാനൂർ രവി പ്രസിഡന്റ്, ട്രാൻസ്പോർട്ട്ഡെ മോക്രാറ്റിക് ഫെഡറേഷൻ–

ഇതു പിൻവാതിൽ നിയമനത്തിനു സർക്കാർ കണ്ട കുറുക്കുവഴി മാത്രമാണ്. അല്ലാതെ, കെഎസ്ആർടിസിയുടെ ഉന്നമനത്തിനല്ല. നാലര വർഷമായി ഒന്നും ചെയ്യാതിരുന്ന സർക്കാർ ഇറങ്ങിപ്പോകാൻ 4 മാസം ബാക്കിനിൽക്കെ അനധികൃത നിയമനത്തിനായി ഒരുക്കുന്ന അണിയറ നാടകമാണ് കമ്പനി രൂപീകരണം. ഇതിനെ ശക്തമായി എതിർക്കും. കേന്ദ്രസർക്കാരിനെപ്പോലെ എല്ലാം സ്വകാര്യവൽക്കരിക്കാനാണു നീക്കം. 10 വർഷമാണ് ഇൗ കമ്പനിയുടെ കാലാവധിയെന്നു പറയുന്നു. 10 വർഷം കഴിഞ്ഞാൽ ഇതു മറ്റു സ്വകാര്യ കമ്പനികളുടെ ഓഹരിയും ക്ഷണിച്ച് രൂപമാറ്റം വരുത്തും. കെഎസ്ആർടിസി കേരളത്തിനു നഷ്ടമാകും.

? കെഎസ്ആർടിസിയുടെ സ്ഥലം ഇത്തരത്തിൽ വീതംവച്ചു നൽകുന്നതിനെക്കുറിച്ചു വിമർശനമുയർന്നു. ഇൗ സ്ഥലം പിന്നീടു നഷ്ടമാകുമെന്നതാണ് ആശങ്ക.

ബിജു പ്രഭാകർ

ടിക്കറ്റ് ഇതര വരുമാനം ലഭിച്ചില്ലെങ്കിൽ കെഎസ്ആർടിസിക്ക് ഇനിയും പിടിച്ചുനിൽക്കാനാകില്ല. കെഎസ്ആർടിസിയുടെ വസ്തുവകകൾ എല്ലാം വിൽക്കണമെന്നായിരുന്നു സുശീൽ ഖന്ന റിപ്പോർട്ട്. അതെങ്ങനെ നടപ്പാക്കാനാകും? അതിൽനിന്നു വ്യത്യസ്തമായി ഇൗ സ്ഥലങ്ങൾ ഗുണപരമായി വിനിയോഗിക്കും. മൂന്നാറിലെ സ്ഥലത്ത് 100 മുറികളുള്ള ഹോട്ടൽ നിർമിക്കാനാണ് കെടിഡിസിയുമായി ചർച്ച നടത്തുന്നത്. ഇതിനെ എതിർക്കുന്നതിലല്ല കാര്യം. ഇവിടെ കെഎസ്ആർടിസി ജീവനക്കാർക്കു കുറഞ്ഞ നിരക്കിൽ താമസിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിലേക്കാണു നമ്മൾ മാറേണ്ടത്. അതുപോലെ വികാസ് ഭവനിലെ സ്ഥലത്തും നല്ല വരുമാനമുണ്ടാക്കാൻ കഴിയുന്ന മാസ്റ്റർപ്ലാൻ തയാറാക്കും. സ്ത്രീകൾക്കു രാത്രി വിശ്രമിക്കുന്നതിനുള്ള മുറികൾ, ഷീ ഹോട്ടൽ ഉൾപ്പെടെ ആസൂത്രണം ചെയ്യുന്നു. 

തമ്പാനൂർ രവി

കെഎസ്ആർടിസിയുടെ തമ്പാനൂർ ഡിപ്പോയും 3.5 ഏക്കർ സ്ഥലവും 30 വർഷത്തേക്ക് കിഫ്ബിക്കു കൊടുക്കുന്നുവെന്നാണു പറയുന്നത്. ഇൗ സ്ഥലത്തിന് കെഎസ്ആർടിസിക്കു തന്നെ പട്ടയമുണ്ടോ എന്നു സംശയമുണ്ട്. പിന്നെ എങ്ങനെയാണ് 30 വർഷം കഴിഞ്ഞു തിരിച്ചു ചോദിക്കാനാകുക? നേരത്തേ കെടിഎഫ്സിയുമായി ചേർന്നു നിർമിച്ച ഷോപ്പിങ് കോംപ്ലക്സുകൾ നഷ്ടത്തിൽ കിടക്കുന്നത് നമുക്കു മുന്നിലെ ഉദാഹരണമാണ്. തേവരയിൽ 5.5 ഏക്കർ ഇതുപോലെ ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണത്തിന് എച്ച്എൽഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തിനു നൽകാനാണു തീരുമാനം. ഇൗ സ്ഥാപനത്തെ കേന്ദ്രസർക്കാർ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. വൻകിട വ്യവസായികളാണ് ഇത് ഏറ്റെടുക്കാൻ പോകുന്നത്. അപ്പോൾ തേവരയിലെ കെഎസ്ആർടിസി വക സ്ഥലത്തിന്റെ ഭാവിയും ആശങ്കയിലാകും.

? ബസുകൾ കൂടുതൽ ഓടിക്കുക, യാത്രക്കാരെ ആകർഷിക്കുക, അങ്ങനെ വരുമാനം ഉണ്ടാക്കുക എന്നതിലല്ലേ കൂടുതലായി ശ്രദ്ധിക്കേണ്ടത്.

ബിജു പ്രഭാകര്‍

ശരിയാണ്. 101 ബസുകളാണ് നാലരവർഷത്തിനിടെ വാങ്ങാൻ കഴിഞ്ഞത്. പക്ഷേ, 900 സിഎൻജി ബസുകൾ തരാമെന്നു പറഞ്ഞപ്പോൾ എതിർത്തതും കെഎസ്ആർടിസിയുടെ ഉന്നതർ തന്നെയായിരുന്നു.

തമ്പാനൂർ രവി

യുഡിഎഫിന്റെ കാലത്ത് 5000 ബസുകൾ ഓടിയിരുന്നു. ഇപ്പോൾ ബസ് മൂവായിരത്തിലേക്കെത്തി. കൂടുതൽ ബസ് നിരത്തിലിറക്കി ഓടിച്ച് കൂടുതൽ വരുമാനം നേടുകയായിരുന്നു വേണ്ടത്. നാലര വർഷത്തിനിനിടെ വെറും 101 ബസാണ് ഇൗ സർക്കാർ വാങ്ങിയത്. ഭരണം തീരാൻ മൂന്നു മാസം ബാക്കി നിൽക്കെ പറയുന്നത് 3000 ബസ് വാങ്ങുമെന്നാണ്. 

? സിഎൻജി ബസുകൾക്കെതിരെ എതിർപ്പ് ഉയരുന്നതിനെക്കുറിച്ച്...

ബിജു പ്രഭാകർ

സിഎൻജി ബസുകൾ രാജ്യമാകെ ഓടുന്നു. പക്ഷേ, കേരളത്തിൽ ഓടാൻ ചിലർ അനുവദിക്കില്ല. കെഎസ്ആർടിസിയുടെ സിഎൻജി ബസ് കൊച്ചി ഡിപ്പോയിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്നു. 220 കിലോമീറ്റർ മാത്രമേ ഓടൂ എന്നതാണു കാരണമായി പറഞ്ഞിരുന്നത്. ഇതു വലിയ നഷ്ടമാണെന്നായിരുന്നു വാദം. ഒരു ദിവസം അത് ഓടിക്കാൻ നിർദേശം നൽകി. 367 കിലോമീറ്റർ ഓടിയാണ് ബസ് നിന്നത്. ബസ് സർവീസിനയച്ചു. കിലോമീറ്ററിന് 41 രൂപ വരെ വരുമാനം കിട്ടി. സിഎൻജി ബസുകൾ നഷ്ടമാണെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

തമ്പാനൂർ രവി

സിഎൻജി ബസുകളെപ്പറ്റി എവിടെയാണു മാതൃക പറയുന്നത്. ലാഭകരമായി എന്ത് റിപ്പോർട്ടാണു കാണിക്കാനുള്ളത്? ഇതു ബോധ്യപ്പെടുത്താനായാൽ ആരും സിഎൻജിയെ എതിർക്കില്ല. രാജ്യത്ത് ഏതെങ്കിലും കോർപറേഷനുകൾ ഇത് ഉപയോഗിക്കുന്നുവെങ്കിൽ, ആ മാതൃക കാണിച്ചാൽ അതിവിടെ നടപ്പാക്കുന്നതിൽ തെറ്റില്ല.

? കോടതിവിധി അനുസരിച്ച് എണ്ണായിരത്തിലധികം പേരെ പിരിച്ചുവിട്ടു. 7000 ജീവനക്കാർ ഇനിയും അധികമെന്നു പറയുന്നു. അപ്പോഴാണ് കമ്പനി രൂപീകരണവും ആയിരക്കണക്കിന് ആളെ നിയമിക്കുമെന്നും പറയുന്നത്. പ്രഫഷനലായ ഉദ്യോഗസ്ഥരില്ലാത്തതാണ് മുകൾത്തട്ടിലെ പിടിപ്പുകേടിനു കാരണമെന്നും സുശീൽ ഖന്ന റിപ്പോർട്ടിലുണ്ട്.

ബിജു പ്രഭാകർ

ഡിടിഒയുടെ പ്രവൃത്തിപരിചയം പോലുമില്ലാത്ത ഉദ്യോഗസ്ഥരായിരുന്നു ഓപ്പറേഷൻസ് മാനേജരായി ജോലി നോക്കിയിരുന്നത്. ഇതൊക്കെ മുകളിൽനിന്നു താഴെത്തട്ടു വരെ ബാധിച്ചു. ഐടി, കൊമേഴ്സ്, അക്കൗണ്ട്സ്, എച്ച്ആർ വിഭാഗങ്ങളിലേക്ക് 20 വിദഗ്ധരെ റിക്രൂട്ട് ചെയ്തുകഴിഞ്ഞു. പിരിച്ചുവിട്ടവരിൽ 10 വർഷവും 240 ഡ്യൂട്ടിയും തികച്ചവരെയാണ് തിരിച്ചെടുക്കാൻ ആലോചിക്കുന്നത്. ഇതിനു കൃത്യമായ മാനദണ്ഡമുണ്ട്. സ്വിഫ്റ്റ് എന്ന കമ്പനിയിൽ ഒരു ജീവനക്കാരനും സ്ഥിരമല്ല. അവിടെ ജോലിക്കു പ്രത്യേക മാനദണ്ഡങ്ങളും വച്ചിട്ടുണ്ട്. കെഎസ്ആർടിസിയിൽ നിന്നുള്ള എംപാനൽ ജീവനക്കാർക്ക് ആ മാനദണ്ഡങ്ങളിൽ ജോലിചെയ്യാമെങ്കിൽ ജോലി നൽകും. അല്ലാതെ ആരെയും സ്ഥിരമാക്കാനാകില്ല.

തമ്പാനൂർ രവി

പിരിച്ചുവിട്ട എംപാനലുകാരായ 8000 പേരെ തിരിച്ചെടുക്കാനാണെങ്കിൽ ഇതിനായി ഒരു ഓർഡിനൻസിന്റെ ആവശ്യമല്ലേയുള്ളൂ. സർക്കാർ അതു ചെയ്യാതെ കമ്പനി രൂപീകരിക്കുന്നത് അവരെ ഒഴിവാക്കി സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റാനാണ്. പ്രഫഷനൽ ഉദ്യോഗസ്ഥരെന്നു പറഞ്ഞ് പുറത്തുനിന്നു കൊണ്ടുവരുന്നതും സ്വന്തക്കാരെയാണ്. കെഎസ്ആർടിസിയിലെ ഫീൽഡ് അറിയാവുന്ന പരിചയസമ്പന്നരെ ഒഴിവാക്കരുത്.

തയാറാക്കിയത്: എ.എസ്. ഉല്ലാസ്

English Summary: What happened in KSRTC?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA