‘സാധാരണക്കാർ എന്തൊരു വിവേചനമാണ് അനുഭവിക്കേണ്ടിവരുന്നത്?’ ഞങ്ങളൊന്ന് കൂളാകട്ടെ സാർ!

joy-mathew
ജോയ് മാത്യു
SHARE

നമ്മുടെ മോട്ടർവാഹന വകുപ്പിന് പണത്തിന് അത്രയ്ക്കു ബുദ്ധിമുട്ടായോ? ആയിട്ടുണ്ടാകാം. അതിനു വാഹനങ്ങൾ തടഞ്ഞ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴിയുന്നത് അഥവാ, പിഴയിടുന്നത് ഒരു വഴിയുമാണ് (നമ്മുടെ നാട്ടിൽ ഏറ്റവുമധികം പിഴിയപ്പെടുന്നത് രണ്ടു കൂട്ടരാണ്; മദ്യപാനികളും വാഹന ഉടമകളും).

പക്ഷേ, പിഴിയാൻ ഇപ്പോൾ കണ്ടെത്തിയ കുറ്റകൃത്യം ഇത്തിരി കടുത്തതായിപ്പോയി. വാഹനങ്ങളുടെ ഗ്ലാസിൽ സൺ ഫിലിം ഒട്ടിക്കുന്നതിനാണു കേസും പിഴയും. ഗ്ലാസിൽ ഫിലിം ഒട്ടിക്കുന്നതു മൂലം നിരന്തരം അപകടങ്ങളും റോഡിലെ മറ്റു വണ്ടിക്കാർക്കും കാൽനടക്കാർക്കും വല്ലാത്ത ബുദ്ധിമുട്ടുമാണല്ലോ! നിയമങ്ങൾ നാട്ടിലുള്ളതു നടപ്പാക്കണം. ശരി. അതിനിത്തിരി ഔചിത്യബോധം ഉണ്ടായിപ്പോയാലെന്താണു തകരാറ്? സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്, സൺ ഫിലിം പാടില്ലെന്ന്. അതു പൊളിച്ചുകളയാൻ പക്ഷേ, ‘ഓപ്പറേഷൻ സ്ക്രീൻ’ എന്നൊക്കെ പേരിട്ട് തീവ്രയജ്ഞമൊക്കെ നടപ്പാക്കുന്നതു കാണുമ്പോൾ, ലംഘനങ്ങളെ നേരിടാൻ അവയുടെ ഉപദ്രവശേഷിയുടെ അടിസ്ഥാനത്തിൽ ഒരു മുൻഗണനാക്രമമൊക്കെ വേണ്ടേ എന്നൊരു സംശയം മനസ്സിൽ വന്നുപോകുന്നു.

സംശയം എനിക്കു മാത്രമല്ല. സുപ്രീം കോടതിയുടെ വിധി വന്ന കാലത്തുതന്നെ, നമ്മുടെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ പറഞ്ഞിരുന്നു, ആ വിധി ന്യായീകരിക്കാവുന്നതല്ല എന്ന്. പൊള്ളുന്ന ചൂടുള്ള നമ്മുടെ രാജ്യത്ത് സാധാരണ മനുഷ്യരുടെ അവസ്ഥയോർക്കുന്ന ആരും അതു പറയും. അദ്ദേഹം ഒന്നുകൂടി പറഞ്ഞു – ഇത്തരം വിധികളെ മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തണമെന്ന്. വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണമെന്ന്.

ഉച്ചകഴിഞ്ഞൊരു നേരത്ത് നമ്മുടെ ഹൈവേയിലൂടെ യാത്ര ചെയ്യുന്ന ആർക്കുമറിയാം, ഗ്ലാസിലൂടെ കടന്നുവരുന്ന പടിഞ്ഞാറൻ വെയിലിന്റെ ഒരു സുഖം. കൊച്ചുകുഞ്ഞുങ്ങളുടെയൊക്കെ നിലവിളി ആ യാത്രകളിൽ ഒരു കാറിലും ഒഴിയില്ല. അപ്പോൾപിന്നെ ഗ്ലാസിനിടയിൽ ടവ്വലും പത്രക്കടലാസുമൊക്കെ തിരുകി നാട്ടുകാർ മുന്നോട്ടുപോകും. ഇത്തരം അപകടകരമായ ഏർപ്പാടുകളൊക്കെ നാട്ടുകാരെക്കൊണ്ട് നീതിപാലകരും നിയമപാലകരുമൊക്കെ ചെയ്യിക്കുന്നതല്ലേ, സത്യത്തിൽ അന്യായം?

നിയമത്തിലെ വൈരുധ്യം കൂടി നോക്കുക. കൂളിങ് ഗ്ലാസുകളോടെ നിർമിക്കുന്ന കാറുകൾക്ക് മേൽപറഞ്ഞ നിയമം ബാധകമല്ല. നിർമിച്ച ശേഷം വാഹനങ്ങളിൽ വല്ലതും പിടിപ്പിച്ചാലേ കുറ്റമാകൂ. അതുകൊണ്ട് മുന്തിയ കാറുകളിലെ കൂളിങ് ഗ്ലാസ് അനുവദനീയവും സാധാരണക്കാരുടെ കാറുകളിലെ ഫിലിം കുറ്റകൃത്യവുമാകുന്നു. പിന്നെ വിഐപികളുടെ കാറുകളിൽ അവരുടെ സുരക്ഷയെക്കരുതി വേണമെങ്കിൽ എന്തുമാകാം എന്നൊരു സൗജന്യം കൂടിയാകുമ്പോൾ സാധാരണക്കാർക്ക് എന്തൊരു വിവേചനമാണു സാർ അനുഭവിക്കേണ്ടിവരുന്നത്?

ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമമാണ് ജനാധിപത്യക്രമം ആവശ്യപ്പെടുന്നത്. അല്ലാതെ ജനങ്ങൾ ഇപ്പോഴും രാജഭരണത്തിൻ കീഴിലെ പ്രജകളല്ല എന്ന വസ്തുത നമ്മുടെ ഭരണകർത്താക്കൾ മറക്കുന്നു. നീതിപീഠങ്ങൾ മറക്കുന്നു. നിയമപാലകർ മറക്കുന്നു. വിലകൂടിയ വാഹനം ഉപയോഗിക്കുന്നവർ കേമൻമാരാണെന്ന ചിന്ത വളർത്തുന്നതു ജനാധിപത്യത്തിനു നിരക്കുന്നതല്ല.

മോട്ടർവാഹന വകുപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത് രാത്രികാലത്തു ഹൈ ബീമിൽ ഹെഡ്‌ലൈറ്റും സ്പെഷൽ ലൈറ്റുകളും കത്തിച്ച് എതിരെ വരുന്നവരുടെ കണ്ണിലേക്കു തീവെളിച്ചം തുളച്ചുകയറ്റി അപകടമുണ്ടാക്കുന്നവരെ പിടികൂടി പിഴ ചുമത്തുകയാണ്. രാത്രി വാഹനാപകടങ്ങൾ പെരുകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം കണ്ണുതകർക്കുന്ന ലൈറ്റുകളാണ്. അതു കണ്ടുപിടിക്കണമെങ്കിൽ മോട്ടർവാഹന ഉദ്യോഗസ്ഥർ രാത്രി ഉറക്കമിളച്ച് വഴിയിലിറങ്ങേണ്ടി വരുമെന്നതാണോ, അവരെ ഒഴിവാക്കാൻ കാരണം? ഈ സ്പെഷൽ ലൈറ്റുകളും എക്സ്ട്രാ ഫിറ്റിങ് ആണല്ലോ. ഫിലിം എക്സ്ട്രാ ആയാൽ മാത്രം പോരല്ലോ, വെടിയും പടയും. 

ഫിലിം ആരെയും ഉപദ്രവിക്കാനല്ല. സ്പെഷൽ ലൈറ്റ് ഉപദ്രവിക്കാൻ തന്നെയാണ്. രാത്രി റോഡിലിറങ്ങി ബുദ്ധിമുട്ടേണ്ട സാർ, റോഡരികിൽ ക്യാമറകൾ സ്ഥാപിച്ചാൽ മതി. ഇപ്പോൾ ഓവർസ്പീഡ് കണ്ടുപിടിക്കുന്ന രീതിതന്നെ മതിയാകും, മോട്ടർവാഹന വകുപ്പിനു പണമുണ്ടാക്കാനും മനുഷ്യജീവനു വിലയുണ്ടാവാനും.

വാഹന ഉടമകൾക്കു സംഘടിക്കാനാകില്ല. ഇതു തിരിച്ചറിയുന്നതു കൊണ്ടാണ് ഭരണകർത്താക്കൾ ഓരോരോ ചൂടൻ നിയമങ്ങൾ നടപ്പാക്കി, അൽപമെങ്കിലും തണുക്കാൻ അനുവദിക്കാതെ, വാഹനങ്ങളിലെ ചില്ലുകളിൽ പതിച്ച കൂളിങ് പേപ്പറുകൾക്കു പിഴ ഈടാക്കി പിഴിയുന്നത്.

ഒന്നാലോചിച്ചാൽ തമാശയാണു തോന്നുക. നിയമം ഉണ്ടാക്കുന്നവരും നടപ്പാക്കുന്നവരും എന്തിന് ഭരണചക്രം തിരിക്കുന്നതിൽത്തന്നെ എത്രപേർ വാഹനമോടിക്കും? അതുകൊണ്ടാണവർക്ക് വണ്ടിയോടിക്കുന്നവന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകാതെ പോകുന്നത്. ഭരണചക്രം തിരിക്കുന്നതു പോലെ അത്ര എളുപ്പമല്ല സാർ, വാഹനങ്ങളുടെ ചക്രം തിരിക്കുന്നത്.

English Summary: Nottam column by Joy Mathew

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA