ADVERTISEMENT

ചെറിയ കാര്യങ്ങളിലെ വലിയ നന്മയാണ് വലിയ കാര്യങ്ങളിലെ ചെറിയ നന്മയെക്കാൾ ശ്രേഷ്ഠം. ഓരോ പ്രവൃത്തിയും വിലയിരുത്തപ്പെടേണ്ടത് അവ ചെയ്യുന്നവരുടെ ശേഷി കൂടി കണക്കിലെടുത്താകണം. ഒരു സാഹചര്യത്തിൽ ഒരാൾക്കു ചെയ്യാൻ കഴിയുന്ന ഏക കാര്യം അയാൾ ചെയ്തുകഴിഞ്ഞെങ്കിൽ പിന്നെ ചെയ്തിയുടെ ഏറ്റക്കുറച്ചിലിന്റെ പേരിൽ അയാളെ കുറ്റപ്പെടുത്തരുത്.

നൂറു രൂപ നൽകാൻ ശേഷിയുണ്ടായിട്ടും പത്തു രൂപ നൽകിയവനെയും ഒരു രൂപ മാത്രം നൽകാൻ ശേഷിയുണ്ടായിട്ടും രണ്ടു രൂപ നൽകിയവനെയും ഒരേ ത്രാസിൽ അളക്കരുത്. കൂടപ്പിറപ്പുകൾക്കോ സഹയാത്രികർക്കോ വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം എല്ലാവരും ചെയ്തിരുന്നെങ്കിൽ ഒരാളും ഒറ്റപ്പെടുകയോ തകരുകയോ ഇല്ലായിരുന്നു. തനിക്കു മുറിവേൽക്കില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് പാതിമനസ്സോടെ നീളുന്ന സഹായഹസ്തങ്ങളാണ് അകപ്പെട്ടുപോയവരുടെ അവസ്ഥ അതിദയനീയമാക്കുന്നത്.

‌ഒരു രക്ഷകവേഷം കാണുമ്പോൾ ഓരോ നിസ്സഹായനിലും ചില പ്രതീക്ഷകളുണരും. ആ പ്രതീക്ഷയ്ക്കൊപ്പം അവസാനശ്വാസം വരെ നിൽക്കാൻ ഓരോ രക്ഷകനും ഉത്തരവാദിത്തമുണ്ട്. സൗകര്യമുണ്ടെങ്കിൽ മാത്രം നടത്തേണ്ട ഒരു സത്കർമമല്ല സംരക്ഷണം; അസൗകര്യങ്ങൾക്കിടയിലും വിട്ടുവീഴ്ചയില്ലാതെ തുടരേണ്ട ദൗത്യമാണത്. അതിനു കഴിയില്ലെങ്കിൽ ആ വേഷം അണിയരുത്.

സന്മാർഗത്തിന്റെയും സാമാന്യമര്യാദയുടെയും ബാലപാഠങ്ങൾ പഠിക്കാൻ വിദ്യാലയങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും പോകണമെന്നില്ല. പരിസരം വീക്ഷിച്ചാൽ മാത്രം മതി. തണലാകാൻ തീരുമാനിച്ചാൽ പിന്നെ താഴെ നിൽക്കുന്നവർക്കു വെയിലേൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com