ബൈഡൻ നമ്മുടെ സുഹൃത്തോ‌‌

HIGHLIGHTS
  • ജോ ബൈഡന്റെ സ്ഥാനാരോഹണം ഇന്ത്യ – യുഎസ് ബന്ധത്തിൽ മാറ്റം വരുത്തുമോ?
USA-ELECTION/BIDEN
ജോ ബൈഡൻ
SHARE

പാക്കിസ്ഥാനോട് ട്രംപ് സ്വീകരിച്ചിരുന്ന കർക്കശ നിലപാട് ബൈഡൻ തുടരാനിടയില്ല. പാക്കിസ്ഥാനോട് അൽപം കൂടി മൃദുസമീപനത്തിനുബൈഡൻ മുതിർന്നാൽ ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്കു മേലും സമ്മർദമേറിയെന്നു വരാം

സൈനിക സഹകരണത്തിൽ തുടർച്ച, ശാക്തിക നയതന്ത്ര കാര്യങ്ങളിൽ പ്രതീക്ഷയോടൊപ്പം ആശങ്ക, വാണിജ്യ–സാമ്പത്തികരംഗത്തു പ്രതീക്ഷ... യുഎസിലെ അധികാരക്കൈമാറ്റത്തെ ഇങ്ങനെ സമ്മിശ്ര വികാരങ്ങളോടെയാണ് ഇന്ത്യൻ നേതൃത്വം നോക്കിക്കാണുന്നത്.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിക്കാരും തമ്മിൽ അഭിപ്രായ ഐക്യമുണ്ടെന്നതിനാൽ ഇന്ത്യയോടുള്ള യുഎസ് സമീപനത്തിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണു കരുതുന്നത്. ഏഷ്യയിൽ വർധിച്ചുവരുന്ന ചൈനയുടെ ശക്തിയെയും സ്വാധീനത്തെയും ചെറുക്കാൻ പരമ്പരാഗത സുഹൃത്തുക്കളായ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെയും സഹകരണം ആവശ്യമാണെന്ന കാര്യത്തിൽ അമേരിക്കയിൽ ഉഭയകക്ഷി അഭിപ്രായ ഐക്യമുണ്ട്. 

മാത്രമല്ല, ആയുധവിപണിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ കസ്റ്റമറായ ഇന്ത്യയെ ഒപ്പം നിർത്തുന്നതിൽ ഇരുകക്ഷികൾക്കും താൽപര്യവുമാണ്. ട്രംപ് ഭരണകൂടം ഈ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ കാട്ടിയ താൽപര്യം ബൈഡൻ ഭരണകൂടവും തുടരുമെന്നു തന്നെ കരുതാം.

പാക്കിസ്ഥാനോട് ട്രംപ് സ്വീകരിച്ചിരുന്ന കർക്കശ നിലപാട് ബൈഡൻ തുടരാനിടയില്ല. ആഗോള ഭീകരതയോടുള്ള പാക്കിസ്ഥാന്റെ നിലപാടുകളെ, വാക്കാലെങ്കിലും, ട്രംപ് ഭരണകൂടം ശക്തമായി വിമർശിച്ചിരുന്നു. ട്രംപിന്റെ പാക്ക് നയം പാക്കിസ്ഥാനെ ചൈനയുടെ ധൃതരാഷ്ട്രാലിംഗനത്തിലേക്കു വിട്ടുകൊടുക്കുകയാണു ചെയ്തത് എന്നാണ് ഡെമോക്രാറ്റുകളുടെ വാദം. പാക്കിസ്ഥാനോട് അൽപം കൂടി മൃദുവായ സമീപനത്തിനു ബൈഡൻ മുതിർന്നാൽ ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്കു മേലും സമ്മർദമേറിയെന്നു വരാം.

അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ്

സൈന്യം പിന്മാറുന്നതോടെ പാക്കിസ്ഥാൻ വീണ്ടും അവിടെ പിടിമുറുക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. ഒപ്പം, ചൈനയുടെ  കൂട്ടാളിയായി പാക്കിസ്ഥാൻ മാറുകയാണെങ്കിൽ അതു യുഎസിനും ഇന്ത്യയ്ക്കും വൻ തിരിച്ചടിയാകുമെന്നാണ് ഡെമോക്രാറ്റുകൾ പൊതുവേ വാദിക്കുന്നത്.

മോദിസർക്കാരിന്റെ കശ്മീർ നയത്തിൽ ട്രംപ് കാര്യമായ അഭിപ്രായപ്രകടനമൊന്നും നടത്തിയിരുന്നില്ല. എന്നാൽ, അവിടത്തെ മനുഷ്യാവകാശലംഘനം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളിൽ ഡെമോക്രാറ്റുകൾക്കു വ്യക്തമായ ചില നിലപാടുകളുണ്ട്. ഇതു സംബന്ധിച്ച അഭിപ്രായപ്രകടനങ്ങൾ ബൈഡൻ ഭരണകൂടത്തിൽനിന്നു പ്രതീക്ഷിക്കാം.

1229364949
കമല

സാമ്പത്തികരംഗം 

വാണിജ്യ–സാമ്പത്തിക രംഗത്ത് ട്രംപിന്റെ കടുത്ത ദേശീയവാദം ബൈഡൻ തുടരില്ലെങ്കിലും അമേരിക്കൻ ബിസിനസുകൾക്കു യോജ്യമായ നയങ്ങൾ പിന്തുടരാൻ നിർബന്ധിതനായേക്കും. ട്രംപിന്റെ ‘‘അമേരിക്ക ഫസ്റ്റ്’’ എന്ന മുദ്രാവാക്യം അമേരിക്കൻ മധ്യവർഗം പൊതുവേ സ്വാഗതം ചെയ്തതായാണ് പല പഠനങ്ങളും അഭിപ്രായ വോട്ടെടുപ്പുകളും സൂചിപ്പിക്കുന്നത്. അമേരിക്കൻ മധ്യവർഗ താൽപര്യം മുൻനിർത്തിക്കൊണ്ടു തന്നെയാവും ബൈഡനും ഭരിക്കുക. കുടിയേറ്റ നയത്തിലും വീസ നിയമങ്ങളിലും കയറ്റുമതി – ഇറക്കുമതി ചട്ടങ്ങളിലും ട്രംപിനെക്കാൾ അൽപം കൂടി അയഞ്ഞ നയം സ്വീകരിച്ചേക്കാമെങ്കിലും, കാതലായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

വളരെ കരുതലോടെയാവും അടുത്ത ഏതാനും മാസങ്ങളിൽ ബൈഡൻ ഭരണം നടത്തുക. ട്രംപിനെ അധികാരത്തിലേക്കു കൊണ്ടുവന്ന കടുത്ത ദേശീയവാദം യുഎസിൽ കനലായി കിടപ്പുണ്ട്. അതിനാൽ, കടുത്ത ദേശീയവാദികളെ വീണ്ടും പ്രകോപിപ്പിക്കാതിരിക്കാൻ തൊഴിൽരംഗത്തും സാമ്പത്തികരംഗത്തും ചില ട്രംപ് നയങ്ങൾ ബൈഡൻ തുടർന്നെന്നും വരാം.

കമല ദേവി ഹാരിസ് (56)

യുഎസ് വൈസ്  പ്രസിഡന്റാകുന്ന ആദ്യ വനിത

ജനനം: 1964 ഒക്ടോബർ 20നു കലിഫോർണിയയിലെ ഓക്‌ലൻഡിൽ.

മാതാപിതാക്കൾ: ഇന്ത്യൻ വംശജയായ അർബുദ ഗവേഷക ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ, ജമൈക്കൻ സ്വദേശിയായ ഡോണൾഡ് ഹാരിസും. 

പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്‌സ് കോളജിൽനിന്നു നിയമബിരുദം, 1989ൽ.ഓക്‌ലൻഡിൽ   ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായി കരിയർ തുടക്കം. 2010ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കൻ അമേരിക്കൻ വ്യക്തിയുമായി.

എന്റർടെയ്ൻമെന്റ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അഭിഭാഷകൻ ഡഗ്ലസ് എംഹോഫിനെ 2014ൽ വിവാഹം ചെയ്തു. പ്രഥമവനിത ഡോ. ജിൽ ബൈഡനെപ്പോലെ എംഹോഫും അധ്യാപകവൃത്തിയിലേക്കു തിരിയും – സർവകലാശാലയിൽ ഇടയ്ക്കിടെ നിയമക്ലാസെടുത്ത്. 

Content Highlights: India's international defence relations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA