ADVERTISEMENT

ശുഭപ്രതീക്ഷകൾ നൽകി വാക്സീൻ കേരളത്തിലും ലഭിച്ചുതുടങ്ങിയിരിക്കുന്നു. ഈ വലിയ ആശ്വാസത്തോടൊപ്പം, സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാതെ, രാജ്യത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത് ആശങ്ക പടർത്തുന്നുമുണ്ട്. ഇതിനിടെ, വാക്സീനുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങളുണ്ടാവുന്നതാവട്ടെ, വലിയൊരു ലക്ഷ്യത്തെത്തന്നെ മങ്ങലേൽപിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ കോവിഡ് വ്യാപനത്തോതു കാര്യമായി വർധിക്കുന്നില്ലെന്ന ആശ്വാസമുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ പെട്ടെന്നുണ്ടായ വർധന കണക്കിലെടുത്ത്, എത്രയും വേഗം വാക്സീൻ കൂടുതൽ പേർക്ക് എത്തിക്കണമെന്ന ലക്ഷ്യമാണു കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മുന്നിലുള്ളത്. കോവിഡ് പിടിപെടാൻ സാധ്യതയേറിയ 30 കോടിയാളുകളിൽ, മുൻഗണനാക്രമത്തിൽ അടുത്ത 7 മാസങ്ങൾക്കുള്ളിൽ വാക്സീനെത്തിക്കുകയെന്നതാണ് അടിയന്തര ദൗത്യം. എങ്കിൽപോലും, കേരളത്തിലടക്കം കുത്തിവയ്പിനു കാര്യമായ വേഗമില്ലെന്നതും ഓരോ കുത്തിവയ്പു ദിവസവും ലക്ഷ്യമിട്ടവരിലേക്കു മുഴുവൻ എത്തിക്കാനാവില്ലെന്നതും നിർഭാഗ്യകരമാണ്. 

ഇതോടൊപ്പം, ദേശീയ തലത്തിലുള്ള പ്രതിദിന കോവിഡ് ബാധിതരിൽ പകുതിയിലേറെപ്പേരും കേരളത്തിൽനിന്നാണെന്ന പുതിയ കണക്ക് നമ്മെ കൂടുതൽ ജാഗരൂകരാക്കുകതന്നെ വേണം. സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ എത്താൻ ജൂലൈ വരെ കാക്കേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മിക്ക സംസ്ഥാനങ്ങളിലും പ്രതിദിന കേസുകൾ ആയിരത്തിൽ താഴെയായിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്നതുകൂടി ഓർമിക്കേണ്ടതുണ്ട്. കോവിഡ് മുക്തരാകുന്നവരുടെ എണ്ണം കൂടുതലായതിനാൽ നമ്മുടെ ചികിത്സാസംവിധാനങ്ങൾ വെല്ലുവിളി നേരിടുന്നില്ലെന്നു മാത്രം. വാക്സീനെത്തുടർന്നുള്ള പാർശ്വഫലങ്ങൾ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നത് ആശ്വാസം നൽകുന്നുമുണ്ട്. 

ആന്റിജൻ പരിശോധനയിൽ ഉറച്ചുനിന്നതും ജനസാന്ദ്രതയുമാണു കേരളത്തെ വൈറസ് വ്യാപനത്തിൽ മുന്നിൽ നിർത്തുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. മറ്റു സംസ്ഥാനങ്ങൾ കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുന്ന ആർടിപിസിആർ പരിശോധനയിൽ ശ്രദ്ധ നൽകുമ്പോൾ കേരളത്തിൽ ആകെ പരിശോധനയിൽ 20% മാത്രമേ ആർടിപിസിആർ ഉള്ളൂ. ആർടിപിസിആർ പരിശോധന പരമാവധി വർധിപ്പിച്ചും സമൂഹവ്യാപനത്തോത് അനുസരിച്ചു സജ്ജീകരണങ്ങൾ വർധിപ്പിച്ചും കേരളം ഈ സാഹചര്യത്തെ നേരിടേണ്ടതുണ്ട്. വാക്സീൻ വിതരണത്തിന്റെ വേഗം കഴിയുന്നത്ര കൂട്ടുകയും വേണം. ലോകത്തു ‘കോവിഡ് ജനസംഖ്യ’ 7.5 കോടി കടന്ന സാഹചര്യത്തിലായിരുന്നു ആശങ്ക വർധിപ്പിച്ച് കൊറോണ വൈറസിന്റെ പുതിയ വകഭേദം ഈയിടെ കേരളത്തിലടക്കം കടന്നുവന്നത്. 

ഏറ്റവും പ്രാധാന്യമുള്ള ആരോഗ്യയജ്ഞത്തിനാണു തുടക്കം കുറിച്ചിരിക്കുന്നതെന്നതു മറന്ന്, വാക്സീൻ കുത്തിവയ്പിനെതിരെ പലതരത്തിലുമുള്ള കുപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അഴിച്ചുവിടുന്നവർ വലിയൊരു സാമൂഹികദ്രോഹം തന്നെയാണു ചെയ്യുന്നതെന്നതിൽ സംശയമില്ല. സർക്കാർസംവിധാനങ്ങളുടെ ഏകോപിത പ്രവർത്തനങ്ങൾക്കൊപ്പം പൊതുസമൂഹത്തിന്റെ ആത്മാർഥ പിന്തുണ കൂടി കോവിഡുമായുള്ള യുദ്ധത്തിൽ ഉണ്ടായേതീരൂ. കുപ്രചാരണം പോലുള്ള ദുഷ്ചെയ്തികൾക്കു തടയിടുന്നതിനോടൊപ്പംതന്നെ, കോവിഡിനെതിരെയുള്ള വാക്സീൻ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലെ ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കുകയും നിരന്തര ബോധവൽക്കരണം ഉറപ്പാക്കുകയും ചെയ്താൽ ഇത്തരം ജനകീയാരോഗ്യ പ്രവർത്തനങ്ങൾ വിജയത്തിലെത്തുമെന്നു പോളിയോ തുള്ളിമരുന്നു വിതരണത്തിലടക്കം കേരളം തെളിയിച്ചതാണ്.

ആശങ്കയ്ക്കു കുറവുവരാത്ത ഈ സാഹചര്യത്തിൽ, സുരക്ഷിത അകലംകൊണ്ടും ശുചിത്വം കൊണ്ടും കേരളം ജാഗ്രതയുടെ ആയുധത്തിന് ഇനിയും മൂർച്ച കൂട്ടിയേതീരൂ. കൂട്ടംചേരലുകളിലും മറ്റു സാമൂഹിക ഇടപെടലുകളിലും നമ്മുടെ നാടും നഗരവും പലപ്പോഴും ജാഗ്രത മറക്കുന്നുവെന്നതു കോവിഡ് വ്യാപനം വർധിപ്പിക്കാൻ ഇടവരുത്തുമെന്നതു മറന്നുകൂടാ. അർഹരായ എല്ലാവരിലേക്കും എത്രയും വേഗം വാക്സീൻ എത്തിക്കുന്നതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നതു പോലെ തന്നെ പ്രധാനമാണു പരമാവധി ജാഗ്രത പാലിക്കണമെന്ന പൗരബോധവും. 

English Summary: Covid vaccination drive - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com