ഇതാണോ കാര്യക്ഷമമായ ഭരണം?

Dr-Mary-George
ഡോ. മേരി ജോർജ്
SHARE

കോവിഡ് മഹാമാരിയെ വരുതിയിലാക്കുന്നതിൽ കേരള സർക്കാരും ആരോഗ്യവകുപ്പും പ്രകടിപ്പിച്ച മികവ് ലോകശ്രദ്ധ ആകർഷിച്ചു. എന്നാൽ, സ്പ്രിൻക്ലർ കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നു മാത്രമല്ല, സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കുകയും ചെയ്തു.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യയുടെ ആധാരശിലയാണ് വിവരം അഥവാ ഡേറ്റ. ഡേറ്റ ലഭിക്കുന്ന വ്യക്തി, കമ്പനിയുടെ ആവശ്യം, അതു വിശകലനം ചെയ്യാനുള്ള സാങ്കേതികമികവ്, വിശകലന മികവിനെ വിവിധ ഉൽപന്നങ്ങളാക്കി മാറ്റാനും വിപണനം ചെയ്യാനുമുള്ള സാമർഥ്യം, ഇവയെല്ലാം അതീവ ഗൗരവമായി കാണേണ്ടവയാണ്. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലെ 1.82 ലക്ഷം പേരുടെ വിവരം സ്പ്രിൻക്ലർ പ്ലാറ്റ്ഫോമിലെത്തിയത് ഗൗരവതരമായ ചോദ്യങ്ങളാണു മുന്നോട്ടുവയ്ക്കുന്നത്.

ഡേറ്റ നശിപ്പിച്ചു കളയാൻ സർക്കാർ ആവശ്യപ്പെട്ടെന്നും നശിപ്പിച്ചതായി സ്പ്രിൻക്ലർ അറിയിച്ചതായും പറയുന്നു. വിശ്വസിക്കാം, വിശ്വസിച്ചല്ലേ പറ്റൂ. ഈ മേഖലയിൽ വിദഗ്ധരായ രണ്ടുപേർ (മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാരും സൈബർ സുരക്ഷാ വിദഗ്ധൻ ഡോ.ഗുൽഷൻ റായിയും) സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ആദ്യ ഘട്ടങ്ങളിൽ പുറത്തുവിട്ടില്ല. എന്തുകൊണ്ട്? സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായും സി–ഡിറ്റ് ഈ കമ്മിറ്റിക്കു കൈമാറിയില്ല. സ്വകാര്യത സംബന്ധിച്ച ചട്ടലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് സമിതിക്കു നിഗമനത്തിലെത്താൻ കഴിയാതിരുന്നതും ഇക്കാരണത്താലാണ് എന്നോർക്കണം. സുതാര്യതയില്ലായ്മ തുടക്കം മുതൽ തന്നെ വ്യക്തം.

അതിലും ഗൗരവമുള്ള സംശയം വിദഗ്ധസമിതി അവതരിപ്പിച്ച റിപ്പോർട്ട് മറികടന്ന് അതേ പരിഗണനാ വിഷയങ്ങളുമായി മറ്റൊരു സമിതിയെ നിയമിച്ചുവെന്നതിലാണ്. ആഗ്രഹിച്ച തരത്തിലുള്ള റിപ്പോർട്ട് കിട്ടുന്നതുവരെ മാറിമാറി കമ്മിറ്റികളെ നിയമിക്കുന്നതിലെ ഔചിത്യമില്ലായ്മ, ആദ്യ കമ്മിറ്റിയിലെ വിദഗ്ധരോടുള്ള അവഹേളനം. ഇവയൊക്കെ എങ്ങനെ ന്യായീകരിക്കും?

തീർന്നില്ല, കോവിഡിനു മുൻപും കോവിഡ്കാലത്തും ധനപ്രതിസന്ധി മൂലം ഭാഗികമായെങ്കിലും നിഷ്ക്രിയമായിരുന്ന ഖജനാവിൽനിന്ന് അനാവശ്യ ചെലവു മാത്രമാണ് സ്പ്രിൻക്ലർ സമ്മാനിച്ചത്. പ്ലാറ്റ്ഫോം കൊണ്ട് ഉപയോഗമുണ്ടായില്ലെന്നു മാത്രമല്ല, അതിന്റെ ക്ലൗഡ് ശേഷി വർധിപ്പിക്കാനുള്ള ചെലവ്, ഹൈക്കോടതിയിൽ വാദിക്കാൻ കൊണ്ടുവന്ന അഭിഭാഷകയുടെ ഫീസ്, കമ്മിറ്റികളുടെ ചെലവ് എന്നിങ്ങനെ പലവിധ ബാധ്യതകളും ബാക്കിയായി.

ഇനിയാണ് ട്വിസ്റ്റ്. സ്പ്രിൻക്ലർ വന്നതും കരാർ ഒപ്പിട്ടതും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ അറിയാതെയാണത്രേ. സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് ആരോഗ്യവകുപ്പുമായി ഒരുതരത്തിലുള്ള കൂടിക്കാഴ്ചയും നടത്തിയില്ലെന്നു പറഞ്ഞത് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ്. ഐടി വകുപ്പ് ഒരു സഹായിയുടെ റോളിൽ മാത്രമേ നിൽക്കാവൂ എന്ന് അദ്ദേഹം ഫയലിൽ എഴുതുകയും ചെയ്തു. എന്നിട്ടും ആരോഗ്യവകുപ്പ് അറിയാതെ സ്പ്രിൻക്ലർ വന്നു, ഡേറ്റ ശേഖരിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കേണ്ട സംവിധാനം ഒരു വ്യക്തിയിലേക്കോ അദ്ദേഹത്തിനു വേണ്ടപ്പെട്ട ചിലരിലേക്കോ മാത്രം ഒതുങ്ങിയെന്നാണു മനസ്സിലാക്കേണ്ടത്.

മുഖ്യമന്ത്രി സ്ഥാനമേറ്റപ്പോൾ നടത്തിയ കന്നിപ്രസംഗത്തിൽ ഭരണനിർവഹണത്തിന്റെ കാര്യക്ഷമതയെക്കുറിച്ചു വാചാലനായത് ഓർത്തുപോകുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ, സുതാര്യതയില്ലായ്മ എന്നിവയാണ് ഈ വിവാദത്തിൽ നിഴലിക്കുന്നത്. ഇതാണോ, കാര്യക്ഷമമായ ഭരണം? അതുകൊണ്ടുതന്നെ, സർക്കാർ സംവിധാനത്തിന്റെ പരാജയം കൂടിയാണ് മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു പറയാതെ വയ്യ.

(സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

English Summary: Kerala governance - Nottam analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA